ശുഭം ശുഭകരം ഈ ജീവിതം 

Sunil
SHARE

സുനിലിനെ കുറിച്ചെഴുതാൻ എനിക്ക് വാക്കുകളില്ല. അത്രയ്ക്കും മഹനീയമായ ഒരു വ്യക്തിത്വമാണ് സുനിലിന്റേത്. കൊച്ചി നഗരം സുനിലിന് സ്വന്തം. ഈ നഗരത്തിനു അവനും സ്വന്തം എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. 

സുനിൽ നരേന്ദ്രൻ !

അന്തരിച്ച ജസ്റ്റിസ് നരേന്ദ്രന്റെ മകൻ !

ജസ്റ്റിസ് അനിൽ നരേന്ദ്രന്റെ ജ്യേഷ്ഠൻ !

തീരെ ഉയരമില്ലാത്ത ഒരു കൊച്ചു മനുഷ്യൻ !

 പ്രസിദ്ധനും പ്രഗത്ഭനുമായ നരേന്ദ്രൻ ജഡ്ജി അറിയപ്പെട്ടിരുന്നത് സുനിലിന്റെ അച്ഛൻ എന്നാണ്. ഹൈക്കോടതി ജഡ്ജിയായ അനിലിനെ കുറിച്ച് പറയുന്നതോ 'സുനിലിന്റെ അനിയൻ 'എന്ന്. അവർ ഇരുവരും ഈ പരിചയപ്പെടുത്തൽ അഭിമാനത്തോടെ അംഗീകരിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

ജസ്റ്റിസ് നരേന്ദ്രൻ എന്റെ അങ്കിൾ ആണ്. സുനിലും അനിലും മിനിയും എന്റെ കസിൻസ് ആണ് എന്നാണ് ഞാനും അഭിമാനത്തോടെ പറയാറുള്ളത്. 

മഹത്വീകരണം (sublimation )എന്നത് അതി മനോഹരമായ ഒരു പ്രക്രിയയാണ്. കുറവുകളെ ശ്രേഷ്ടമായ മറ്റൊരു നേട്ടമായി ആവിഷ്കരിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ അത് അസാധ്യമായ ഒന്നല്ല എന്ന്  സുനിൽ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു . എറണാകുളം ശിവക്ഷേത്രത്തിൽ ,രാമവർമ്മ ക്ലബ്ബിൽ ,ഭീമാ ജ്യൂ വലറിയിൽ ,കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഒക്കെ സുനിലിന്റെ സാന്നിധ്യം അവശ്യ സമയങ്ങളിലെല്ലാമുണ്ടാവും. ഒരുത്സവമോ ആഘോഷമോ കലാപരിപാടികളോ നടക്കുന്നിടത്തൊക്കെ സുനിലിന്റെ നിറഞ്ഞ സാന്നിധ്യമുണ്ടാവും. മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു അവന്റെ ജീവിത ലക്‌ഷ്യം. 

എന്ത് കാര്യമായാലും സുനിലിനോട് പറഞ്ഞാൽ 'done 'എന്നാണ്. ഒരു 'no'ഒരിക്കലും ആർക്കും അവനിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല. ചെയ്യാൻ പറ്റുന്ന എന്ത് സഹായവും ആർക്കും എപ്പോഴും ചെയ്യാൻ സുനിൽ തയാറായിരുന്നു. സുനിലിന്റെ എണ്ണമറ്റ സൗഹൃദവലയത്തിൽ പെട്ട ഓരോരുത്തർക്കും ഇതനുഭവപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് എനർജിക്ക്‌ ഒരു മാതൃകയായിരുന്നു സുനിൽ. 

ഇതിലെല്ലാമുപരി ഒരു കുറവുണ്ടെന്ന് ഒരിക്കലും സുനിൽ ഭാവിക്കുമായിരുന്നില്ല. മറ്റുള്ളവർ ശ്രദ്ധിക്കുന്നതോ പരിഹസിക്കുന്നതോ ഒന്നും അവനൊരു പ്രശ്നമേ ആയിരുന്നില്ല. 'ഞാൻ എല്ലാവരെയും പോലെ തന്നെ അല്ലെങ്കിൽ എല്ലാവരും എന്നെപ്പോലെ തന്നെ 'എന്നൊരു ഭാവമായിരുന്നു ആ മുഖത്തെപ്പോഴും. ചിരിച്ച മുഖവും സ്നേഹം വഴിയുന്ന കുശലാന്വേഷണങ്ങളുമായി അവൻ മുന്നിലെത്തുമ്പോഴൊക്കെ ഞാൻ നിശബ്ദമായി ഈശ്വരനോട് പരിഭവിച്ചിട്ടുണ്ട് "എന്തിന്  ,എന്തിനിങ്ങനെ യാക്കി സുനിലിനെ ". ഒരു പക്ഷെ ഒരു സാധാരണ മനുഷ്യനായിരുന്നെങ്കിൽ ഇത്രയും നന്മ അവനിൽ ഉണ്ടാകുമായിരുന്നില്ല. സന്മനസ്സും ശുഭചിന്തകളും കർമനിരതയും വാരിക്കോരിക്കൊടുത്ത് പറ്റിയ തെറ്റ് തിരുത്തുകയായിരുന്നോ ഈശ്വരൻ !

ഒരു ചെറിയ പനി ,ഒരു ന്യൂമോണിയ ,ഒരു ബാക്റ്റീരിയ ഇത്രയും മതി ഒരു മനുഷ്യന്റെ ആയുസ്സൊടുക്കാൻ എന്ന് നമുക്കറിയാം. എന്നാൽ രോഗ ഗ്രസ്തനായി സുനിൽ ആശുപത്രിയിൽ ആയിരുന്നപ്പോൾ അവനെ അറിയുന്നവരെല്ലാം പ്രാർത്ഥിച്ചു ,ആശിച്ചു ,പ്രതീക്ഷിച്ചു അവൻ പഴയ സുനിലാണ് തിരിച്ചു വരണമെന്ന് !ഗുരുതരാവസ്ഥയിൽ അവനെ ചെന്ന് കാണുമ്പോൾ  എന്റെ മനസ്സ് വിങ്ങി. ആ അവസ്ഥയിലും എന്നെ അടുത്തേക്ക് കൈകാട്ടി വിളിച്ച് പുറത്തു വരാത്ത ശബ്ദത്തിൽ അവൻ   തിരക്കി.   "സൂരജ് എങ്ങനെയുണ്ട്"."ആരുടെ അടുത്താക്കിയിട്ടാണ് വന്നത് ?"സുഖമില്ലാതെ കിടക്കുന്ന എന്റെ മകനെ പറ്റി  അപ്പോഴും അവനോർമയുണ്ട് ,പരിഗണനയുണ്ട്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ പാടുപെടുകയായിരുന്നു ഞാനപ്പോൾ !

"എന്റെ മകനെപ്പോലെ സുനിലിനെ കിടത്തല്ലേ തമ്പുരാനേ "  ഞാൻ ഈശ്വരനോട് അപേക്ഷിച്ചു. അത് പോലെ ഒരു പാട് പേരുടെ കേണപേക്ഷ കേട്ടിട്ടാവാം ഈശ്വരൻ ഏറെ കഷ്ടപ്പെടുത്താതെ സുനിലിനെ കൊണ്ടുപോയത്. രക്ഷിക്കാൻ ഈശ്വരന് കഴിയുമായിരുന്നില്ലേ ?ചിലകാര്യങ്ങളിൽ ഈശ്വരൻ നിസ്സഹായനാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണല്ലോ. 

ആ കുടുംബങ്ങളോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കെടുമ്പോൾ എന്റെ മനസ്സ് സുനിലിന്റെ അമ്മയോട് പറയാനാശിച്ചു. "ഇങ്ങനെ ഒരു മകനെ ലഭിച്ച അമ്മ എത്ര പുണ്യവതി!"    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ