ഞാൻ എന്നെ സ്നേഹിക്കുന്നു

love
പ്രതീകാത്മക ചിത്രം
SHARE

ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നത് സ്ഥിരംകേൾക്കുന്ന പല്ലവിയാണ്. പക്ഷേ ഇങ്ങനെ പറയുന്നത് ആദ്യമായാണ് കേൾക്കുന്നത്. പക്ഷേ ഇതിൽ എന്താണൊരു അതിശയം ? നമ്മൾ   ഓരോരുത്തരും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവനവനെ തന്നെയല്ലേ?

ഏയ് അല്ല. ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എനിക്ക് പ്രിയപ്പെട്ടൊരാളെയാണ്, എന്റെ ജീവിതപങ്കാളിയെയാണ്, എന്റെ മക്കളെയാണ്, എന്റെ അച്ഛനെയും അമ്മയേയുമാണ്‌.. ഇങ്ങനെയൊക്കെയല്ലേ തർക്കിക്കാനൊരുങ്ങുന്നത്. സമ്മതിച്ചു. പക്ഷേ നോക്കൂ ഓരോ വാചകത്തിനും മുന്നിലുണ്ട് ഒരു വാക്ക്, ‘എന്റെ’ എന്ന്. എന്റേതായതു കൊണ്ടാണ് ഞാൻ ഇവരെയൊക്കെ സ്നേഹിക്കുന്നത്. അതെ, ഞാൻ എന്നെയാണ് ഏറ്റവും സ്നേഹിക്കുന്നത്. എന്റേതെന്നു ഞാൻ കരുതുന്ന എല്ലാത്തിനെയും ഞാൻ സ്നേഹിക്കുന്നു.

അവനവനെ സ്നേഹിക്കാത്തവർ മറ്റുള്ളവരെ സ്നേഹിക്കുന്നതെങ്ങിനെ? ത്യാഗം പോലും അവനവനു സംതൃപ്തി നൽകുന്ന ഒരനുഷ്ഠാനം മാത്രം.  കമല കുളിക്കുകയോ നനക്കുകയോ മുടിചീകുകയോ വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ചെയ്യാറില്ല. വീട്ടിൽ പുറംപണിക്കു വരുമ്പോൾ ഭക്ഷണം കൊടുത്താൽ അത് കഴിക്കില്ല. അത് പൊതിഞ്ഞെടുക്കും. രണ്ടു മക്കളുണ്ട്, അവർക്കു കൊടുക്കാനാണ്. എന്റെ അമ്മ അവളോട് പറയാറുണ്ടായിരുന്നു. ‘കമലാ  നീ നിന്റെ മക്കളെ സ്നേഹിക്കുന്നില്ല. നീ ഇങ്ങനെ ഉണ്ണാതെ തിന്നാതെ നടന്നാൽ നിന്റെ ആരോഗ്യം നശിക്കും. രോഗിയാകും. ഒരുപക്ഷേ നീ ഇല്ലാതായിപ്പോകും. അപ്പോൾ അവരെ ആര് നോക്കും. നീ ജീവിക്കേണ്ടത് അവർക്കു വേണ്ടിയാണ് . അപ്പോൾ നീ നിന്റെ കാര്യങ്ങൾ കൂടി നോക്കണം.’

ശരിയാണ്. നമ്മൾ സ്നേഹിക്കുന്നവരോടൊപ്പം ദീർഘകാലം ജീവിക്കണമെന്നുണ്ടെങ്കിൽ  നാം നമ്മളെ സംരക്ഷിക്കേണ്ടതുണ്ട്. സ്വന്തം കാര്യങ്ങൾ തീരെ ശ്രദ്ധിക്കാത്ത, ഒരു രോഗം വന്നാൽ പോലും ചികിത്സിക്കാൻ കൂട്ടാക്കാത്ത സ്വന്തം കാര്യങ്ങൾ എല്ലാം മാറ്റിവച്ചു കുടുംബത്തിലുള്ള മറ്റുള്ളവർക്കുവേണ്ടി മാത്രം ജീവിക്കുന്ന എത്രയോ പേര് നമുക്കിടയിൽ ഇന്നുമുണ്ട്. ചിലർക്ക് ജോലി, ബിസിനസ്, പൊതുക്കാര്യങ്ങൾ ഇവയൊക്കെയാണ് പ്രധാനം. ഒരു ദിവസം പൊടുന്നനെ പൊലിഞ്ഞു പോകാൻ  തുടങ്ങുമ്പോൾ നഷ്ടബോധം തോന്നിയിട്ടെന്തു കാര്യം?

ഇപ്പോഴത്തെ യുവ തലമുറ ഇതേക്കുറിച്ചു ബോധമുള്ളവരാണ് എന്നെനിക്കു തോന്നാറുണ്ട്.  ആരോഗ്യവും സൗന്ദര്യവും നിലനിൽപ്പിന്റെ ഭാഗമാണ്  എന്നവർക്കറിയാം. സ്വന്ത സുഖത്തിനും സന്തോഷത്തിനും വേണ്ടി സമയവും പണവും ചെലവഴിക്കണം. മറ്റുള്ളവർക്ക് വേണ്ടി മാത്രമല്ല നമുക്കു വേണ്ടി കൂടെയാണ് നമ്മൾ ജോലി ചെയ്യുന്നത്. പണം സമ്പാദിക്കുന്നത്. നമ്മുടെ ജീവിതം നമ്മുടേതാണ്. അത് നമ്മൾ നമുക്ക് വേണ്ടിക്കൂടി ജീവിക്കണം എന്നൊക്കെ അവരിൽ ചിലർ പറയുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്.

അമേരിക്കയിലുള്ള ഒരു കൂട്ടുകാരിയെ അവൾക്ക് പിറന്നാളാശംസകൾ നേരാൻ ഞാൻ വിളിച്ചു. ‘എന്താണ് നിനക്ക് കിട്ടിയ സ്പെഷൽ ഗിഫ്റ്റ് ?’ ഞാൻ ചോദിച്ചു. ‘ഒരു വൈരക്കമ്മൽ.’ അവൾ ചിരിച്ചു. ഡയമണ്ട് അവൾക്ക് ഇഷ്ടമാണ്. ഞാൻ സന്തോഷത്തോടെ നിൽക്കെ അവൾ പറഞ്ഞു. ‘അത് ഞാൻ എനിക്ക് സമ്മാനിച്ചതാണ്.’ ‘എന്ത് ?’ ഞാൻ അമ്പരന്നു. ‘ഭർത്താവും മക്കളും എനിക്ക് ഒരുപാടു ഗിഫ്റ്റുകൾ തന്നു. പക്ഷേ ഞാൻ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. അതു കൊണ്ട്  ഒരു സമ്മാനം ഞാനും കൊടുത്തു എനിക്ക് തന്നെ.’ 

അമ്പരപ്പിന്റെ പരിധികൾ വിട്ടു ഞാൻ നിശബ്ദയായി നിൽക്കെ അവൾ പറഞ്ഞു. ‘നീ എപ്പോഴെങ്കിലും, നിനക്കു തന്നെ എന്തെങ്കിലും സമ്മാനിക്ക്. എന്നിട്ടതിന്റെ ത്രില്ല്  ഒന്നനുഭവിക്ക്‌.’

സമ്മാനങ്ങൾ കൊടുക്കുകയും വാങ്ങുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഇങ്ങനെ ഒരു ആശയം ഒരിക്കലും എന്റെ മനസ്സിൽ തട്ടിയിട്ടില്ല. കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വാങ്ങുമ്പോൾ എനിക്ക് കിട്ടാറില്ല. ആ ഞാനാണ് ഇനി സ്വയം സമ്മാനങ്ങൾ നൽകി സന്തോഷിക്കാൻ പോകുന്നത്! പക്ഷേ പിന്നീട് തോന്നി അവൾ പറഞ്ഞതിലും കാര്യമുണ്ട്. 

ജീവിതം നമുക്ക് ലഭിച്ച ഒരു വരദാനമാണ്. ജീവിതത്തോട് വല്ലാത്ത ഒരുതരം ഭ്രമം ഓരോ ജീവിക്കുമുണ്ട്. അതൊരു തരത്തിൽ ആത്മസ്നേഹം തന്നെയാണ്. സ്വയം സ്നേഹിക്കാത്തവരല്ലേ ആത്മഹത്യ ചെയ്യുന്നത് ? ജീവിതം മടുത്തു, വെറുത്തു എന്നൊക്കെ പറയുന്നത്‌ അവനവനെ തന്നെ വെറുത്തിട്ടാണ്. അല്ലെങ്കിൽ എങ്ങനെയാണ് സ്വയം മറന്ന് പ്രിയപ്പെട്ടവരെയെല്ലാം മറന്ന് ജീവിതം ഒടുക്കാൻ സാധിക്കുക!

ഞാൻ എന്ന  ഭാവത്തെയോ എന്റേത്, എനിക്ക് മാത്രം എന്ന സ്വാർത്ഥതയെയോ അല്ല ഇവിടെ പരാമർശിക്കുന്നത്. എന്റെ ശരീരം, എന്റെ മനസ്സ്, എന്റെ ആത്മാവ് എന്റെ ജീവിതം ഇതിനെയെല്ലാം ഞാൻ സ്നേഹിക്കുന്നു. എന്റെ ഒരു ഭാഗം മാത്രമാണ് എന്റെ കുടുംബം, എന്റെ ജോലി, എന്റെ സുഹൃത്തുക്കൾ, എന്റെ സമ്പത്തുകൾ എല്ലാം. എന്നെ സ്നേഹിക്കുന്നതിലൂടെ എന്റെ സ്വന്തമായ എല്ലാത്തിനെയും ഞാൻ സ്നേഹിക്കുന്നു !

English Summary: Kadhaillayimakal Column by Devi. J. S

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.