അവിചാരിതമായ വിലക്കുകൾ 

Unexpected Restraint
പ്രതീകാത്മക ചിത്രം
SHARE

മനുഷ്യൻ സങ്കൽപ്പിക്കുന്നു ദൈവം നിശ്ചയിക്കുന്നു എന്നല്ലേ ചൊല്ല്. അത് ശരിയാണെന്നു പലപ്പോഴും  അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കാറുണ്ട്. ജീവിതം നമ്മൾ വിചാരിക്കും പോലെയല്ല. പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും നെയ്തു കൂട്ടാമെന്നേയുള്ളു. നാളെ എന്ത് സംഭവിക്കുമെന്നു പോലും അറിയാനാവാത്ത നമ്മൾ  നിസ്സഹായരാണ്. എന്നു  വച്ച് നാളേയ്ക്ക് ഒന്നും പ്ലാൻ ചെയ്യാതിരിക്കാൻ നമുക്കാവില്ലല്ലോ. ‘‘There is many a slip between  the cup and the lip’’ എന്നോർക്കുന്നത് നന്ന്...

വർഷൾക്കു മുൻപ് എന്റെ  ഒരു സുഹൃത്തിന്റെ മകന്റെ  കല്യാണമുറപ്പിച്ചു. അപ്പോൾ പെട്ടെന്ന് ആ വീട്ടിൽ ഒരു മരണം നടന്നു. വരന്റെ അമ്മൂമ്മ (അമ്മയുടെ അമ്മ ) മരിച്ചു. കുറേനാളായി രോഗങ്ങൾ അലട്ടിക്കൊണ്ടി രുന്ന ആ മുത്തശ്ശി സ്വന്തം മരണം മുൻകൂട്ടി കണ്ടിട്ടാവാം കല്യാണം മാറ്റി വയ്ക്കരുതെന്ന് പറഞ്ഞിരുന്നു. കല്യാണത്തിനു പിന്നെയും പത്തു ദിവസമുണ്ട്. പെൺവീട്ടുകാർ എല്ലാം ഒരുക്കിയതല്ലേ. മരണാന്തര ചടങ്ങുകൾ പെട്ടെന്ന് കഴിച്ചിട്ട് ആ കല്യാണം അവർ നടത്തി.

കല്യാണം അങ്ങ് വടക്കു വച്ചായിരുന്നതിനാൽ തിരുവനന്തപുരത്ത്  ഒരു റിസപ്ഷൻ വച്ചിരുന്നു. വളരെ നേരത്തെ അറേഞ്ച് ചെയ്തതായിരുന്നു ഇതെല്ലാം. എന്തിനു പറയുന്നു. റിസപ്ഷന് രണ്ടുനാൾ മുൻപ് ആ പയ്യന്റെ അച്ഛമ്മ മരിച്ചു. റിസപ്ഷൻ നടത്താനായില്ല. ഹാൾ ബുക്ക് ചെയ്ത പണവും കാറ്ററിംഗ് കാർക്കു കൊടുത്ത അഡ്വാൻസും നഷ്ടമായി. ആഘോഷമായി നടത്താനിരുന്ന ആ പരിപാടി മുടങ്ങിയതിൽ അന്ന് നിരാശ തോന്നി എങ്കിലും ഇന്നവർ സുഖമായി ജീവിക്കുന്നു.

എസ് എസ് എൽ സി പരീക്ഷയ്ക്ക് ഒരു റാങ്കു പ്രതീക്ഷിച്ചിരുന്ന ഒരു സഹപാഠിക്ക് പരീക്ഷയ്ക്ക് തൊട്ടു മുൻപ് ചിക്കൻ പോക്സ് വന്നത് ഇന്നും ഞാനോർക്കുന്നു. അവൾക്കു പരീക്ഷ എഴുതാനായില്ല. ഒരു വർഷം നഷ്ടമായി. ഒരു വർഷം  മുഴുവൻ കുത്തിയിരുന്നു പഠിച്ചിട്ടും അടുത്ത വർഷം അവൾക്ക് റാങ്കു കിട്ടിയതുമില്ല. എന്നാലും അതൊരു ദുർ നിമിത്തമൊന്നുമായില്ല. നന്നായി പഠിച്ച്  അവൾ നല്ല നിലയിലെത്തുക തന്നെ ചെയ്തു.

ഒരു ഗവൺമെന്റ് ഉദ്യോഗം ജീവിതാഭിലാഷമായി കൊണ്ട് നടന്ന ഒരനുജത്തിക്ക് അവൾ എത്രയോ ടെസ്റ്റുകൾ എഴുതിയിട്ടും ജോലിക്കു ഭാഗ്യമുണ്ടായില്ല. ഒടുവിൽ ഒരു തവണ റാങ്ക് ലിസ്റ്റിൽ അവളുടെ  പേരു വന്നു. അവൾ ആഹ്ലാദത്തിമിർപ്പിലായി. നല്ല റാങ്കുണ്ട്. ജോലി ഉറപ്പ്. പക്ഷേ  അവളുടെ പേരെത്തും മുൻപേ എന്തോ  കാരണമുണ്ടായി ആ ലിസ്റ്റ് ക്യാൻസൽ ആയി.

ഏപ്രിൽ മാസം ഞങ്ങൾക്ക് ആഘോഷങ്ങളുടെ മാസമാണ്. അവധിക്കാലം, യാത്രകൾ പോകാം, വിഷുവും ഈസ്റ്ററും മാത്രമല്ല എന്റെ വീട്ടിലെ ആഘോഷങ്ങൾ. ഏപ്രിൽ മാസത്തിൽ ജനിച്ച രണ്ടു വിസ്മയ വ്യക്തികൾ എന്റെ വീട്ടിലുണ്ട്. ഒന്ന് ഞാൻ മറ്റേത് എന്റെ മരുമകൻ സജയ്.  ഞങ്ങളുടെ കുടുംബത്തിലെ മരുമകനായി വന്ന അന്നു മുതൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് പിറന്നാൾ ആഘോഷിക്കാറുള്ളത്.

എല്ലാവരുമായി  പുറത്തു പോയി ഹോട്ടലിൽ ആഹാരം കഴിക്കുക, ചിലപ്പോൾ സിനിമ കാണുക ,സമ്മാനങ്ങൾ കൈമാറുക അങ്ങനെ ഒരു ഉത്സവദിവസമാണ് ഞങ്ങൾക്കന്ന്. പക്ഷേ ഇത്തവണ  പ്രത്യേകമായി ആഘോഷിക്കേണ്ട ഒരു പിറന്നാളാണ് എന്റേത്. പക്ഷേ  കൊറോണ വിലക്ക് ഞങ്ങളുടെ പിറന്നാൾ ആഘോഷത്തെയും തടസ്സപ്പെടുത്തി.

എന്റെ സുഹൃത്ത്  ബാലുവിന്റെ ചേട്ടന്റെ അമ്പതാമത്‌ വിവാഹവാർഷികമാണ്. കുടുംബാംഗങ്ങൾ മുഴുവൻ ഒത്തു കൂടി ആഘോഷിക്കേണ്ട ആ അപൂർവ സന്ദർഭവും കൊറോണ വിലക്ക് മൂലം ഒരു സാധാരണ ദിവസമായി കടന്നു പോകുന്നതിനെക്കുറിച്ചു ബാലു വ്യാകുലപ്പെട്ടിരുന്നു. വ്യക്തി ജീവിതങ്ങളിൽ അവിചാരിതമായി വരുന്ന തടസ്സങ്ങൾ തീർക്കുന്ന മുടക്കങ്ങൾക്ക്  ഇത് പോലെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലുമുണ്ട്.

എന്നാൽ ഇപ്പോഴത്തെ ഈ അവസ്ഥ ലോകത്തെ മുഴുവൻ വിലക്കുകൾക്കു വിധേയമാക്കിയിരിക്കുന്ന അപൂർവ ദുരന്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ആളുകൾക്ക് പുറത്തിറങ്ങാൻ വയ്യ. ജോലിചെയ്യാ ൻ കഴിയുന്നില്ല. വിവാഹങ്ങളും മറ്റു ആഘോഷങ്ങളും തടസ്സപ്പെടുന്നു. ആരാധനാലയങ്ങൾ പോലും അടച്ചിടേണ്ടി വന്നിരിക്കുന്നു. 

ഒരുപാടൊരുപാട് പ്രശ്നങ്ങൾ. രോഗവും രോഗഭീതിയും. മരണനിരക്കുകൾ വർധിക്കുന്നു. ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്നു അതിലും വലുതല്ലല്ലോ ആഘോഷങ്ങൾ. ഈ വർഷം വിഷുവില്ല. ഈസ്റ്റർ  ഇല്ല. ഒന്നുമില്ല. ആദ്യം ഈ കോറോണയിൽ നിന്ന് മനുഷ്യരാശി രക്ഷനേടട്ടെ. ആഘോഷങ്ങൾ ഇനിയും വരും ആഘോഷിക്കാൻ നമ്മൾ ഉണ്ടാവണമല്ലോ. അതിനു വേണ്ട കരുതലുകൾ എടുക്കുക. നിദ്ദേശങ്ങൾ പാലിക്കുക. വിഷുവും ഈസ്റ്ററുമൊക്കെ ഇക്കൊല്ലം നമുക്ക് വീട്ടിലിരുന്നു പ്രാർഥിക്കാനുള്ള അവസരമാകട്ടെ.

English Summary : Unexpected Restraint

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.