ചുമലിൽ ജീവിതഭാരങ്ങൾ 

kadhaillyimakal-column-financial-crisis
SHARE

‘ആനയ്ക്ക് തടി ഭാരം ഉറുമ്പിന് അരി ഭാരം’ എന്നൊരു ചൊല്ലുണ്ട്. ഓരോ ജീവിക്കും അവയുടെ പ്രശ്നങ്ങൾ, പ്രാരാബ്ധങ്ങൾ, ദുഃഖങ്ങൾ ഒക്കെ വലുതാണ് എന്നാണർഥം. മനുഷ്യരുടെ കാര്യവും ഏതാണ്ടിതു പോലെ തന്നെ (ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം എന്ന് മാത്രം). ‘റേഷൻ കിട്ടുന്നത് തികയുന്നില്ല. ഞങ്ങൾ നാലഞ്ചുപേർ നാലു നേരം ആഹാരം കഴിക്കണ്ടേ ?’ ഒരു സാധുസ്ത്രീ എന്നോട് പറഞ്ഞു. കോവിഡ് വന്നതോടെ അവരുടെ മകന് എന്നും ജോലിയില്ല. കൂലിയും അതനുസരിച്ചേ ഉള്ളൂ. മരുമകൾക്ക് ജോലിയേ ഇല്ല. അവൾ ജോലി ചെയ്തിരുന്ന ചെറിയ സ്ഥാപനം അടച്ചിരിക്കുകയാണ്. അഞ്ചു മാസമായി ആ വരവ് നിലച്ചിട്ട്. ഈ വൃദ്ധ വീടുകളിൽ പണിയെടുത്ത് സമ്പാദിക്കുന്നതു കൊണ്ടാണ് കഴിഞ്ഞു കൂടുന്നത്. ഇപ്പോൾ ജോലിക്കാർക്കൊക്കെ വലിയ ഡിമാൻഡ് അല്ലേ ? അത് കൊണ്ട് കിട്ടുന്ന ശമ്പളം അത്ര മോശമല്ല. അപ്പോഴിതാ ഒരു പ്രശ്നം. പലവീടുകളിൽ പണിയുന്നതല്ലേ ? ജോലിക്കു ചെല്ലേണ്ട എന്ന് ചില വീട്ടുകാർ പറഞ്ഞു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് 'കൊറോണപ്പേടി.’ അതോടെ ആ പാവത്തിന്റെ വരുമാനം കുറഞ്ഞു. 

ഞാൻ പറഞ്ഞു. ‘എന്റെ റേഷൻ കാർഡിലെ അരി കൂടി വാങ്ങിക്കൊള്ളൂ. പൈസ ഞാൻ തരാം. അപ്പോൾ തികയുകയില്ലേ?’ അവർ തലയാട്ടി. മൂന്നുപേരും ജോലിയെടുത്തിരുന്നപ്പോൾ  ആർഭാടങ്ങളില്ലെങ്കിലും ഒരു വിധം തട്ടീം മുട്ടീം  ജീവിച്ചു പോന്നതാണ് ആ കുടുംബം. ഇപ്പോഴിതാ കഞ്ഞിക്കു വകയില്ലാതായി. പണ്ടും ഇടയ്ക്കു  വന്നു ബുദ്ധിമുട്ടുകൾ പറയുമ്പോൾ വല്ലപ്പോഴും ചെറിയ സഹായങ്ങളൊക്കെ ചെയ്യുന്നതാണു ഞാൻ. അതിൽക്കൂടുതൽ എനിക്കും പറ്റില്ലല്ലോ. ഇങ്ങനെ ഒരു കുടുംബം മാത്രമല്ലല്ലോ. വന്നു ചേർന്ന ഈ ദുരവസ്ഥയിൽ അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്തവർ  എത്രയോ പേര് നമുക്ക് ചുറ്റും. അതും ഇതുപോലെ ഒരു വിധം കഴിഞ്ഞു കൂടിയവർ. ജോലിയും ശമ്പളവും വല്ലപ്പോഴുമായി, അല്ലെങ്കിൽ തീരെ ഇല്ലാതായി കഷ്ടത്തിലായവർ. എന്ത് ചെയ്യാൻ പറ്റും  നമുക്ക്? നമുക്കുമില്ലേ നമ്മുടെ ഭാരങ്ങൾ !

ഇങ്ങനെയൊക്കെ ചിന്തിച്ച് വിഷമിച്ചിരിക്കുമ്പോൾ അതാ വരുന്നു ഫോണിലൂടെ ഒരു കൂട്ടുകാരിയുടെ പ്രാരാബ്ധക്കഥ. അവളും അനുജത്തിയും നല്ലൊരു സ്ഥാപനത്തിൽ ജോലി എടുക്കുന്നു. കേട്ടാൽ നമ്മുടെ കണ്ണ് മിഴിഞ്ഞുപോകുന്ന ശമ്പളം. അപ്പോഴിതാ കഷ്ടകാലം വന്നു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചു. അയ്യോ കഷ്ടം എന്ന് ഞാൻ പറഞ്ഞേനേ. അപ്പോൾ അവൾ പറഞ്ഞു. ‘വലിയ ലോൺ എടുത്താണ് രണ്ടരക്കോടിയുടെ ഫ്ലാറ്റ് വാങ്ങിയത്. അനിയത്തിയാണെങ്കിൽ  മൂന്നു കോടിയുടെ വീട് വച്ചു. ഇനിയിപ്പോൾ പകുതി ശമ്പളമായ സ്ഥിതിക്ക് എങ്ങനെയാ ലോൺ അടയ്ക്കുക?’. ഞാൻ അമ്പരന്നു. കഷ്ടം തന്നെ. ഇതാണ് പറയുന്നത് ആനകളുടെ ഒരു തടിഭാരമേ..

കൊക്കിലൊതുങ്ങുന്ന ഒരു ലോൺ എടുത്ത്  ഒരുവിധം നല്ല ഒരു വീട് വച്ച് കഴിയുന്ന ഒരു സഹപ്രവർത്തകൻ ചിരിച്ചു കൊണ്ട്  എന്നോടൊരിക്കൽ പറഞ്ഞു. ‘മാം  നമ്മൾ ജോലി ചെയ്യുന്നത് എന്തിനാണെന്നോ ? ഇഎംഐ അടച്ചു തീർക്കാൻ’. ആ ചിരിയിലെ സങ്കടം എന്നെ സ്പർശിച്ചു. 'എന്റെ ജീവിതം അവസാനിച്ചാലും ഈ കടങ്ങൾ തീരുകയില്ല' എന്ന് പറയുന്നവർ ഒരുപാട്. മധ്യവർത്തികളായ നമുക്കൊക്കെ വീടിന്റെ  ലോൺ, സ്കൂട്ടർ ലോൺ, കാർ ലോൺ, കുട്ടികളുടെ വിദ്യാഭ്യാസ ലോൺ - ഇങ്ങനെ ലോണുകളിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. ആനയ്ക്കും ഉറുമ്പിനുമിടയ്ക്കുള്ള അനേകം ജീവികളിൽ പെട്ടവർ തന്നെ നമ്മളും. നമുക്ക് പലതരം ഭാരങ്ങളും. വലുപ്പത്തിനും ആരോഗ്യത്തിനുമനുസരിച്ചുള്ള  ഭാരങ്ങളല്ല ഇതൊന്നും. ശമ്പളത്തിലെ അക്കങ്ങളുടെ എണ്ണമോ പേഴ്സിന്റെ കനമോ ഒന്നുമോർക്കാതെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ വേണ്ടി നമ്മൾ ഭാരങ്ങൾ ചുമലിലേറ്റുന്നു. ഓർക്കാപ്പുറത്ത് ഇതുപോലെ സാമ്പത്തിക പ്രതിസന്ധികൾ വന്നാൽ നമ്മൾ കുഴഞ്ഞതു തന്നെ.

മറ്റൊരു കൂട്ടുകാരി ഫോണിൽ വിളിച്ചത് മകന്റെ വിവാഹക്കാര്യം പറയാനാണ്. "നോക്കൂ ദേവീ ഇപ്പോൾ കല്യാണം നടത്തുന്നത്  നല്ലകാര്യം. പള്ളിയിൽ വച്ച് കല്യാണം. വീട്ടുമുറ്റത്തൊരു പന്തലിട്ട് ചെറിയ ഒരു സദ്യ. ആളുകളെ വിളിച്ചു കൂട്ടാനാവില്ലല്ലോ. കൊറോണ ആയതു കൊണ്ട് വിളിച്ചാലും ആരും വരികയുമില്ല. എനിക്ക് ലാഭം." അവൾ പൊട്ടിച്ചിരിച്ചു. അങ്ങനെ അവളുടെ ഭാരം കൊറോണ ഒഴിവാക്കിക്കൊടുത്തു.  ഉള്ള കടങ്ങൾ വീട്ടിത്തീർക്കാതെ വീണ്ടും വീണ്ടും കടം വാങ്ങുന്ന ഒരമ്മയോട് പാതി കളിയായും പാതി കാര്യമായും തമാശക്കാരനായ ഒരു മകൻ പറഞ്ഞത് കേൾക്കൂ. "എന്തിനാ വിഷമിക്കുന്നത് അമ്മേ. അന്വേഷിച്ചാലറിയാം അംബാനിക്ക് പോലും കടമുണ്ടാവും".

പഴയ തലമുറയിൽ പെട്ടവർ ഇങ്ങനെ ലോണുകൾ എടുത്തിരുന്നതായി എന്റെ ഓർമയിലില്ല. ഇഎംഐ എന്ന് ഞങ്ങൾ കുട്ടിക്കാലത്ത് (എന്തിന്, കുറെ മുതിർന്നിട്ടും) കേട്ടിട്ടില്ല. അത്യാവശ്യം കടമെടുക്കലൊക്കെ അന്നും ഉണ്ടായിരുന്നിരിക്കും. നൂറു രൂപ വേതനം കിട്ടി തൊണ്ണൂറ്റി ഒൻപതു രൂപ ചെലവഴിച്ച് ഒരു രൂപ മിച്ചം വരുത്തുന്നവൻ ധനികനും നൂറ്റൊന്നു രൂപ ചെലവഴിക്കുന്നവൻ ഒരു രൂപയ്ക്കു കടക്കാരനുമാണ് എന്ന് അന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അന്നും ആനകൾ തടി ചുമന്നിരുന്നു. ഉറുമ്പുകൾ അരിയും ചുമന്നു കൊണ്ട് പോയിരുന്നു. എങ്കിലും താങ്ങാവുന്ന ഭാരമേ തലയിലേറ്റാവൂ എന്നൊരു നിഷ്ഠ  ഉണ്ടായിരുന്നിരിക്കണം. ഇപ്പോൾ കാലം മാറിയില്ലേ ?

English Summary : Web Column Kadhaillayimakal : Coronavirus Impact on economy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA