വിധി ദൈവം കാലം 

Destiny
SHARE

നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും നമ്മൾ പറയാറുണ്ട്, അതാണ് വിധി, ദൈവനിശ്ചയം അല്ലെങ്കിൽ കാലത്തിന്റെ പോക്കുകൾ. മറ്റെന്തിലാണ് ആശ്രയിക്കാനാവുക. കൊറോണ കഴിഞ്ഞാൽ പ്രളയം വരും എന്നാണ് പ്രവചനം. മനുഷ്യരാകെ ഭീതിയിൽ കഴിയുന്ന ഒരുകാലം. ഇത് പറയുമ്പോലെ ഒരുപാടു വർഷങ്ങൾക്കു  മുൻപ് തിരുവനന്തപുരത്തിനടുത്ത് ഒരു ഗ്രാമ വാനപ്രദേശത്ത്  ഒരു ഉരുൾ പൊട്ടൽ ഉണ്ടായതിനെക്കുറിച്ച്  ഒരു സുഹൃത്ത്  പറയുകയുണ്ടായി.അനേകം പേർക്ക് ജീവനും സ്വത്തുക്കളുമൊക്കെ നഷ്ടപ്പെട്ടു. ഒരേ കുടുംബത്തിലെ തന്നെ ഒരുപാടുപേർ മരിച്ചതായിരുന്നു ആ ദുരന്തത്തിലെ ഏറ്റവും വലിയ  നഷ്ടം. ആ പ്രദേശത്ത്  ആ ഒരുവീട് മാത്രമേ പരി പൂർണമായി തകർന്നുള്ളു. തൊട്ടടുത്ത വീടുകൾക്കൊന്നും വലിയ കേടുപാടുകൾ സംഭവിച്ചില്ല. ആരും മരിച്ചുമില്ല. ഈ വീട് മാത്രം തവിടുപൊടിയായി. ഒരു വീടവിടെ ഉണ്ടായിരുന്നു എന്നുപോലും അറിയാനാവാതെ. അതിനുള്ളിൽ  ഉണ്ടായിരുന്നവരെല്ലാം തന്നെ മണ്ണിനടിയിലായി.

നാട്ടുകാർ പിന്നീട് പറഞ്ഞത്രേ. ഈശ്വരന്റെ അലംഘനീയമായ വിധി. കാലത്തിന്റെ പകവീട്ടൽ. അങ്ങനെ സംസാരങ്ങളുണ്ടായതിനു കാരണമുണ്ടായിരുന്നു. അതൊരു പഴയകഥ. ആ വീട്ടിലെ ഗൃഹനായകൻ വളരെ ക്രൂരനായിരുന്നത്രെ. സുന്ദരിയും സുശീലയുമായ  ഒരു സാധു സ്ത്രീ ഭാര്യ അയാൾക്ക്‌  മൂന്നു മക്കൾ. മൂത്തമകൾ ഭർത്താവും കുട്ടികളുമായി ഗൾഫിൽ അതിനു താഴെയുള്ള മകന്റെ വിവാഹത്തിനു തലേന്നാണ് ഉരുൾ പൊട്ടിയത്. 

അയാൾക്ക്‌ ഒരു ഇളയമകൾ കൂടി ഉണ്ടായിരുന്നു. മെഡിസിന് പഠിച്ചു കൊണ്ടിരുന്ന സുന്ദരിയായ ലിസ. അവൾ ബാല്യകാലകളിത്തോഴനായ രാജുവുമായി കടുത്ത സ്നേഹത്തിലായിരുന്നു. പഠിത്തം പാതിക്കു നിറുത്തി ജോലിയും കൂലിയുമില്ലാതെ നടന്ന രാജു ലിസയുടെ വീട്ടുകാർക്ക് സ്വീകാര്യനയല്ലായിരുന്നു.  സാമദാനഭേദദണ്ഡങ്ങൾക്കും ലിസയെ പിന്തിരിപ്പിക്കാനായില്ല. ലിസയുടെ പഠിത്തം കഴിഞ്ഞാലുടൻ വിവാഹം എന്നവർക്ക് ഒടുവിൽ സമ്മതിക്കേണ്ടി വന്നു.

പെട്ടെന്നൊരു ദിവസം രാജു അപ്രത്യക്ഷനായി. ലിസയുടെ അച്ഛനും കൂട്ടരും കൂടി റബ്ബർ ഷീറ്റു പുരയ്ക്കുള്ളിലിട്ട് അവനെ കത്തിച്ചു കളഞ്ഞു എന്നായിരുന്നുകഥ. കേസും കൂട്ടവുമൊക്കെയുണ്ടായെങ്കിലും ലിസയുടെ ചിറ്റപ്പൻ ഡി എസ് പി യാകയാൽ ഒന്നും വിലപ്പോയില്ല. പക്ഷേ ലിസ ആ റബർ ഷീറ്റു പുരയിൽ തന്നെ ആത്മഹത്യ ചെയ്തു. രാജുവിന്റെ കൂട്ടുകാർ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നും കഥയുണ്ടായി.

ലിസയുടെ അമ്മ, ചിറ്റപ്പൻ ഡി എസ് പി,അയാളുടെ ഭാര്യ,അയാളുടെ മക്കൾ മരുമക്കൾ,കൊച്ചുമക്കൾ ലിസയുടെ ചേച്ചി, ഭർത്താവ് അവരുടെ  മൂന്നു കുട്ടികൾ,ലിസയുടെ ചേട്ടൻ (പിറ്റേന്നത്തെ വരൻ )  ഇങ്ങനെ പത്തു മുപ്പതാളുകൾ നഷ്ടപ്പെട്ടു പോയത്രേ. മണ്ണിളക്കി കഷ്ണം കഷണമായാണത്രെ ജഡങ്ങൾ പുറത്തെടുത്തത്. ലിസയുടെ അച്ഛൻ മാത്രം രക്ഷപ്പെട്ടത് അയാൾക്ക്‌ ലഭിച്ച കടുത്ത ശിക്ഷയാണത്രെ. 

ഒറ്റപ്പെട്ടു ജീവിതകാലം മുഴുവൻ കരഞ്ഞു കഴിയണമല്ലോ. മരിച്ച രണ്ടാത്മാക്കളുടെ ശാപം. ഈശ്വരന്റെ നിശിതമായ ശിക്ഷ. കാലത്തിന്റെ കടുത്ത പക. എന്നൊക്കെയല്ലേ നമ്മൾ ധരിക്കുക ! ഇനി കേൾക്കൂ ബാക്കി കഥ. ലിസയുടെ അച്ഛൻ ആ വീടിരുന്ന സ്ഥലത്തു തന്നെ വീട് വച്ചു. ഒരു സ്ത്രീയെ വിവാഹം കഴിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരം മുഴുവൻ വാങ്ങി,സുഖമായി ജീവിക്കുന്നു. എന്ത് വിധി ,എന്ത് ദൈവം ,എന്ത് കാലം !നമുക്ക് മൂക്കത്ത് വിരൽ വയ്ക്കാം .!!

English Summary : Destiny, God And Time 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA