കൂടെ നടന്നവർ

x-default
x-default
SHARE

കുട്ടിക്കാലം മുതൽ കൂടെ നടന്ന  ചിലരെ ഓർക്കാതിരിക്കാൻ ആവില്ല. കൂട്ടു കാരെക്കുറിച്ചോ സഹോദരങ്ങളെ കുറിച്ചോ സഹപാടികളെക്കുറിച്ചോ അല്ല വേലക്കാർ. ജോലിക്കാർ സഹായികൾ എന്നൊക്കെ നമ്മൾ പറയാറുള്ള ചിലരില്ലേ ,അവരെ കുറിച്ചാണ് ഈ ലേഖനം. 

കുട്ടിക്കാലം മുതലേ എന്റെ വീട്ടിൽ ഈ ഗണത്തിൽ പെട്ട ഒന്നോ രണ്ടോ പേര് എപ്പോഴുമുണ്ടാകും. അമ്മയ്ക്ക് ഉദ്യോഗമുണ്ട്. അപ്പോൾ വീട്ടുകാര്യങ്ങളും കുട്ടികളെയും നോക്കാൻ ആള് വേണ്ടേ ?വേലക്കാർ ,ജോലിക്കാർ എന്നീ പദങ്ങൾ എന്റെ വീട്ടിലില്ല. അങ്ങനെ പറയാനേ  പാടില്ല. അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു സഹോദരി, അമ്മയുടെ ബന്ധുവായ ഒരു വയസ്സി ഇവരൊക്കെയാണ് ഞങ്ങളെ നോക്കാനുണ്ടായിരുന്നത്. ഇവരെ സഹായിക്കാൻ മറ്റൊരാൾ കൂടി എ പ്പോഴും ഉണ്ടാവും. അപ്പച്ചി ,അമ്മച്ചി ,ചേച്ചി എന്നൊക്കെയാണ് ഇവരെ ഞങ്ങൾ കുട്ടികൾ വിളിച്ചിരുന്നത്. സ്നേഹവും വാത്സല്യവും മാത്രമല്ല വളരെ വലിയ ഒരു സൗഹൃദമാണ് ഞങ്ങൾക്കു അവരിൽ നിന്ന് കിട്ടിയിരുന്നത്. ഞങ്ങളുടെ കുസൃതികൾ പോലും അനുവദിച്ചു തന്നിരുന്നവർ !

അന്ന് പ്ലേസ്കൂളുകളോ ഡേ കെയർകളോ  ഇല്ല. ജോലിക്കു പോകുന്ന അമ്മമാരുടെ കുട്ടികൾ പല  കഷ്ട്ടപ്പാടുകൾ സഹിച്ചിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരു പണിക്കാരിയുടെ അടുത്ത് കുട്ടികളെ ഏൽപ്പിച്ചു പോകുന്ന അമ്മമാരും ഒരുപാടു മനപ്രയാസം അനുഭവിച്ചിരുന്നു.  

അമ്മയുടെ ഒരു സഹപ്രവർത്തകയുടെ വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നുണ്ട്. "കുട്ടിക്ക് കൊടുക്കാനായി പാൽ. 

എടുത്തു വയ്ക്കുമ്പോൾ കുറെ കൂടുതൽ വയ്ക്കും. അവൾ കുറെ കുടിച്ചാലും എന്റെ കുഞ്ഞിന് കുറച്ചു കിട്ടുമല്ലോ. അത് പോലെ ബിസ്ക്കറ്റ് ,പഴങ്ങൾ ഇവയൊക്കെ ഒരു പാട് സ്റ്റോക് ചെയ്യും. അവളും കഴിച്ചോട്ടെ. എന്നാലും കുട്ടിക്കും കൊടുക്കുമല്ലോ  ". "കുട്ടികളോട് സ്നേഹമില്ലാത്തവരും കുട്ടികളെ ഉപദ്രവിക്കുന്നവരും ഇക്കൂട്ടർക്കിടയിൽ ഉണ്ടായിരുന്നു  ഇത്തരം കഷ്ടപ്പാടുകളൊന്നും ഞാനും സഹോദരങ്ങളും അനുഭച്ചിട്ടില്ല.

സ്കൂൾ വിട്ടു വരുമ്പോൾ ഞങ്ങളെ നോക്കാനും ആഹാരം തരാനും അമ്മയേക്കാൾ കൂടുതൽ ശ്രദ്ധിക്കുന്ന ആളുകളാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവരെ പരിചാരകർ എന്ന് എങ്ങിനെ കരുതും സ്വന്തക്കാർ തന്നെ. വളരെ പ്രിയപ്പെട്ടവർ. അവധി ദിവസങ്ങളാണെങ്കിലും ഞങ്ങളെ വീട്ടിൽ വിട്ടിട്ട് ജോലിക്കു പോകാൻ അച്ഛനും അമ്മയ്ക്കും യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. കൂട്ടിനും കൂടെ നടക്കാനും അവിടെ ആളുണ്ടായിരുന്നല്ലോ. ഇന്നത്തെ പോലെ ശിശു പീഡന പേടിയൊന്നും അന്നുണ്ടായിരുന്നില്ല. എങ്കിലും കുട്ടികൾ തനിച്ച് സുരക്ഷിതരല്ലല്ലോ. ഞങ്ങൾ വളർന്നു വലുതാകും വരെ ഇവരിലാരെങ്കിലുമൊക്കെ. ഒപ്പമുണ്ടായിരുന്നു. പത്തും ഇരുപതും വർഷം  ഞങ്ങളുടെ വീട്ടിൽ താമസിച്ച് ഞങ്ങളെ സേവിച്ചവർ. അമ്മയെ സഹായിച്ചവർ . അവരെ ജോലിക്കാർ എന്ന് പറയാനാവുമോ ?

മക്കളും ഞാനുമായി മറ്റൊരു നഗരത്തിൽ താമസിക്കുമ്പോഴും ഈ ഭാഗ്യം എനിക്കുണ്ടായി. വിശ്വസ്തയായ ഒരു സഹായിയെ എനിക്ക് കിട്ടി. വർഷ  ങ്ങളോളം എന്റെ ഒപ്പം നിൽക്കുകയും ചെയ്തു . സെർവന്റ്‌ എന്നോ പണിക്കാരിയെന്നോ എനിക്കവരെ വിളിക്കാൻ ആവുമായിരുന്നില്ല. അന്ന് തന്നെ അവർക്കു നല്ല പ്രായമുണ്ടായിരുന്നു. പൊക്കം തീരെയില്ല. ഒരു മൂന്നു മൂന്നരയടി. വണ്ണം എന്ന് പറഞ്ഞതേയില്ല. ഉളി പോലെ ഒരു വൃദ്ധ. സാറ എന്നാണ് പേര്. എന്റെ മക്കൾ അവരെ സാറാമ്മ എന്നാണ് വിളിച്ചിരുന്നത്. അതി രാവിലെ എത്തും. എല്ലാ ജോലികളിലും സഹായിക്കും. ഞാൻ ഓഫീസിൽ പോയിക്കഴിഞ്ഞാലും വീട് വൃത്തിയാക്കുക ,മുറ്റമടിക്കുക മുതലായ പരിപാടികളൊക്കെ കഴിഞ്ഞു വീട് പൂട്ടി അവർ പോകും. വൈകുന്നേരം ഞാനെത്തുമ്പോൾ വീണ്ടും വരും പണികളൊന്നുമില്ലെങ്കിലും എന്റെയൊപ്പം ചായകുടിച്ചു അൽപനേരം എനിക്ക് കൂട്ടിരുന്നിട്ട് പോകും. 

പത്തു പതിനാറു വർഷം  അവർ എന്റെ സഹചാരിയായി ഉണ്ടായിരുന്നു. എല്ലാക്കാലത്തും വീട്ടു വേലക്ക് സഹായിയായി എത്തുന്നവർ എനിക്ക് കൂട്ടുകാർ തന്നെയായിരുന്നു. എനിക്കു വേണ്ടി ചെയ്യാവുന്ന എന്തും ചെയ്തു തരുന്നവർ. എനിക്കു  കഴിയുന്നത് പോലെ ഞാൻ അവരെ സഹായിക്കുകയും ചെയ്യാറുണ്ട്. . ഇപ്പോഴുമുണ്ട് എട്ടും പത്തും വർഷങ്ങളായി എന്റെ കൂടെ നിൽക്കുന്നവർ. 

"എവിടെ നിന്ന് കിട്ടുന്നു ഇത്ര നല്ല ജോലിക്കാരെ "പലരും ചോദിക്കാറുണ്ട്. 

അവർ നല്ലവർ തന്നെ സംശയമില്ല.പക്ഷെ ഞാനും നല്ലതാണെന്ന് തോന്നുന്നു . അതല്ലേ അവർ എന്നെ വിട്ടുപോകാതെ കൂടെ നിൽക്കുന്നത്. അവരെ ജോലിക്കാർ എന്ന് ഞാൻ പറയാറില്ല. നമ്മളും ജോലിക്കാരല്ലേ. ജീവിക്കാൻ വേണ്ടി ഓരോ ജോലികൾ ചെയ്യുന്നവർ.  അവരുടെ സർവീസ് നമുക്കാവശ്യമുണ്ട്. നമ്മൾ കൊടുക്കുന്ന ശമ്പളം അവർക്കും അത്യാവശ്യം. അപ്പോൾ പിന്നെ ഒരു പരസ്പര സഹായ സംഘമായി നമുക്കങ്ങു മുന്നോട്ടു പോകാം അല്ലെ ?ഈ മറുപടി ചോദ്യങ്ങൾ ചോദിക്കുന്നവർക്കു മാത്രമുള്ളതല്ല എൻറെ സഹായികളോടും ഞാൻ ഇടയ്ക്കു പറയുന്നതാണ്. 

English Summery : Kadayillaimakal / Column About Helpers in Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ