മനസ്സും രോഗശാന്തിയും

confidence-001
SHARE

രോഗവും രോഗശാന്തിയും മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പണ്ട് മുതൽക്കേ നമ്മൾ വിശ്വസിച്ചിരു ന്നു. ഇന്ന് ആ വിശ്വാസത്തിനു ആക്കം കൂടുന്ന ഈ അവസരത്തിൽ മനസ്സും ശാരീരികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില ഉദാത്ത ചിന്തകളാണിവിടെ.

കാൻസർ രോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടോ? ദീർഘകാലത്തെ ആധിയും വ്യഥയും താപവും ഈ രോഗത്തിന് വഴിയൊരുക്കുമോ? ഡോക്ടർമാരോട് പലതവണ ഞാൻ ഈ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. അങ്ങനെ യൊക്കെ പലപ്പോഴും കാണപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഉറപ്പിച്ചു പറയാൻ പോന്ന വിധത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് പലപ്പോഴും കിട്ടിയ ഉത്തരം.

എന്റെ അനുഭവത്തിന്റെ  വെളിച്ചത്തിൽ പറയുകയാണെങ്കിൽ ദീർഘകാലത്തെ  മാനസിക പിരിമുറുക്കവും ദുഃഖാനുഭവങ്ങളും മനോവേദനയും ഈ രോഗത്തിനു കാരണമാകാം എന്ന് പറയേണ്ടി വരും. ആദ്യം എനിക്ക് രോഗം വന്നത് അതിരൂക്ഷമായ പ്രതിസന്ധികളുടെ കാലം  കഴിഞ്ഞപ്പോഴാണ്.

1975 മുതൽ ജാതകമറിയാതെ തന്നെ ഏറ്റവും ചീത്ത സമയം എന്ന് ഞാൻ കണ്ടെത്തി.തുടർന്ന് 1984 വരെ ഒരു സ്ത്രീക്ക് ഒരിക്കലും താങ്ങാനാവാത്ത മാനസീക പീഡകളിലൂടെയാണ് ഞാൻ കടന്നു പൊയ്ക്കൊണ്ടിരുന്നത് . ഒരു മുഴു ഭ്രാന്തിയാകാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു.അളവറ്റ ഈശ്വരാനുഗ്രഹമോ പോയ ജന്മ പുണ്യമോ,പൂർവികരുടെ നന്മയോ എന്നെ രക്ഷിച്ചതെന്നറിയില്ല. ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയവരെ കുറ്റപ്പെടുത്താൻ ഇഷ്ടമില്ലാത്തതു കൊണ്ട് അതൊന്നും ഇവിടെ വിവരിക്കുന്നില്ല.

എല്ലാം നഷ്ടപ്പെട്ട് ഒരു ചില്ലിക്കാശിനു വകയില്ലാതെ പണവും ആരോഗ്യവും സൗന്ദര്യവും മനസ്സും നഷ്ടപ്പെട്ട് ഒരു ഉടഞ്ഞ ശംഖായിട്ടാണ് ഞാൻ മടങ്ങി വീട്ടിലെത്തിയത്.ജീവൻ നഷ്ടമായില്ലല്ലോ അത് തന്നെ ഭാഗ്യം എന്ന് ഉറ്റവരും ഉടയവരും സ്വയം  ഞാനും ആശ്വസിച്ചു.

കാര്യകാരണങ്ങൾ എന്ത് തന്നെയായാലും ഒറ്റപ്പെടുക എന്നത് അനിവാര്യമായി തീരുന്ന ഒരു സ്ത്രീക്ക് ഇന്നും നമ്മുടെ സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന ഭീകരമായ അവസ്ഥകൾ പറഞ്ഞോ എഴുതിയോ ഫലിപ്പിക്കാവതല്ല. അനുഭവിച്ചാലേ അറിയൂ. ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിക്കുമ്പോൾ എനിക്ക് പ്രായം കുറവ്.

വേണ്ടത്ര ധൈര്യമോ തന്റേടമോ ഇല്ല. ജോലിയില്ല (കിട്ടിയ ഒരു സർക്കാർ ജോലിപോലും ദാമ്പത്യം എന്ന നരകം കൈവിട്ടുപോകതിരിക്കാനായി ഉപേക്ഷിച്ച വിഡ്ഢിയാണ് ഞാൻ .എന്നിട്ടോ ഒടുവിൽ അതുമില്ല ഇതുമില്ല ) ഭക്ഷണതിനു പോലും അച്ഛനെയും അമ്മയേയും ആശ്രയിക്കേണ്ട ഗതികേട്.എന്നെ സാമ്പത്തികമായി സഹായിക്കാവുന്ന ചുറ്റുപാടിലായിരുന്നില്ല അന്ന് എന്റെ അച്ഛനമ്മമാരും സഹോദരങ്ങളും.

എന്റെ മക്കളാവട്ടെ അങ്ങകലെ ഒരു ബോർഡിങ്ങ് സ്കൂളിലും. എനിക്കൊരു വരുമാനമില്ലാതെ  അവരെ  കൊണ്ടുവരാനും സംരക്ഷിക്കാനും കഴിയില്ലല്ലോ. ആ വേർപാട് എനിക്ക് സഹിക്കാവുന്നതിലും അപ്പുറ മായിരുന്നു  എന്റെ നിസ്സഹായത മുതലെടുത്ത്. മറ്റൊരാളെന്നെ താഴ്ത്തിക്കാട്ടി നല്ലപിള്ള ചമയുന്നതിന്റെ ഭാഗമായിരുന്നു അതും... 

ഒരിക്കലും എന്നെ പിരിഞ്ഞു നിന്നിട്ടില്ലാത്ത എന്റെ മക്കളെ ഞാൻ വീണ്ടെടുക്കുക തന്നെ ചെയ്തു. അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ എണ്ണിയാലൊടുങ്ങുകയില്ല. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ,ഒരു ജോലി നേടി ആശ്വസിക്കാൻ തുടങ്ങുമ്പോഴേക്കും ഞാൻ അതു വരെ അനുഭവിച്ച മാനസിക സങ്കടങ്ങളുംആധികളും വ്യാധിയായി മാറിയോ ? അറിയില്ല എന്നാലും 1975 മുതൽ 86 വരെയുള്ള കാലഘട്ടത്തിൽ ഞാനനുഭവിച്ച മാനസിക സങ്കർഷങ്ങളാണ് എന്നെ രോഗത്തിലേക്കു നയിച്ചത് എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.

രോഗവിമുക്തയായശേഷം പലരും എന്നെ ഉപദേശിച്ചിരുന്നു. ഒന്നു മോർത്തു വ്യാകുലപ്പെടരുത്. മനസ്സ് സ്വസ്ഥമാക്കി വയ്ക്കണം. കോപമോ താപമോ വേണ്ട. ടെൻഷനും ഉത്കണ്ഠയും വേവലാതിയും ഒന്നും ഒട്ടും നന്നല്ല.

അങ്ങനെ തന്നെ ഞാൻ കഴിഞ്ഞു.1990 മുതൽ 2004 വരെ എന്റെ ജീവിതത്തിലെ ഏറ്റവും സുഖകരവും സന്തോഷപ്രദയുമായ കാലമായിരുന്നു. രോഗം പരിപൂർണമായി മാറി എന്ന വിശ്വാസം. രൂപം മാറി കോലം മാറി ഞാൻ പഴയ ദേവിയായി .യൂണിവേഴ്സിറ്റിയിലെ ഇഷ്ടപ്പെട്ട ജോലി. മകന് അവൻ ആഗ്രഹിച്ചതു പോലെയുള്ള ജോലി കിട്ടി ദ് വീക്ക് എന്ന പ്രഗൽഭ മാസികയിൽ ജേർണലിസ്റ്റ്. 

മകൾ കാർഷിക കോളേജിൽ പഠിക്കുന്നു. പുതിയ വീട് പണിഞ്ഞു. ജീവിതം സ്വസ്ഥം, സുഖകരം. മകൾ ഫൈനൽ ഇയർ എത്തിയപ്പോൾ അവളുടെ വിവാഹം ,ഞങ്ങളുടെ ഇഷ്ടപ്രകാരം. അവൾ തിരുവനന്തപുരത്ത് ഭർതൃഗൃഹത്തിൽ താമസിച്ചു പഠിത്തം തുടരുന്നു. അടുത്ത വർഷം  മകന്റെ വിവാഹം. അവനു ചേർന്ന കുട്ടി , ഉദ്യോഗസ്ഥ. ഇനിയെന്താണ് വേണ്ടത്. ഇനിയുള്ള ജീവിതം അല്ലലില്ലാതെ. പിന്നെ അനായാസേന മരണം . അങ്ങനെ പ്രാർത്ഥിച്ചു ഞാൻ കഴിഞ്ഞു.

പക്ഷേ അപ്പോൾ ദുർവിധി വീണ്ടും അങ്കത്തിനെത്തി. എന്റെ മകന് തലച്ചോറിനുള്ളിൽ രക്തസ്രാവം എന്ന  അതിഗുരുതരമായ രോഗം .അതി സങ്കീർണമായ ശാസ്ത്രക്രിയയ്ക്ക് വിധേയനായി അവൻ അമൃത ആശുപത്രിയിൽക്കിടന്നു. രക്ഷപ്പെടാനുള്ള സാധ്യത പോലും കുറവായിരുന്ന ആ സമയത്ത്  അവന്റെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയി. അപകട നില തരണം ചെയ്തു മൂന്നുമാസം കൊണ്ട് അവൻ പൂർണ സുഖം പ്രാപിച്ച് ജോലിക്കു പോയി തുടങ്ങി.

പക്ഷെ ഞങ്ങളുടെ ജീവിതം സാധാരണനിലയിലായില്ല. കോടതിയും കേസും. അവന്റെ കുഞ്ഞിനെ പിരിഞ്ഞ അതീവ ദുഃഖവും ഞങ്ങളെ തളർത്തി.  സമാധാനമായി കഴിഞ്ഞ കാലത്ത് രോഗം എന്നെ അലട്ടിയതേയില്ല വീണ്ടും സങ്കീർണമായ പ്രതിസന്ധികളെ നേരിട്ടപ്പോഴാണ് രോഗം എന്നെ രണ്ടാമതും പിടികൂടിയത്.

അതിലൊന്ന് മകന്റെ  ഈ രോഗാവസ്ഥയും അതേത്തുടർന്ന് അവന്റെ കുടുംബജീവിതത്തിന്റെ തകർച്ച യുമായിരുന്നു. ഈ സമയത്ത് മകന് കരുത്തായി അവനോടൊപ്പം നിന്നു എങ്കിലും ഞാൻ സ്വയം ഇഞ്ചിഞ്ചായി ദഹിച്ച് നീറുകയായിരുന്നു. കഠിനമായ മനോവ്യഥയുടെയും ദുഃഖത്തിന്റെയും നിരാശയുടെയും ദിവസങ്ങൾ കടന്നു പോയി. ഈ നില തുടർന്നാൽ ഞാൻ വീണ്ടും ഒരു രോഗിയായി മാറും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.

പണ്ടും നീണ്ടകാലത്തെ സംഘർഷത്തിനു ശേഷമല്ലേ രോഗിയായത്. ഇപ്പോൾ അതേനില തന്നെ. എന്റെ ഭയവും സംശയവും ആസ്ഥാനത്തായിരുന്നില്ല. താമസിയാതെ രോഗം നിർണയിക്കപ്പെട്ടു. വീണ്ടും കാൻസർ. വീണ്ടും സ്കാനിങ്, വീണ്ടും കീമോതെറാപ്പി.

ഇത്രയും ഞാൻ വിവരിച്ചത് വായനക്കാരെ ഭയപ്പെടുത്താനല്ല. എന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഒരു പാഠമാകണം. ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാകും. ഒരുപാടു ആധിപിടിക്കുന്നതു കൊണ്ട് അനുഭവങ്ങൾ ഒഴിയുകയില്ല നേടുന്നത് രോഗം,കഷ്ടപ്പാട്.അതുകൊണ്ട് നഷ്ടങ്ങൾ വന്നോട്ടെ, ജീവിതം ഒരു ദുരിതമായി മാറിക്കോട്ടെ ചതിയിലും വഞ്ചനയിലും പെട്ടുഴലട്ടെ. ധൈര്യമായി നേരിടൂ. പിടിച്ചു നിൽക്കണം. ഈശ്വരന്റെ പാദങ്ങളെ ദൃഢമായി മനസ്സിൽ ഉറപ്പിക്കണം. (വിശ്വാസിയാണെങ്കിൽ ). ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും അസാധ്യമല്ല.

English Summary: Life Getting You Down Learn To Bounce Back

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA