നീ കുളിച്ചൊരുങ്ങി വരുന്നത് കാണാൻ 

Traditional-Women
പ്രതീകാത്മകചിത്രം
SHARE

ദിനചര്യകൾ ഓരോരുത്തർക്കും  ഓരോ രീതിയിലാണ് .വെളുക്കുമ്പോൾ കുളിക്കും ചിലർ .ഒരുങ്ങി നിൽക്കും .പുറത്തു ജോലിക്കു പോകുന്നവരാണെങ്കിൽ പിന്നെ കുളിച്ചൊരുങ്ങി പുറപ്പെട്ടല്ലേ പറ്റൂ .ജോലി തിരക്കിനിടയിൽ ഒരു കാക്കക്കുളി കുളിച്ച്‌ ജോലിക്കു പോകുന്നവരുമുണ്ട് .വിശദമായ കുളി വൈകുന്നേരത്തേക്കു മാറ്റി വയ്ക്കും .(ഈ പറയുന്നതൊക്കെ സ്ത്രീകളെക്കുറിച്ചാണ് .കുടുംബനാഥൻ മാർക്ക് എന്താ പ്രശ്നം .സ്വന്തം കാര്യം നോക്കിയാൽ പോരെ സമയത്തു തന്നെ സ്നാനവും ഒരുക്കവും കഴിച്ചു കൃത്യ സമയത്തിന് ഓഫീസിൽ എത്താം .)

ഇനി പുറത്തു പോയി പണിയെടുക്കാതെ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോ ?(അയ്യോ  ഹൗസ്  വൈഫ് എന്ന് പറയരുത് .ഹോം മേക്കർ എന്നാണ് പുതിയ പദവി ).കാറ്റത്തും  മഴയത്തും വെയിലത്തും  ഓടിപ്പെടപെടുത്ത് ഉദ്യോഗത്തിനു പോകണ്ട .വീട്ടിൽ സ്വസ്ഥം എന്ന് കരുതുന്നോ ?ഏയ് അവരുടെ കാര്യം പോക്ക് തന്നെ .കുളിക്കാനും ജപിക്കാനുമൊന്നും നേരമില്ലാതെ വീട്ടിൽ പണിയോട് പണി .മക്കൾക്ക് പോലും അമ്മയെ ഒരു വിലയുണ്ടാവില്ല .

ഇക്കൂട്ടത്തിലുമുണ്ടാവും ചില  ഭാഗ്യവതികൾ .വീട്ടിൽ സഹായിക്കാനൊക്കെ ആളുള്ളവർ ..അവർ എ പ്പോഴും well dressed ആയിരിക്കും .ചെറുപ്പകാലത്ത് ഞാൻ ഇടയ്ക്കിടെ സന്ദർശിക്കുമായിരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു .അവരുടെ വീട്ടിൽ രാവിലെ ആറു മണിക്ക് ചെന്നാല് വൈകിട്ട് ആറിന് ചെന്നാലും സ്വീകരിക്കാൻ ഒരു പോലെ തയാറാണ് അവരും വീടും .അപ്പോൾ തുടച്ചു മിനുക്കിയത് പോലെയുണ്ടാവും വീടിന്റെ നിലവും ചുവരുകളും ജനാലച്ചില്ലകളും .പൂപ്പാത്രങ്ങളിൽ പുതിയ പൂക്കൾ .കർട്ടനുകൾ അപ്പോൾ ഇസ്തിരിയിട്ടു തൂക്കിയത് പോലെ .വീട്ടമ്മയാണെങ്കിലോ കുളിച്ചൊരുങ്ങി അലക്കി തേച്ച സാരിയുടുത്ത് പൊട്ടും കുറിയുമിട്ട്   അങ്ങനെ .മേക്കപ്പ് ഒന്നുമില്ല .പക്ഷെ ഒരു വാട്ടമോ കോട്ടമോ മുഖത്തോ ഉടുപ്പിലോ നടപ്പിലോ ഇല്ല .എത്ര അവിചാരിതമായി ചെന്നാലും ഇത് തന്നെ അവസ്ഥ .അതിഥി സൽക്കരമാണെങ്കിലോ സൗമ്യം സുഖകരം .ഏഴെട്ടു വർഷങ്ങൾ ഞാനവരുടെ സുഹൃത്തായിരുന്നു ഒരു ദിവസം പോലും ഈ രീതിക്കൊരു മാറ്റം കണ്ടിട്ടില്ല.

ചിലർ നേരെ മറിച്ചാണ് എപ്പോൾ കണ്ടാലും ഉടഞ്ഞുലഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ .പാറിപ്പറന്ന മുടി തീരെ അപ്രസന്നമായ മുഖഭാവം .എന്ത് പറ്റി  എന്ന് ചോദിച്ചാൽ അത്ര വലിയ പ്രശ്നങ്ങളൊന്നുമില്ല .വീട്ടു ജോലി കുട്ടികൾ ഭർത്താവ് ,ശ്വശുരനും ശ്വശ്രുവും ഇങ്ങനെ സാധാരണ വീടുകളിൽ ഉണ്ടാവുന്ന പ്രാരാബ്ധങ്ങൾ തന്നെ.ഭാരം മുഴുവൻ തലയിലേറ്റി വെറുതെ വിഷമിക്കുന്ന സ്വഭാവം .അത്രയേ ഉള്ളു .സന്ധ്യ മയങ്ങുമ്പോൾ ഒ ന്നു കുളിച്ചു വേഷം മാറിയാലായി.അപ്പോഴും മുഖത്തെ ക്ലേശഭാവത്തിനു  മാറ്റമില്ല .

ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് .ദിനചര്യകൾ ഓരോരുത്തർക്കും വ്യത്യസ്തമാണ് .വൃത്തിയായും ഭംഗിയായും വേഷം ധരിക്കുക ,വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക ,എല്ലാക്കാര്യത്തിലും ഒരു അടുക്കും ചിട്ടയും ഉണ്ടാവുക ഇതൊക്കെ ജന്മവാസനകളാണ് എന്ന് സമ്മതിക്കുന്നു .എന്നാലും എല്ലാ വർക്കും ഇതൊക്കെ ആകാവുന്നതേയുള്ളു .മധ്യവർത്തി കുടുംബങ്ങളെയാണ് ഞാനിവിടെ ചിത്രീകരിച്ചത് .തീരെ താഴെ നിലയിലുള്ളവരെയും വളരെ ഉയർന്ന നിലയിലുള്ളവരെയും ഇക്കൂട്ടത്തിൽ കൂട്ടാനാവില്ല .അവരുടെ രീതികൾ തുലോം വ്യത്യസ്തമായിരിക്കുമല്ലോ .

വളരെ രസികനായ ഒരു സുഹൃത്തിനു  ഭാര്യ ഭംഗിയായും വൃത്തിയായും നടക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു .അവൾക്കു എപ്പോഴും അത് പാലിക്കാൻ കഴിയുമായിരുന്നില്ല .ഒരിക്കൽ ഞങ്ങൾ  എല്ലാവരും ഒരുമിച്ചിരിക്കെ ഈ മഹതി കുളികഴിഞ്ഞ് തലയിൽ ടവൽ ചുറ്റി കടന്നു വന്നു .അതിഥി കളായ ഞങ്ങളെ കണ്ടു സന്തോഷത്തോടെ അടുത്ത് വന്നു .അപ്പോൾ ഞങ്ങളുടെ സുഹൃത്ത് പാടി."നീ കുളിച്ചൊരുങ്ങി വരുന്നത് കാണാൻ എനിക്ക് മോഹം ".   

  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ