ഓർമകളുടെ കൂട്ടായ്‌മ

memory
പ്രതീകാത്മക ചിത്രം
SHARE

‘ശംഖുപുഷ്‌പം  കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമവരും’ – വയലാറിന്റെ ഈ വരികളാണ് ഓർമകൾ കൂട്ടുകൂടുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം.  ഒന്ന് കാണുമ്പോൾ മറ്റൊന്നിനെ ഓർമവരിക. . . . സൈക്കോളജിയിൽ ഇതിന് അസോസിയേഷൻ എന്നാണ് പറയുക.

നിത്യ ജീവിതത്തിൽ നമുക്ക് ഇത്തരം എത്രയോ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്.

വളരെ വർഷങ്ങൾക്ക് മുൻപ് കുടുംബജീവിതത്തിന്റെ ഭാഗമായി എനിക്ക് അകലെ ഒരു നഗരത്തിൽ താമസിക്കേണ്ടി വന്നു. അന്ന് ഞാൻ ഒരു കൊച്ചു ഗർഭിണിയാണ്.  പ്രായം വളരെക്കുറവ്.  അതിലേറെ പാകതക്കുറവ്.  ഇഷ്ടം തോന്നുന്നതൊക്കെ വാരിവലിച്ചു കഴിക്കുക, പിന്നെ അതെല്ലാം ഛർദ്ദിക്കുക.  അതായിരുന്നു എന്റെ ദിനചര്യ. അങ്ങനെയിരിക്കെ എനിക്ക് പുട്ടു തിന്നാൻ വല്ലാത്ത കൊതി തോന്നി. പുട്ടു വിരോധികളാണ് വീട്ടിലെ മറ്റാളുകൾ. അതുകൊണ്ട് അവിടെ പുട്ടുണ്ടാക്കാറേയില്ല. എനിക്ക് വേണമെന്ന് പറഞ്ഞാൽ ഒരു പുട്ടുണ്ടാക്കി തരാതിരിക്കില്ല. പക്ഷേ എന്തുകൊണ്ടോ അത് പറയാൻ ഞാൻ മടിച്ചു. അയൽപക്കത്ത് ഒരു അമ്മയും മകനുമാണ് താമസം. പ്രസവമടുത്ത് നാട്ടിലേക്കു പോകാനുള്ള സമയമായപ്പോൾ ആ അമ്മ എന്നെ ക്ഷണിച്ചു. ‘പോവുകയല്ലേ മോളേ വൈകുന്നേരം ഇവിടെ ഭക്ഷണം കഴിക്കാം’. ഞാൻ ക്ഷണം സ്വീകരിച്ച് അവിടെ ചെന്നു. മേശമേൽ നിരന്ന വിഭവങ്ങൾ കണ്ട് അദ്‌ഭുതം കൊണ്ട് എന്റെ കണ്ണ് മിഴിഞ്ഞു.  ആവി പറക്കുന്ന പുട്ട്, കടലക്കറി, പുഴുങ്ങിയ ഏത്തപ്പഴം, പുഴുങ്ങി തോട് പൊളിച്ച മുട്ടകൾ. മേശയ്ക്കരികിലെത്തി പ്ലേറ്റിലേക്ക് എല്ലാം വിളമ്പി ഞാൻ തിന്നാൻ തുടങ്ങി. അത്രയും രുചിയുള്ള ഭക്ഷണം അതിനു മുൻപോ അതിനു ശേഷമോ കഴിച്ചിട്ടില്ല. വർഷങ്ങൾ എത്ര കഴിഞ്ഞു. ഞാനവരെ മറന്നു. ഇന്നും പുട്ടുണ്ടാക്കുമ്പോൾ, പുട്ടു കഴിക്കുമ്പോൾ ആ അമ്മയും മകനും അന്ന് കഴിച്ച പുട്ടും മനസ്സിലേക്കോടിയെത്തും. അല്ലാത്തപ്പോൾ അവരെ ഓർക്കാറേയില്ല.  അതാണ് ഓർമകൾ തമ്മിലുള്ള കൂട്ടുകെട്ട്. 

ഏറെ വർഷങ്ങൾക്കു മുൻപ് ഒരു കീമോ തെറപ്പിക്കാലം എനിക്കുണ്ടായിരുന്നു. അന്ന് കാൻസർ ചികിത്സ ഇത്ര പുരോഗമിച്ചിട്ടില്ല. സിരകളിലൂടെ മരുന്ന് കയറിത്തുടങ്ങുമ്പോൾത്തന്നെ ഞാൻ ഛർദിച്ചു തുടങ്ങും. അച്ഛനും അമ്മയും ഒരു ബേസിനിൽ ഛർദി ഏറ്റുവാങ്ങി കൊണ്ടുക്കളയും. ഒരു തവണ അച്ഛന് എന്തോ അസൗകര്യമുണ്ടായി അമ്മയും സിന്ധു എന്ന് പേരുള്ള ഒരു ചേച്ചിയുമാണ് എന്നോടൊപ്പം അന്ന് ഉണ്ടായിരുന്നത്. കീമോ കഴിഞ്ഞു വീട്ടിലെത്തിയാലും നാലഞ്ച് ദിവസം ഛർദ്ദിയും അവശതയും നമ്മളെ വലയ്ക്കും. പതുക്കെ അതിൽനിന്ന് കരകയറും. അങ്ങനെ സുഖം പ്രാപിച്ച ഒരവസരത്തിൽ അമ്മ പറഞ്ഞു. ‘സിന്ധു വിളിച്ചിരുന്നു. നിനക്ക് എങ്ങനെയുണ്ടെന്നു തിരക്കി’. ആ പേര് കേട്ടതും എനിക്ക് വല്ലാതെ മനംപുരട്ടി ഞാൻ ഛർദ്ദിച്ചു. ആ ചേച്ചി എനിക്ക് പ്രിയപ്പെട്ടവൾ. അന്നത്തെ ഛർദി സമയത്തു കൂടെ ഉണ്ടായിരുന്നതു കൊണ്ടാവാം അവരെ ഓർത്തതും എനിക്ക് വയ്യാതായത്. ദിവസങ്ങളോളം ആ പേര് കേട്ടാലുടനെ ഞാൻ ഛർദ്ദിക്കുമായിരുന്നു.

ഈ കഥകൾ ഞാൻ വിവരിക്കുമ്പോൾ രശ്മി ഒരനുഭവം  പറഞ്ഞു.  ഇളം ക്രീം നിറത്തിൽ ചുവന്ന ചെറിയ പൂക്കളുള്ള ഒരു ചുരിദാർ അവൾക്കുണ്ട്. നല്ല കോട്ടൺ തുണി. ഇടാൻ സുഖം. പക്ഷേ അതിടുമ്പോൾ കൂടുതൽ തടി തോന്നുന്നു എന്നവൾ ഇടയ്ക്ക് പറയാറുണ്ട്. അങ്ങനെയിരിക്കെ ചിരപരിചിതനായ ഒരു വക്കീൽ സുഹൃത്തിനോടൊപ്പം അവൾ ഒരു ബസ് യാത്രചെയ്യാനിടയായി. അവളുടെ സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ യാത്രാമൊഴിയോടൊപ്പം ആ സുഹൃത്ത് കൂട്ടി ചേർത്തു. ‘ഈ ഡ്രസ്സ്  നന്നായി ചേരുന്നു. നല്ല ഭംഗി ഉള്ള പൂക്കൾ.’ അവൾ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ബസ്സിൽ നിന്നിറങ്ങി. ഇനിയും കാണാം എന്ന് പറയുകയും ചെയ്തു.  ണ്ട്‌ മാസം കഴിഞ്ഞു തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ടത്. അകാലത്തിൽ പൊലിഞ്ഞ ആ സുഹൃത്തിനെ ഓർത്ത് അവൾക്ക് വലിയ സങ്കടമായിരുന്നു. മാസങ്ങൾ വീണ്ടും കടന്നുപോയി. ‘ആ ചുരിദാർ ഇടുമ്പോഴൊക്കെ എനിക്ക് അദ്ദേഹത്തെ ഓർമ്മവരും. അല്ലാതെ ഞാൻ ഓർക്കാറേ ഇല്ല’ അവൾ പറഞ്ഞു. ‘നമ്മുടെ ജീവിതത്തിൽ ഇത്തരം ചെറിയ നന്മപൂക്കൾ വിതറി മറഞ്ഞവരെ നമ്മൾ എത്ര പെട്ടെന്ന് മറക്കുന്നു,  അല്ലേ അമ്മേ’.  ‘ഇതാണ് ഓർമ്മകൾ തമ്മിലുള്ള ബന്ധം’. ഞാൻ വിശദീകരിച്ചു. 

സന്ദർഭത്തിന് അയവു വരുത്താനായി രാമു ഒരു തമാശക്കഥ പറഞ്ഞു. 

ഞങ്ങളുടെ അതിഥിയായി ഒരു ബുള്ളറ്റ് ബൈക്ക് എത്തുമ്പോൾ രാമു കുട്ടിയാണ്. മാത്‍സ് ഹോം വർക്ക് ചെയ്യാതെ ചെന്നതിനു മിസ്സിന്റെ വഴക്കു കിട്ടി വിഷമിച്ചു വന്ന ദിവസമായിരുന്നു അത്. കുടുംബ സുഹൃത്തായ വൈസ് പ്രിൻസിപ്പൽ ഞങ്ങളെ വിളിച്ചറിയിക്കുകയും കൂടിയായപ്പോൾ രാമുവിന് വീട്ടിലും വഴക്കു കിട്ടി.  ഇപ്പോൾ രാമുവിനു 18 വയസ്സ്  കഴിഞ്ഞു. ലൈസൻസ് എടുത്തു ബുള്ളറ്റ് ഓടിക്കാറായി. ‘എന്തിനു പറയുന്നു.  ബൈക്ക് എടുക്കുമ്പോഴൊക്കെ രമ്യമിസ്സിന്റെ ശകാരവും മോളി മിസ് വീട്ടിലറിയിച്ചതും ഓർമ്മ വരും. ബുള്ളറ്റും മാത്‍സ് ഹോം വർക്കും തമ്മിലുള്ള ഒരു കണക്‌ഷൻ’ – രാമു ചിരിച്ചു കൊണ്ട് പറയുന്നു.  

ഓർമകളുടെ കൂട്ടുകെട്ട് ഒരു തുടർക്കഥയാണ്. ഒരുപാട് സംഭവങ്ങൾ ഇങ്ങനെ തൊടുത്തു വരാറുണ്ട്. സ്വയം മനസ്സിലേക്ക് കടന്നെത്തുന്ന ഈ സംയുക്തതയെ നമുക്ക് തടുക്കാനാവില്ല. 

English Summary: Kadhaillayimakal Column by Devi. J. S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.