വർണച്ചേലകൾ

sari663
SHARE

ധരിക്കുന്ന വസ്ത്രങ്ങൾ ഒരാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. എപ്പോഴും വൃത്തിയായും ഭംഗിയായും ഉടുത്തൊരുങ്ങുക എന്നത് ചിലരുടെ രീതിയാണ്. ആർഭാടം വേണമെന്നില്ല. എപ്പോഴും മറ്റുള്ളവരുടെ മുന്നിൽ പ്രസന്റബിൾ ആയിരിക്കണം. പ്രത്യേകിച്ചും കസ്റ്റമേഴ്‌സുമായി ഒരുപാട് ഇടപെടേണ്ടി വരുന്ന ജോലികൾ ഉള്ളവർ .ഏതെല്ലാം അത്യന്താധുനിക വസ്ത്രങ്ങൾ ഉണ്ടെങ്കിലും ഒരു വിശേഷാവസ രത്തിൽ സാരി ധരിക്കുന്നതാണ് ഉചിതം എന്ന് കരുതുന്നവർ ഏറെ. സാരികൾ മിക്ക സ്ത്രീകൾക്കും ഒരു ദൗർബല്യമാണ്. സാരിയേ ധരിക്കാത്ത സുന്ദരികൾ ക്ഷമിക്കണം. മുഴുവൻ സമയവും സൽവാറും ജീൻസും പാന്റും ഒക്കെ ഇട്ടു നടക്കുന്ന നിങ്ങൾക്ക് നഷ്ടമാകുന്നത് നിങ്ങളുടെ അഴകിനും വടിവിനും മാറ്റു കൂട്ടുന്ന അതിമനോഹമായ ഒരു ഉടുപുടവവയാണ്. മാത്രമല്ല അത് നമ്മുടെ പരമ്പരാഗതവും ദേശീയവുമായ വസ്ത്രമല്ലേ?സാരിച്ചന്തം ഒന്ന് വേറെ തന്നെയാണ്.

ഇക്കഴിഞ്ഞ ദിവസം ഒരു പഴയ കൂട്ടുകാരി എന്നെ സന്ദർശിക്കാനെത്തി. ഏകദേശം മുപ്പത്തഞ്ചോളം കൊല്ലമായി ഞങ്ങൾ പിരിഞ്ഞിട്ട്. പിന്നെ യാതൊരു കോണ്ടാക്റ്റും ഉണ്ടായിരുന്നില്ല. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു മരണവീട്ടിൽ വച്ച് കണ്ടപ്പോൾ ഇത്രേം കാലം കാണാതിരുന്നിട്ടും ഉള്ളിലെ സ്നേഹം നഷ്ടപ്പെട്ടിട്ടില്ല എന്ന്  ഞങ്ങൾ ഇരുവർക്കും മനസ്സിലായി. ഒരു പാട് വായിക്കാറില്ല. ഫേസ് ബുക്കിലും വാട്ട് സാപ്പിലും ഒന്നുമില്ല. അതുകൊണ്ട് എന്നെപ്പറ്റി  അവൾക്ക് ഒന്നുമറിയില്ലായിരുന്നു. എല്ലാം ഞാൻ ചുരുക്കി പ്പറഞ്ഞു. അവൾ വല്ലാതെ നടുങ്ങി എന്ന് പറയേണ്ടല്ലോ.

അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം അവൾ എന്നെയും മകനെയും കാണാൻ വന്നു. എനിക്കവൾ  രണ്ടു സാരികൾ കൊണ്ടുവന്നു തന്നു. ഒരു സർപ്രൈസ് ഗിഫ്റ്റ്. ഒരു കോട്ടൺ സാരി,ഒരു സിൽക്ക് സാരി. എത്രമാത്രം സാരികൾ നമുക്കുണ്ടെങ്കിലുമൊരു ഗിഫ്റ്റ് കിട്ടുമ്പോൾ സന്തോഷമാണ്. മാത്രമല്ല ഞാൻ ഇപ്പോഴും സാരിയാണ് ധരിക്കാറ്.

അപ്പോൾ ഞാൻ പഴയ ഒരു കഥയോർത്തു. ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ‘‘പതിന്നാലു വർഷങ്ങൾ’’ എന്ന അതിമനോഹരകഥയിൽ നിന്നിറങ്ങി വരുന്നു ഒരു സാരി. ഗഡ്‌വാൾ സാരി. അന്ന് കുട്ടിയായിരുന്ന ഞാൻ അങ്ങനെയൊരു പേര് കേട്ടിട്ടേ ഇല്ല. ആ കഥയോടൊപ്പം ആ ഗഡ്‌വാൾ സാരിയും മനസ്സിൽ പതിഞ്ഞു. പക്ഷേ ആ സാരി കാണാനോ വാങ്ങാനോ ഒന്നും അന്ന് കഴിഞ്ഞില്ല. പാവാടയും ഹാഫ് സാരിയുമുടുത്തു നടക്കുന്ന കാലമാണ്. പിന്നീട് സാരിയുടുക്കാൻ തുടങ്ങിയപ്പോഴും ഗഡ്‌വാൾ മനസിലേക്ക് വന്നില്ല. കാഞ്ചിപുരവും ബനാറസും ഖാദി സിൽക്കും കോട്ടണും ഒക്കെ കരസ്ഥമാക്കിയപ്പോഴും ഇതോർത്തില്ല.

ഏറെ വർഷങ്ങൾക്കു ശേഷം ആ കഥ വീണ്ടും വായിക്കാനിടയായി. ഒരു മഴവില്ലുപോലെ അതാ വീണ്ടും ഗഡ്‌വാൾ സാരിയുടെ ചുരുളഴിയുന്നു. അന്ന് പ്രായവും പാകതയുമെത്തിയ ഒരു അമ്മ. ജോലിയുമുണ്ട്, ഇഷ്ടപ്പെട്ട ഒരു സാരി വാങ്ങാവുന്നതേയുള്ളൂ. അടുത്ത ദിവസം തന്നെ ഒരു കൂട്ടുകാരി ഷോപ്പിങ്ങിനു പോകാൻ കൂട്ടിന് വിളിച്ചു. അവൾ പട്ടുസാരികൾ തിരയുന്നതിനിടയിൽ ഞാൻ ഒരു സെയിൽസ്മാനോട് ചോദിച്ചു. ഗഡ് വാൾ സാരി? അയാൾ പോയി ഒരു കെട്ട് സാരികളുമായി വന്നു. ചീട്ടു നിരത്തും  പോലെ ഒരു സ്റ്റൈലിൽ ഞങ്ങളുടെ മുന്നിൽ നിരത്തിയിട്ടു. കടുത്ത നിറങ്ങൾ...കോൺട്രാസ്റ് ബോർഡർ. നമ്മുടെ കൈത്തറി സാരികൾ പോലെ തന്നെ. പക്ഷേ കോർത്ത് കെട്ടിയിരിക്കുന്ന ബോർഡർ പട്ടിൽ കസവുള്ളതാണ്. അതാണത്രേ ഗഡ്‌ വാൾ സ്റ്റൈൽ.

വിലകേട്ടതും എന്റെ ബോധം പോയി. അപ്പോഴാണയാൾ പറയുന്നത്, ഇത് കുറവാണത്രേ! മുഴുവൻ പട്ടിൽ നെയ്തുതതുമുണ്ടത്രെ... അതിനു നല്ല വിലയാകും. ബോധം വീണ്ടും പോയി. വാങ്ങിയില്ല എന്ന് പറഞ്ഞാൽ മതി. പിന്നീട് പലതവണയും ഗഡ്‌‌വാൾ കണ്ടെങ്കിലും ബോധത്തെപ്പേടിച്ചു വിലപോലും ചോദിച്ചില്ല. ലിനൻ വേണോ ടസർ വേണോ ഇങ്ങനെയൊക്കെ ചോദിക്കുന്നത് കേൾക്കാം .പക്ഷെ ഗഡ്‌വാൾ വേണോ എന്നാരും ചോദിക്കാറില്ല. വില കൂടുതൽ കൊണ്ടാണോ അതോ പകിട്ടില്ലാത്തത് കൊണ്ടാണോ? അതോ അത്ര പോപ്പുലർ അല്ലാത്തതു കൊണ്ടോ ?

ഈയിടെ ഒരു കൂട്ടുകാരി ഭയങ്കര ‘തള്ള്’ (പണ്ടത്തെ വാക്ക് പൊങ്ങച്ചം) ‘ഞാൻ സാധാരണയായി ആറായിരത്തിനു മുകളിലുള്ള സാരിയെ വാങ്ങാറുള്ളൂ. ഗിഫ്റ്റുകൾ കൊടുക്കാനേ’ ഞാൻ അമ്പരന്നു. അപ്പോഴതാ അടുത്ത തള്ള് ! ‘‘സ്വന്തം ആവശ്യങ്ങൾക്കാണെങ്കിൽ ഞാൻ ഇരുപതിനായിരം തൊട്ടു മേലോട്ടേ നോക്കൂ’’ ഞാൻ വീണ്ടും അമ്പരന്നു ! കാരണം ഈ തള്ളുകാരി ജീൻസും കുർത്തിയും മിഡിയുംടോപ്പും  പാന്റും ഷർട്ടും ഒക്കെയാണ് സാധാരണ ധരിച്ചു കണ്ടിട്ടുള്ളത്. എന്റെ മനസ്സ് വായിച്ചിട്ടെന്നോളം അവൾ പറഞ്ഞു, ‘കല്യാണങ്ങൾക്കു പോകുമ്പോൾ സാരിയാ’അത്രയും വിലകൂടിയ സാരി ഏതെങ്കിലും കല്യാണപ്പെണ്ണ് ഉടുത്ത് കണ്ടിട്ടേയുള്ളു ഞാൻ. ‘കാഞ്ചിപുരമൊന്നും പണ്ടത്തെപ്പോലെയല്ല. ഒരു പാട് മാറി. കല്യാണസാരിക്കൊക്കെ ലക്ഷമാ വില’ ഞാൻ വെറുതെ തലയാട്ടി. പെട്ടെന്ന് ഞാൻ ചോദിച്ചു.

‘ഗഡ്‌ വാൾ സാരി കേട്ടിട്ടുണ്ടോ? സൂപ്പറാണ് കേട്ടോ’പുള്ളിക്കാരി ചമ്മിപ്പോയി. എനിക്ക് ചിരി വന്നു.

‘ഇല്ല കേട്ടിട്ടില്ല’ എന്നവൾ തലയാട്ടി.

  

‘ഇനിയൊന്നു നോക്കൂന്നേ... വിലയും കൊള്ളാം... ഒരു ഇരുപതിന്‌ മുകളിൽ അമ്പതു വരെയുണ്ടാവണം’’

അതോടെ അവൾ തള്ള് നിർത്തി. മലയാറ്റൂരിനും ആ പഴയ കഥയ്ക്കും അതിലെ ഗഡ്‌ വാൾ സാരിക്കും നന്ദി.

English Summary : Gadwal Saree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA