വീണ്ടും ഒരു ഉറുമ്പു കഥ 

Ant
SHARE

ആനയും ഉറുമ്പും കഥകൾ ഒരു പാടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസം പകരുന്ന കഥകളാണവ. എന്നാൽ ഉറുമ്പും കുഞ്ഞും കഥകൾ അപൂർവമല്ലേ ?  ജോളി അടിമത്ര എഴുതിയ ഒരു മുത്തശ്ശിയും ഉറുമ്പും കുഞ്ഞും കഥ വായിക്കുകയുണ്ടായി.  ശബരിമല ഉൾ വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഒരു മുത്തശ്ശികണ്ടത് നിലത്തു കിടന്നു പിടയുന്ന വലിയൊരു നീറിൻ കൂട്. ഒരു നേരിയ കരച്ചിലും കേട്ടു. കടിച്ചു പൊതിഞ്ഞു കിടന്ന നീറിനെ വളരെ പാടുപെട്ടു തൂത്തു നീക്കി മാറ്റിയപ്പോൾ. ഒരു മനുഷ്യക്കുഞ്ഞ് ! ഒരായിരം വലിയ ഉറുമ്പുകൾ എന്റെ ഹൃദയത്തെ പൊതിയുന്നതായി എനിക്ക് തോന്നി അത് വായിച്ചപ്പോൾ. ഈശ്വരാ! ആരാണതിനെ ഉറുമ്പിനിട്ടു കൊടുത്തത് !എന്തൊരു ക്രൂരത. കഴുത്തു ഞെരിക്കുകയോ മുഖത്തൊരു കട്ടി തുണി അമർത്തുകയോ ചെയ്യുന്നത് എത്ര ഭേദം !

മറ്റൊരു ഉറുമ്പും കുഞ്ഞും കഥ എന്റെ ഓർമയിലുണ്ട്. എത്രയോ വർഷങ്ങൾക്കു മുൻപ് കേട്ടത് .അന്നും ഇത് പോലെ ഉറുമ്പുകടി ഹൃദയത്തിലേറ്റു ഞാൻ പിടയുകയുണ്ടായി. എന്റെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശിക്കു മായിരുന്ന ഒരു പയ്യൻ. അവനെ പ്രദീപ് എന്ന് വിളിക്കട്ടെ. എന്റെ അമ്മയ്ക്ക് അവനോടു വളരെ ദയവും സ്നേഹവും ഉണ്ടായിരുന്നു. അവന്  ആരുമില്ലെന്നും അമ്മാവനോടൊപ്പമാണ് താമസമെന്നും അമ്മ പറഞ്ഞു. അധികം പഠിച്ചിട്ടൊന്നുമില്ല എങ്ങനെയോ ഡിഗ്രി വരെ പഠിച്ചു. ചെറിയ ഒരു ജോലി ഉണ്ട്. വരുമ്പോഴൊക്കെ അമ്മ അവനു നാരങ്ങാ വെള്ളമോ ചായയോ ഒക്കെ കൊടുക്കും. അമ്മയെക്കണ്ട് കുശലം പറഞ്ഞു പ്രദീപ് പോകും. എന്തിനാണവൻ ഇടയ്ക്കിടെ വരുന്നത് എന്നൊരിക്കൽ ഞാൻ ചോദിചിച്ചപ്പോൾ അമ്മ ആ കഥ പറഞ്ഞു.

പ്രദീപും അച്ഛനും അമ്മയും ചേട്ടനും കൂടി സുഖമായി താമസിച്ചു വരികയായിരുന്നു. ഒരു പാട് വികൃതിയായിരുന്നു പ്രദീപ്. അവന്റെ കുസൃതിത്തരങ്ങൾ കൊണ്ട് പൊറുതി മുട്ടി അവന്റെ അമ്മ. അവർ ക്കാണെങ്കിൽ വീട്ടിൽ പിടിപ്പതു പണിയും.ഒരു ദിവസം വലിയ എന്തോ കുരുത്തക്കേട് കാട്ടിയ അവനെ അവർ മുറ്റത്തിനരികിലെ മാവിൻ ചുവട്ടിൽ കെട്ടിയിട്ടു.

വൈകുന്നേരം അടുത്ത് തന്നെയുള്ള അമ്മയുടെ വീട്ടിലേക്കു പോയിരുന്ന മൂത്ത മകനെ കൂട്ടാനായി അമ്മ അങ്ങോട്ട് പോയി. പ്രദീപിനെ കെട്ടിയിട്ടിരിക്കുന്ന വിവരം മറന്നു പോയി.സന്ധ്യക്ക്‌ പ്രദീപിന്റെ അച്ഛൻ ഓഫീസിൽ നിന്ന് വന്നപ്പോൾ മുറ്റത്തു നിന്ന് ഒരു ഞരക്കം. ഇരുട്ട് വീണു തുടങ്ങിയിരുന്നു. മുറ്റത്തെ ലൈറ്റ് ഇട്ട് അച്ഛൻ നോക്കുമ്പോൾ മാവിൻ ചുവട്ടിൽ വീണു കിടക്കുന്നു പ്രദീപ്. അവനെ നീറ് പൊതിഞ്ഞിരുന്നു. 

അച്ഛൻ അവനെ വാരിയെടുത്തു. കരഞ്ഞും നീറിന്റെ കടി കൊണ്ടും അവൻ അവശനായിരുന്നു.അച്ഛൻ അവന്റെ ഉടുപ്പൊക്കെ മാറ്റി ദേഹത്ത് ഏതോ മരുന്നുകൾ പുരട്ടി.കുറച്ചു കഴിഞ്ഞപ്പോൾ അമ്മയെത്തി. വീടിന്റെ പടികടന്നപ്പോഴാണത്രെ കുട്ടിയെ കെട്ടിയിട്ടിട്ടു പോയ വിവരം അവർക്കു ഓർമ വന്നത്. 

എനിക്കതെല്ലാം ഒരു കടങ്കഥ പോലെ തോന്നി. പ്രദീപിന്റെ അച്ഛന് സർവ നിയന്ത്രണങ്ങളും വിട്ടു പോയി .വായിൽ വന്ന ചീത്ത മുഴുവൻ അമ്മയുടെ നേർക്കെറിഞ്ഞു. സ്തംഭിച്ചു നിന്ന അവർക്കു മിണ്ടാനായില്ല . പ്രദീപിന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് വന്ന അമ്മയെ ആ കുട്ടിയെ ഒന്ന് തൊടാൻ പോലും ആ അച്ഛൻ അനുവദിച്ചില്ല പോലും. കഥ കേട്ട ഞാൻ ഒരു നൂറു ചോദ്യങ്ങൾ അമ്മയോട് ചോദിച്ചു. എങ്ങനെയാണ് ആ അമ്മ കുട്ടിയെ കെട്ടിയിട്ടിരിക്കുന്ന കാര്യം മറന്നു പോയത് ?കുട്ടിയെ കൂടാതെ അമ്മ അവരുടെ  വീട്ടിലെത്തിയപ്പോഴും ആരും ചോദിച്ചില്ലേ ?കുട്ടിയെ തനിയെ വിട്ടു അവർ പോകാറുണ്ടായിരുന്നോ? ഓർമ  വന്നപ്പോഴാണോ അവർ ഓടിയെത്തിയത് ?

‘‘ഒന്നിനും ഉത്തരമില്ല’’ അമ്മ പറഞ്ഞു. എന്തിനു പറയുന്നു. അന്ന് രാത്രി തന്നെ ആ അമ്മ തൂങ്ങി മരിച്ചു .കുറ്റബോധമാണോ അതോ അതിനുമാത്രം ചീത്ത പറഞ്ഞോ പ്രദീപിന്റെ അച്ഛൻ ?ആർക്കുമറിയില്ല .ആ രണ്ടു ബാലന്മാർക്ക്  അമ്മയില്ലാതായി. ഏറെ താമസിയാതെ പ്രദീപിന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. രണ്ടാനമ്മ പിന്നെ അന്നും ഇന്നും എന്നും ക്രൂരതയുടെ പര്യായമാണല്ലോ. പ്രദീപും ചേട്ടനും ആകെ കഷ്ടത്തിലായി. അമ്മയുടെ വീട്ടുകാർ അവരെ കൂട്ടിക്കൊണ്ടുപോയി.

‘‘ എന്റെ കൂട്ടുകാരിയായിരുന്നു അവന്റെ അമ്മ. അതാണ് ഇടയ്ക്കു അവൻ എന്നെ കാണാൻ വരുന്നത്. അവനു മറ്റൊന്നും വേണ്ട കുറച്ചു സമയം എന്റെ സാമീപ്യം. സ്നേഹം വാത്സല്യം. അതിനാണ് അവൻ വരുന്നത്. അമ്മ കൂട്ടുകാരിയെ ഓർത്ത് നെടുവീർപ്പിട്ടു. നല്ല ഒരു ജോലി കിട്ടി പ്രദീപ് ദൂരെ എങ്ങോട്ടോ പോയി. പിന്നെ ഞാൻ കണ്ടിട്ടില്ല. കാലം കടന്നു പോയി. എന്റെ അമ്മയും പോയി. ആ ഉറുമ്പു കഥയുടെ നീറ്റൽ ഇന്നും എന്റെ മനസ്സിലുണ്ട് .

English Summary : Elephant And Ant Stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA