എഞ്ചിൻ ഡ്രൈവർ വീണ്ടും 

train-cartoon
SHARE

പണ്ടുപണ്ടൊരു മലയാളമനോരമ വാർഷികപ്പതിപ്പിലാണ്  (1999  ) പ്രശസ്ത എഴുത്തുകാരനായ ശ്രീ .ഇ .ഹരികുമാറിന്റെ "എഞ്ചിൻ  ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി" എന്ന നോവൽ വായിച്ചത് . ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഞാൻ അമ്പരന്നിരുന്നുപോയി  .ഉടനെ തന്നെ പേപ്പറും പേനയും എടുത്ത് ഹരികുമാറിന് ഒരു കത്തെഴുതി .(അന്ന് മൊബൈലും ജിമെയിലും ചാറ്റും വട്സാപ്പും ഫേസ്ബുക്കും എന്റെ അറിവിലില്ല )

"പ്രിയപ്പെട്ട എഴുത്തുകാരാ താങ്കളുടെ നാൻസി ഞാനാണ് പക്ഷെ എനിക്ക് വയസ്സ് നാൽപ്പതിൽ താഴെ .നാൻസിക്ക് ഇരുപത് .പക്ഷെ സ്വഭാവം ,പെരുമാറ്റം സംസാരം എല്ലാം എന്റേത് തന്നെ ."ആ കത്തിന് കിട്ടിയ മറുപടി ഞാനിന്നും സൂക്ഷിച്ചിട്ടിട്ടുണ്ട് .ഹരിയേട്ടാന്ന് വിളിച്ച്  ഒന്നോ രണ്ടോ കത്തുകൾ കൂടി എഴുതി എങ്കിലും ഞങ്ങൾക്കിടയിൽ ഒരു സൗഹൃദമൊന്നും ഉണ്ടായില്ല .തമ്മിൽ ഇന്ന് വരെ കണ്ടിട്ടുമില്ല .

അക്കാലത്തു ഞാൻ എം ജി യൂണിവേഴ്സിറ്റി യിൽ ജോലി ചെയ്യുകയാണ് .ഇടയ്ക്കിടെയുണ്ട് കോട്ടയം തിരുവനന്തപുരം യാത്ര .(ഞാനൊരു തിരുവന്തോരംകാരിയല്ലേ ,അച്ഛനും അമ്മയും കൂടപ്പിറപ്പുകളും  അവിടെയല്ലേ) അപ്പോഴൊക്കെ ഞാൻ പ്ലാറ്റ്ഫോമിലൂടെ  മുന്നോട്ട് നടക്കും . എൻജിൻമുറിയുടെ സമീപം ചെന്ന്  നോക്കും .എൻജിൻ മുറിയിൽ ആരെങ്കിലുമൊക്കെ ഉണ്ടാവും .പക്ഷെ നോവലിൽ ഉള്ളതുപോലെ സുന്ദരനായ എൻജിൻ ഡ്രൈവറെ കണ്ടില്ല .ഒന്നുകിൽ വയസ്സായ ഒരാൾ .അല്ലെങ്കിൽ ഉയരം കുറഞ്ഞ് കറുത്ത് തടിച്ച ഒരു ഗുണ്ട് മണി .ഞാൻ നിരാശയോടെ പിന്തിരിയും .എന്തിനു പറയുന്നു എനിക്ക് സ്‌നേഹിക്കാൻ ഒരു എൻജിൻ ഡ്രൈവറെയൊന്നും കിട്ടിയില്ല .(അത് കൊള്ളാം .ഈ പ്രായത്തിലും പ്രേമമോ എന്നൊന്നും ചോദിക്കരുത് .life begins at  forty എന്നല്ലേ ആരോ പറഞ്ഞു വച്ചത് !.അല്ലെങ്കിൽത്തന്നെ പ്രണയത്തിനുണ്ടോ പ്രായം ?)വെളുത്തു മെലിഞ്ഞു നീണ്ടു മുടിയും താടിയും മീശയും വളർത്തി ജീസസ് ന്റെ മുഖഛായ യുള്ള ഒരാൾ !അയാളെവിടെ ?

കാലം ഒരു തീവണ്ടിയെപ്പോലെ ഓടിയോടി ദിവസങ്ങൾ പിന്നിട്ടു .സ്വന്തം വീട് ,ജോലി ,മക്കൾ ,കടമകൾ ,ചുമതലകൾ ഈ ടൈം ടേബിളിൽ ദേവിയുടെ ദിനങ്ങളും കടന്നു പോയി .

ഒന്നോ രണ്ടോ മാസം മുൻപ് 'എഞ്ചിൻ മുറിയിൽ പിറന്ന കവിതകൾ 'എന്നൊരു കവിതാ സമാഹാരത്തെപ്പറ്റിയുള്ള ആസ്വാദനങ്ങൾ ഫേസ്ബുക്കിൽ കണ്ടു . .ആ കൃതി രചിച്ചത് ഒരു എഞ്ചിൻ  ഡ്രൈവർ ആണെന്നത് എന്നെ വല്ലാതെ ആകർഷിച്ചു .(എന്ത് കൊണ്ടാണോ എന്തോ ).എന്തായാലും ആ പുസ്തകം വേണമെന്ന് തീരുമാനിച്ചു .കവിതയുടെ രചയിതാവായ സുരേഷ് കുമാറിനെ അറിയില്ല എന്നാലും പുസ്തകം ആവശ്യപ്പെട്ടു കൊണ്ട് എഴുതി .പുസ്തകം വി .പി .പി ആയി കിട്ടുകയും ചെയ്തു .കവിത ഇഷ്ടമാണ് .എന്നാലും എന്റെ പതിവായുള്ള വായനാ  പരിധികളിൽ കവിതകൾ പെടുന്നില്ല .(ഒരുപാടു കവിതകൾ പഠിക്കുകയും ചൊല്ലുകയും ചെയ്തിരുന്ന കാലങ്ങൾ ഏതോ വിദൂര ഭൂതകാലത്തിലാണെന്നു തോന്നുന്നു )ഓ പുസ്തകത്തിന്റെ വിലയും തപാൽക്കൂലിയും നഷ്ടമായല്ലോ എന്നോർത്ത് കൊണ്ടാണ് പുസ്തകം കയ്യിലെടുത്തത്  .ഇളം പച്ചയിൽ തീവണ്ടി എഞ്ചിന്റെ മുഖചിത്രമുള്ള മനോഹരമായ കവർ .പ്രസാധകർ പൂർണ പുബ്ലിക്കേഷൻസ് ആണെന്നത് വീണ്ടും സന്തോഷത്തിനു കാരണമായി .(ഞാനും പൂർണയും തമ്മിൽ അടുത്ത ഒരു ബന്ധമുണ്ട് .അതിവിടെ വിവരിക്കുന്നില്ല ).ഓരോരോ കവിതകളായി ഞാൻ വായിച്ചു തുടങ്ങി .ഈ .കവിതകളെക്കുറിച്ച്‌  ഒരു ആസ്വാദനമോ വിമർശനമോ എഴുതാൻ എനിക്കറിവില്ല .വായിക്കൂ ആസ്വദിക്കൂ എന്ന് മാത്രം പറയട്ടെ .(ശ്രീമതി ഓ .വി .ഉഷയുടെ അവതാരികയെക്കാൾ കൂടുതലായി ഞാൻ എന്ത് പറയാനാണ് )

അങ്ങനെ ദേവിയുടെ മനസ്സിലേക്ക് വീണ്ടും ഒരു എഞ്ചിൻ  ഡ്രൈവർ കടന്നു വരുന്നു .  പക്ഷെ അത് പണ്ട് ഞാൻ അന്വേഷിച്ചു നടന്ന ആ ജീസസ് അല്ല.ആശയങ്ങളും അനുഭവങ്ങളും നർമവും കൂട്ടിക്കലർത്തി ലളിത മനോഹര കാവ്യങ്ങൾ രചിക്കുന്ന പുതിയൊരു എൻജിൻ ഡ്രൈവർ ! 

 ഇനി ഒരു രഹസ്യം പറയട്ടെ .സൗന്ദര്യത്തോടുള്ള ഭ്രമം ,ജീസസ് ,അച്ചടക്കമില്ലാത്ത സംസാരം ,മസാല ദോശ ,ഐസ്ക്രീം ,പൊസ്സസ്സീവ്നെസ്സ് ...ഞാനിപ്പോഴും നാൻസി തന്നെ ….

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA