സ്നേഹം അളക്കുമ്പോൾ 

love-845
SHARE

'നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് പ്രണയിക്കേണ്ടത് ".പണ്ട് എന്റെയൊരു സുഹൃത്ത് പറഞ്ഞു ."

ഒരാൾ .നമ്മളെ സ്നേഹിക്കുന്നുണ്ട് എന്ന്  എങ്ങിനെയാ ഉറപ്പിക്കുക "ഞാൻ ചോദിച്ചു.അതിനവന് മറുപടി ഉണ്ടായില്ല .

ഒരുപാടു വർഷങ്ങൾക്കു മുന്നേ ഇതേ അഭിപ്രായം എന്റെ അമ്മയും പറഞ്ഞു .അത് പ്രണയത്തെക്കുറിച്ചായിരുന്നില്ല .പ്രണയ വിവാ ഹങ്ങളെക്കുറിച്ചായിരുന്നു .

  എന്റെ അമ്മയും അച്ഛനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നില്ല .വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം .പഴയകാലമല്ലേ ഒന്ന് കണ്ടതേയുള്ളു ,പെണ്ണ് കാണൽ എന്ന ചടങ്ങിന് .എല്ലാവരുടെയും മുന്നിൽ വച്ച് .സംസാരിക്കുകയൊന്നും അന്ന് പതിവില്ല .ചെറുക്കനു പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന് മാത്രമേ നോക്കാറുള്ളു .പെണ്ണിന് പിന്നെ അഭിപ്രായമില്ല ല്ലോ ..

"ഉന്നത വിദ്യാഭ്യാസമുള്ള സർക്കാർ ജോലിയുള്ള അതീവ സുന്ദരനായ എന്റെ അച്ഛനെ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങിനെ "ഞാൻ അമ്മയെ തെല്ലൊന്ന് പ്രകോപിപ്പിച്ചു .

"ഞാനും അന്ന് അതിസുന്ദരിയല്ലെങ്കിലും കാണാൻ നന്നായിരുന്നു .നിന്റെ അച്ഛനോട് തന്നെ ചോദിച്ച് നോക്ക് ."'അമ്മ ചിരിച്ചു .

കാര്യം ശരിയാണ് .മുട്ടറ്റം മുടിയും വലിയകണ്ണുകളും ഇടനിറവും നല്ല ഉടൽ വടിവും എനിക്ക് നല്ല ഓർമ്മവയ്ക്കുന്ന കാലത്തും അമ്മയ്ക്കുണ്ടായിരുന്നു ..ഉന്നത വിദ്യാഭ്യാസം അമ്മയും നേടിയിരുന്നു .വിവാഹം കഴിഞ്ഞു ഏറെ താമസിയാതെ അമ്മയ്ക്കും സർക്കാർ ഉദ്യോഗം ലഭിക്കുകയും ചെയ്തു . എല്ലാം കൊണ്ടും  'made for  each other '.എന്നിട്ടും അവർക്കിടയിൽ മാനസികമായി പൊരുത്തക്കേടുകൾ ഏറെയുണ്ടെന്നു എനിക്ക് തോന്നിയിരുന്നു .എന്നാലും വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചു ,ദീർഘകാലം ഒരുമിച്ച് .അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ രസകരമായ സംഭാഷണങ്ങൾക്കിടയിലാണ് അമ്മ മേൽപ്പറഞ്ഞ വാചകം ഉദ്ധരിച്ചത് .

"അതെന്താ അമ്മ ആരെയെങ്കിലും ഇഷ്ടപ്പെട്ടിരുന്നോ ?അമ്മയെ ആരെങ്കിലും വളരെയധികം ഇഷ്ടപ്പെട്ടിരുന്നോ ?"അമ്മയും ഞാനും സുഹൃത്തുക്കൾ തന്നെയായിരുന്നു .എന്തും അമ്മയോട് ചോദിക്കാം ,പറയാം .

"അങ്ങനെ ചിലരൊക്കെ ഉണ്ടായിരുന്നു "നേരിയ ഒരു കുസ്‌റുതി ചിരിയോടെ അമ്മ പറഞ്ഞു .

"അവരിൽ ഒരാളെ വിവാഹം കഴിക്കാഞ്ഞതിൽ നിരാശയുണ്ടോ ".

"ചിലപ്പോഴൊക്കെ "

"പിന്നെ എന്തിനാണ് ഒരു  അറേഞ്ജ്ഡ്  മാര്യേജ് ന്  തയാറായത് ?"ഞാൻ വീണ്ടും .

"ഒരാളെ പ്രണയിക്കുന്നുണ്ടെങ്കിൽ ഒരിക്കലും അയാളെ വിവാഹം കഴിക്കരുത് .കാരണം അതോടെ പ്രണയം ഇല്ലാതാകും .പിന്നെ പ്രയോഗികതകളാണ് .അവയ്ക്കു പ്രണയവുമായി ബന്ധമില്ല ."അമ്മ ചിരി നിറുത്തി ഗൗരവത്തിലാണ് ഇത്രയും പറഞ്ഞത് .

ഞാൻ അദ്‌ഭുതപ്പെട്ടു .

കുറഞ്ഞത് പ്രണയത്തിലെങ്കിലും ഒരു സത്യസന്ധതവേണം .ഒരാളെ മാത്രമേ പ്രണയിക്കാവൂ .അയാളെത്തന്നെ വിവാഹം കഴിക്കണം എന്നൊക്കെയായിരുന്നു എന്നും  എന്റെ റൊമാന്റിക് ചിന്തകൾ ..അങ്ങനെയൊന്നും ജീവിതത്തിൽ സംഭവിച്ചോളണമെന്നില്ല എന്ന് പലരുടെയും അനുഭവം കണ്ടിട്ട് തോന്നിയിട്ടുണ്ട് .എന്നിട്ടും എന്റെ വിശ്വാസം തിരുത്താൻ എനിക്കായില്ല .ഇന്നും എന്റെ സ്വപ്നം അത് തന്നെ .

ഒടുവിൽ എന്നെ ഒരുപാടു ഇഷ്ടമാണ് .എന്നെത്തന്നെ വിവാഹം കഴിക്കണം .ഇല്ലെങ്കിൽ ...ഇല്ലെങ്കിൽ ..എന്ന് പറഞ്ഞ ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചത് .പക്ഷെ ആ ജീവിതം സുഖകരമായില്ല .ഒടുവിൽ പിരിയുകയും ചെയ്തു .നമ്മളെ സ്നേഹിക്കുന്നവരെയാണ് വിവാഹം കഴിക്കേണ്ടത് എന്ന എന്റെ അമ്മയുടെ വാക്കുകൾ അവിടെ തെറ്റായി .

ഒരാളെ മാത്രമേ പ്രണയിക്കാവൂ എന്ന എന്റെ വിശ്വാസവും  തെറ്റി .എനിക്ക് പ്രിയപ്പെട്ട പലരും അനേകം പ്രേമബന്ധങ്ങളുള്ളവരാണ് .അവരിൽ മിക്കവരും വിവാഹിതരുമാണ് . ഈ പ്രണയങ്ങൾ അവരുടെ കുടുംബ ജീവിതത്തിൽ അലോസരങ്ങൾ സൃഷ്ടിക്കുന്നുമുണ്ട് .എന്നിട്ടും ചെറുപ്പക്കാരും ,മധ്യവയസ്കരും എന്തിനു വൃദ്ധർ പോലും രഹസ്യമായി പ്രേമബന്ധങ്ങൾ കൊണ്ട് നടക്കുന്നു .ഇവയിൽ മിക്കതും വളരെ ക്ഷണികവും ഉപരിപ്ലവവുമാണ് .ചിലർ  ഇതേക്കുറിച്ചു വാചാലരാകുമ്പോൾ എനിക്ക് തമാശയാണ് തോന്നുക .പലരും പ്രണയം വച്ച് നീട്ടുമ്പോൾ നവനീത പറയാറുണ്ടായിരുന്നു ."ഒക്കെ വെറുതെയാണ് ദേവീ .അവരുടെ സന്തോഷത്തിനു വേണ്ടി നമ്മൾ നിന്നു  കൊടുക്കണം .അവരുടെ സമ്പത്തും സ്റ്റാറ്റസും സൽപ്പേരും ഒക്കെ ഭാര്യക്ക് .ആർക്കും വേണ്ടാത്ത അവരുടെ പ്രേമവും കാമവും അവർക്കു കമ്പം തോന്നുന്ന പെണ്ണുങ്ങൾക്ക് .അവർക്കൊക്കെ പ്രണയം വെറുമൊരു തോന്നൽ മാത്രമാണ് ."അത് നവനീതയുടെ വ്യാഖ്യാനം .

മറ്റുചിലക്കു വളരെ ആഴത്തിലുള്ള ഒരു സൗഹൃദമാണ് പ്രണയം .ഏതു സമയത്തും വിളിക്കാനും തമ്മിൽ കാണാനും  എന്തും തുറന്നു പറയാനും ഉള്ള അടുപ്പം .ചിലർക്ക് സ്വന്തമാക്കി വയ്ക്കുന്നതാണ് സ്നേഹം .ഒരുപാടു പേരോട് പലതരത്തിലുള്ള സ്നേഹങ്ങൾ വച്ച് പുലർത്തുന്നതാണ് വേറെ ചിലർക്ക് പ്രണയം .സ്നേഹം എത്ര അളന്നാലും കുറയുകയില് എന്നിവർ വിശ്വസിക്കുന്നു .

ഇനി ഒരു പ്രണയ കഥ പറയട്ടെ .ഞങ്ങളുടെ നാട്ടിൽ പണ്ട് പണ്ടൊരു പാട്ടുകാരൻ ഉണ്ടായിരുന്നു .അയാളുടെ പത്നിക്ക് അയാളെ എപ്പോഴും സംശയം .അയാൾ പാട്ടു പഠിപ്പിക്കുന്ന പെൺകുട്ടികൾ, കൂടെ പാടുന്നവർ എന്ന് വേണ്ട കച്ചേരികൾക്കു ശ്രുതി മീട്ടുന്ന പെണ്ണിനെപ്പോലും സംശയം .നിത്യവും വഴക്കും ബഹളവും .പാട്ടുകാരൻ സ്വൈരം കെട്ട് .ഇടയ്ക്കിടെ വീട്ടിൽ നിന്നിറങ്ങി പോകാറുണ്ടായിരുന്നു .അങ്ങനെ അയാൾ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി .ഇടക്ക്  അവരെ കാണാൻ പോകും ,ആശ്വാസത്തിനായി .അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ ഭാര്യയുമായി വലിയ വഴക്കു നടക്കുന്നതിനിടയിൽ കടുത്ത ഹൃദയാഘാതം വന്ന്  അയാൾ മരിച്ചു വീണു ..പരോക്ഷ മായി അയാളുടെ പ്രണയബന്ധത്തെ അനുകൂലിച്ചിരുന്ന ചില സുഹൃത്തുക്കൾ അയാളുടെ പ്രണയിനിയുടെ വീട്ടിലേക്കോടി ,മരണവാർത്ത അറിയിക്കാൻ .അവർ അവിടെ കണ്ടത് വെറും നിലത്തു മരിച്ചു കിടക്കുന്ന ആ സ്ത്രീയെയാണ് .!!!

English Summery ; Kadayillaimakal Column by Devi J. S.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA