ലളിതയും ഞാനും ഞാനും ലളിതയും 

Dr. P.A. Lalitha
ഡോ.പി.എ ലളിത
SHARE

എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ഡോക്ടർ ലളിത എന്നെന്നേയ്ക്കുമായി എന്നെ വിട്ടു പോയ ഈ സന്ദർഭത്തിൽ മറ്റാരെക്കുറിച്ചാണ് എന്തിനെക്കുറിച്ചാണ് എനിക്ക് എഴുതാനാവുക! വളരെ  ശ്രേഷ്ഠമായ ഒരു വ്യക്തിത്വം! കോഴിക്കോട് നഗരത്തിലെ മലബാർ ഹോസ്പിറ്റൽ ആൻഡ് യൂറോളജി സെന്റർ എന്ന വലിയ ഹോസ്പിറ്റലിന്റെ ഉടമ.

അതിനു പുറമേ എത്രയോ മഹനീയമായ പദവികൾ. ചരമ അറിയിപ്പിനോടൊപ്പം പത്രത്തിൽ വന്ന കുറിപ്പിൽ വിശദമായി എല്ലാം വന്നിട്ടുണ്ട്. അതൊന്നും ആവർത്തിക്കുന്നില്ല. ഇത്രയും പ്രഗത്ഭയും പ്രസിദ്ധയുമായ ഒരു വനിതാരത്‌നം  ദേവിയുടെ സ്വന്തം ലളിത എന്ന് പറയുമ്പോൾ  ഉണ്ടാവുന്ന അഭിമാനവും നഷ്ടപ്പെട്ടുപോയി എന്ന് പറയുമ്പോഴുള്ള വേദനയും പറഞ്ഞറിയിക്കാനാവില്ല.

ഡോക്ടർ ലളിതയുടെ ആദ്യ പുസ്തകമായ ‘‘മനസ്സിലെ കയ്യൊപ്പ്’’ന്റെ കോംപ്ലിമെന്ററി കോപ്പി കിട്ടിയ അന്ന് മുതൽ ഇഴ കോർക്കാൻ തുടങ്ങുന്നു ഒരു സൗഹൃദത്തിന്റെ നൂലിഴകൾ. മനുഷ്യസ്നേഹിയായ ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പുകളാണ് ആ പുസ്തകം .പുസ്തകം കിട്ടിയ ഉടനെ അതിനെക്കുറിച്ചു ചെറിയൊരു കുറിപ്പ് ഞാൻ മനോരമ ഞായറാഴ്ചയിൽ എഴുതി.

അടുത്ത ദിവസം തന്നെ ഞാൻ ഡോക്ടർക്കൊരു കത്തെഴുതി. അന്ന് തന്നെ മുൻ ചീഫ് സെക്രട്ടറി ടി .എൻ ജയചന്ദ്രൻ സാറിന് ഞാൻ ലളിതയെ പരിചയപ്പെടുത്തി. തിരുവനന്തപുരത്തെ എഴുത്തു കൂട്ടായ്‌മയായ ‘വായന’യിൽ ലളിതയുടെ ബുക്ക് ചർച്ചയ്ക്കു വയ്പ്പിക്കുകയും ചെയ്തു. തെളിഞ്ഞ നീരുറവ പോലെയുള്ള ഒരു സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

പിന്നെ നിരന്തരം ഫോൺ വിളികൾ. ഞാൻ അന്ന് റിട്ടയർ ചെയ്തു കഴിഞ്ഞതുകൊണ്ട് മിക്കവാറും അമ്മയോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. പലപല ഔദ്യോഗിക കാര്യങ്ങൾക്കായി ലളിത വരുമ്പോഴൊക്കെ ഞങ്ങൾ  അവിടെ ഒത്തുകൂടി. പോകുന്നിടത്തൊക്കെ എന്നെയും കൊണ്ടുപോയി. ഐ എം എ യിൽ ,ഇന്ത്യാവിഷനിൽ പിന്നെ ചില ഡോക്ടർ സുഹൃത്തുക്കളുടെ വീടുകളിൽ ഒക്കെ ഞാൻ ലളിതയുടെ  അതിഥിയായി.

എവിടെയൊക്കെ കറങ്ങി നടന്നാലും ഉച്ചയ്ക്ക് എന്റെ വീട്ടിൽ വന്ന് എന്റെ അമ്മ വിളമ്പുന്ന ചോറും മീനും പച്ചക്കറികളും തൈരും കഴിക്കും. അങ്ങനെ അമ്മയ്ക്കും ലളിത പ്രിയങ്കരിയായി. ഈ ചുറ്റിയടിക്കലുകൾ ക്കിടയിൽ ലളിതയുടെ സുഹൃത്ത് ഇന്ദിര എന്റെയും കൂട്ടുകാരിയായി. പ്രശസ്ത സാഹിത്യ നിരൂപകനായ എം . കൃഷ്ണൻ നായർ സാറിനെ സന്ദർശിച്ചതും ലളിതയുടെ ആഗ്രഹപ്രകാരമായിരുന്നു.  സർ എന്റെ അദ്ധ്യാപ കനായിരുന്നു. ലളിത  അദ്ദേഹത്തിന്റെ സാഹിത്യവാരഫലത്തിന്റെ ആരാധികയും. സർ ഞങ്ങളെ അനുഗ്രഹി ക്കുകയും ഓരോ പുസ്തകം സമ്മാനമായി തരികയും ചെയ്തു.

ഇതിനിടെ ജീവിതത്തിൽ ഞാൻ നേരിടേണ്ടി വന്ന ദുരിതങ്ങൾ ദുർഘടങ്ങൾ,ദുരന്തങ്ങൾ ഒക്കെ എന്റെ സ്നേഹിതയെ ധരിപ്പിച്ചു. എന്നോടുള്ള സ്നേഹവും പരിഗണനയും അതോടെ ഇരട്ടിക്കുകയാണുണ്ടായത് . എല്ലാ കൊല്ലവും ഓണത്തിന് എനിക്ക് ലളിതയുടെ ഓണക്കോടി സമ്മാനമെത്തി. ഒരിക്കൽ കാൻസർ വന്നു ഞാൻ  രക്ഷപെട്ടതിനാൽ പ്രതിരോധ ശക്തി കൂട്ടാനുള്ള വിറ്റാമിൻ ഗുളികകളും എത്തിച്ചു തന്നു.

പരിചയപ്പെട്ട അന്നു മുതൽ കോഴിക്കോട്ടേക്ക് ക്ഷണിച്ചു എങ്കിലും പോകാനായില്ല. ആയിടയ്ക്കാണ് തളർച്ച , ഉടൽ വേദന , പനി തുടങ്ങിയ അസുഖങ്ങൾ എന്നെ വിട്ടു മാറാതെ പിടികൂടിയത് ഏറെ താമസിയാതെ എന്റെ ശരീരം മെലിയാനും നിറം ഇരുളാനും തുടങ്ങി. കോട്ടയത്തെ പ്രഗത്ഭനായ ഡോക്ടറെ കണ്ടു . ടെസ്റ്റുകൾ നടത്തി മരുന്നുകൾ കഴിച്ചു. സ്കാൻ ചെയ്തു. ഒരു കുഴപ്പവും കണ്ടില്ല. പക്ഷെ പനി മാറിയില്ല.

Devi With Dr. P.A Lalitha
ഡോ. പി.എ ലളിതയ്ക്കൊപ്പം

അപ്പോൾ ലളിത എന്നെ കോഴിക്കോട്ടേക്ക് വിളിച്ചു. ഞാൻ ചെന്നു. ലളിതയുടെ ആശുപത്രിയിൽ ബ്ലഡ് ടെസ്റ്റ് മുതൽ സിസ്റ്റോസ്കോപ്പി വരെ എല്ലാ പരിശോധനകളും നടത്തി. അങ്ങനെ വീണ്ടും കാൻസർ കോശങ്ങൾ എന്റെ വയറിനുള്ളിൽ വിരുന്നിനെത്തി എന്നവർ കണ്ടു പിടിച്ചു. അന്ന് ലളിത അത് കണ്ടു പിടിച്ചില്ലായിരുന്നുവെങ്കിൽ ഇതെഴുതാൻ ഇന്ന് ഞാൻ ഉണ്ടാവുമായിരുന്നില്ല.

കീമോ തെറാപ്പിയുമായി ഞാൻ എറണാകുളത്തു കഴിയുമ്പോൾ ലളിതയും സുധീരയും പ്രഭയും കൂടി എന്നെക്കാണാൻ വന്നു. ലളിത എന്നും എന്നെ ഫോണിൽ വിളിച്ച് സംസാരിക്കും. ആശ്വസിപ്പിക്കും. എന്നെക്കുറിച്ച് ചന്ദ്രിക പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ നീണ്ട ഒരു ലേഖനമെഴുതുകയും ചെയ്തു. എന്റെ കഥകളെയും ലേഖനങ്ങളെയും അത്യധികം പ്രശംസിക്കുകയും എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഫോണിൽ വിളിച്ചു തനിക്കും കാൻസർ ബാധിച്ചു എന്നു ലളിത  പറയുകയും ചെയ്തത്. ഞാൻ നടുങ്ങി വിറച്ചുപോയി. എന്നാലും ആശ്വസിപ്പിച്ചു. ഇടയ്ക്കിടെ ഫോണിൽ വിളിച്ചു. ഞാൻ കൂടെയുണ്ട് എന്നോർമിപ്പിച്ചു. രണ്ടു തവണ കോഴിക്കോട് പോയി ലളിതയെ സന്ദർശിച്ചു. മനോരമയുടെ കേരളാ കാൻ പരിപാടിയിൽ ലളിതയും ഞാനും ഡോക്ടർ ഗംഗാധരനോടൊപ്പം പങ്കെടുക്കുകയുണ്ടായി.

ഒടുവിൽ 2018ൽ ഞാൻ kLF നു പോയപ്പോൾ മൂന്നു ദിവസം ലളിതയുടെ കൂട താമസിക്കുകയുണ്ടായി. അന്നാണ്  ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടത്. പിന്നീട് ദിവസം പ്രതി ലളിത അവശയായി ക്കൊണ്ടിരുന്നു. ഫോണിൽ വിളിച്ചു സംസാരിക്കാനല്ലാതെ പോയിക്കാണാൻ പറ്റിയില്ല. ഒടുവിൽ മിണ്ടാനും കഴിയാതായി. ഇന്ദിര എന്നെ ദിവസവും വിവരങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. ഒടുവിൽ ആ നടുക്കുന്ന വാർത്തയും വന്നു. ലളിത പോയി.

അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സൗഹൃദം നിലച്ചു പോയി. ഇല്ല എന്നുപറയാ നാവില്ല. ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹൃദ്യമായ പൊട്ടിച്ചിരിയുടെ, കണ്ണീരിൽ നനഞ്ഞ  ഓർമകളിൽ എന്റെ ലളിത ജീവിക്കുന്നു.

English Summary : In Memories Of Dr. P.A Lalitha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.