അരങ്ങേറ്റം 

arangettam-001
SHARE

കലാരൂപങ്ങൾ ഏതെങ്കിലും അഭ്യസിച്ചാൽ ആദ്യമായി അത് അരങ്ങിൽ അവതരിപ്പിക്കുന്നതിനെയാണ് അരങ്ങേറ്റം എന്ന് വിവക്ഷിക്കുന്നത്. സംഗീതം നൃത്തം സംഗീതോപകരണങ്ങൾ ഇവയെല്ലാം പഠിച്ച് ഒരു സമയമെത്തുമ്പോൾ ഗുരു തീരുമാനിക്കും ഒരു പൊതു പരിപാടിയിൽ കാണികൾക്കു മുൻപിൽ പ്രകടിപ്പിക്കാറായി ശിഷ്യർ എന്ന്. അനുഗൃഹീതമായ ഒരവസരമായാണ് ശിഷ്യർ അരങ്ങേറ്റത്തെ കാണുന്നത്.

പണ്ട് കാലത്ത് അഭ്യസിക്കുന്ന വിദ്യ നല്ല ഹൃദിസ്ഥമായാലേ അരങ്ങേറ്റത്തിന് യോഗ്യത നേടൂ .എന്റെ ഓർമയിൽ ചെറുപ്പകാലത്ത് അഞ്ചോ പത്തോ കൊല്ലത്തെ  കഠിനമായ നിരന്തരമായ പരിശീലനത്തിന് ശേഷമേ സ്റ്റേജിൽ കയറാൻ സാധിക്കുകയുള്ളു. അവതരണത്തിൽ പെർഫെക്ഷൻ നിർബന്ധമായിരുന്നു. കുറ്റമറ്റ പ്രകടനം കാഴ്ച വയ്ക്കാനായി എന്ന് ഗുരുവിനും ശിഷ്യർക്ക് സ്വയവും രക്ഷാകർത്താക്കൾക്കും ബോധ്യപ്പെടേണ്ടതുണ്ട്.

ഇപ്പോൾ അങ്ങനെയല്ല. നൃത്തം പഠിക്കാൻ തുടങ്ങുമ്പോൾ തന്നെ അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. മാതാപിതാക്കൾക്കാണ് തിരക്ക് കൂടുതൽ. മക്കൾ സ്റ്റേജിൽ കയറുന്നത് കണ്ടോളാൻ  വയ്യ  .ഗുരുക്കൻമാരും ഇതിന് കൂട്ട് നിൽക്കുന്നു.അവർക്കു കിട്ടുന്ന വമ്പിച്ച ധനലാഭം തന്നെയാണ് ഇതിനു പിന്നിൽ .ശിഷ്യർ കൊടുക്കുന്ന ദക്ഷിണ മാത്രമല്ല.വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ വാടകയ്‌ക്കെടുക്കുന്നതിൽ നിന്നും മേക്കപ്പ്കാരെ വിളിക്കുന്നതിൽ നിന്നുമൊക്കെ ഒരു നല്ല വിഹിതം ടീച്ചർക്ക് കിട്ടും. ഒരു പ്രോഗ്രാമിന് ഒരു കുട്ടി അയ്യായിരം മുതൽ പതിനായിരംവരെ കൊടുക്കേണ്ടി വരുന്നു. ഇതിനു പുറമെ സ്റ്റേജിൽ കയറുന്നതിനു മുൻപ് വെറ്റിലയിൽ വച്ച് ദക്ഷിണ ഒരു ചടങ്ങാണല്ലോ.

എന്റെ മിലി അഞ്ചു വർഷം  നൃത്തം പഠിച്ചശേഷമാണ് അരങ്ങേറ്റത്തിന് ഞങ്ങൾ തയാറായത്.പക്ഷെ അപ്പോൾ കൂടെ അരങ്ങേറുന്നവർ കഷ്ടിച്ച് ഒരു വർഷവും രണ്ടു വർഷവുമൊക്കെ പഠിച്ചവരാണ്.അവളുടെ ടീച്ചർ തന്നെഎന്നോടു പറഞ്ഞു.അമ്മമാർ നിർബന്ധിച്ചിട്ടാണ് എന്ന്..അരങ്ങേറ്റത്തിന് മുൻപ് നല്ല പരിശീലനം നൽകിയിരുന്നു ആ ടീച്ചർ.ഒരു ദിവസം കുട്ടികളുടെ പ്രാക്ടീസ് കാണാനെത്തിയ ഞാൻ അമ്പരന്നു .(ഞാനും പഴയൊരു  നർത്തകിയാണല്ലോ ). വളരെ മോശമായാണ് മിക്കവരും  കളിക്കുന്നത്.മുദ്രകൾ ശരിയല്ല .താളം നിശ്ചയം പോരാ .പിന്നെ ചലനങ്ങൾക്ക് ചാരുതയില്ല .അഞ്ചു വർഷം  പഠിച്ച മിലിയും മറ്റു ചിലരുമുണ്ട് .അവർ പോലും പെർഫെക്റ്റ് ആയില്ല എന്നെനിക്കു തോന്നി.ടീച്ചറോട് ഞാനതു പറയുകയും ചെയ്തു.ചില കുട്ടികൾ ഒട്ടും നന്നാവുന്നില്ല... വെറുതെ കയ്യും കാലുമിളക്കിയാൽ നൃത്തമാകുമോ ?ടീച്ചറിന്റെ മറുപടി എന്നെ പിന്നെയും അദ്‌ഭുതപ്പെടുത്തി.

‘‘കുട്ടികളെ ഒരു പാട് കുറ്റം പറയുന്നത് അച്ഛനമ്മമാർക്കു രസിക്കില്ല.സ്വന്തം കുട്ടി ഒരു സംഭവമാണ് എന്നാണ് അവരുടെ വിചാരം’’ (കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞ് ).അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ടീച്ചറാണ് ശ്രദ്ധിക്കേണ്ടത്.അത് ഞാൻ പറഞ്ഞപ്പോൾ ടീച്ചർ വിഷമത്തോടെ പറഞ്ഞു. ‘‘ഇതൊക്കെ അറിയാഞ്ഞിട്ടല്ല. കൂടുതൽ തിരുത്താൻ ശ്രമിച്ചാൽ അവർ പഠിത്തം നിറുത്തി പോകും. കുട്ടികൾ കുറഞ്ഞാൽ നഷ്ടമല്ലേ’’

ഇപ്പോൾ ഒറ്റയ്‌ക്കൊറ്റക്കല്ല ഉത്സവസ്ഥലത്തും മറ്റും നൃത്തപരിപാടികൾ.ഗ്രൂപ്പ് ആയിട്ടാണ് (സിംഗിൾ ഐറ്റംസ് ചെയ്യാൻ ഒരുപാടു പൈസയാകും എന്നതും ഒരു കാരണം ).അഞ്ചാറ് കുട്ടികൾ സ്റ്റേജിൽ നിന്ന് ഒരേപോലെ വേഷമിട്ട് ആടുമ്പോൾ അത് മനോഹരമായ കാഴ്ചതന്നെയാണ് .പക്ഷെ കയ്യും കാലും ചലിക്കുന്നതും പുരികവും കണ്ണും ഇളകുന്നതും താളവും ലയവും ഒരേപോലെയാവണ്ടേ ?അരങ്ങേറ്റക്കാരോടൊപ്പം വർഷങ്ങളായി പഠിച്ച്  നന്നായി നൃത്തമറിയുന്ന ചിലരെക്കൂടി ഉൾപ്പെടുത്തും.അപ്പോൾ കുറവുകൾ അത്ര ശ്രദ്ധിക്കപ്പെടില്ല .ഇത്രയും നേരത്തെ അരങ്ങേറ്റം നടത്തരുത് എന്ന് ഞാൻ ഉപദേശിച്ചപ്പോൾ അതിനും ടീച്ചർക്ക് മറുപടിയുണ്ടായി.

‘‘എത്ര പണം വേണമെങ്കിലും ചിലവാക്കാം കുട്ടി ഒന്ന് കളിച്ചു കണ്ടാൽ മതി എന്നും പറഞ്ഞു പാരന്റ്സ് വരുമ്പോൾ എങ്ങനെ വേണ്ടാന്ന് പറയാനാവും.ഒരു പരിപാടി കഴിയുമ്പോൾ ഒരു അമ്പതിനായിരം എനിക്ക് കിട്ടും.ഞാൻ എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു പ്രോഗ്രാം എത്തിക്കുന്നത്.എനിക്കും വേണ്ടേ എന്തെങ്കിലും. അല്ലാത്തപ്പോൾ ചെറിയ ഫീസ് അല്ലെ ഉള്ളു’’. ഞാൻ പിന്നെ മിണ്ടിയില്ല.അവർ പറയുന്നതും ശരിയല്ലേ .മിലിയെ വീട്ടിൽ ആവർത്തിച്ച് നൃത്തം ചെയ്യിച്ചു കഴിയുന്നത്ര  നന്നാക്കാൻ വീട്ടിലെ പഴയ നർത്തകിയായ ഞാനും നന്നായി നൃത്തം ചെയ്യുന്ന എന്റെ മകളും (മിലിയുടെ അമ്മ )ശ്രമിച്ചു .അല്ലാതെ വേറെന്താണ് നമുക്ക് ചെയ്യാൻ കഴിയുക !

നൃത്തം മാത്രമല്ല,പാട്ട്, പലതരം സംഗീതോപകരങ്ങൾ (വീണ,വയലിൻ ,പിയാനോ )ഒക്കെ പഠിക്കുന്നവരുടെ രീതിയും ഇത് തന്നെ .ഒരു പാട്ടു പാടാനോ  വായിക്കാനോ കഴിഞ്ഞാൽ അതുമായി സ്റ്റേജ് ൽ കയറുക !    .തെറ്റായാലും ശരിയായാലും കാണികൾ സഹിച്ചോളും. പിന്നെ ഇതെല്ലാം ഫോണിലും ക്യാമറയിലും പിടിച്ചെടുത്ത്  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു മക്കളുടെ മിടുക്കു നാട്ടുകാരെ മുഴുവൻ കാണിച്ചു അഭിമാനിക്കണ്ടേ മാതാപിതാക്കൾക്ക്. ചുമ്മാ ലൈക്കും കമന്റുമൊക്കെ ഇടുന്നവർ ഇവരെ പരാമനാന്ദതുന്ദിലരാക്കുകയും ചെയ്യും.

അരപ്പണി ആശാനെപ്പോലും കാണിക്കരുതെന്നാണ് പഴയ ചൊല്ല് !അതൊക്കെ പഴയ കാലമല്ലേ ?ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. കൂടുതൽ അഭിപ്രായങ്ങൾ പറഞ്ഞാൽ ,ഓൾഡ് ജനറേഷൻ ,ജനറേഷൻ ഗ്യാപ് എന്നൊക്കെ കേൾക്കേണ്ടി വരും. അത് കൊണ്ട് മിണ്ടുന്നില്ല.

English Summary : Debut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ