ചിരിക്കൂ . . . ഒന്ന് ചിരിക്കൂ 

smile
SHARE

ഒരു സുഹൃത്തിനെ നോക്കി കുടുകൂടെച്ചിരിക്കുമ്പോൾ അവൾ പറഞ്ഞു 'എന്താ ചിരി എന്താ ചിരി ". കൂടെയുള്ള കൂട്ടുകാരനും പറഞ്ഞു . "ഏതെല്ലാം പ്രതിസന്ധികൾ ഉണ്ടായിട്ടും ദേവിച്ചേച്ചിയുടെ ചിരി മാഞ്ഞിട്ടില്ല ". ഞാൻ പിന്നെയും ചിരിച്ചു അവർക്കു രണ്ടാൾക്കും വേണ്ടി . "പ്രായം പോലും ആ ചിരിയെ ബാധിച്ചിട്ടില്ല ". 

"പ്രായമോ ,ആർക്കാടാ  പ്രായമായത് ?"എന്റെ ചോദ്യം അവരെ കൂടുതൽ ചിരിപ്പിച്ചു.

മനുഷ്യന് ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ അതി മനോ ഹരമായ ഭാവപ്രകടനമാണ് ചിരി എന്നാണ് എന്റെ വിശ്വാസം മനസ്സിൽ നിറയുന്ന സന്തോഷം ,സ്നേഹം ,സൗഹാർദ്ദം ഇതൊക്കെ നമ്മൾ പ്രകടിപ്പിക്കുന്നത് ചിരിയിലൂടെയല്ലേ ? ഒരു ചെറു പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെ ആകാം  ചിരികൾ. പല അവസരങ്ങളിൽ പലതരം ചിരികൾ . ! വാത്സല്യം തുളുമ്പുന്ന ,പ്രണയം നിറയുന്ന  ,കാമം കത്തുന്ന എത്രയോ തരം  ചിരികൾ വേറെയുമുണ്ട് . വികൃതമായ ചിരികളും ,വിളറിയ ചിരികളും ,വഷളൻ ചിരികളും വിഡ്ഢിച്ചിരികളുമുണ്ട് . നിറകൺ ചിരികളെക്കുറിച്ചും കണ്ണീർ ചിരികളെക്കുറിച്ചും നൊമ്പരച്ചിരികളെക്കുറിച്ചും കവികളും സിനിമാ ഗാനരചയിതാക്കളും പടിപ്പുകഴ്ത്തിയിട്ടുണ്ട് . കാണുന്നവരുടെ ഉള്ളിൽ മഴവില്ലുകൾ വിരിയിക്കാൻ പോന്ന സുന്ദരമായ ചിരികൾ അതീവ ഹൃദ്യം തന്നെയാണ്.

ഒരുപാടു ദുഃഖങ്ങൾ ഉള്ളവരാണ് അത് മറയ്ക്കാനായി (മറക്കാനല്ല ,ആവുകയുമില്ല )ഒരുപാടു ചിരിക്കുന്നത് . അതായതു ചിരികൊണ്ടു കണ്ണീരിനെ തടഞ്ഞു നിർത്തുന്നു അക്കൂട്ടത്തിലൊരാളാണ് ദേവി എന്ന ഈ ഞാനും  . ദുഖങ്ങളെ മാത്രമല്ല പരിഹാസങ്ങളെയും ആക്ഷേപങ്ങളെയും അപവാദങ്ങളെയും ശകാരങ്ങളെയും ശാപവാക്കുകളെയും ഒരു ചിരി കൊണ്ടെതിരേൽക്കാം . ഒരു ചിരിയിൽ അലിയാത്തവരാരുണ്ട് . 

 അതേ സമയം ദുഖങ്ങളും ദുരിതങ്ങളും ആകെയങ്ങു തകർത്തു കളഞ്ഞത് കൊണ്ട് ചിരിക്കാനേ  കഴിയാത്തവരുമുണ്ട് . ഓരോരോ വിധികൾ എന്നേ പറയേണ്ടു.

എന്തിനും ഏതിനും എപ്പോഴും ചിരിക്കുന്നവരുണ്ട്.  ജീവിതത്തെ വളരെ ലൈറ്റ് ആയി കാണുന്നവർ . ലോകത്തുള്ള ദുഃഖം മുഴുവൻ തന്റേതാണ് എന്ന് കരുതി അത് മുഖത്ത് പ്രകടമാക്കി നടക്കുന്നവരുമുണ്ട് . ഒന്ന് ചിരിച്ചു കൂടെ എന്ന് ഇങ്ങനെയുള്ളവരോട്  ചോദിയ്ക്കാൻ നമുക്ക്  തോന്നും . ചെറിയ തമാശകൾ കണ്ടാലും കേട്ടാലും തലയറഞ്ഞു ചിരിക്കുന്നവർ കണ്ടു നിൽക്കുന്നവരിലേക്കും ചിരിപടർത്തും . എത്ര വലിയ തമാശയായാലും. ചിരിക്കാതെ ചിരിച്ചു മറിയുന്ന മറ്റുള്ളവരെ 'ഇതിലെന്താ ഇത്ര ചിരിക്കാൻ 'എന്ന മട്ടിൽ നോക്കിയിരിക്കുന്നവർ സത്യത്തിൽ നമ്മളെ നിരാശപ്പെടുത്തും. 

ചിരി കാണാൻ മാത്രമല്ല കേൾക്കാനും രസകരം തന്നെ . മണി കിലുങ്ങും പോലെ ,ചിലമ്പൊലി പോലെ ,തേൻ മഴ പോലെ ഇങ്ങനെയെല്ലാം ചിരിയെ നമ്മൾ ഉപമിക്കാറുണ്ട് .  ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണ് . 

ചിരി ചെറുപ്പം നിലനിർത്തുമെന്നും ആയുസ്സു നീട്ടുമെന്നും അറിയില്ലേ ?പിന്നെ ചിരിക്കൂ . . ചിരിച്ചു കൊണ്ടേയിരിക്കൂ . . ചിരിയുടെ മലപ്പടക്കങ്ങൾക്കു തിരി കൊളുത്തൂ നിങ്ങളുടെ അധരങ്ങൾ ഒരു പുഞ്ചിരിയിൽ വിടരട്ടെ . . . പൊട്ടിച്ചിരികളിൽ ആഹ്ളാദമുത്തുകൾ ചിതറട്ടെ . . . കാണുന്നവരുടെ മനസ്സിലും നിലാവ് തെളിയട്ടെ . 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA