കത്തുകളുടെ കാലം

letter-845
SHARE

പരസ്പരം ആശയവിനിമയം നടത്താൻ കത്തുകൾ മാത്രമുണ്ടായിരുന്ന ആ കാലം പഴയ തലമുറ ചെറിയ നൊമ്പരത്തോടെയാണ് ഓർക്കാറുള്ളത് .പുതു തലമുറയ്ക്ക് അതെ കുറിച്ചറിയില്ല തന്നെ .ഒരു തപാൽ ദിനം കൂടി കടന്നു പോയപ്പോൾ മറ്റെന്താണ് ഓർക്കാനുള്ളത് .

മദ്ധ്യാഹ്നം ഒരു ഉറക്കം തൂങ്ങി പക്ഷിയാകുമ്പോൾ പടികടന്നു വരുന്ന കാക്കിക്കുപ്പായക്കാരൻ കുട്ടിക്കാലത്തു ഞങ്ങൾക്കു ഏറെ പ്രിയങ്കരനായിരുന്നു .  ഒരു കൂട്ടുകാരിയുടെ കത്ത് ,ഒരു നവത്സരാശംസാ കാർഡ് ,ഒരു പ്രണയലേഖനം ഇതിലേതെങ്കിലും കാത്തു കൊണ്ടാവും എന്റെ നിൽപ് .ചിലപ്പോൾ എനിക്ക് കത്തുണ്ടാവില്ല . 

അച്ഛനും അമ്മയ്ക്കും മിക്കവാറും കത്തുകൾ  ഉണ്ടാവും .ഒരുപാടു കത്തുകൾ  എഴുതുന്ന ആളായിരുന്നു എന്റെ അമ്മ .വീട് വിട്ടു ഞാൻ ഏതെല്ലാം നാടുകളിൽപോയി അവിടെയെല്ലാം എന്നെ തേടിയെത്തിയിരുന്നു അമ്മയുടെ മനോഹരമായ കൈപ്പടയിലെഴുതിയ കത്തുകൾ .വീട്ടുവിശേഷങ്ങൾ നാട്ടു കാര്യങ്ങൾ തമാശകൾ ഒക്കെ അടുക്കിയടുക്കി നിറച്ച ആ കത്തുകൾ എനിക്കെന്നും ആശ്വാസവും പ്രോത്സാഹനവും ഉണർവ്വും പകർന്നു തന്നിരുന്നു .എനിക്ക് മാത്രമല്ല ,സ്വ ന്തമെന്നു പറയാവുന്ന എല്ലാവര്ക്കും അമ്മ മുടങ്ങാതെ കത്തുകൾ എഴുതിയിരുന്നു .കെട്ടുകണക്കിനു ഇൻലൻഡ്കൾ വാങ്ങി വച്ച് വരുന്ന കത്ത് കൾക്ക് മുറയ്ക്ക് മറുപടിയിടുക ,കുറെ നാളായി കോൺടാക്ട് ഇല്ലാത്തവരെ ഒരു കത്തെഴുതി ഓർമ്മിപ്പിക്കുക ഇതൊക്കെ അമ്മയുടെ ഹോബികളായിരുന്നു .ബന്ധങ്ങളുടെ ഊഷ് മളത സൂക്ഷിക്കാൻ ഈ കത്തുകൾ  തീർച്ചയായും ഉപകരിച്ചിരുന്നു എന്നു ബോധ്യപ്പെട്ടത് അമ്മയുടെ വേര്പാടിന് ശേഷമാണ് .പല ബന്ധങ്ങളും സൗഹൃദങ്ങളും അകന്നു പോയി .

ഇനി കുട്ടിക്കാലകഥകളിലേക്കു മടങ്ങാം .കത്ത് വന്നാൽ വീട്ടിൽ കാണിച്ചിരിക്കണം എന്ന് നിർബന്ധമാണ് . മിക്കവാറും കത്ത് പൊട്ടിക്കുക അച്ഛനാണ് ?..പെൺ പള്ളിക്കൂടത്തിലാണ് പഠിക്കുന്നത് എങ്കിലും ആൺകുട്ടികളുടെ കത്തുകൾ  അപൂർവമായി കിട്ടാറുണ്ട് .തീർന്നു കഥ .അച്ഛനും അമ്മയും വല്ലാതെ ചോദ്യം ചെയ്യും .ആരാണിവൻ ?എന്താണ് പരിചയം ?കത്തയക്കാനുള്ള കാര്യമെന്ത് ?നീ പറഞ്ഞോ ?അയ്യോ ഇല്ല .എനിക്കവനെ അറിയുകയേ ഇല്ല .ഞാൻ വല്ലാതെ പരിഭ്രമിച്ചു പറഞ്ഞൊപ്പിക്കും . വഴി വക്കിൽ നിന്ന് അവനെറിയുന്ന പ്രണയബാണങ്ങളും കണ്ണെടുക്കാത്ത  നോട്ടവും കള്ളച്ചിരിയുമൊക്കെ കാണാറുണ്ടെങ്കിലും അവനെ അറിയില്ല എന്ന് പറയുന്നത് സത്യമാണ് .പ്രണയിക്കാനുള്ള അനുവാദമേ എന്റെ വീട്ടിലുണ്ടായിരുന്നി ല്ല .[എന്നിട്ടു പ്രണയിച്ചില്ലേ ..അത് വേറെ കാര്യം ].

വിവാഹം കഴിഞ്ഞപ്പോൾ കത്തുകൾക്ക് നേരെ കണ്ണുരുട്ടിയത് ഭർത്താവാണ് .കൂട്ടുകാർക്കോ നാട്ടുകാർക്കോ സുഹൃത്തുക്കൾക്കോ കത്തെഴുതാൻ സ്വാതന്ത്യമില്ല .അമ്മയുടെ കത്തുകൾ പോലും പൊട്ടിച്ചിട്ടേ തരൂ .അതിൽ തന്നെ നൂറു കാര്യങ്ങൾക്കു ഞാൻ വിശകലനം നൽകേണ്ടി വരും .എന്താ നിന്റെ അമ്മ അങ്ങനെ എഴുതിയത് .ആരെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത് .?മറുപടിയും വായിച്ചിട്ടേ ഒട്ടിച്ചു പോസ്റ്റ് ചെയൂ .അടിമത്വത്തിന്റെ നീണ്ട വർഷങ്ങൾ .അന്നും ഞാൻ പോസ്റ്റ് മാനെ കാത്തിരുന്നിരുന്നു .ഒരജ്ഞാത പ്രണയ ലേഖനം കൊതിച്ചു് .പക്ഷെ വന്നില്ല..

പിന്നീട് ..സ്വതന്ത്ര പക്ഷിയായി മാറിയപ്പോൾ പോസ്റ്മാൻ നിത്യ സന്ദർശകനായി .എഴുതാനും കൂടി തുടങ്ങിയപ്പോൾ ..കത്തുകളുടെ പ്രവാഹമായി .അഭിനന്ദനങ്ങൾ ...സ്നേഹാന്വേഷണങ്ങൾ പ്രണയലേഖനങ്ങൾ !

പോസ്റ്റ് മാന്റെ യൂണിഫോം മാറി നീലയും ഇളം നീലയുമായപ്പോൾ അൽപ്പം നിരാശതോന്നി .ആ പഴയ കാക്കി കുപ്പായക്കാരൻ തന്നെയായിരുന്നു മനസ്സിൽ .എന്നാലും പോസ്റ്മാനെ സ്വാഗതം ചെയ്തു നിർ വചിക്കാനാവാത്ത സന്തോഷം പകർന്നു തരുന്ന ഇൻലാന്റും കവറുകളുമായി വരുന്ന വിരുന്നുകാരനല്ലേ ?

കത്തുകളുടെ കാലം കഴിഞ്ഞു .ടെലിഫോണും ഇമെയിലും മൊബൈലും ജീവിതത്തിന്റെ ഭാഗമായി .പോസ്റ്മാന്റെ വരവ് അപൂർവമായി .എന്നാലും വല്ലപ്പോഴും ഒരു സ്പീഡ് പോസ്റ്റ് ,ഒരു റെജിസ്റ്റഡ് ഒക്കെയായി അയാൾ ഇപ്പോഴും കടന്നു വരാറുണ്ട് .

പണ്ട് നിത്യേനെയെന്നോളം വന്ന കത്തുകളിൽ പ്രിയപ്പെട്ടവയൊക്കെ ഇന്നും നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് .മറ്റൊന്നും ചെയ്യാനില്ലാത്ത ചില മധ്യാഹ്നങ്ങളിൽ ഞാൻ സ്വയം ഒരു ഉറക്കം തൂങ്ങി പക്ഷിയാകുമ്പോൾ അവയിൽ ചിലതൊക്കെയെടുത്തു വായിച്ചു ചിരിക്കുകയും കരയുകയും നിർവൃതിക്കൊള്ളുകയും  ചെയ്യുന്നത് ഇന്നും എന്റെ പതിവാണ് .മനസ്സിന് ഇത്രയധികം മധുരം പകർന്നു തരുന്ന മറ്റൊന്നുമില്ല .

ഒരു തപാൽ ദിനം കൂടി കഴിഞ്ഞു പോകുമ്പോൾ മറ്റെന്തിനെക്കുറിച്ചാണ് എനിക്കെഴുതാനാവുക .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA