നിഴലുകൾക്കു പിന്നാലെ

HIGHLIGHTS
  • അവളെ രക്ഷിക്കാൻ കഴിയാഞ്ഞതോർത്ത് ഞാൻ വിതുമ്പി.
  • നിരാശയും ദുഖവും ഭയവും ഒക്കെ കൂടി അവളെ തളർത്തി.
cancer-treatment-life-story-devi-js
Representative image
SHARE

'കാൻസർ ഈസ് ക്യൂറബിൾ' 'കാൻസർ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്'. കാൻസർ രോഗ ചികിത്സാ കേന്ദ്രങ്ങളിലൊക്കെ ആശ്വാസദായകമായ ഈ ബോർഡ് കാണാം. മുപ്പതിലേറെ കൊല്ലങ്ങളായി ഞാൻ ഈ ബോർഡിന് താഴെ ധൈര്യപൂർവം നിൽക്കുന്നു. പക്ഷെ ഞാൻ രോഗത്തിന്റെ നിഴലിലാണ് എന്ന തോന്നൽ ഇടക്കെന്നെ അസ്വസ്ഥയാക്കാറുണ്ട്. അതിനു കാരണങ്ങൾ പലതാണ്. ഏറെ വര്ഷങ്ങള്‍ക്കു മുൻപ് കാൻസർ ചികിത്സ അത്രക്കൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്താണ് ആദ്യം ഈ രോഗം എന്നെ പിടികൂടിയത്. അന്ന് കഠിനമായ ചികിത്സകൊണ്ടും ജീവിക്കണമെന്ന ഉത്ഘടമായ ആഗ്രഹം കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും അച്ഛനമ്മമാരും സഹോദരങ്ങളും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും പകർന്നു തന്ന ധൈര്യവും ശുഭാപ്തി വിശ്വാസവും കൊണ്ടുമാവണം ഞാൻ രക്ഷപ്പെട്ടത്. 

പിന്നീടുള്ള അഞ്ചു വർഷക്കാലം കർശനമായ നിരീക്ഷണത്തിൽ തന്നെ കഴിഞ്ഞു. ഒടുവിൽ പരിപൂർണമായും രോഗ വിമുക്തയായി എന്നറിഞ്ഞു. വല്ലപ്പോഴും പരിശോധനകൾ വേണം അത്രയുള്ളൂ. 

വീണ്ടും ഞാൻ കാൻസർ ഈസ് ക്യൂറബിൾ എന്നുറപ്പിച്ചു ധൈര്യമായി കഴിഞ്ഞു. ഒന്നും രണ്ടുമല്ല നീണ്ട 18  വർഷങ്ങൾ. വീണ്ടും കാൻസർ വന്നപ്പോൾ എനിക്ക് വലിയ വിഷമമായി. എങ്കിലും ക്യാൻസർ രോഗം വീണ്ടും ചികിത്സിച്ചു ഭേദമാക്കാനാവും എന്ന് തന്നെ ഞാൻ വിശ്വസിച്ചു. 

ഒരുപാട് യാതനകൾക്കൊടുവിൽ വീണ്ടും സുഖമായി എന്ന പച്ച കൊടികണ്ടു. 

അതിനു ശേഷം എന്നെപ്പോലെയുള്ള രോഗികൾക്ക് ധൈര്യവും വിശ്വാസവും പകർന്നു നല്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പലയിടത്തും  ലേഖനങ്ങൾ എഴുതി. എന്റെ ക്യാൻസറും കീമോതെറാപ്പിയുമായുള്ള പോരാട്ടത്തിന്റെ അനുഭവങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. പലരും ഇതെല്ലം വായിച്ചിട്ടു എന്നെ വിളിക്കുകയും അവർക്കു ആശ്വാസം പകർന്നതിനു നന്ദി പറയുകയുമുണ്ടായി. ടി വി ചാനലുകളിൽ കാൻസർ രോഗികൾക്കായി ഒരുക്കിയ പല പരിപാടികളിലും ഞാൻ പങ്കെടുത്തു. ക്യാൻസർ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ് എന്നവർത്തിച്ചു പറഞ്ഞു. 

അങ്ങനെയിരിക്കെ ഒരു കസിന്റെ അകന്ന ബന്ധത്തിലുള്ള ഒരു യുവതിക്ക് കാൻസർ ബാധിച്ചു എന്നറിഞ്ഞു. നിരാശയും ദുഖവും ഭയവും ഒക്കെ കൂടി അവളെ തളർത്തി. ഒരു അവസാന ശ്രമമെന്ന നിലയിൽ എന്റെ ഡോക്ടറെ കാണണമെന്ന് അവളുടെ ആളുകൾ ആഗ്രഹിച്ചു. ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ ഗംഗാധരനോട് ഞങ്ങൾക്കുള്ള വിശ്വാസം പറഞ്ഞറിയിക്കാവതല്ല. അദ്ദേഹത്തെ കാണിച്ചാൽ എന്തെങ്കിലും വഴിയുണ്ടെങ്കിൽ തീർച്ചയായും രക്ഷപ്പെടുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു . അങ്ങനെ അവൾ വന്നു. തീരെ പ്രായം കുറഞ്ഞ മെലിഞ്ഞ ഒരു യുവതി. ഭർത്താവ് ഗൾഫിലാണ്. അവൾക്കു ഒരു കുട്ടിയുമുണ്ട്. സഹോദരിയാണ് അവളെ എന്റെ അടുത്തെത്തിച്ചത് . ഞങ്ങൾ ഡോക്ടറെ കണ്ടു. അവൾ മടങ്ങിപ്പോയി. ചെയ്തു കൊണ്ടിരിക്കുന്ന ചികിത്സ തന്നെ തുടരാനാണ് ഡോക്ടർ പറഞ്ഞത്. 

പിന്നീട് ഞാൻ ഡോക്ടറെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു രക്ഷിക്കാൻ വഴികാണുന്നില്ല. ഭീകരമായ രോഗം അതിഭീകരമായി ബാധിച്ചു കഴിഞ്ഞു. കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മറ്റൊന്നും ഇനി ചെയ്യാനില്ല. എന്റെ മനസ്സ് വിങ്ങി. 

ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ പെൺകുട്ടിയെ  കാൻസർ കൊണ്ടുപോയി. അവളെ രക്ഷിക്കാൻ കഴിയാഞ്ഞതോർത്ത് ഞാൻ വിതുമ്പി. 

അകലെ നിന്ന് ഞങ്ങളുടെ ഡോക്ടറെപ്പറ്റി കേട്ടറിഞ്ഞ ഒരു രോഗി എന്നെ കാണാനെത്തി ഞാൻ തന്നെ അവരെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവരെ പരിശോധിച്ചു. റിപോർട്ടുകൾ ഒക്കെ നോക്കി. പരിപൂർണമായി മാറുന്ന രോഗമല്ല. പക്ഷെ പേടിക്കാനില്ല. ചികിത്സ കൊണ്ട് നിയന്ത്രിച്ചു് മുന്നോട്ടു പോകാം. വേണമെങ്കിൽ ഇവിടെ ചികിത്സയാകാം. അല്ലെങ്കിൽ അവരുടെ നാട്ടിൽ തന്നെ ചികിത്സ തുടരാം. (ഞങ്ങളുടെ ഡോക്ടർ അങ്ങനെയാണ്. രോഗിയുടെ സൗകര്യത്തിനാണ് മുൻഗണന നൽകുക )..ചികിത്സയ്ക്ക് ഇപ്പോൾ തന്നെ ഒരു പാട് പണം ചിലവായി. ഇനിയും വേണ്ടിവരില്ലേ? അവർ എന്നോട് പറഞ്ഞു. മറ്റെന്ത് വഴി. കുറച്ചു നാൾ കൂടി വലിയ കുഴപ്പങ്ങളില്ലാതെ ജീവിക്കാൻ പറ്റുമെങ്കിൽ അതിനു ശ്രമിക്കണ്ടേ? ഇതവരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പാടുപെട്ടു. .അങ്ങനെ അവർ പോയി. ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് മകൻ സമ്പാദിക്കുന്ന പണം മുഴുവൻ ചിലവായിപ്പോകും. ഒടുവിൽ രക്ഷപ്പെടുകയുമില്ല. എന്നായിരുന്നു അവരുടെ ആധി മുഴുവൻ. ആരു പറഞ്ഞിട്ടും എത്ര പറഞ്ഞിട്ടും അവർ ചികിത്സിക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ അവർ മരിച്ചു. രക്ഷപെടാൻ കഴിയുമായിരുന്നിട്ടും അവർ അതിനു ശ്രമിച്ചില്ലല്ലോ. അതായിരുന്നു എന്റെ വിഷമം. 

വളരെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ അമ്മയെയാണ് പിന്നീട് ഞാൻ രക്ഷിക്കാൻ ശ്രമിച്ചത്. അയ്യോ രക്ഷിക്കാൻ ഞാനാര്? അവരെ ഞാൻ എന്റെ ഡോക്ടറെ ഒരിക്കൽ കൊണ്ടു പോയി കാണിച്ചതാണ്. അന്ന് നാട്ടിൽ പോകണമെന്നും നാട്ടിൽ ചികിത്സിക്കാമെന്നും പറഞ്ഞു അവർ പോയി. നിർബന്ധിക്കാനാവുമോ? ഒരു വർഷം കഴിഞ്ഞ് അവർ വീണ്ടും വന്നു. രോഗം മൂർച്ഛിച്ചിരുന്നു. എങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് ഞങ്ങളുടെ ഡോക്ടർ പറഞ്ഞത്. അങ്ങനെ ഇവിടെത്തന്നെ കീമോ തുടങ്ങി. ഒരു കീമോ കഴിഞ്ഞു ഞാൻ അവരെ വീട്ടിൽ പോയി കണ്ടപ്പോൾ അവർ വളരെ സന്തുഷ്ടയായി കാണപ്പെട്ടു. പ്രയാസങ്ങൾ വളരെ കുറവുണ്ടെന്ന് പറയുകയും ചെയ്തു. എനിക്ക് ആശ്വാസമായി. എന്റെ വീട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ പോലും അവർക്കു വേണ്ടി പ്രാർത്ഥിച്ചിരുന്നു. പക്ഷെ അവർ ഈ ലോകം വിട്ടു പോയി. സങ്കടം അതല്ല. കാൻസർ അല്ലായിരുന്നു അവരുടെ മരണ കാരണം. കീമോ കൊണ്ട് അല്പം അവശയായ അവർക്ക് ഏതോ  ഭീകരമായ രോഗാണു ബാധയുണ്ടായി. ഒരു മരുന്നിനും ഒരു ഇന്റൻസീവ് കെയറിനും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. 

എനിക്ക് വല്ലാത്ത വിഷമവും നിരാശയുമായി. പ്രതീക്ഷയും പ്രാർഥനയുമൊക്കെ നിഴലുകൾ മാത്രമാണോ? നിഴലുകൾക്കു പിന്നാലെയാണോ മനുഷ്യന്റെ യാത്ര ! അറിയില്ല. ഒന്നും നമുക്കറിയില്ല. 

ആഗ്രഹിക്കാനും പ്രാർത്ഥിക്കാനും പ്രതീക്ഷിക്കാനും മാത്രമേ നമുക്ക് കഴിയൂ. 

ഇന്നും ക്യാൻസർ രോഗികളോട് ഞാൻ പറയുന്നു, ധൈര്യം കൈവിടരുത്. മനസ്സിന് സാധിക്കാത്തതായി ഒന്നുമില്ല. ജീവിക്കണമെന്ന് അതിയായി ആഗ്രഹിക്കൂ. ഡോക്ടറിലും മരുന്നുകളിലും സർവോപരി ഈശ്വരനിലും വിശ്വാസമർപ്പിക്കൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA