മകൻ അകലെ 

Mother-Love
SHARE

ദേവിയമ്മേ എന്നും അമ്മേ എന്നും എന്നെ വിളിക്കുന്നവർ ഏറെ. അങ്ങനെ ഞാൻ പ്രസവിക്കാത്ത മക്കൾ എനിക്ക് ഒരു പാട്. ഇടക്കൊക്കെ തമാശപോലെ പലരും പറയാറുണ്ട് "100  പുത്രന്മാർ. .ഗാന്ധാരിയെപ്പോലെ അല്ലേ "എന്ന്. …".പക്ഷെ ഞാനെന്റെ മക്കളെ കൺ നിറയെ കാണാറുണ്ട്. കണ്ണ് കെട്ടിയിട്ടില്ല "ഞാൻ ചിരിച്ചു കൊണ്ട് പറയും. "ഇവർ എല്ലാവരും മക്കളെപ്പോലെയാണോ ?"അതെ. എന്ന് ഞാൻ പറയുമ്പോൾ ചിലർ സംശയിക്കും. കാരണം  ഈ 'പോലെ 'എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. മകനെ പ്പോലെയൊരാൾ ഒരിക്കലും. ..മകനാവുകയില്ല എന്നാലും മകൻ തന്നെ. പോലെ എന്നത് പരിഗണിച്ചു കൊണ്ട് തന്നെ പറയട്ടെ മകൻ തന്നെ എന്നുറപ്പിക്കാവുന്ന അപൂർവം ചിലരെങ്കിലും എനിക്കുണ്ട്. അമ്മയോടുള്ള എല്ലാ കടമകളും നിർവഹിക്കാനാവില്ല എങ്കിലും ,പരിഗണനയുണ്ട്. അമ്മ തന്നെ എന്ന ഉറപ്പും. നല്ലത്. സ്നേഹം മഹത്തരമാകുന്നത് അന്യരെ സ്വന്തം എന്ന് കരുതി സ്നേഹിക്കുമ്പോഴാണ്. 

അങ്ങനെ സ്വന്തം വീട്ടിൽ നിന്നകലെ മറ്റൊരമ്മ എന്നെന്നെ  കരുതുന്ന ചില പുത്രന്മാരും എന്റെ അടുത്തില്ലാതെ അകലെ കഴിയുന്ന ചില പുത്രന്മാരും എനിക്കുണ്ട്. അവരുടെ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നത് കൊണ്ടോ ,അവരുടെ അമ്മയുമായി അദ്‌ഭുതകരമായ രൂപ സ്വഭാവ സാദൃശ്യം എനിക്കുള്ളത് കൊണ്ടോ അതോ തിരിച്ചറിയാനാവാത്ത ഒരു  മുൻജന്മബന്ധം കൊണ്ടോ എന്താണെന്നറിയില്ല മറ്റു സുഹൃത്തുക്കളോ പരിചയക്കാരോ കാണിക്കാത്ത സ്നേഹവും പരിഗണനയും എനിക്ക് തന്ന  രണ്ടു  പേരുണ്ട്. അകലെ കഴിയുന്ന എന്റെ പുത്രന്മാർ. ഒരു വലിയ പ്രശ്നം അലട്ടാൻ തുടങ്ങിയാലും മനസ്സിൽ ഒരു ചെറിയ പോറലേറ്റാലും ഞാൻ വിളിക്കുന്നത് ഇവരിലൊരാളെയാണ്. ഫോണിലൂടെ എല്ലാം അവനെ പറഞ്ഞു കേൾപ്പിക്കുമ്പോൾഅവന്റെആശ്വാസവാക്കുകൾക്കും അവൻ നിർദ്ദേശിക്കുന്ന പോംവഴികൾക്കും ചെവികൊടുക്കുമ്പോൾഎന്റെ മനസ്സ് മേഘങ്ങൾ പെയ്തൊഴിഞ്ഞ് ശാന്തമാകും.

ഇന്നവൻ ഒരുപാടകലെയാണ്. ഒന്ന് വിളിച്ചാൽ ഓടിവരാനാവില്ല. എന്നാലും എവിടെയോ ഒരു മകൻ ഉണ്ടെന്നത് എനിക്ക് ആശ്വാസം തന്നെ. 

 മറ്റൊരു മകനെ ക്കുറിച്ചോർക്കുമ്പോൾ ഇന്നും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറുണ്ട്. 'അമ്മ' എന്ന് വിളിക്കുന്നതല്ലാതെ അവൻ എന്റെ മകനല്ല. ഞാൻ അവന്റെ അമ്മയുമല്ല. മകളുടെ ഫ്രണ്ട്. അത്രയേ ഉള്ളു. ഒരു തുമ്മൽ വന്നാലും പനിവന്നാലും വിളിക്കുന്നതവനെയാണ്. അവൻ ഡോക്ടറാണ്. ഉടൻ മരുന്ന് കിട്ടും. എന്റെ മകൻ സൂരജിന് ആക്സിഡന്റ് ആയി യെന്നറിഞ്ഞപ്പോൾ   അവനെത്തി. ആ സാന്നിധ്യം എനിക്കാശ്വാസമായി. അന്ന് തൊട്ടിന്നുവരെ സൂരജിന്റെ ഏതാവശ്യത്തിനും അവനുണ്ട്. സൂരജിനെ വെല്ലൂർ  വരെ ആംബുലൻസ്ൽ കൊണ്ട് പോകേണ്ടി വന്നപ്പോൾ ഒരു ഡോക്ടർ കൂടെ വേണ്ടതുണ്ടായിരുന്നു. കാരണം രോഗിയുടെ സ്ഥിതി അത്രമാത്രം ഗുരുതരമായിരുന്നു. ഒരു ഡോക്ടറെ ഇതിനായി കിട്ടുക എളുപ്പമല്ല. ആരും തയ്യാറാവുകയില്ല. ഒടുവിൽ അവൻ തന്നെ പറഞ്ഞു. 'ഞാൻ വരാം ".അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. കാറിൽ മകളും മരുമകനും ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. എന്നിട്ടും കാർ ൽ കയറാതെ എന്നോടൊപ്പം സൂരജിനെ നോക്കി അവൻ ആംബുലൻസ് ൽ തന്നെയിരുന്നു. ഇടയ്ക്കു സൂരജിന് ഓക്സിജൻ വേണം. മരുന്നുകൾ കൊടുക്കണം. ഛർദിച്ചപ്പോൾ ഇൻജെക്ഷൻ എടുക്കണം. എല്ലാം എന്റയീ കൊച്ചു ഡോക്ടർ ശ്രദ്ധാപൂർവം ചെയ്തു. മകനെ നീ കൊച്ചു ഡോക്ടറല്ല വളരെ വളരെ വലിയ ഡോക്ടർ. അതിലേറെ ഒരു വലിയ മനസ്സിനുടമ.  എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. പകൽ മുഴുവൻ നീണ്ട യാത്രക്കൊടുവിൽ രാത്രി ഞങ്ങൾ അവിടെയെത്തി. ഞങ്ങളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഉടനെ അവനു മാടങ്ങണമായിരുന്നു. ജോലിയും വീടും ഒക്കെ മാറ്റി വച്ചിട്ടാണ് അവൻ വന്നത്. നന്ദി എത്ര ചെറിയൊരു വാക്കാണ് എന്നെനിക്ക് തോന്നി. 

ആ മകനും ഇന്നൊരുപാടകലെയാണ്. എന്നാലും എനിക്കറിയാം ഏതു പാതിരാത്രിക്കും എനിക്ക് വിളിക്കാൻ സ്വാതന്ത്ര്യം തന്നിട്ടുള്ള മകനാണത്. ഓടിയെത്താൻ പറ്റുകയില്ലെന്നറിയുമ്പോഴും അങ്ങനയൊരു മകൻ ഉണ്ടെന്നത് എന്റെ മനസ്സിന് ആശ്വാസമാണ്. 

സ്നേഹം ഒരദ്‌ഭുതമാണ്. മറ്റൊരു നാട്ടിൽ ,ലോകത്തിന്റെ ഏതോ ഒരു കോണിൽ ,മറ്റൊരു ലോകത്തു തന്നെയാവട്ടെ നമ്മളെ സ്നേഹിക്കുന്നൊരാൾ ഉണ്ടെന്നത് മനസ്സിനൊരു ബലമാണ്. സാന്ത്വനമാണ് സുഖമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA