പ്രേമത്തിനുണ്ടോ പ്രായം !!!

love-0155
SHARE

‘‘ പ്രേമത്തിനുണ്ടോ കാലവും പ്രായവും ഭാഷയും വേഷവും ജാതിയും മതവും വർണവും ദേശവും’’ ഇത് ദേവി തന്നെ പണ്ടെന്നോ ഒരു ചെറുകഥയിൽ എഴുതിയതാണ്. ഒരുപാടു പേര് ഈ അഭിപ്രായം പറഞ്ഞു  കേട്ടിട്ടുമുണ്ട്. പ്രേമത്തിന് കണ്ണില്ല എന്ന് പണ്ടാരോ പറഞ്ഞു വച്ചിട്ടുമുണ്ട്. ഈയിടെയായി പല കഥകളിലും കവിതകളിലും വിഷയം പ്രണയവും പ്രായവും തന്നെ. അങ്ങനയൊക്കെ എഴുതി വയ്ക്കുമെങ്കിലും പ്രേമത്തോടടുക്കുമ്പോളുണ്ടാകുന്ന തിരിച്ചറിവുകളിലൊന്ന് പ്രായം തന്നെയാണ്. എന്നാലും പ്രണയവഴികൾ നിഗൂഡം തന്നെയാണ് പലപ്പോഴും.

എന്റെ ഒരു കൂട്ടുകാരിയുടെ പ്രണയം അവളെക്കാൾ ഒരുപാടു പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരനോടാണ്. അയാൾക്കും കൊടുമ്പിരികൊണ്ട ഇഷ്ടം തന്നെ അവളോട്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അവൾക്കു അങ്ങനെ ഒരു ആത്മ ബന്ധമുള്ളത് ഒരു തെറ്റായി എനിക്ക് തോന്നിയില്ല. അവളോട് അതേപ്പറ്റി സംസാരിച്ചാലുടൻ അമൃത പ്രീതം മുതൽ പ്രസിദ്ധരായ അനേകം പേരുടെ പ്രണയകഥകൾ അവൾ നിരത്തും.

പ്രായത്തിൽ തീരെ താഴെയായ പുരുഷനെ പ്രേമിച്ച സ്ത്രീകൾ. ഏറെ മുതിർന്ന സ്ത്രീകളെ സ്വന്തമാക്കിയ പുരുഷന്മാർ. ഇതൊക്കെ പറയാൻ കൊള്ളാം കേൾക്കാൻ കൊള്ളാം. പ്രായോഗികമല്ല. ആണിനായാലും പെണ്ണിനായാലും ചെറുപ്പത്തോട് ഭ്രമമുണ്ടാവാം. പക്ഷേ അത് ശാശ്വതമല്ല. പ്രേമിച്ച പുരുഷന്മാർ തീർച്ചയായും വിട്ടു പോകും. സ്വാർഥ ലാഭങ്ങൾ മോഹിച്ചാവും മിക്കവരുടെയും പ്രേമം അത് കഴിയുമ്പോൾ തീരും.

അവർ പുതിയ ഇരകളെ തേടും... അപ്പോൾ സങ്കടം ഈ ദിവ്യപ്രേമികളായ പെണ്ണുങ്ങൾക്കുമാത്രം. ഞാൻ അവളോട് തർക്കിക്കും. ‘‘ഉപേക്ഷിക്കുക എന്നത് പുരുഷന് എളുപ്പമുള്ളൊരു പണിയാണ് മുറിവേൽക്കുക ആ സ്നേഹിച്ചവൾക്കു മാത്രമാണ്’’ എന്നൊക്കെ പലകഥകൾ ഉദ്ധരിച്ചു ഞാൻ പ്രസംഗിക്കും. ഒടുവിൽ തോറ്റ് സ്വയം സമാധാനിക്കും  ഇതൊന്നും സാമാന്യവൽക്കരിക്കാനാവില്ല. ഓരോരുത്തരുടെ അനുഭവം ഓരോന്ന്. അത്രതന്നെ.

എനിക്കുമുണ്ട് കുറെയേറെ അനുഭവങ്ങൾ. വലിയ ആരാധനയും താത്പര്യവും പ്രേമവുമൊക്കെ പ്രകടിപ്പിച്ച ചെറുപ്പക്കാരായ കൂട്ടുകാരോട് ഇഷ്ടം തോന്നാഞ്ഞിട്ടല്ല. പക്ഷേ സാഹചര്യങ്ങൾ എന്റെകുറവുകൾ എന്റെ മനസ്സിന്റെ അവസ്ഥ ഇതൊക്കെ പരിഗണിച്ചു ഞാൻ പിന്മാറുകയായിരുന്നു പതിവ്. പിന്നെ അവരുടെ നല്ല ഭാവിയും ഓർക്കണമല്ലോ അതവരെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. പെട്ടെന്ന് തോന്നുന്ന സഹതാപം,അലിവ് ഇതൊന്നും ശാശ്വതമല്ല.

ഇനി നമുക്ക് പ്രണയത്തമാശകൾ കേൾക്കാം. ഈ പംക്തിയിൽ ഞാനെഴുതുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ വലിയ ഇഷ്ടമുള്ളവരുണ്ട്. ചിലർക്ക് ഇഷ്ടം ക്രമേണ എഴുത്തുകാരിയിലേക്ക് നീളും. ഒരു പത്തു കൊല്ലം മുൻപത്തെ കാര്യമാണേ. അങ്ങനെയൊരാൾ ഉണ്ടായിരുന്നു. എത്ര പറഞ്ഞാലും പിന്തിരിയില്ല. എന്നും മെയിൽ .മറുപടിയിട്ടില്ലെങ്കിൽ ദേഷ്യം,പരിഭവം.

ഒടുവിൽ ‘‘എനിക്ക് ദേവിയെ ഒന്ന് കാണണം എന്നായി’’

‘‘ഓ കാണാമല്ലോ .അതിനെന്താ ?’’

‘‘ദേവിക്ക് എന്താണ് കൊണ്ടുവരേണ്ടത്’’ ?

‘‘എനിക്ക് ഡയമണ്ട് ഇഷ്ടമാണ്. അതേയോ എന്താണ് വേണ്ടത്?കമ്മലോ ?റിങ്ങോ’’

എനിക്ക് നല്ല ചിരിവന്നു. ‘‘ഒരു ഡയമണ്ട് നെക്‌ളേസ്‌,കമ്മൽ ,വള, മോതിരം ഇത്രയും  ചേർന്ന ഒരു സെറ്റ് മതി’’ ഞാൻ പറഞ്ഞു.

പിന്നെ  മെയിൽ ഇല്ല. എന്റെ ലേഖനങ്ങൾക്ക് പ്രശംസയില്ല. പ്രണയം അവിടെ തീർന്നു.

ഒരിക്കൽ ഒരു പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ എന്റെ ഒരു കഥ വന്നു. കഥ വായിച്ചൊരാൾ ആ ഓഫീസിൽ നിന്ന് തന്നെ എന്നെ വിളിച്ചു.

‘‘ദേവി എന്ന പേര് ഇതിനു മുൻപ് കേട്ടിട്ടില്ല’’

‘‘അതിനു ഞാൻ വല്ലപ്പോഴുമേ എഴുതാറുള്ളുവല്ലോ.കേൾക്കാനിടയില്ല’’

‘‘നല്ല ശബ്ദംദേവിയുടേത്’’

എന്ത് പറയാനാണ്. പ്രശംസ ആർക്കാണ് ഇഷ്ടമല്ലാത്തത്. നന്ദി പറഞ്ഞു ഞാൻ ഫോൺ വച്ചു. എഴുതിത്തുടങ്ങിയ ഒരു പെൺകുട്ടിയാണെന്ന് ധരിച്ചാണ് പുള്ളി എന്നോട് സംസാരിച്ചത് എന്ന് പിന്നീടാണ് തോന്നിയത്.

രണ്ടു നാൾ കഴിഞ്ഞ് വീണ്ടും ഫോൺ വിളി. ഇത്തവണ വളരെ അടുപ്പത്തോടെ സംസാരിച്ചു. ജീവിതം ഭയങ്കര ബോറാണെന്നും കുടുംബവും പ്രാരാബ്ദവുമൊക്കെ മടുത്തെന്നും ജോലിയിലും വിരസതയാണെന്നും  ദേവി ഒരു വലിയ ആശ്വാസമാണെന്നും ഒക്കെ. എനിക്ക് കാര്യം പിടി കിട്ടി. എന്നാലും ഒന്നും പ്രതികരിച്ചില്ല. വെറുതെ കേട്ട് നിന്നു. പിന്നെ വന്ന ദിനങ്ങളിൽ ഫോൺ വിളി തുടർന്നു ഏറെ നാളായി ഒന്ന് പ്രേമിച്ചിട്ട്. പ്രേമമില്ലാതെ എന്ത് ജീവിതം എന്നൊക്കെയായി എന്റെ സുഹൃത്ത്...എഴുത്തുകാരിയോടുള്ള ഭ്രമം മൂത്ത് പ്രേമമാകുന്ന അനുഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുള്ളത് കൊണ്ട് ഞാനത്ര കാര്യമാക്കിയില്ല, .നിരുത്സാഹപ്പെടുത്തിയുമില്ല.

ആരാധന നിറഞ്ഞ കത്തുകൾ, ആശംസാ കാർഡുകൾ,പേന, പുസ്തകങ്ങൾ തുടങ്ങി ചെറിയ സമ്മാനങ്ങൾ ,അസമയത്തട് ചില ഫോൺ വിളികൾ ...പിന്നെ തീരും പ്രേമം .അവർ മറ്റാരെയെങ്കിലും തേടിപ്പോകും .ഇതെത്ര തവണയായി. പക്ഷേ ഇതെങ്ങനെയൊന്നുമല്ല. എന്നോടൊന്നു മിണ്ടാതെ പുള്ളിക്ക് ഊണില്ല ഉറക്കമില്ല.

ഒടുവിൽ ഒരു ദിവസം വീണ്ടും എന്റെയൊരു കഥയിൽ അച്ചടി മഷി പുരണ്ടു. അതാ വരുന്നു വിളി.

‘‘ദേവീ കഥ കണ്ടു. നന്നായിട്ടുണ്ട്’’

‘‘അതേ. എനിക്കും തോന്നി’’

‘‘വളരെ ക്രിസ്പാണ് ദേവിയുടെ ഭാഷ’’

‘‘താങ്ക്യു. എന്റെ മകനാണ് അത് എഡിറ്റ് ചെയ്തത്’’

‘‘ങേ ..മകനോ’’ മറുവശത്തു ഞെട്ടൽ.

‘‘അതേ അവൻ ഒരു ഇംഗ്ലീഷ് മാഗസിനിൽ സബ് എഡിറ്ററാണ്. എന്റെ കഥകളെല്ലാം തന്നെ ഞാനവനെ വായിച്ചു കേൾപ്പിക്കും. അവൻ തിരുത്തിയ ശേഷമേ പ്രസിദ്ധീകരണത്തിനയക്കാറുള്ളൂ’’

മറു തലയ്ക്കൽ ശബ്ദമില്ല. എനിക്കാണെങ്കിൽ ചിരി പൊട്ടി.

‘‘ഏയ് എന്ത് പറ്റി?’’ ഞാൻ ചോദിച്ചു.

‘‘ഇത്ര വലിയ ഒരു മകനുണ്ട് ദേവിക്ക് എന്നറിഞ്ഞില്ല’’

ആ പ്രണയം അവിടെ അവസാനിച്ചു പിന്നെ അനക്കമില്ല. അങ്ങനെ വിട്ടാലോ ? ഞാൻ വിളിച്ചു. തീരെ ഉത്സാഹമില്ലാതെ അയാൾ പറഞ്ഞു.

‘‘ ഈ പ്രേമമൊന്നും നമുക്ക് പറ്റില്ല. കുടുംബവും കുട്ടികളുമൊക്കെ ഉള്ളതല്ലേ?. അതൊക്കെ പിന്നെ പ്രശ്നമാകും’’ പെട്ടെന്ന് ബോധോദയം ഉണ്ടായതു പോലെ ഒരൊഴിഞ്ഞുമാറൽ. അങ്ങോട്ട് വിളിക്കരുതെന്ന് പരോക്ഷമായി ഒരു സൂചന. ഫോൺ വച്ചിട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

ഇത്തരം അനുഭവങ്ങൾ ഈ എഴുപതാം വയസ്സിലും എന്നെ തേടിയെത്താറുണ്ട് എന്ന് പറഞ്ഞാൽ വായനക്കാർ എന്നെ പുച്ഛിക്കും. പക്ഷേ സത്യമാണ്. പരിചയം തുടങ്ങുമ്പോഴേ ഞാൻ പറയും ‘‘ഞാൻ വൃദ്ധയാണ്, രോഗിയാണ്. വിടണ്ടേ ?കണ്ടാൽ തോന്നുകയില്ല .എന്നൊക്കെ പറഞ്ഞു പ്രശംസ തുടങ്ങും. പിന്നെ ഇടയ്ക്കിടെ വിളി,ചാറ്റ്, മുടങ്ങാതെ ഗുഡ് നൈറ്റ് ഗുഡ് മോർണിങ്. പിന്നെ കാണാനുള്ള ആഗ്രഹം. പ്രണയിക്കാനുള്ള ക്ഷണം. അയ്യയ്യോ! പ്രണയത്തിനു പ്രായമുണ്ട് എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പിൻവാങ്ങുന്നു. ഉള്ളിലൊരു ചിരിയോടെ. പാതിക്കു വിട്ടുപോകാൻ ഒരു പ്രണയമെന്തിന് !    

English Summary : Does Love Have An Age Limit  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
FROM ONMANORAMA