ഡിസംബർ പ്രിയപ്പെട്ട ഡിസംബർ 

December-flower-845
SHARE

"December is the most beautiful month " എന്ന് എന്റെ മകൻ സൂരജ് ഒരു ഡയറിയിൽ കുറിച്ചിട്ടുണ്ടായിരുന്നു. എനിക്കും ഡിസംബർ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട മാസം. ഇത് പറയുമ്പോൾ ബാക്കി 11 മാസങ്ങളും കലണ്ടറുകൾക്കുള്ളിൽ നിന്ന് എന്നെ പരിഭവത്തോടെ നോക്കാറുണ്ട്. ഡിസംബറിനെ പറ്റി  എഴുത്തുകാർ ഒരുപാടു തവണ എഴുതിയിട്ടുണ്ട്. ഞാനും പറഞ്ഞിട്ടില്ലേ ഡിസംബർ കുളിരിനെപ്പറ്റി.!എന്നാലും അതിമനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഈ പ്രിയമാസം എന്റെ മുറ്റത്തു വന്നു നിൽക്കുമ്പോൾ ഓർക്കാതിരിക്കുന്നതെങ്ങിനെ  ?ഞാൻ എഴുതാതിരിക്കുന്നതെങ്ങിനെ ?

മഞ്ഞും തണുപ്പും ക്രിസ്തുമസും കരോളും പ്ലം കേക്കും ക്രിസ്തുമസ് ആശംസ കാർഡുകളും. ..അങ്ങനെ നീളുന്നു കുട്ടിക്കാലത്തെ ഡിസംബർ അനുഭൂതികൾ ! അന്ന് മുറ്റത്തിന്റെ ഒരു കോണിൽ തണ്ടിൽ മുള്ളുള്ള ഒരു ചെടിയുണ്ടായിരുന്നു. ഡിസംബർ മാസത്തിൽ ആ ചെടി പൂവിടും. വയലറ്റ് കലർന്ന നീല പ്പൂക്കൾ !നീല കനകാംബരം എന്ന് ഞങ്ങൾ "തിരുവന്തോരം കാര് "പറഞ്ഞിരുന്ന ആ ചെടിക്കു ഡിസംബർ ഫ്ളവർസ് എന്നും പേരുണ്ട്. .ആ പൂക്കൾ പറിച്ചു അടുക്കിക്കെട്ടി തലയിൽ ചൂടി തമിഴത്തി കൂട്ടുകാരി കളോടൊപ്പം ഒരു തമിഴ് പെണ്ണായി നടന്നിരുന്നു ഞാനും. എത്ര സുന്ദരമായ കൗമാരഓർമ്മകൾ !

യൂണിവേഴ്സിറ്റി കോളേജിൽ എം എ ക്കു പഠിക്കുന്ന വിവാഹിതയായ ദേവി എന്ന ഒരു പെൺകുട്ടി ഇരുപത്തിയൊന്ന് വയസ്സ് തികയും മുൻപേ അമ്മയായതും ഒരു ഡിസംബർ മാസത്തിൽ !ഗർഭാസ്വാസ്ഥ്യങ്ങളും പ്രസവവും ഒക്കെ എനിക്ക് വലിയ ദുർഘടങ്ങൾ ആയിരുന്നെങ്കിലും അതിന്റെ മീതെ ഒരു ത്രിൽ ഞാൻ അനുഭവിച്ചിരുന്നു എന്നത് ഇന്നുമോർക്കുന്നു. വീർത്തു വരുന്ന വയറും വയറിനകത്തു തലകുത്തിമറിയുന്ന കുസൃതിയും എന്നിലുളവാക്കിയ വിസ്മയകൗതുകങ്ങൾ പറഞ്ഞറിയിക്കാനാവില്ല. ഒരു കൊച്ചു കുട്ടിയുടെ മനസ്സായിരുന്നു എനിക്കപ്പോഴും (ഇപ്പോഴും).അനിയത്തിമാരോടും അനിയനോടുമൊപ്പം കളിച്ചിരുന്ന ചേച്ചി തന്നെയായി തുടർന്നു ഞാൻ. 

ഡിസംബർ 21. അതാണ് ഡോക്ടർ പ്രവചിച്ചിരുന്നു പ്രസവദിനം. .പെട്ടെന്നുണ്ടായ ചില ശരീരാസ്വാസ്ഥ്യങ്ങൾ മൂലം നേരത്തെ തന്നെ എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തിരുവന്തപുരത്തെ S A T ഹോസ്പിറ്റൽ. പേ വാർഡ് മുറി. കൂട്ടിനു എന്റെ അമ്മുമ്മ. രാവിലെയും ഉച്ചക്കും വൈകിട്ടും അച്ഛനും അമ്മയും വരും. അവർക്കു  ജോലിയുണ്ടല്ലോ. സമയത്തു ലീവ് എടുത്താൽ മതിയല്ലോ. രാത്രി അമ്മയും കൂടെ നിൽക്കും. നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും ഗോസിപ്പ് കഥകളുമൊക്കെയായി രസകരമായ രാത്രികൾ. പകൽ എനിക്ക് ബോറടിക്കും. ഞാൻ മുറിക്കു പുറത്തിറങ്ങി അടുത്ത മുറികളിലെ രോഗികളെയൊക്കെ സന്ദർശിക്കും. സംസാരിക്കും ചിരിക്കും അവരെയൊക്കെ രസിപ്പിക്കും. ഡോക്ടർ വരുന്നേരം മുറിയിൽ കയറി ബെഡിൽ നല്ല കുട്ടിയായി കിടക്കും. പതി മൂന്നാം തീയതി രാത്രി എനിക്ക് വേദന തുടങ്ങി. ഈശ്വരാ അതൊരു വേദനതന്നെയായിരുന്നേ. പതിന്നാലാം തീയതി രാവിലെ  വേദന താങ്ങനാ വാതെ ഏതാണ്ട് അർദ്ധബോധാവസ്ഥയിലായിരുന്ന എന്റെ ചെവിയിൽ എന്റെ ഡോക്ടർ ചേച്ചി  മന്ത്രിച്ചു "ഇതാ നോക്കൂ ഒരു സുന്ദരൻ മോനാണ് കേട്ടോ ,അമ്മയെപ്പോലെ ".

വർഷങ്ങൾ കഴിഞ്ഞുപോയി. കുട്ടിക്കളി മാറാത്ത  അമ്മയുടെ കൂടെ കളിച്ചും പഠിച്ചും സൂരജിന് ആറു  വയസ്സായി. അമ്മേ എന്നു വിളിച്ചു കൂടെക്കളിക്കാൻ പിന്നെയും ഒരാൾ വരുന്നു എന്നത് എനിക്കൊരു സർപ്രൈസ് ആയിരുന്നു. പ്രസവത്തീയതി പിന്നെയും ഡിസംബർ 21 എന്നത് വലിയൊരു അദ്‌ഭുതം തന്നെയായി. എറണാകുളത്തെ കുഞ്ഞാലൂസ് ഹോസ്പിറ്റലിൽ എനിക്ക് വളരെ പ്രിയപ്പെട്ട രമണി രാജൻ എന്ന ഡോക്ടറെ ഓരോ മാസവും സന്ദർശിക്കുമ്പോൾ ഞാൻ ഓർമിപ്പിക്കും. "ഡോക്ടർ എനിക്ക് ഡിസംബർ 14 നു പ്രസവിക്കണം ".ഡോക്ടർ പൊട്ടിച്ചിരിക്കും "നമുക്ക് നോക്കാം ".എന്ന് പറയും. 

സമയം അടുത്തു  വരുമ്പോൾ എനിക്ക് ടെൻഷനായി. അപ്പോൾ ഡോക്ടർ ഓർമിപ്പിച്ചു. "ഇതാ നോക്കൂ 13 വരെ പിടിച്ചു നിൽക്കാമെങ്കിൽ 14 നു ഞാൻ ഏറ്റിരിക്കുന്നു ".ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടക്കും എന്നല്ലേ വിശ്വാസം. 14 നു തന്നെ എനിക്കെന്റെ മകളെ കിട്ടി. .സ്കൂളിൽ നിന്ന് കുഞ്ഞിനെക്കാണാനായി വന്ന മകന്റെ കയ്യിൽ അനുജത്തിയെ വച്ച് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു. "ഇതാ അമ്മയ്ക്ക് തരാൻ  പറ്റുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനം. "

അന്ന് തൊട്ടിന്നു വരെ എല്ലാ ഡിസംബർ 14 നും അവർ ഒരുമിച്ചു പിറന്നാൾ ആഘോഷിക്കുന്നു. ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചിട്ടും ഇന്നും ഞാനും മക്കളും ഡിസംബർ 14 നു ഒരുമിച്ചു തന്നെ. 

വർഷങ്ങൾക്കു കടന്നു പോകാതെ വയ്യല്ലോ. ദുരന്തക്കടലിൽ കരകാണാതെ ഉഴലുന്ന എനിക്ക് ജീവൻ പകരാൻ വീണ്ടുമോരു ഡിസംബർബേബി പിറന്നു ..അമ്മുമ്മയുടെ  കൊച്ചു രാജകുമാരി .

ഇനി പറയൂ ഡിസംബറിനെ എനിക്കെങ്ങനെ സ്നേഹിക്കാതിരിക്കാനാവും !

English Summery : Kadayillaimakal Column About December Month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ