സോറി പറഞ്ഞാൽ തീരാതെ 

Misunderstanding
SHARE

ഒരിക്കൽ ഞാൻ നിന്നെക്കുറിച്ചെഴുതുമെന്നു പണ്ടേ നിശ്ചയിച്ചിരുന്നു. എഴുതാനാവാതെ കുഴയുകയായിരു ന്നു ഇത്രയും നാൾ. ഇന്നലെ മറ്റൊരാളോട് പഴയകഥകൾ പറഞ്ഞ കൂട്ടത്തിൽ നിന്നെക്കുറിച്ചു പറയേണ്ടി വന്നു. അപ്പോൾ കരുതി ഇത്തവണ നിന്നെക്കുറിച്ചാകട്ടെ ഓർമ്മക്കുറിപ്പുകൾ.

കാലം ഒരുപാടു പിറകിലേക്ക് പോകേണ്ടി വരും. മുപ്പതോ മുപ്പത്തിമൂന്നോ കൊല്ലം മുൻപ്, ഒരു സർക്കാർ ജോലി കിട്ടി ഞാൻ ഓഫീസിൽ എത്തിയകാലം. പതിവുള്ള പൊങ്ങച്ചം പറയട്ടെ. അന്ന് രണ്ടു മക്കളുടെ അമ്മയാണെങ്കിലും എന്നെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. കടുത്ത നിറമുള്ള സാരികളും വെറുതെ ഒരു കുളിപ്പിന്നൽ പിന്നി അഴിച്ചിട്ടു വരുന്ന നീളം കുറവെങ്കിലും സമൃദ്ധമായ മുടിയും  ചെറുപ്പത്തിന് മാറ്റു കൂട്ടി. അതിസുന്ദരിയല്ലെങ്കിലും സുന്ദരി തന്നെ. ജോലി കിട്ടാൻ വൈകിയത് കൊണ്ട് കല്യാണം അൽപം വൈകിയ ഒരു ചെറുപ്പക്കാരിയാണ് ഞാൻ എന്ന് സഹപ്രവർത്തകർ കരുതി. വന്ന ഉടനെ ചരിത്രം മുഴുവൻ വിളമ്പേണ്ടന്നു ഞാനും കരുതി.  

അങ്ങനെയിരിക്കെ ചിലർ എനിക്ക് ചില വിവാഹാലോചനകളുമായി വന്നു. അവർക്കു വേണ്ടിയല്ല. അവരുടെ ജേഷ്ഠ്യന്മാർക്കുവേണ്ടി അല്ലെങ്കിൽ അൽപം മൂത്ത സുഹൃത്തുക്കൾക്ക് വേണ്ടി. എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. സൗമ്യയായി ഞാൻ പറഞ്ഞു. ‘‘എനിക്ക് സമ്മതമാണ്. പക്ഷേ എനിക്ക് പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനുണ്ട് അവനോടു കൂടി ഒന്ന് ചോദിക്കട്ടെ’’

അവിടെ ചിരിയുടെ മലപ്പടക്കങ്ങൾക്കു തിരി കൊളുത്താൻ പോന്നതായിരുന്നു ആ തമാശ. ഏറെ വർഷങ്ങൾ ജോലി ചെയ്തു പിരിയുന്നതിനിടെ പലപ്പോഴും ഇതോർമ്മിച്ചെടുത്ത് ആ കൂട്ടുകാരും ഞാനും ചിരിക്കുമാ യിരുന്നു. ഒരിക്കൽ തകർന്നടിഞ്ഞു പോയെങ്കിലും വീണ്ടും ജീവിതം കെട്ടിപ്പടുക്കുന്നതിൽ തെറ്റെന്താണ്. പ്രായം അങ്ങനെ കടന്നു പോയിട്ടുമില്ല. പലരും എന്നെ ഉപദേശിച്ചു. പക്ഷെ രണ്ടാമതൊരാളെ പരിഗണി ക്കാവുന്ന ഒരു സാഹചര്യമോ മനസികാവസ്‌ഥയോ ആയിരുന്നില്ല അന്നെൻറെത്. 

അപ്പോഴാണ് ഒരു സുഹൃത്തുമായി ഞാൻ വളരെ അടുത്തത്. അടുത്തിടപഴകുമ്പോൾ സ്ത്രീപുരുഷ ബന്ധങ്ങളിൽ ഉണ്ടാവുന്ന നിറഭേദങ്ങൾ അനിവാര്യമല്ലേ? എത്രയായാലും മനുഷ്യനല്ലേ എന്ന് കവി പാ ടിയിട്ടില്ലേ? പ്രണയം എന്നൊന്നും പറഞ്ഞുകൂടാ .എന്നാലും വലിയ ഒരടുപ്പം എന്ന് കണ്ടപ്പോൾ ഞാൻ എന്റെ നിലപാട് വ്യക്തമാക്കി. 

തീരെ  ചെറുപ്പത്തിലേ വിവാഹിതയായതാണ് ഞാൻ.  രണ്ടു മുതിർന്ന മക്കളുണ്ട്. നഗരമധ്യത്തിലെങ്കിലും അൽപം യാഥാസ്ഥിതികമനോഭാവമുള്ള കുടുംബാംഗമാണ്. ഒരിക്കലും  രണ്ടു വ്യത്യസ്ത മതത്തിൽ പെട്ട നമ്മൾ ചേരുകയില്ല.നിങ്ങൾ ചെറുപ്പമാണ്. ഒരു പക്ഷേ ആദ്യം അടുപ്പം തോന്നിയ പെണ്ണെന്ന നിലയിൽ ഒരു താൽക്കാലിക ഭ്രമം മാത്രമാണിത്. തികച്ചും ഒരു പട്ടണപ്പെണ്ണാണ് ഞാൻ. നിങ്ങൾ ഒരു നാട്ടുംപുറത്തു കാരനും. എന്നേക്കാൾ പ്രായവും കുറവ്. ശരിയാവില്ല.

ഉമ്മ കണ്ടു പിടിക്കുന്ന തലയിൽ തട്ടമിട്ട ഒരു സുന്ദരിയാണ് നിങ്ങൾക്ക് ചേരുക. സ്വന്തം ഭാവിയാണ് സുരക്ഷിതമാക്കേണ്ടത്. മറ്റുള്ളവർക്കുവേണ്ടി ത്യാഗം സഹിച്ചു നശിപ്പിക്കാനുള്ളതല്ല ജീവിതം. എന്റെ ഉപദേശങ്ങളൊന്നും അയാൾ ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല കടുത്ത ദേഷ്യവും വെറുപ്പും വിരോധവും എന്നോട് കാട്ടുകയാണ് ചെയ്തത്. ഒരു സിംഗിൾ വുമൺ,കണ്ടാൽ തെറ്റില്ല, പ്രായം കുറവ് അപ്പോൾ സ്വാഭാവികമായുണ്ടാവുന്ന അപവാദങ്ങൾ സമൂഹം എന്റെമേലും വാരിയെറിഞ്ഞു. അതെല്ലാം എന്റെ സുഹൃത്ത് വിശ്വസിക്കുകയും എന്നോട് കൂടുതൽ വിദ്വേഷമാവുകയും ചെയ്തു. മക്കൾ നല്ല സപ്പോർട്ട് ആയി കൂടെയുണ്ടായിരുന്നതിനാൽ എനിക്ക് അതൊക്കെ അവഗണിക്കാൻ കഴിഞ്ഞു. മക്കളും ഞാനും പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുമായിരുന്നു.

പിന്നെ ആ സുഹൃത്തും ഞാനും തമ്മിൽ കണ്ടില്ല. മിണ്ടിയില്ല. ഓഫീസിൽ തന്നെ പല സെക്ഷനുകളിലാ യതിനാൽ ഒഴിവാക്കാൻ എളുപ്പമായിരുന്നു. അപ്പോഴാണ് എനിക്ക് കാൻസർ രോഗം ബാധിച്ചത്.ചികിത്സകളും ചെക്കപ്പുകളുമായി അഞ്ചു വർഷം  കടന്നു പോയി. അദ്ഭുതകരമായ ഒരു സുഖംപ്രാപിക്കൽ ഉണ്ടായത് ഭാഗ്യം . പൂർണമായും പഴയത് പോലെ ആയില്ലെങ്കിലും ഒരു രോഗിയായിരുന്നു എന്ന് കണ്ടാലാരും പറയാത്ത ഒരവസ്ഥയിലേക്ക് ഞാനെത്തി.

വീട് ,മക്കൾ, ഭാവി ഇതൊക്കെയല്ലാതെ മറ്റൊന്നും ചിന്തിക്കാനാവാത്ത ഒരു കാലം. ഇടയ്ക്കു എഴുതുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കാലം കടന്നു പോയി. ഒരു ദിവസം ഒരടുത്ത കൂട്ടുകാരി ചോദിച്ചു ‘‘എന്തായിരുന്നു ......സാറുമായി ?’’ ഞാൻ ഞെട്ടി. അതൊക്കെ എന്നേ  മറന്നു പോയിരുന്നു ‘‘ ഒരുപാടു കഥകൾ ഞങ്ങൾ കേട്ടിരുന്നു’’ അവൾ തുടർന്നു. മൗനം ചില സന്ദർഭങ്ങളിൽ ഒരു കവചമാണല്ലോ . ഞാൻ അതണിഞ്ഞു നിന്നു. ‘‘നിന്നെ  ഇഷ്ടമായിരുന്നുവെന്നും അതുകൊണ്ടാണ് പിന്നെ കല്യാണം കഴിക്കാതിരുന്നതെന്നും കേട്ടിരുന്നു’’. ഇതിനൊക്കെ എന്ത് മറുപടിയാണ് പറയുക?. അതവിടെ തീർന്നു. അവ പിന്നീടൊരിക്കലും ഒന്നും ചോദിച്ചില്ല.

പെൻഷൻ പറ്റി  ഞാൻ പടിയിറങ്ങി. കുറേ വർഷങ്ങൾ കഴിഞ്ഞു ആ സുഹൃത്തും ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞിട്ടുണ്ടാവും. പിന്നെയും ദുരന്തങ്ങളുടെ ഘോഷയാത്രയായി എന്റെ ജീവിതം .എന്തുകൊണ്ടാണിങ്ങനെ എന്ന് എപ്പോഴും വിധിയോടും ഈശ്വരനോടും ഞാൻ ചോദിച്ചു കൊണ്ടിരുന്നു. ഏതു ജന്മത്തിലെ പാപഫലം അതോ ശാപ ഫലമോ എന്നു ചിന്തിച്ചു പോയ ഒരു നിമിഷത്തിൽ ഞാനാ പഴയ സുഹൃത്തിനെ ഓർത്തു. 

സത്യത്തിൽ പരിപൂർണമായും അതെല്ലാം ഞാൻ മറന്നിരിക്കയായിരുന്നു. ഓർത്തപ്പോൾ മനസ്സിൽ ഒരു കരിങ്കല്ലിന്റെ സാന്നിധ്യം ഞാനറിഞ്ഞു. അറിഞ്ഞോ അറിയാതെയോ ആ ഒറ്റപ്പെടലിനു ഞാൻ കാരണക്കാരി യായോ? ഒരു ക്ഷമാപണം നടത്തേണ്ടതുണ്ട് എന്ന്  തോന്നി. അയാളെക്കുറിച്ച്ഒരു വിവരവും ഇല്ല. എന്താ ചെയ്യുക. ഒടുവിൽ മറ്റൊരു സുഹൃത്തിൽ നിന്ന് എനിക്കയാളുടെ ഫോൺ നമ്പർ കിട്ടി. അപ്പോഴും വിളിക്കാൻ ധൈര്യം വന്നില്ല. ബദ്ധ ശത്രുതയിൽ പിരിഞ്ഞതല്ലേ ? വർഷം പത്തു മുപ്പതു കഴിഞ്ഞിരിക്കുന്നു. എന്തായാലും ധൈര്യം വിരൽത്തുമ്പിലെത്തിയ നിമിഷം ഫോണിൽ ആ നമ്പർ ഡയൽ ചെയ്തു.

സൗമ്യമായ ഒരു  ഹലോയ്ക്കു മറുപടിയായി അതിലും സൗമ്യമായി ഞാൻ പറഞ്ഞു.

‘‘ഞാൻ പഴയ ....യാണ്’’  നിമിഷങ്ങൾ നിശബ്ദമായി... ‘‘എന്നോട് ഇപ്പോഴും ദേഷ്യമാണോ ?’’

‘‘ഏയ് എനിക്കാരോടും ദേഷ്യമില്ല’’

‘‘എന്റെ മകൻ സൂരജ് ’’

‘‘അറിഞ്ഞു.ഞാൻ എല്ലാം അറിഞ്ഞിരുന്നു’’

 ഓ....പിന്നീട്  സാധാരണ കുശലങ്ങൾ ഇപ്പോൾ എവിടെയാണ് എന്ത് ചെയ്യുന്നു. എല്ലാം ഞാനാണ് ചോദിച്ചത് . ഇങ്ങോട്ടു ചോദ്യങ്ങൾ ഉണ്ടായില്ല. ഒരു സോറി പറയാൻ മറന്ന്, എന്നാൽ ശരി എന്നുപസംഹരിച്ച് ഞാൻ ഫോൺ വച്ചു. വലിയ ഒരു ഭാരം മനസ്സിൽ നിന്നൊഴിഞ്ഞു പോയി. അല്ലെങ്കിൽ ഇനിയത്  പറഞ്ഞിട്ടെന്തിനാ ? നിസ്സഹായതയുടെ ചില തീരുമാനങ്ങൾ  പിൽക്കാലത്തു തിരുത്താനാവില്ലല്ലോ.

English Summary : How does it feel to lose your best friend just because of misunderstanding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA