ജാതി ചോദിക്കാം അല്ലേ ?

Kadhayillaymakal
പ്രതീകാത്മക ചിത്രം
SHARE

മതേതരത്വത്തെയും ജാതിചിന്തകളെയും കുറിച്ചു സമൂഹത്തിന്റെ തലപ്പത്തുള്ളവർ മുതൽ ഇങ്ങു കീഴറ്റത്തു കിടക്കുന്നവർ വരെ മുറവിളി കൂട്ടുന്ന ഈ സമയത്ത് ഇനി ഇതേക്കുറിച്ചു ഞാനെന്തു പറയാനാണ് ? എന്നാലും ചില ജാതി ഓർമകൾ പങ്കു വയ്ക്കാതെ വയ്യ.

ഞാൻ ജനിച്ചു വളർന്ന തിരുവനന്തപുരം നഗരത്തിൽ എന്റെ കുട്ടിക്കാലത്ത് ജാതി ചിന്തകൾ ശക്തമായിരുന്നു. ചെറിയ ക്ലാസ്സിൽത്തന്നെ കൂട്ടുകാർ തമ്മിൽ ജാതി ചോദിക്കുകയും പറയുകയും ചെയ്യുമായിരുന്നു. ചിലരുടെ പേരു കൊണ്ടു തന്നെ ജാതി തിരിച്ചറിയാം. രേണുക മേനോൻ, സീത നായർ, ഉഷ അയ്യർ, രമ നമ്പൂതിരി... ഹിന്ദുക്കളിൽ തന്നെയുള്ള വിവിധ ജാതികൾ. ഓ, സമാധാനം. പക്ഷേ സിന്ധു എസ്, പ്രവീണ കെ., ഗിരിജ കുമാരി... ഓ, കുഴഞ്ഞു.  ഇവരൊക്കെ എന്തു ജാതിയാണോ എന്തോ? ക്രിസ്ത്യാനികളെയും മുസ്ലിംകളെയും പിന്നെ സംശയിക്കേണ്ട. മേരി, സാറാ, സൂസൻ, അയിഷ, ലൈല, സഫിയ... എന്താ കുഴപ്പം. ഇങ്ങനെയൊക്കെത്തന്നെയങ്ങു പേരിട്ടു കൂടേ ഇവർക്ക് ? പ്രശ്നം മോഡേൺ പേരുകളാണ്. നിഷ, റിയാ, സംഗീത, നിത്യ, റാണി, സിനി ... ഇതെല്ലാം ഏകദേശം എല്ലാ ജാതിക്കാരും ഇടുന്ന പേരാണ്. എങ്ങനെ തിരിച്ചറിയാനാവും ? ചോദിച്ചേ പറ്റൂ.

ടീച്ചേഴ്സിനു പോലും ജാതി ചോദിക്കാനും അറിയാനും താത്പര്യമുണ്ടായിരുന്നു എന്നു പറഞ്ഞാൽ മതിയല്ലോ. പത്താം ക്ലാസ്സിലെ മലയാളം ടീച്ചറെ ഇന്നും ഞാനോർക്കുന്നു. ഭാഷയേക്കാൾ കൂടുതൽ ജാതിയാണ് പുള്ളിക്കാരി ക്ലാസ്സിൽ പഠിപ്പിക്കുക. ഏതു കവിതയായാലും കഥയായാലും ലേഖനമായാലും അതെഴുതിയ ആളുടെ ജാതി മുതൽ ടീച്ചർ പറഞ്ഞു തരും. ഏതായാലും എന്നെപ്പോലെയുള്ള വിഡ്ഢികൾക്ക് കുറച്ചു വിവരം വച്ചു.

എന്റെയും എന്റെ അനുജത്തിയുടെയും എസ്എസ്എൽസി ബുക്കിൽ ഹിന്ദു എന്നു മാത്രമേയുള്ളൂ. എഴുതാൻ വിട്ടു പോയതാവാം. അങ്ങനെ ഞങ്ങൾ ജാതിക്കതീതരായി. ‘ഹിന്ദു എന്നും വേണ്ടായിരുന്നു അല്ലേ ചേച്ചീ’ എന്ന് ജാതിയിലോ മതത്തിലോ തീരെ വിശ്വാസമില്ലാത്ത അവൾ ഇടയ്ക്കു ചോദിക്കാറുണ്ട്. കോളജ് ക്ലാസ്സുകളിൽ അത്ര പ്രശ്നമുണ്ടായില്ല. എന്റെ കൂട്ടുകാർക്കിടയിൽ ജാതി ചർച്ചകളേ ഉണ്ടായിരുന്നില്ല. എന്നാലും ചിലർ തമ്മിൽ, ആ കുട്ടി നമ്മുടെ ജാതിയാണ് എന്നൊക്കെ അപൂർവമായി പറയുന്നത് കേട്ടിട്ടുണ്ട്. എന്താ ജാതി എന്ന് ആരും തമ്മിൽ ചോദിച്ചിട്ടില്ല.

ജോലിക്കു ചേരുമ്പോൾ ജാതി പറയേണ്ടി വന്നിട്ടേയില്ല. കാരണം നമ്മൾ ജോയിൻ ചെയ്യുന്നതിന് മുൻപു തന്നെ എല്ലാവരും അന്വേഷിച്ച് മനസ്സിലാക്കിയിട്ടുണ്ടാവും. അവിടെ ജാതി മത വിശ്വാസങ്ങൾ പരക്കെയുണ്ടായിരുന്നു. ഒരിക്കൽ എന്റെ സഹപ്രവർത്തക അന്നമ്മയെ ഞാൻ സ്നേഹത്തോടെ ‘അന്നേ’ എന്നു വിളിച്ചു . അവർ ദേഷ്യപ്പെട്ടു:  ‘എന്നെ അങ്ങനെ വിളിക്കരുത്. ഞങ്ങളുടെ നാട്ടിൽ അത് താഴ്ന്ന ജാതിക്കാർക്ക് ഇടുന്ന പേരാണ്’.  

ഞാൻ അമ്പരന്നു പോയി . ‘പഴയ ഒരു നല്ല മലയാള സിനിമയുണ്ടായിരുന്നു. സിനിമയുടെ പേരും അന്ന, നായികയുടെ പേരും അന്ന. നായിക എന്ത് ജാതിയായിരുന്നോ എന്തോ’ എന്ന് തറുതല പറഞ്ഞിട്ട് ഞാൻ സ്ഥലം വിട്ടു. (ഇപ്പോൾ അന്ന ഒരു മോസ്റ്റ് ഫാഷനബിൾ പേരാണ്).

എന്റെ അനുജൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ ജാതിമതക്കണക്കെടുക്കുക യായിരുന്നു. ഓഫിസ് ആവശ്യങ്ങൾക്കാവും. ‘ഹിന്ദുക്കൾ എഴുന്നേറ്റു നിൽക്കൂ’ — ടീച്ചർ പറഞ്ഞു. മറ്റു കുട്ടികൾക്കൊപ്പം അവനും എഴുന്നേറ്റു. ‘ഇനി നായർ, ഈഴവ, ബ്രാഹ്മിൻ...’  ഇങ്ങനെ ഓരോ ജാതി പറയുമ്പോഴും അതിൽ പെട്ടവർ എഴുന്നേറ്റു. എന്റെ അനുജൻ ഇരിപ്പു തുടർന്നു . ‘ഗോപൻ’ — മിസ് വിളിച്ചു.  അവൻ എഴുന്നേറ്റു. ‘നീ എന്താ എഴുന്നേൽക്കാത്തത്?’ അവൻ മിണ്ടിയില്ല. 

‘നീ ഹിന്ദുവല്ലേ?’ 

അതെ എന്നവൻ തലയാട്ടി. 

‘എന്ത് ജാതിയാ?’ 

അറിയില്ല എന്നവൻ തലയാട്ടി. 

‘നായരാണോ?’. 

കുട്ടി കണ്ണ് മിഴിച്ചു പിന്നെ ചോദിച്ചു: ‘നായര് ഹിന്ദുവാണോ?’

ടീച്ചർ ചിരിച്ചു പോയി. ‘ നാളെ അമ്മയോട് ചോദിച്ചിട്ടു വന്നു പറയൂ’ എന്നു പറഞ്ഞു ടീച്ചർ അവനെ ഇരുത്തി.

അനുജൻ വന്ന് ഈ കാര്യം പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു. പക്ഷേ എന്റെ അച്ഛനമ്മമാരെപ്പറ്റി എനിക്കു മതിപ്പു തോന്നി. ജാതി ചർച്ചകളേ എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഈ വീട്ടിൽ ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല. 

സാഹിത്യം സവർണരുടെ കുത്തകയാണ് എന്ന കാലമൊക്കെ പോയില്ലേ. പോയോ? എനിക്ക് സംശയമുണ്ട്. കുറച്ചു വർഷം മുൻപ് കേരളത്തിലെ പ്രശസ്തമായ ഒരു സാഹിത്യ മാസികയ്ക്ക് ഞാനൊരു കഥ കൊടുത്തു. ഞാൻ നേരിട്ടു ചെന്ന് എഡിറ്ററെ കണ്ടു കൊടുക്കുകയാണുണ്ടായത്. ഞാൻ പോയിക്കഴിഞ്ഞ് അദ്ദേഹം മറ്റൊരാളോടു ചോദിച്ചത്രേ. ‘ദേവി എന്തു ജാതിയാണ്?’. അയാൾ മിണ്ടിയില്ല. ‘ഒന്നുകിൽ ബ്രാഹ്മണ സ്ത്രീ. അല്ലെങ്കിൽ ഷെഡ്യൂൾഡ്. ഈ രണ്ടു കൂട്ടർ മാത്രമേ സാധാരണ ദേവി എന്നു പേരിടാറുള്ളു’. 

ഈ വിവരം പറഞ്ഞയാളോട് ഞാൻ പറഞ്ഞു: ‘ഞാൻ ഇതു രണ്ടുമല്ല. സ്ത്രീയാണ്, മിടുക്കിയാണ്. നല്ല കഥയാണ് എഴുതിക്കൊടുത്തത്. ചെന്നു പറഞ്ഞോളൂ’. എന്താ ധിക്കാരം ഈ പെണ്ണിന് എന്നു കരുതിയാവും അവർ ആ കഥ പ്രസിദ്ധീകരിച്ചില്ല.

രാമു പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഏതോ ഒരു ഫോം ഫില്ല് ചെയ്യാൻ ടീച്ചർ കൊടുത്തു. അതിൽ റിലിജിയൻ, കാസ്റ്റ് ഒക്കെ എഴുതണം. ഹിന്ദു എന്ന് രാമു എഴുതി. കാസ്റ്റ് അറിയില്ല. വൈകിട്ട് വീട്ടിൽ വന്നു ചോദിച്ചു. അപ്പോഴും എനിക്കഭിമാനമാണു തോന്നിയത്. ജാതിമത ചിന്തകൾ മനസ്സിനെ ബാധിക്കാതെ മക്കളെ വളർത്താൻ ഞങ്ങൾക്കു കഴിഞ്ഞല്ലോ.

മിലിയുടെ സ്കൂളിൽ ജാതി സ്പിരിറ്റ് ഏറെയാണെന്ന് അവൾ വന്നു പറയാറുണ്ട് . ഒരിക്കൽ ഒരു കൂട്ടുകാരി അവളോടു ചോദിച്ചത്രേ, ‘നീ നായരാണോ ഗോപാലനാണോ’ എന്ന്. അവൾ വീട്ടിൽ വന്ന് അതേ ചോദ്യം ആവർത്തിച്ചു. ഞങ്ങൾ പൊട്ടിച്ചിരിച്ചു പോയി. ‘ഗോപാലനോ, അതെന്താ?’

‘അങ്ങനെ ഒരു ജാതി ഉണ്ട് എന്നവൾ പറഞ്ഞു’ — മിലി ഉറപ്പിച്ചു പറഞ്ഞു. 

‘പഠിക്കാനാണ് സ്കൂളിൽ പോകുന്നത്. സയൻസ്, മാത്‌സ്, സോഷ്യൽ സ്റ്റഡീസ്... അല്ലാതെ ജാതിയും മതവുമൊന്നുമല്ല എന്നവളോട് പറയൂ’ എന്നാണ് ഞാൻ പറഞ്ഞയച്ചത് .

‘നീ ഒരു ഹിന്ദുവല്ലേ ? എന്നിട്ടാണോ നീ ബീഫ് കഴിക്കുന്നത് ?’ — മറ്റൊരാൾ ചോദിച്ചത്രേ. ഞാൻ മീറ്റ് കഴിക്കാറില്ല. ‘ഹിന്ദുവായതു കൊണ്ടാണോ അമ്മൂമ്മ ബീഫ് കഴിക്കാത്തത് ? അപ്പൊ അച്ഛനും അമ്മയും ചേട്ടനും കഴിക്കുന്നതോ?’ മിലിക്ക് സംശയമായി.

‘ഹിന്ദുവായതു കൊണ്ടല്ല. എന്റെ വീട്ടിൽ ആരും ബീഫ് കഴിച്ചിരുന്നില്ല. അതുകൊണ്ട് ഞാനും കഴിച്ചു ശീലിച്ചില്ല. അത്രേയുള്ളു’. — ഞാനവളെ സമാധാനിപ്പിച്ചു. 

അപ്പോൾ എന്തു പറയുന്നു, ജാതി ചോദിക്കാം, പറയാം.... അല്ലേ?

English Summery : Kadayillaimakal Column By Devi J. S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ