ഹെൻ പെക്ക്ഡ് 

Henpecked-845
SHARE

ഈ വാക്ക് ഞാൻ ആദ്യം കേൾക്കുന്നത് കുട്ടിക്കാലത്തു സ്കൂളിലെ ഒരു ഇംഗ്ലീഷ് പാഠത്തിൽ നിന്നാണ്.റിപ് വാൻ വിങ്ക്ൾ ന്റെ കഥയാണ് പാഠഭാഗം.

അതിലുള്ള . ഹെൻ പെക്ക്ഡ് ഹസ്ബൻഡ് ,പെറ്റിക്കോട്ട് ഗവണ്മെന്റ്. ഈ രണ്ടു വാക്കുകളും  എന്നെ ആകർഷിച്ചു. ഞാൻ അച്ഛനെ സമീപിച്ചു. "ഭാര്യയെ പേടിച്ച്  ഭാര്യ പറയുന്നതെല്ലാം അനുസരിക്കുന്ന ഭർത്താവ്.  ,ഭാര്യയാൽ ഭരിക്കപ്പെടുന്നവൻ ". അച്ഛൻ ആദ്യത്തെ വാക്കിന്റെ അർത്ഥം പറഞ്ഞു തന്നു. കുസൃതിയായ ഈ പുത്രി ഉടനെ ചോദ്യം തൊടുത്തു വിട്ടു. "അച്ഛൻ ഹെൻ പെക്ക്ഡ്  ആണോ ?"അമ്മയുടെ വലിയ കണ്ണുകൾ എന്റെ നേർക്ക്  ഉരുണ്ടു വരുന്നത് ഞാൻ കണ്ടു. അച്ഛന്റെ ഹഹഹ എന്ന ഹൃദ്യമായ പൊട്ടിച്ചിരി സന്ദർഭത്തെ ലഘുവാക്കി. പിന്നെ അടുത്ത വാക്ക്. പെറ്റിക്കോട്ട്   ഗവണ്മെന്റ്. "ഭാര്യയാണ് വീട്ടിൽ ഭരണം എന്നർത്ഥം ".എന്റെ കുസൃതി വീണ്ടും പുറപ്പെട്ടു "ഇവിടെ അങ്ങനെ തന്നെയല്ലേ അച്ഛാ. അമ്മയല്ലേ ഗവണ്മെന്റ് …".ഇത്തവണ അമ്മ കണ്ണുരുട്ടിയില്ല. പക്ഷെ പ്രതികരിച്ചു. "പിന്നെ നിന്റെ അച്ഛനെ  ഭരിക്കാൻ പറ്റുമോ ?എന്തെങ്കിലുമൊരു കാര്യം സാധിക്കാൻ എന്ത് മാത്രം നിർബന്ധിക്കണം ,വഴക്കിടണം". ഞാൻ വിട്ടില്ല. "ങാ അതിനു തന്നെയാ ഭരണം എന്നു പറയുന്നത് ".അപ്പോഴും അച്ഛൻ ചിരിച്ചു. 

ഭാര്യയെ പേടിച്ചു കഴിയുന്നവർ ഒരുപാടുണ്ട്. "സത്യത്തിൽ. ഉള്ള സമാധാനം പോകണ്ടാ എന്ന് കരുതിയാണ്". അതാണ് പലരും പറയുന്ന എസ്ക്യൂസ്‌. അത് പേടി തന്നെയാണ്. ഭാര്യയുള്ളപ്പോൾ ഫോൺ ചെയ്യാൻ പേടി ,ഫേസ് ബുക്ക് തുറക്കാൻ പേടി. ചാറ്റ് ചെയ്യാൻ പേടി. ഇങ്ങനെ കുടുംബ സമാധാനത്തിനു വേണ്ടി എന്തെല്ലാം സഹിക്കുന്നു പാവം പുരുഷന്മാർ. എന്നാലും പെണ്ണുങ്ങൾക്ക് പരാതി. 

പുരുഷ മേധാവിത്വത്തിന്റെ ഒരന്തരീക്ഷത്തിൽ വളർന്നതാണ് ഞാൻ. ഒരു പരിധി വരെ അതിഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് പറഞ്ഞാൽ സ്ത്രീ വാദികൾ ദേഷ്യപ്പെടരുത്. "man of  the house "തന്നെ യായിരുന്നു എന്റെ തറവാട്ടിലെ പരമാധികാരി. എനിക്ക് ഓർമവയ്മ്പോൾ അപ്പുപ്പനാണ് കുടുംബനാഥൻ. വീട്ടിലെ എല്ലാം എല്ലാം അദ്ദേഹം തന്നെ. എന്റെ കണ്ണിൽ അപ്പുപ്പൻ  ഒരു ആദർശ പുരുഷനായിരുന്നു. (എനിക്ക് മാത്രമല്ല ബന്ധുക്കൾക്കും പരിചയക്കാർക്കും നാട്ടുകാർക്കും അദ്ദേഹം ആരാധ്യനായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത് ഞാൻ വലുതായപ്പോഴാണ് )കാണാൻ നല്ല എടുപ്പ്. എപ്പോഴും നല്ല വെണ്മയുള്ള വസ്ത്ര ധാരണം. മുണ്ടും ജൂബയും നേര്യതുമായിരുന്നു അന്നത്തെ പുരുഷവേഷം. അപ്പുപ്പൻ ഹെഡ് മാസ്റ്ററായി റിട്ടയർ ചെയ്ത ആളായിരുന്നു. പഠിപ്പും അറിവും പാകതയും ഗൗരവവും മിത ഭാഷ്യവും ലാളിത്യവും എല്ലാമെല്ലാം ഒരു കുഞ്ഞു പെൺകുട്ടിയെ ആകർഷിക്കുന്ന ഘടകങ്ങളായി. അതെ സമയം തന്നെ ആരെയും ആവശ്യമില്ലാതെ കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിരുന്നില്ല. സ്നേഹത്തിനും വാത്സല്യത്തിനും ഒരു കുറവുമില്ല.  സന്ധ്യ കഴിയുമ്പോൾ ചില അച്ഛന്മാർ ആണ്മക്കളെയും കൂട്ടി ഹെഡ്മാസ്റ്റർ കാണാൻ വന്നിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു."വീട്ടിൽ ആര് പറഞ്ഞാലും ഒന്നും അനുസരിക്കില്ല പഠിക്കില്ല. സാറു തന്നെ ഒന്ന് പറയണം".ഇതായിരുന്നു മിക്ക രക്ഷകർ ത്താ ക്കളുടെയും പരാതി. ദേഷ്യപ്പെടുകയോ ശാസിക്കുകയോ ചെയ്യാതെ ആ കുട്ടികളെ അടുത്ത് വിളിച്ചു തലയിൽ തലോടി സൗമ്യമായി അപ്പുപ്പൻ ഉപദേശിക്കും. മൂന്നോ നാലോ വാചകങ്ങൾ മാത്രം. അവർ തലകുലുക്കി സമ്മതിക്കും. പഠിച്ചു നല്ലനിലയിൽ എത്തിയ അവരിൽ പലരും പിൽക്കാലത്തു ആ ഗുരുനാഥനെ കാണാൻ വന്നിരുന്നത്  എന്നെ അഭിമാനപുളകിതയാക്കിയ സന്ദർഭങ്ങളായിരുന്നു. ഇതൊക്കെ ഒരു ഉത്തമ പുരുഷന് മാത്രമേ കഴിയൂ എന്ന് ഞാൻ വിശ്വസിച്ചിരുന്നു . 

സ്ത്രീകളാരും തന്നെ അവിടെ അടിമകളായിരുന്നില്ല. അവരുടെ ന്യായമായ ഏതു ആഗ്രഹവും സാധിക്കപ്പെട്ടിരുന്നു. അമിതമായ ആർഭാടവും ആഗ്രഹങ്ങളും ലളിത ജീവിതം നയിച്ചിരുന്ന അവർക്കുണ്ടായിരുന്നില്ല താനും. ഒരുപാട് അംഗങ്ങളുള്ള ആ വീട് ഒരു സ്വർഗം തന്നെയായിരുന്നു. 

കാലം മാറിയതോടെ ആ കുടുംബത്തിലെ അംഗങ്ങൾ പലവഴി പിരിഞ്ഞു. പല കുടുംബങ്ങളായി. എന്റെ അമ്മാവന്മാരും സഹോദരന്മാരും (കസിൻസ് ഉൾപ്പെടെ )മെയിൽ ഷോവനിസ്റ്റ്കൾ തന്നെ ആയിരുന്നു. പക്ഷെ അവരും കുടുംബത്തിലെ സ്ത്രീകളെ ഒരു  തരത്തിലും ക്ലേശിപ്പിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. കുടുംബനാഥന്റെ തീരുമാനങ്ങൾ സ്വീകരിക്കുക ഇഷ്ടങ്ങൾ നോക്കുക സ്ഥാനം അംഗീകരിക്കുക ഇതൊന്നും ആ സ്ത്രീകൾക്കും ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. ഇതൊക്കെ എന്റെ നിരീക്ഷണങ്ങളാണ്. പൂർണമായും ശരിയാണോ എന്നറിയില്ല. 

ഭാര്യമാർ ഭർത്താക്കന്മാരെ വരച്ചവരയിൽ നിർത്തുന്നത് കാണുമ്പോൾ  കൊതി വരുന്ന ചില കൊച്ചു കൂട്ടുകാരികളുണ്ടെനിക്ക്. "എങ്ങനെയാ ദേവിച്ചേച്ചി ഇത് സാധിക്കുന്നത്. ഇത്രയും  വൈഭവമോ ഈ പെണ്ണുങ്ങൾക്ക് !".പലരും അദ്‌ഭുതം കൂറാറുണ്ട്. ഇണങ്ങിയും പിണങ്ങിയും തലകുത്തിനിന്നും പരിശ്രമിച്ചിട്ടും സ്വന്തം പുരുഷൻ കീഴടങ്ങാത്തതിലുള്ള നിരാശ. ചിരിച്ചു കൊണ്ട് ഞാൻ പറയാറുണ്ട്. "അത് ആ പെണ്ണുങ്ങളുടെ സമർത്യമൊന്നുമല്ല ,ചില പുരുഷന്മാർ അങ്ങനെയാണ്. വിധേയത്വമുള്ളവർ. കീഴടങ്ങാൻ തയ്യാറുള്ളവർ. അല്ലാതെ ആര് വിചാരിച്ചാലും അത് ആണായാലും പെണ്ണായാലും മറ്റൊരാളെ അടിമയാക്കാനൊന്നും പറ്റുകയില്ല. വഴങ്ങാൻ അവർ കൂടി തയാറാവണം. "

എന്റെ ഒരു സഹോദരൻ ഇടയ്ക്കു പറയാറുണ്ട്. "നമ്മുടെ വീട്ടിലെ ആണുങ്ങൾ പുരുഷ മേധാവികൾ തന്നെയാവണം. ഇവിടെ വന്നു പെണ്ണെടുക്കുന്നവർ പെൺകോന്തന്മാരായിക്കോട്ടെ. അതിന്റെ സുഖം അനുഭവിക്കുന്നത് നമ്മുടെ പെൺകുട്ടികളല്ലേ ?"

എങ്ങനെയുണ്ട് മെയിൽ ഷോവനിസം ?

English Summery : About Henpecked Husband / Kadayillaimakal Column by Devi J.S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ