മോഷണം ഒരു കല 

thief-445
SHARE

മോഷണകഥകൾ കണ്ടും കെട്ടും ശീലിച്ചവർക്ക് ഈ തലക്കെട്ടിൽ പുതുമയുണ്ടാവില്ല .എന്നാലും ചില കഥകളുടെ രസം പഴകിയാലും നഷ്ടമാവില്ല. പെരും കള്ളന്മാരൊന്നും ഈ കഥയിലില്ല. മനുഷ്യരെ ഉപദ്രവിക്കുകയും കൊല്ലുകയുമൊക്കെ ചെയ്യുന്ന ആ ക്രൂരന്മാരുടെ കഥകളിൽ ഭയവും വെറുപ്പും പകയുമൊക്കെയാണ് കാണുന്നത്. ഇത് കൊച്ചു കൊച്ചു കള്ളികളുടെയും കള്ളന്മാരുടെയും തമാശക്കഥകൾ.

ആദ്യം ഓർമ്മവരുന്നത് എന്റെ അമ്മയുടെ പണ്ട് പണ്ടേയുള്ള സഹായി ശാന്തയെയാണ്. മനുഷ്യൻ എന്നല്ല മനുഷ്യ ജീവി എന്ന് പറയാവുന്ന ഒരവസ്ഥയാണ് ശാന്തയുടേത്. എന്നാലും മക്കൾക്കുവേണ്ടി ജീവിക്കുന്ന ഒരമ്മയാണവൾ. എന്റെ അമ്മയാണെങ്കിൽ വാരിക്കോരി ദാനം ചെയ്യുന്ന സ്വഭാവമാണ്. എന്ത് ചോദിച്ചാലും പറ്റുന്നതാണെങ്കിൽ അമ്മ കൊടുക്കും. ഈ രീതി ശാന്ത മുതലെടുക്കും എപ്പോഴും ഓരോന്ന് ചോദിക്കും. എത്ര കിട്ടിയാലും മതിയാവില്ല. കണ്ണ് തെറ്റിയാൽ കക്കും.

‘‘അമ്മേ ചോറ് വയ്ക്കാൻ ഒരു കലംതരുമോ ?’’

ശാന്തയുടെ ചോദ്യം.

‘‘ഇന്നാളല്ലേ ഒരു കലം തന്നത്’’

അമ്മ കോപിക്കും.

‘‘ഓ അത് പോയി’’ നിസ്സാരമായി ശാന്ത പറയും.

‘‘ഏതായാലും ഇനി ഇവിടെ കലം ഇല്ല തരാൻ’’ അമ്മ തീർത്തു പറഞ്ഞു.

പിറ്റേന്ന് നോക്കുമ്പോൾ ഒരു ചെറിയ കലം കാണാനില്ല. ശാന്ത  വന്നതും അമ്മ ചോദിച്ചു.

‘‘ശാന്തേ ഇവിടെയിരുന്ന  കലമെടുത്തോ ?’’

‘‘എടുത്തു’’ സത്യസന്ധയായ മോഷ്ടാവാണ് ശാന്ത.

‘‘അത് കൊള്ളാം  അതിവിടെ വേണ്ടതല്ലേ ?’’ 

അമ്മയുടെ മരുമകൾക്ക് ദേഷ്യം വന്നു.

‘‘ പിന്നെ എനിക്ക് കഞ്ഞി വയ്‌ക്കണ്ടേ’’ ശാന്തയുടെ മറു ചോദ്യം. ഞങ്ങളെല്ലാവരും ചിരിച്ചുപോയി.

പിന്നെ ഒരു ദിവസം ശാന്ത വരുമ്പോൾ വീട്ടിലാരുമില്ല. പിന്നാമ്പുറത്തു പോയി ചൂലെടുത്തു മുറ്റമടിച്ചിട്ട് ശാന്ത പോയി. ഞങ്ങൾ മടങ്ങിയെത്തിയപ്പോൾ രാത്രിയായി. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ പിന്നിലെ തിണ്ണയിലിരുന്ന ബക്കറ്റ് കാണാനില്ല.ശാന്ത വന്നതും  വീട്ടിലെ മരുമകൾ തിരക്കി.

‘‘ശാന്തേ ഇവിടെയിരുന്ന ബക്കറ്റ് എവിടെ ? തുണി വിരിച്ചിട്ട്  എവിടെ വച്ചു.?’’

‘‘അത് ഞാനെടുത്തു കൊണ്ടുപോയി .എനിക്ക് ബക്കറ്റില്ല’’ ശാന്ത കൂൾ.

‘‘അത് കൊള്ളാം, ഇവിടെ തുണി അലക്കണ്ടേ ?’’കൊച്ചു വീട്ടമ്മ  ദേഷ്യപ്പെട്ടു.

‘‘ചോദിക്കാതെ എടുത്തതെന്തിന് ?’’ അമ്മയും രംഗത്തെത്തി.

‘‘കേട്ടിട്ട് തന്നെ എടുത്തത്’’ ചോദിച്ചു എന്നതിന് കേട്ട് എന്നാണ് ശാന്ത പറയുക.

‘‘അതിനു ഇവിടെ ആരും ഇല്ലായിരുന്നല്ലോ’’

‘‘അത് തന്നെ പറഞ്ഞത് കാണാതെ കണ്ട് കേക്കാതെ കേട്ട് ബക്കറ്റ് ഞാൻ എടുത്തു’’

എന്താ പറയുക. ഇങ്ങനെ കൊച്ചു കൊച്ചു മോഷണങ്ങളേ  ശാന്തയ്ക്കുള്ളു. പണമോ തുണിയോ ആഹാരമോ ഒന്നും എടുക്കില്ല.

‘‘ കണ്ടാലിരക്കുന്ന മനുഷ്യരുണ്ടോ കാക്കാൻ മടിക്കുന്നു തരം വരുമ്പോൾ... എന്നാണ് ചൊല്ല് ...അത് കൊണ്ട് ഒരു കണ്ണ് വേണം’’ അമ്മ മരുമകൾക്ക് മുന്നറിയിപ്പ് നൽകി.

ഇനി മറ്റൊരാൾ ജ്യോതിയാണ്. ജ്യോതി സ്ഥലത്തെ പ്രധാനകള്ളിയാണ്. കക്കാതിരിക്കാനേ പറ്റുകയില്ല അവൾക്ക്. അതിനൊരു പ്രത്യേക പാടവം ഉണ്ടു താനും. കണ്ണിരിക്കെ  കൃഷ്ണമണി കൊണ്ടുപോകും എന്ന് കേട്ടിട്ടില്ലേ ? അത് തന്നെ. പലവീടുകളിൽ ജോലി ചെയ്താണ് ജീവിതം. ഒരു കാലിനു സ്വാധീനക്കുറവുള്ളത് കൊണ്ട് നല്ല മുടന്തുണ്ട്. രണ്ടു മക്കൾ ഉണ്ട്. ഭർത്താവ് കുടിയൻ. സാധാരണകഥയിലെന്നപോലെ...

ഇടയ്ക്കു എന്നെ സഹായിക്കാനൊക്കെ വന്നിട്ടുണ്ട്. ആ സമയത്ത് ടവൽ, ഷീറ്റ്, സാരി ഇതിൽ ഏതെങ്കിലുമൊക്കെ കാണാതെ പോകും. എപ്പോഴെടുത്തെന്നോ എങ്ങനെ എടുത്തെന്നോ കണ്ടു പിടിക്കാനാവില്ല. പരിചയം ഉള്ളതു കൊണ്ട് ഇടയ്ക്ക് എന്റെ വീട്ടിൽ ഒരു സന്ദർശനമൊക്കെ നടത്തും. അവൾ വന്നാൽ പിന്നെ നമ്മൾ ജാഗരൂകരാകണം. ഒരു ദിവസം ജ്യോതി വന്നവിടെ ഇരിക്കെ ഇപ്പോൾ കൂടെയുള്ള അമ്മിണി കുറച്ചു പൈസ പഴ്സിൽ വച്ച് ബെഡിനടിയിൽ വച്ചു. ജ്യോതി പോയിക്കഴിഞ്ഞ് നോക്കിയപ്പോൾ പഴ്സ് അവിടെ തന്നെയുണ്ട്. പൈസ ഇല്ല. എന്റെ കണ്മുന്നിലാണ് ജ്യോതി ഇരുന്നത് എപ്പോൾ പൈസ എടുത്തു എന്നു ഞാൻ കണ്ടില്ല. 

പിന്നീട് കണ്ടപ്പോൾ പൈസ നീയല്ലേ എടുത്തത് എന്ന് ചോദിച്ച അമ്മിണിയെ ജ്യോതി പറഞ്ഞ പുലഭ്യത്തിന് കണക്കില്ല ...ശാന്തയെപ്പോലെയല്ല ജ്യോതി .ചോദിയ്ക്കാൻ ചെന്നാൽ കൊന്നുകളഞ്ഞാൽ പോലും കുറ്റം ഏൽക്കില്ല. ചോദിച്ചയാളെ ചീത്ത വിളിച്ചു ചെവി പൊട്ടിക്കും. മോഷണം ആരോപിച്ചു ചിലർ ജ്യോതിയെ റോഡിലൂടെ ഓടിക്കുന്നതും ശാപവാക്കുകൾ വിളിച്ചു പറഞ്ഞു കൊണ്ട് ജ്യോതി മുടന്തി മുടന്തി ഓടുന്നതും കണ്ടിട്ടുണ്ട്. പക്ഷെ ജ്യോതിയെ പിടിക്കാനോ തൊണ്ടി മുതൽ അവളിൽ നിന്ന് പിടിച്ചെടുക്കാനോ ആർക്കും കഴിഞ്ഞിട്ടില്ല.

ഒരിക്കൽ ഒരു കൊച്ചു കള്ളനെ പരിചയപ്പെടാൻ ഇടയായി. നിങ്ങൾ ഞെട്ടണ്ട. സത്യമാണ്. സ്വന്തം വീട്ടിലെ തന്നെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ട് പോയി വിൽക്കും അവൻ. ഗതികെട്ട് അവന്റെ അമ്മ ഒരിക്കൽ എന്റെ അടുത്ത് അവനെ കൊണ്ട് വന്നു. എന്നെ അവനു വലിയ കാര്യമാണെന്നും ഞാൻ അവനെ ഒന്നുപദേശിക്കണ മെന്നും ആ അമ്മ പറഞ്ഞു. എന്റെ മുന്നിൽ ലോകത്തേക്ക് നല്ലകുട്ടിയുടെ മുഖവുമായി അവൻ നിന്നു.

‘‘എന്റെ ടീച്ചറെ തട്ടിൻ പുറത്തു കിടന്ന ഉരുളികളും വിളക്കുകളും കിണ്ടികളും ഒക്കെ ഇവൻ എടുത്തു കൊണ്ട് പോയി വിറ്റു മുടിച്ചു’’ ആ അമ്മ പരാതിപ്പെട്ടു.

ഞാൻ ആ സുന്ദര മുഖത്തേക്ക് നോക്കി. അതെയോ എന്ന മട്ടിൽ.

‘‘ ഒക്കെ തട്ടിൽ കിടന്ന് ക്ലാവ് പിടിച്ചു പൊടിപിടിച്ചു നശിച്ചു ടീച്ചറമ്മേ.എന്തിനാ അതൊക്കെ അവിടെ ’’

‘‘നീ എന്ത് ചെയ്തു അതൊക്കെ ’’

‘‘വിറ്റു .ഒരു പോക്കറ്റ് മണിയൊക്കെ വേണ്ടേ ?അമ്മ തരില്ല .അച്ഛൻ തരില്ല ’’

ശരിയല്ലേ ?മുതിർന്ന ഒരാൺകുട്ടി. അവനു ഒരു സിനിമ കാണണ്ടേ ?കൂട്ടുകാർക്കൊപ്പം ഒരു ചായ കുടിക്കണ്ടേ ?ഞാൻ ചിന്തിച്ചു.

പക്ഷെ ഞാനിതു പറഞ്ഞാൽ ആ അമ്മ സമ്മതിക്കില്ല. അവർ പഴയ മട്ടുകാരി.കുട്ടികൾക്ക് പണം കൊടുത്താൽ വഷളാകും എന്ന ചിന്ത. ഒരു പരിധി വരെ കാര്യം ശരിയാണ് .എന്നാലും പണ്ടത്തെ കാലമല്ലല്ലോ.

ഞാൻ ഒന്നും ഉപദേശിച്ചില്ല. പക്ഷെ അന്നത്തോടെ അവൻ മോഷണം നിർത്തി. എന്ത് പറ്റിയോ ?ഞാനവനെ ഇടയ്ക്കു വിളിപ്പിക്കും. ചെറിയ ജോലികൾ ചെയ്യിക്കും. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുക .എല  ക്ട്രിസിറ്റി വാട്ടർ ബില്ലുകൾ  അടക്കുക. പോസ്റ്റ് ഓഫീസിൽ പോകുക തുടങ്ങി. ഞാൻ ചെറിയ ടിപ്പുകൾ കൊടുക്കും. ആദ്യം വാങ്ങാൻ അവൻ മടിച്ചു.

‘‘ടീച്ചറമ്മയല്ലേ തരുന്നത്. വാങ്ങിക്കോ’’ എന്നവന്റെ അമ്മയും പറയും. അവൻ പഠിച്ച്  ഒരു ചെറിയ പ്യൂൺ ഉദ്യോഗം നേടി.

അവന്റെ അനുജൻ അച്ഛന്റെ പോക്കെറ്റിൽ നിന്നും അമ്മയുടെ പഴ്സ് ൽനിന്നും പൈസയെടുക്കും.അച്ഛൻ സഹകരിക്കും. അമ്മ തലതല്ലിക്കരയും. പൈസ പോകുന്നതല്ല മകനെ മോഷണശീലം .അതവരെ വിഷമിപ്പിച്ചത്. അവനെ ഉപദേശിക്കാനൊന്നും ഞാൻ മുതിർന്നില്ല. തർക്കുത്തരവും ധിക്കാരവും കേൾക്കേണ്ടി വരും.

‘‘എന്റെ അച്ഛന്റെ പോക്കറ്റ് അല്ലെ ?എന്റെ അമ്മയുടെ പൈസയല്ലേ നിങ്ങൾക്കെന്താ ?’’എന്നവൻ ചോദിച്ചേക്കും. എന്തായാലും അവൻ തിരുത്തിയില്ല. കൊച്ചു കള്ളൻ വലിയ കള്ളനായി. ഇപ്പോൾ എവിടെയാണോ ? 

മോഷണം ഒരു കലയാണ് എന്ന മട്ടാണ്  ഇവർക്കൊക്കെ. അതോ ഒരാവകാശമോ ?.കുറ്റപ്പെടുത്തുന്നതോ  കള്ളം കണ്ടു പിടിക്കുന്നതോ ശിക്ഷിക്കുന്നതോ സഹിക്കാൻ വയ്യ.

‘‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കല്ലേ’’എന്നാണ് ഈ കൊച്ചു മോഷണക്കാരുടെ ഭാവം.

English Summary: Robbery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ