കൊറോണക്കാലം

Corona
SHARE

ഫെബ്രുവരി, മാർച്ച് മാസങ്ങളെ പരീക്ഷക്കാലം എന്നാണ് നമ്മൾ സാധാരണ വിവക്ഷിക്കാറുള്ളത്. കുട്ടികൾക്ക് റിവിഷൻ പഠിത്തം, പരീക്ഷച്ചൂട്.. അച്ഛനമ്മമാർക്ക് അതിനേക്കാൾ ടെൻഷൻ. പക്ഷേ ഈ വർഷം ഇതാ പരീക്ഷ കൊറോണയ്ക്ക് വഴിമാറിയിരിക്കുന്നു. കൊറോണക്കാലം എന്നൊരു പേരു തന്നെ ഉണ്ടായിരിക്കുന്നു.

കൊറോണയെക്കുറിച്ച് ദിവസംപ്രതി വരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നവയാണ്. ചുമച്ചാലും തുമ്മിയാലും ഒക്കെ പേടി. സ്കൂളുകൾ പരീക്ഷ നിർത്തി വച്ച് പൂട്ടി. 

കുട്ടിക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിച്ച് മരണം വാരി വിതച്ച് ഗ്രാമങ്ങളും നഗരങ്ങളും ശൂന്യമായ കഥകൾ എന്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അത് അവരുടെ കുട്ടിക്കാലത്തെ കഥകളാണ്. ഞങ്ങളുടെ തലമുറയൊക്കെ ആയപ്പോഴേക്ക്  സാംക്രമിക രോഗങ്ങൾ നിർമാർജനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. 

വസൂരിയെക്കുറിച്ചുള്ള കഥകൾ ഏറ്റവും ഭീകരമായിരുന്നു. ഇത്തരം രോഗങ്ങൾ പിടിപെട്ടവരെ ഉപേക്ഷിച്ചു പോവുകയായിരുന്നത്രേ അന്നത്തെ പതിവ്. രോഗിയെ നോക്കാനായി വൈദ്യന്മാരെ ഏർപ്പാടാക്കും. മരിച്ച രോഗിയെ കിടക്കപ്പായയോടെ ദഹിപ്പിച്ചു കഴിയുമ്പോൾ പണം വാങ്ങി വൈദ്യന്മാർ രക്ഷപ്പെടും. ഒരിക്കൽ രോഗം വന്നു സുഖം പ്രാപിച്ചവർക്കു പിന്നെ വരികയില്ല . അങ്ങനെയുള്ളവരാണ് ശുശ്രൂഷയ്ക്കു വരുന്നത്. 

പണം മോഹിച്ച് ഇവർ രോഗി മരിക്കും മുൻപേ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്ന പതിവും ഉണ്ടായിരുന്നത്രേ. ഒരു വീട്ടിലെ മുഴുവൻപേരും കിടപ്പിലാകുന്ന സന്ദർഭങ്ങളിൽ മനസ്സലിവുള്ള അയൽക്കാരോ ബന്ധുക്കളോ കുറച്ചു കഞ്ഞി വച്ച് കലത്തോടെ കൊണ്ട് പടിക്കൽ വച്ചിട്ട് ഓടിക്കളയുമത്രേ. എഴുന്നേൽക്കാൻ പറ്റുന്നൊരു രോഗി വന്ന്  അതെടുത്തു കൊണ്ട് പോകും എല്ലാവരും കുടിക്കും. ജീവൻ കിടക്കണമല്ലോ.  അവർ സുഖം പ്രാപിക്കുകയോ മരിച്ചു പോവുകയോ ചെയ്യും വരെ ഈ കഞ്ഞിക്കലം വയ്ക്കുന്ന പരിപാടി തുടർന്നിരുന്നത്രേ. 

കുട്ടിയായിരിക്കുമ്പോൾ ടൈഫോയ്ഡ് എന്ന മാരകരോഗം വന്നു മാസങ്ങളോളം തിരുവനന്തപുരത്തെ ജനറൽ ഹോസ്പിറ്റൽ കിടക്കേണ്ടി വന്നത് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. ഒരുപാടുപേരുടെ ജീവൻ അപഹരിച്ച ഒരു രോഗമായായിരുന്നു അത്. അമ്മയുടെ അച്ഛനാണ് അമ്മയെയും കൊണ്ട് ആശുപത്രിയിൽ കഴിഞ്ഞത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണു രക്ഷപ്പെട്ടത്. ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങളല്ലാതെ ഒന്നും കൊടുത്തിരുന്നില്ല. ഒടുവിൽ കഞ്ഞി കൊടുക്കാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അടുത്ത ബഡിലെ  ബൈ സ്റ്റാൻഡർ ആയ ഒരമ്മ വീട്ടിൽനിന്ന് പൊടിയരിക്കഞ്ഞി കൊണ്ടുവന്നു കൊടുത്തു. ജീവിതത്തിൽ അന്നോളവും അതിനു ശേഷവും അത്രയും രുചിയുള്ള ഒരാഹാരം കഴിച്ചിട്ടില്ല എന്ന് അമ്മ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. 

ലോകം മുഴുവൻ പടർന്നു പിടിച്ച മറ്റൊരു ദുരന്തമായിരുന്നു കോളറ. ‘കോളറകാലത്തെ പ്രണയം’ എന്ന വിശ്വവിഖ്യാത നോവൽ നമുക്കെല്ലാം  സുപരിചിതമാണല്ലോ. കാലം കഴിഞ്ഞതോടെ വാക്‌സിനുകൾ നിലവിൽ വന്നു. മിക്കവാറും എല്ലാ രോഗങ്ങളും മനുഷ്യന്റെ നിയന്ത്രണത്തിലൊതുങ്ങി. പക്ഷേ പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു വന്നു. പലതരം വൈറൽരോഗങ്ങൾ മനുഷ്യന് ഭീഷണിയുയർത്തി. എലിപ്പനി, ഡെങ്കിപ്പനി ഇതെല്ലം നമുക്ക് ഭീഷണിയായി. കഴിഞ്ഞ വർഷം നിപ്പ. അതൊടുങ്ങി എന്ന് കരുതിയപ്പോൾ ഈ വർഷമിതാ കൊറോണ. ലോകം മുഴുവൻ ഉത്കണ്ഠയോടെ ഉറ്റു നോക്കുന്നു. ചൈനയിലും ഇറ്റലിയിലുമൊക്കെ അനേകങ്ങൾ മരിച്ചു വീഴുന്നു.

ഏതായാലും നമ്മുടെ നാട്ടിൽ എല്ലാം നിയന്ത്രണത്തിലാണ് എന്നത് ആശ്വാസകരം. മലയാളികൾ ഒരു പ്രത്യേക ജനതയാണ്. നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടല്ലേ. ഇതും നമ്മൾ നേരിടും. ഈ കഷ്ടകാലവും നമ്മൾ തരണം ചെയ്യും. ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാം. 

English Summary : Corona

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ