അറം  പറ്റിയോ ?

Helping-845
SHARE

എന്താണ് അറം പറ്റുക എന്നാൽ ?എന്തെങ്കിലും പറയുക അത് അതു പോലെ സംഭവിക്കുക .വാക്കുകൾ ശക്തിയുള്ളവയാണ് .വെറുതെ എടുത്തങ്ങു പ്രയോഗിക്കരുത് .അറം പറ്റും എന്നൊക്കെ ചില വിശ്വാസങ്ങൾ ഉണ്ട് .

എഴുത്തച്ഛൻ പോലും കിളിയെക്കൊണ്ട് കഥ പറയിച്ചിരിക്കുന്നത് അറം  പറ്റാതിരിക്കാനാണ് .,എന്ന് പറഞ്ഞു കേട്ടിട്ടില്ലേ ?പറയുന്ന വാക്കുകൾ മാത്രമല്ല എഴുതുന്നതും അതു പോലെ സംഭവിക്കാൻ സാധ്യതയുണ്ടോ ?

പുതുവത്സരാശംസകൾ നേരാൻ വിളിച്ച സുഹൃത്തുക്കളും ബന്ധുക്കളും ആദ്യം തിരക്കുന്നത് എന്റെ മകൻ സൂരജിന്റെ അവസ്ഥയെക്കുറിച്ചാണ് .വർഷം  ഏഴായി ..അവൻ അതുപോലെ തന്നെ കിടക്കുന്നു എന്ന് നിരാശയോടെയാണ് ഞാൻ മറുപടി പറയാറ് .ചിലർ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആ വിഷയം എടുത്തിടുകയേ ഇല്ല .

"സൂരജ് എങ്ങനെയുണ്ട് "എന്ന് ചോദിച്ച ഒരു സുഹൃത്ത് "യൂത്തനേസിയ അറം  പറ്റിയോ ?"എന്ന് കൂടി ചോദിച്ചു .സത്യത്തിൽ ഞാൻ ഞെട്ടി വിറച്ചു പോയി .'യൂത്തനേസിയ' ഞാൻ വളരെ വർഷങ്ങൾക്കു മുൻപെഴുതിയ ഒരു ചെറുകഥയാണ് .ആ കഥ ഞാൻ തിരുവനന്തപുരം ആകാശവാണിയിൽ വായിക്കുകയും ,പിന്നീടിറങ്ങിയ ഒരു സമാഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .

യൂത്തനേസിയ എന്താണെന്ന്  എല്ലാവർക്കുമറിയാം .'ദയാവധം !'ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന്  ജീവിതത്തിലേക്കു വരാനും മരണത്തിലേക്ക് പോകാനും കഴിയാതെ കഷ്ടപ്പെടുന്നവർക്ക് ദയാപൂർവം മോചനം നൽകുക !അനായാസമായി മരിക്കാൻ സഹായിക്കുക ..വേദനിപ്പിക്കാതെ കൊല്ലുക .!അതാണ് ദയാവധം എന്ന യൂത്തനേസിയ!ഒരു അപകടത്തിൽപെട്ട് ജീവച്ഛവമായി വെന്റിലേറ്ററിൽ കിടക്കുന്ന ഗാഥാ എന്ന പെൺകുട്ടിയെ  അവളെ ജീവനേക്കാൾ സ്നേഹിച്ചിരുന്ന വേണുഗോപാൽ എന്ന ഡോക്ടർ മരണത്തിലൂടെ രക്ഷിക്കുന്നതാണ് ആ കഥ യുടെ ഇതിവൃത്തം .

അങ്ങനെ ഒരു കഥ എഴുതിയത് അറം പറ്റിയിട്ടാണോ ഒരപകടത്തിനു ശേഷം എന്റെ  മകൻ ഇങ്ങനെ കിടക്കുന്നത് ,എന്നാണ് വളരെ സങ്കടത്തോടെ ആ സുഹൃത്ത് ചോദിച്ചത് .അന്ന് മുഴുവൻ ഞാൻ അതെ ക്കുറിച്ചു തന്നെ ചിന്തിച്ചു കൊണ്ടിരുന്നു .ഏതു കഷ്ടകാലസമയത്താണോ ഈശ്വരാ ആ കഥ എഴുതാൻ തോന്നിയത് !ദയാവധം ആവാമെന്നും അരുതെന്നും ഒരു വിവാദമായി ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു സമയമായിരുന്നു അത് .പത്രങ്ങൾ നിറയെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ .അപ്പൂർവ്വമായെങ്കിലും അതീവ രഹസ്യമായി ലോകത്തിന്റെ പലഭാഗത്തും ദയാവധങ്ങൾ നടന്നുട്ടുണ്ടെന്നു പോലും റിപോർട്ടുകൾ വന്നിരുന്നു .അപ്പോൾ ഒരു അദ്‌ഭുതം പോലെ മനസ്സിൽ ആ കഥ പൊങ്ങി വന്നു .അങ്ങെഴുതി .അന്ന് ഞാൻ  ഇടയ്ക്കിടെ കഥകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സമയവുമായിരുന്നു .ഒരുപാട് അഭിനന്ദനങ്ങൾ ആ കഥയ്ക്ക് കിട്ടുകയും ചെയ്തു .ഇത്രയും വർഷങ്ങൾക്കു ശേഷവും ഒരു സുഹൃത്ത് ആ കഥ ഓർമ്മിക്കുന്നു എന്നത് തന്നെ അതിനു തെളിവല്ലേ ?പക്ഷെ ഇത്രയും കാലം കഴിഞ്ഞ്    ഒരു അറവുമായി എന്നെ പറ്റിക്കാൻ ആ കഥ വരുമെന്ന് കരുതിയതേയില്ല .

അങ്ങനെ ചിന്തിച്ചിരിക്കെ അറം പറ്റിയ സന്ദർഭങ്ങൾ വേറെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നെനിക്ക് തോന്നി .

നല്ല ക്ഷമയും സഹനശക്തിയും എനിക്കുണ്ട് .പക്ഷെ ചിലപ്പോൾ നിസ്സാരമായ ചില അഭിപ്രായ പ്രകടനങ്ങൾ പോലും എന്നെ വല്ലാതെ ചൊടിപ്പിക്കും .ദുരന്തങ്ങളുമായി ഒറ്റയ്ക്കുള്ള പോരാട്ടം എന്നെ 'റഫ് ആൻഡ് ടഫ് 'ആക്കിയിട്ടുണ്ടാവണം.

വല്ലപ്പോഴും അച്ഛനമ്മമാരുടെ വീട്ടിൽ ഞങ്ങൾ മക്കൾ നാലുപേരും ഞങ്ങളുടെ മക്കളും ഒത്തു കൂടും .എല്ലാവരും ഒരുപാടു സംസാരിക്കുകയും ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യും .പാട്ടും ആട്ടവും മിമിക്രിയും തമാശകളും തകർക്കും .ഇതിലൊക്കെ ഒന്നാമതാണ് ഞാൻ .ഫലമോ ?എന്റെ ഒച്ച തകരാറിലാകും .തൊണ്ടവേദന കലശലാകും .പക്ഷെ കളിചിരി തുടരുന്ന സമയം ഞാൻ ഇതൊന്നും വകവയ്ക്കില്ല .വയസ്സായ  എന്റെ അച്ഛനമ്മമാർ ഇതൊക്കെ കണ്ടും കേട്ടും രസിക്കുകയാണ് പതിവ് .എന്തുകൊണ്ടോ  അന്ന് പൂമുഖത്തു കലാപരിപാടികൾ ക്ലൈമാക്സിലെത്തി നിൽക്കെ അച്ഛൻ എന്നെ വിളിച്ചു .പിന്നെ ശകാരിച്ചു "ഇങ്ങനെ ഒച്ചയെടു ത്തിട്ടാണ്  തൊണ്ടയടപ്പും മൂക്കടപ്പും വേദനയും ഒക്കെ .സംസാരം കുറയ്ക്കണം "

ആ കുറ്റപ്പെടുത്തൽ എനിക്ക് ഇഷ്ട്പ്പെട്ടില്ല .ഉമ്മറത്തെ രസച്ചരട് പൊട്ടിയതോ ,എന്റെ ഈഗോ ഉണർന്നതോ ?എനിക്കറിയില്ല .

"സംസാരിച്ചിട്ടൊന്നുമല്ല ശബ്ദമടയ്ക്കുന്നത് .എനിക്ക് തൊണ്ടയിൽ കാൻസ റാവും "എന്ന് ഞാൻ പെട്ടെന്ന് മറുപടി പറഞ്ഞു .ഞാൻ വീണ്ടും പോയി ബഹളത്തിൽ മുങ്ങുകയും ചെയ്തു .അമ്മ പിന്നീട് എന്നെ കുറ്റപ്പെടുത്തി ."നീ എന്താണ് അച്ഛനോട് പറഞ്ഞത് ?അച്ഛന് വലിയ വിഷമമായി "എനിക്കതു കേട്ടപ്പോൾ സങ്കടമായി .അച്ഛനോടും അമ്മയോടും ഞാനങ്ങനെ സംസാരിക്കാറുള്ളതല്ല .

എന്റെയാ വാക്കുകൾ ഈശ്വരന് രസിച്ചില്ല എന്ന് തോന്നുന്നു .(അതോ അറം പറ്റിയോ ?)ആറു മാസം കഴിഞ്ഞില്ല ,എനിക്ക് വീണ്ടും രോഗം വന്നു .തൊണ്ടയിലല്ല ഭാഗ്യം .അച്ഛനും അമ്മയും അത് മറന്നിട്ടണ്ടാവും .പക്ഷെ മാസങ്ങളോളം എനിക്ക് കുറ്റബോധവും പശ്ചാത്താപവും തോന്നി .

എന്റെ രണ്ടു തവണത്തെ ക്യാന്സറും ചികിത്സയുമായുള്ള അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കിയപ്പോൾ ഞാനതിൽ കുറിച്ചു വച്ചു ."എന്നു ചെറിയ സമ്പാദ്യങ്ങളെ എനിക്കുള്ളൂ .അതിൽ ഒതുങ്ങി ജീവിക്കാനാണ് എന്നും ഞാൻ ശ്രമിച്ചിട്ടുള്ളത് .ആരെയും ആശ്രയിക്കാനും ശല്യപ്പെടുത്താനും ഒരിക്കലും ഞാൻ തുനിഞ്ഞില്ല .ആരെങ്കിലും സഹായം വേണോ ചോദിച്ചാൽ ഇപ്പോൾ വേണ്ട .ചോദിച്ചല്ലോ അത് തന്നെ ധാരാളം എന്നാണെന്റെ മറുപടി . .അഹങ്കാരമോ ധിക്കാരമോ ഒന്നുമല്ല എന്റെ ഈ രീതിക്കു പിന്നിൽ  .ആത്മാഭിമാനം എന്ന് വേണമെങ്കിൽ പറയാം .എല്ലാവർ ക്കും  അവരുടേതായ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഇല്ലേ ?അതിനിടയിൽ ആർക്കും ഒരു ശല്യമോ ഭാരമോ ആകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല .ഇനി നാളെ ആരെയെങ്കിലും ആശ്രയിക്കേണ്ടി വന്നാൽ അതും ഈശ്വര നിശ്ചയം എന്ന് കരുതി ആശ്വസിക്കും .അത്ര തന്നെ " ഈ വാക്കുകളും ഈശ്വരൻ നോക്കി വച്ചു എന്നു തോന്നുന്നു .എന്റെ മകന് അപകടം പറ്റിയപ്പോൾ ഭീമമായ ചിലവുകൾ വന്നപ്പോൾ എനിക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി തന്നെ വന്നു ..

വളരെക്കാലം മുൻപ് ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എന്റെ മകൻ ജോലിയിൽ അശ്രദ്ധ കാണിക്കാനും കുറേശ്ശേ മദ്യപിക്കാനും തുടങ്ങി .എനിക്ക് വല്ലാത്ത വിഷമമായി .ഒരു ദിവസം നല്ല ക്ഷയോടെ തന്നെ ഞാനവനോട് പറഞ്ഞു ."എന്താ നിനക്ക് മനസ്സിലാവാത്തത്.ഒരിക്കൽ ഹെമറേജ് വന്നതല്ലേ .ഇനി മദ്യം തൊടാൻ പാടില്ല .ജോലിയിൽ ശ്രദ്ധിക്കണം .അല്ലെങ്കിൽ ജോലി നഷ്ടപ്പെടും .നിന്റെ അമ്മയെപ്പോലും നീ വിട്ടു പോകേണ്ടി വരും"ഏതു നേരത്താണോ ഈ വാക്കുകൾ നാവിലുദിച്ചത്?ഏറെ താമസിയാതെ അവൻ  ഇവിടത്തെ ജോലി ഉപേക്ഷിച്ച് മെച്ചപ്പെട്ട ഒരു ജോലി നേടി അകലേക്ക് പോയി .അങ്ങനെ അവന് അമ്മയെയും അവന്റെ അമ്മയ്ക്ക് മകനെയും പിരിയേണ്ടി വന്നു .

പിന്നേയും മകൻ സ്വന്തം ജീവിതം ഉഴപ്പി നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ എനിക്ക് ഒരുപാടു സങ്കടമായി .കാരണം സ്വഭാവം കൊണ്ടും പെരുമാറ്റം  കൊണ്ടും സ്നേഹം കൊണ്ടും എന്നും മറ്റുള്ളവരുടെ പ്രശംസ നേടുന്നവനായിരുന്നു അവൻ കുട്ടിക്കാലം  മുതലേ .അവനിൽ വന്ന മാറ്റങ്ങൾ എന്നെ അതീവ ദുഃഖിതയാക്കി .കൂട്ടുകാരുമായി നാടുചുറ്റുന്നതിനിടയിൽ ചില ചെറിയ അപകടങ്ങളൂം അവനു പറ്റി .എല്ലാം കൂടിയായപ്പോൾ എന്നിലെ അമ്മ ക്ഷമ കൈവിടാതെ തന്നെ അവനെ ശാസിച്ചു ."അമ്മയെ ഇങ്ങനെ വിഷമിപ്പിക്കരുത് .നീ പഴയതു പോലെ നല്ല കുട്ടിയാവണം .അമ്മമാർ മക്കളെ ശപിക്കില്ല .പക്ഷെ അമ്മമാരുടെ കണ്ണുനീർ ഒഴുകി ഈശ്വരന്റെ പാദങ്ങളിലെത്തും .അപ്പോൾ ഈശ്വരൻ ശിക്ഷിക്കും ".എന്റെ വാക്ക് മാനിച്ചു അവൻ നാട്ടിൽ വന്നു .ഒതുങ്ങി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു .പക്ഷെ ഈശ്വരൻ ശിക്ഷിച്ചതാണോ എന്നറിയില്ല .ഭയങ്കരമായ ഒരു അപകടം പറ്റി ഏഴു വർഷമായി ഒരു ജീവച്ഛവമായി അവൻ കിടക്കുന്നു .എന്റെ വാക്കുകൾ അ റം പറ്റിയോ എന്നോർത്ത് ഞാനിപ്പോഴും നടുങ്ങുന്നു .

ഇതൊക്കെ കടുത്ത ദുഃഖ ത്തിന്റെ കഥകൾ .ഇനി ഒരു തമാശക്കഥ പറയട്ടെ .വളരെ വർഷങ്ങൾക്കു മുൻപ് ,നേരത്തെ പറഞ്ഞതു പോലെ ദേവി ഇടയ്ക്കിടെ കഥകൾ എഴുതി പ്രസിദ്ധീകരിച്ചിരുന്ന കാലം !കണിക്കൊന്നകൾ പൂത്തുലഞ്ഞു നിന്ന ഒരു വേനൽ കാലത്ത് ആ മഞ്ഞപ്പൂക്കൾ ഒരു ലഹരിയായി എന്റെ മനസ്സിൽ പടർന്നുകയറി ഒരു റൊമാന്റിക് കഥ പുറത്തു വന്നു .ആ  കഥയിൽ ദേവി കുറിച്ചിട്ടു ഒരു ഹീറോയെ പ്പറ്റി ."അല്പം ഇരുണ്ട നിറവും ലേശം ഉയരക്കുറവുമാണവന്.കുപ്പിച്ചില്ലുകൾ പോലെ തുളഞ്ഞിറങ്ങുന്ന നോട്ടവും കനത്ത മീശയ്ക്കു താഴെ കൊല്ലുന്ന ചിരിയും ഘനത്തിൽ ഉതിരുന്ന മധുരഭാഷണവുമായി അവൻ ആരെയും മയക്കും .ആരും കൊതിക്കുന്നൊരാൾ !"

അങ്ങനെയൊരാളെ അന്ന് ഞാൻ കണ്ടിട്ടേയില്ല .എന്റെ പുരുഷ സൗന്ദര്യ സങ്കല്പം അതായിരുന്നില്ല താനും .(കൃത്യമായി ഓർക്കുന്നില്ല എന്നാലും പത്തിരുപതു കൊല്ലമായിക്കാണും ആ കഥ ഒരു പ്രസിദ്ധ പത്രത്തിന്റെ ഞായറാഴ് ച്ച പതിപ്പിൽ വന്നിട്ട് ) കാലങ്ങൾക്കു ശേഷം അങ്ങനെയൊരാൾ എന്റെ ജീവിതലേക്കു കടന്നു വന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?

വാക്കുകൾ അറം പറ്റുകയില്ല എന്ന് ഇനി പറയാനാവുമോ?

English Summery : Kadayillaimakal Column By Devi J. S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ