എഴുത്തിന്റെ വഴികൾ 

Writing
SHARE

എപ്പോഴാണ് എഴുത്തു തുടങ്ങിയത്? എഴുത്തിന്റെ വഴികളിലേക്ക് നടന്നതെങ്ങനെ? എഴുതാൻ പ്രേരണയാ യതെന്താണ് ? ഇത്തരം ചോദ്യങ്ങൾ മിക്കവാറും എല്ലാ എഴുത്തുകാരും എപ്പോഴെങ്കിലു മൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടാകും .ഞാൻ സ്വയം പലപ്പോഴും ആലോചിച്ചിട്ടുണ്ട്,എഴുതാനുള്ള അഭിരുചി എനിക്കുണ്ടെന്ന്  എപ്പോഴാണ് ഞാൻ അറിഞ്ഞത്? അതോ മറ്റാരെങ്കിലുമാണോ അത് മനസ്സിലാക്കി എന്നെ എഴുത്തിലേക്ക് നയിച്ചത്? അച്ഛനാണ് എന്നെ വായനയിലേക്കും എഴുത്തിലേക്കും നയിച്ചതെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും പഠിത്തത്തിനപ്പുറം എഴുത്തിനു പ്രോത്സാഹനമൊന്നും എനിക്ക് അച്ഛനമ്മമാരിൽ നിന്ന് ലഭിച്ചിട്ടില്ല. വായനയിൽ ഉള്ള അതീവ താത്പര്യത്തെ അനുവദിച്ചുതരികയും ചെയ്തു.

എന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടി ഒരു പ്രണയലേഖനമായിരുന്നു എന്ന് പറഞ്ഞാൽ വായനക്കാർ ഞെട്ടുമോ? ഒരുപാടു വർഷങ്ങൾക്കു മുൻപാണ്. അന്ന് ഞാൻ നാലിലോ അഞ്ചിലോ പഠിക്കുകയാണ്. ഏഴോ എട്ടോ വയസ്സുണ്ടാവും. എന്റെ ഭാവനയ്ക്ക് ചിറകു മുളച്ച കാലം. ഞങ്ങളുടെ തെരുവിൽ കളിക്കാനായി ഒരു കുട്ടിക്കൂട്ടം തന്നെ ഉണ്ടായിരുന്നു. കൂട്ടത്തിൽ പഠിക്കാൻ മിടുക്കനും സുന്ദരനും കുസൃതിയുമായ ഒരു ആൺകുട്ടിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു.അവന് എന്നെയും. 

പരസ്പരം വലിയ അടുപ്പവും ബന്ധവുമൊക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ വീട്ടുകാർ തമ്മിലും. ഇടയ്ക്കു അവൻ കളിക്കാൻ വരില്ല. അപ്പോൾ അവനെ ഞാൻ വല്ലാതെ മിസ് ചെയ്യും. അങ്ങനെ ഒരവസരത്തിൽ ഞാൻ എന്റെ കളിക്കൂട്ടുകാരന്  ഒരു കത്തെഴുതി. അതൊരു പ്രണയലേഖനമൊന്നുമായിരുന്നില്ല. അവനു കൊടുക്കാ നൊന്നും ഉദ്ദേശിച്ചതുമില്ല. അച്ഛനോ അമ്മയോ ആ കത്ത് കണ്ടെടുത്തു. നല്ല ശകാരം കിട്ടി. അന്ന്  ആൺകുട്ടികൾക്ക് പെൺകുട്ടികൾ കത്തെഴുതുന്നതൊക്കെ തെറ്റാണ്. ഞാൻ നാണിച്ചുപോയി. 

ഏതായാലും അതോടെ എന്റെ ഭാവനയുടെ കൂമ്പടഞ്ഞു. പിന്നീട് ഞാൻ എഴുതാൻ തുടങ്ങിയത് ഹൈ സ്കൂൾ ക്ലാസ്സിൽ എത്തിയപ്പോൾ മാഗസിനിൽ ചില ലേഖനങ്ങളാണ്. മനസ്സിൽ തോന്നുന്ന ചില  നുണക്കഥകൾ രഹസ്യമായി നോട്ട് ബുക്കിൽ കുറിച്ച് വച്ചിരുന്നു. ചെറിയ ചെറിയ പ്രേമങ്ങളും തമാശകളും കൗമാരത്തിൽ ഇല്ലാത്തതാരാണ്. അക്കാലത്തു കിട്ടിയിരുന്ന ചില പ്രേമലേഖനങ്ങളും ഗ്രീറ്റിംഗ് കാർഡുകളും  അവയ്‌ക്കെഴുതിയിരുന്ന മറുപടികളും കവിതകൾ പോലെ മനോഹരമായിരുന്നു എന്ന് ഇന്നും ഓർക്കുന്നു.

വരികൾ ഒന്നും ഓർമയില്ല എങ്കിലും അവയൊക്കെ എന്റെ എഴുതാനുള്ള താത്പര്യം വളർത്തി. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ധൈര്യം വന്നു അന്നത്തെ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങുന്നവർക്കുള്ള പംക്തികളിൽ ഞാൻ എഴുതാൻ തുടങ്ങി. ആദ്യം പ്രസിദ്ധീകരിച്ച കഥ ഏതൊന്നൊന്നും ഓർമയില്ല. ആ പ്രസിദ്ധീകരണ ങ്ങളും എടുത്തു വച്ചില്ല. വർഷങ്ങൾക്കു   മുൻപ്  കുങ്കുമം വാരിക പ്രസിദ്ധീകരിച്ച ‘ഒഴിഞ്ഞ കൂട്’ എന്ന കഥയാണ് കണ്ടുകിട്ടിയിട്ടുള്ള ആദ്യത്തെ കഥ.

പതിനാറു വയസ്സു മുതൽ അന്നത്തെ പ്രസിദ്ധ വാരികകളിൽ ഇടയ്ക്കിടെ കഥകളെഴുതിയിരുന്നു ഞാൻ. പത്തൊൻപതു വയസ്സിൽ വിവാഹം കഴിഞ്ഞതോടെ എഴുത്തു നിന്നുപോയി. പിന്നെയും തുടർന്ന വിദ്യാഭ്യാസവും പിന്നെ മക്കളും പാരലൽ കോളേജിലെ അധ്യാപകവൃത്തിയും ഒക്കെക്കൂടി എന്റെ ഭാവനയുടെ മേൽ പ്രാരാബ്ധങ്ങളുടെ കനത്ത പ്രഹരമേൽപ്പിച്ചു . പിന്നെ ഞാൻ എഴുതിയതേയില്ല നീണ്ട ഇരുപതു വർഷക്കാലം.

ആ ജീവിതത്തിനു തിരശീല വീണ് വീണ്ടുമെഴുതിത്തുടങ്ങിയതോ വനിതയിലും മനോരമ ഞായറാഴ്ചയി ലും.ഉഷച്ചേച്ചി (ശ്രീമതി ഒ .വി .ഉഷ )യാണ് പറഞ്ഞത് കഥ മാതൃഭൂമിക്ക് അയയ്ക്കൂ എന്ന്. പിന്നെ കലാകൗ മുദി ,കഥ ,മാധ്യമം ,മാതൃഭൂമി ഇവയിലെല്ലാം എന്റെ കഥകൾ വന്നു. തുടർന്ന് ഒരുപാടു കഥകൾ, ലേഖനങ്ങൾ , പംക്തികൾ. ചെറുപ്പകാലത്തെഴുതിയ ചില കഥകൾ എങ്ങനെയൊക്കെയോ കണ്ടെടുത്തു.

പുതിയ ചില കഥകളും ചേർത്ത്  ‘ഒരു മധ്യാഹ്നത്തിലെ വിസ്മയം’ എന്ന ആദ്യ സമാഹാരം ഇറങ്ങിയപ്പോൾ മധ്യവയസ്സു കഴിഞ്ഞിരുന്നു. പിന്നീട് തുടർച്ചയായി ചെറുകഥാ സമാഹാരങ്ങൾ ,നോവലുകൾ, ഓർമ്മക്കുറി പ്പുകൾ ഒക്കെ പ്രസിദ്ധീകരിച്ചു. ഇതിനായി പ്രോത്സാഹിപ്പിച്ച   കൂട്ടുകാർക്കും പുസ്തകങ്ങൾ ഇറക്കിയ പ്രസാധകർക്കും നന്ദി.

എന്റെ കൃതികൾ ആദ്യം വായിക്കുകയും ആസ്വദിക്കുകയും ചിലപ്പോൾ വിമർശിക്കുകയും ചെയ്തിരുന്നത് എന്റെ അച്ഛനമ്മമാരായിരുന്നു. എന്റെ മക്കളാണ് അന്നും ഇന്നും എന്റെ ഏറ്റവും നല്ല എഡിറ്റർമാർ. ജീവിത ത്തിൽ ഒന്നാം സ്ഥാനം ഞാൻ കൽപ്പിച്ചത് മക്കളും ഞാനും മാത്രമുള്ള എന്റെ കുടുംബത്തിനായിരുന്നു.  പിന്നെ എനിക്ക് ഏറ്റവും അത്യാവശ്യമായ എന്റെ സർക്കാർ ജോലി. മൂന്നാം സ്ഥാനമേ എഴുത്തിനു നൽകാനായുള്ളു. അല്ലെങ്കിൽ വലിയ എഴുത്തുകാരിയായേനെ എന്ന് ചിലപ്പോൾ തോന്നാറുണ്ട്.

പക്ഷേ ദുരിതങ്ങൾ വീണ്ടും എന്റെ എഴുത്തിനെ തടഞ്ഞു. എന്നാലും ഇടയ്ക്കിടെ എങ്ങു നിന്നെന്നറിയാതെ ഒരു തെളിനീർ പ്രവാഹം പോലെ ഇന്നും എഴുത്ത് കടന്നു വരുന്നു. വല്ലപ്പോഴും ചില കഥകൾ, പിന്നെ മനോരമ ഓൺലൈനിൽ പതിനഞ്ചു വർഷമായി മുടങ്ങാതെ എഴുതുന്ന ‘കഥയില്ലായ്മകൾ’ എന്ന അനുഭവ ക്കുറിപ്പ് ! ഇവയിലൊതുങ്ങുന്നു ഇന്ന് ദേവിയുടെ എഴുത്ത് !

English Summary : My Writings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.