ഏതു കോളേജിലാ...

love-845
SHARE

ദേവി എന്ന ചെറിയ പേരും എന്റെ എഴുത്തിന്റെ രീതിയും പിന്നെ പഴയകാലത്തെ ഫോട്ടോകളും കണ്ട് ഞാൻ ഒരു ചെറിയ പെണ്ണാണ് (യുവതി)എന്ന് ധരിക്കുന്നവർ ഏറെ. അവരോടൊക്കെ ഞാൻ പറയാറുണ്ട്. "വൃദ്ധയും രോഗിയുമാണ് ഞാൻ. പ്രായം എഴുപതോടടുക്കുന്നു ". അപ്പോൾ കിട്ടുന്ന മറുപടി. "ഏയ് കണ്ടാൽ തോന്നുകേയില്ല. "

ഇത് കേട്ടാൽ സന്തോഷിക്കാത്തതാരാണ് ? ഉണ്ടാവുമായിരിക്കും. എന്നാലും എന്നെപ്പോലെ ഒരു സാധാരണക്കാരി സന്തോഷിക്കുക തന്നെ ചെയ്യും. സൗന്ദര്യവും ആരോഗ്യവും ഈശ്വരൻ കൽപ്പിച്ചു നൽകുന്ന വരദാനമാണെന്നും  അത് കാത്ത് സൂഖിക്കേണ്ടത് ഒരു കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു . 

കണ്ടാൽ പ്രായം തോന്നുകയില്ല എന്നത് കുറച്ചൊക്കെ പാരമ്പര്യമാണ്. എന്റെ അച്ഛനും അമ്മയും ഈ ഗണത്തിൽ പെട്ടവരായിരുന്നു. അവർ നന്നേ ചെറുപ്പത്തിൽ വിവാഹിതരായി. അതുകൊണ്ട് മക്കൾ വേഗം വലുതായി അവരോളമായി. അച്ഛന്റെ കൂടെ എന്നെ കാണുമ്പൊൾ പലരും ഏട്ടനാണോ എന്ന് ചോദിച്ചിട്ടുണ്ട്. അമ്മയും അതുപോലെ തന്നെ. ഒരു ചേച്ചിയുടെ മട്ട്. ഞാനും ചെറുപ്പത്തിലേ വിവാഹിതയാവുകയും അമ്മയാവുകയും ചെയ്തു. എന്റെ മകൻ ജനിക്കുമ്പോൾ എന്റെ അമ്മയ്ക്ക് 42 വയസ്സ്. കണ്ടാൽ മുപ്പത്തിരണ്ടേ  തോന്നൂ. അമ്മ അവനെ കൊണ്ട് നടക്കുമ്പോൾ അമ്മയുടെ കുട്ടി എന്നേ തോന്നുമായിരുന്നുള്ളു. .

ഒരു സില്ലി,സെൻസിറ്റീവ് ,സെന്റിമെന്റൽ ഇഡിയറ്റ് ആയിരുന്നു എന്നും എന്റെ മനസ്സ്. അത് കൊണ്ടാവാം എന്റെ പ്രത്യക്ഷ ഭാവവും അത് തന്നെ. കുട്ടിത്തം മാറാത്ത മുഖവും തടിവയ്ക്കാത്ത ശരീര പ്രകൃതിയും. മകൻ വളർന്നു വലുതായി ജോലിയായിക്കഴിഞ്ഞ് ഒരിക്കൽ അവന്റെ കൂട്ടുകാർ അവനോടു ചോദിച്ചത്രേ . "സൂരജേ നിന്റെ കൂടെ എപ്പോഴും നടക്കുന്ന ആ പെണ്ണേതാണ്."അവനു പെട്ടെന്ന് പിടികിട്ടിയില്ല. 

"അതെന്റെ അനിയത്തിയല്ലേ "അവൻ പറഞ്ഞു. 

"ഏയ് അനിയത്തിയെ ഞങ്ങൾക്കറിയാം. ചെറിയ കുട്ടിയല്ലേ ?ഇത് ഒരു വലിയ പെണ്ണ് ചുരിദാറൊക്കെ ഇട്ട് "  

(അന്ന് ചുരിദാർ കേരളത്തിൽ ഇത്ര കോമൺ ആയിട്ടില്ല. അമ്മമാരൊന്നും ചുരിദാറിൽ കയറി തുടങ്ങിയിട്ടില്ല. അതാണ് അവർ അത് എടുത്ത് പറഞ്ഞത് )

എന്റെ മകൻ വായ പൊളിച്ചു പെട്ടെന്ന് പറഞ്ഞു. 

"അയ്യോ അത് പെണ്ണൊന്നുമല്ല എന്റെ അമ്മയാണ് ".

ഈ കഥ പറഞ്ഞു ഞങ്ങൾ ഒരു പാട് ചിരിച്ചിട്ടുണ്ട്. 

റിട്ടയർ ചെയ്യുന്ന കാലത്തും സഹപ്രവർത്തകർ അഭിനന്ദിച്ചു. "ഇത്ര വലിയ മക്കൾ ഉണ്ടെന്നു അറിയാവുന്നതു കൊണ്ടാണ്. ഇല്ലെങ്കിൽ മാഡം  റിട്ടയർ ചെയ്യുന്നു എന്ന് ഞങ്ങൾ പോലും വിശ്വസിക്കില്ലായിരുന്നു. "

എന്താണിതിന്റെ രഹസ്യം എന്ന് ചോദിക്കുന്നവരുമുണ്ട്. 

യോഗയും മെഡിറ്റേഷനുമൊക്കെയുണ്ടോ ?

ഏയ് ഇല്ല. 

എക്സർസൈസ് ?

വീട്ടു ജോലി തന്നെ നല്ലവണ്ണമുണ്ട്. അത് പോരെ ?

സന്തൂർ ആണോ സോപ്പ് ?

കിട്ടുന്ന എന്ത് സോപ്പും തേയ്ക്കും. 

ഒടുവിൽ ഞാൻ പൊട്ടിച്ചിരിക്കും. 

എന്നിട്ടു പറയും. ഇത് തന്നെ ഒരു കാര്യം. ഈ ചിരി. പിന്നെ മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹം. പിന്നെ നേരത്തെ പറഞ്ഞത് തന്നെ. അളവറ്റ ഈശ്വരാനുഗ്രഹം. 

(കണ്ടാൽ ഉള്ള പ്രായം തോന്നാത്ത ഒരുപാടു പേർ നമുക്കിടയിലുണ്ട്. അവരോടുമൊക്കെ ചോദിക്കാവുന്നതാണ് എന്താണിതിന്റെ രഹസ്യം എന്ന് )

തല നരച്ചാൽ ഡൈ അടിക്കണം. എന്നും കുളിക്കണം. വൃത്തിയായും ഭംഗിയായും വസ്ത്രം ധരിക്കണം. വെള്ളം കുടിക്കണം. ഇതൊക്കെ പറഞ്ഞു അവരെ കളിയാക്കുകയും ചെയ്യും ഞാൻ. 

പിന്നെ പ്രണയം. ഞാനതു പറയുമ്പോൾ മിക്കവരും  മുഖം ചുളിക്കും. ഈ പ്രായത്തിലല്ലേ എന്നൊരു മുഖഭാവവും. . യൗവ്വനം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് നിർത്താനും ആരോഗ്യം സംരക്ഷിക്കാനും ആയുസ്സു നീട്ടിക്കിട്ടാനും സഹായിക്കുന്ന ദിവൗഷധമാണ് പ്രണയം. അപ്പോൾ വരും ചോദ്യം വീണ്ടും. 

"ദേവിച്ചേച്ചിക്കു പ്രണയമുണ്ടോ ഇപ്പോഴും "

"ഉണ്ടല്ലോ മനസ്സ് നിറയെ "

"ആരോട് "

"അത് ചോദിക്കരുത്. "

പ്രായമൊന്നും നോക്കണ്ട ഒന്ന് ശ്രമിച്ചു നോക്കൂ. 

ഇതാവട്ടെ  വായനക്കാർക്കുള്ള എന്റെ പുതുവത്സര സന്ദേശം. 

English Summery : Kadayillaimakal Column About Love in Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA