സൗന്ദര്യരഹസ്യം

beauty
പ്രതീകാത്മക ചിത്രം
SHARE

പ്രീഡിഗ്രിക്കാലത്തൊരു സെക്കൻഡ് ലാംഗ്വേജ് ക്ലാസ്സിൽ സരോജിനിയമ്മ ടീച്ചറിന്റെ തകർപ്പൻ ലക്ചർ. പാഠപുസ്തകമോ, ശാകുന്തളം. പാഠഭാഗമോ, ദുഷ്യന്തൻ ശകുന്തളയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് അവളെ വർണിച്ചു പുകഴ്ത്തുന്നു. ഞങ്ങൾ കൗമാരക്കാരികൾ നാണത്തിൽ പൊതിഞ്ഞ രോമാഞ്ചമണിഞ്ഞ് കണ്ണ് മിഴിച്ചിരിക്കുന്നു. പെൺകുട്ടികളുടെ മനഃശാസ്ത്രം നന്നായി അറിയാവുന്ന ടീച്ചർ അത് ശ്രദ്ധിച്ചു. അവർ എത്രയോ വർഷങ്ങളായി പഠിപ്പിക്കുന്നതല്ലേ ? പെട്ടെന്ന് ടീച്ചർ പറഞ്ഞു. ‘‘ഏയ് കുട്ടികളെ, ഈ ശകുന്തള അത്രമാത്രം സുന്ദരിയൊന്നുമായിരുന്നില്ല. അതൊക്കെ പ്രേമം കൊണ്ട് കണ്ണ് മൂടിപ്പോയ ആ രാജാവിന്റെ ഭാവനയാണ്. നിങ്ങളെപ്പോലെ ഒരു പെൺകുട്ടി തന്നെ ശകുന്തളയും. നിങ്ങളോട് ഇഷ്ടമുള്ള ആരെങ്കിലുമുണ്ടെങ്കിൽ നിങ്ങളെപ്പറ്റിയും ഇതൊക്കെ തന്നെ പറയും.’’ ടീച്ചർ നോടൊപ്പം ഞങ്ങളും പൊട്ടിച്ചിരിച്ചു. 

സുന്ദരിയാണ് എന്ന് ഇഷ്ടപ്പെട്ടൊരാൾ പറഞ്ഞു കേൾക്കാൻ കൗമാരത്തിൽ കൊതിക്കാത്തതാരാണ് ! യൗവനത്തിലും മധ്യവയസ്സിലും മനസ്സിന് വലിയ മാറ്റമൊന്നും വരുന്നില്ല. അപ്പോഴും സുന്ദരിയായിരിക്കണം എന്നാണ് മനസ്സിന്റെ ആഗ്രഹം. അത് പോകട്ടെ, വാർധക്യത്തിൽപ്പോലും ‘നിങ്ങൾ ഇപ്പോഴും സുന്ദരിയാണ്’ എന്ന് കേൾക്കാൻ കൊതിക്കുന്നു പൈങ്കിളി പെണ്മനസ്സുകൾ. കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്നൊരു കോംപ്ലിമെൻറ് പറഞ്ഞിട്ട് അടുത്ത ചോദ്യം ഒരു കളിയാക്കലാണ്. ‘ഏതു സോപ്പാണ് തേയ്ക്കുന്നത് ?’

ചോദ്യം എന്നോടാണോ ? ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതു പോലെ ആയിരക്കണക്കിന് സോപ്പുകളും അവയ്ക്കു പതിനായിരം പരസ്യങ്ങളുമില്ല. വീട്ടിൽ ആകെയുള്ള കുളിസോപ്പ് ലക്സ് ആയിരുന്നു. സിനിമാതാരങ്ങളുടെ സൗന്ദര്യ സോപ്പ് എന്നാണ് ലക്‌സ് അറിയപ്പെട്ടിരുന്നത്. അന്നുള്ള പ്രസിദ്ധരായ ആയ എല്ലാ നായികമാരും ലക്സിന്റെ പരസ്യത്തിൽ വന്നിട്ടുണ്ട്. പത്മിനി, വൈജയന്തിമാല, സാവിത്രി, രാഗിണി, ജമുന എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് പരിചയമുണ്ടാവില്ല. അവരെയൊക്കെ വച്ചു നോക്കുമ്പോൾ ഇപ്പോഴുള്ള സുന്ദരിമാരൊന്നും സുന്ദരിമാരേയല്ല എന്നു പറയേണ്ടി വരും. ഇതൊക്കെ പഴയ ചിന്താഗതിയാണെന്നും ഇപ്പോൾ സുന്ദരിമാർ മോഡേൺ ആണെന്നും പുതു തലമുറ പറഞ്ഞേക്കും. 

അത് പോകട്ടെ. സോപ്പിനെ കുറിച്ചല്ലേ പറഞ്ഞു വന്നത്. ലക്സ് മാത്രമല്ല പെയേർഴ്‌സ്, ക്യൂട്ടിക്കൂറ, ബേബി സോപ്പ് ഒക്കെ അന്നുണ്ടായിരുന്നു. വീട്ടിൽ ഒരു കുഞ്ഞു ജനിക്കുമ്പോഴാണ് അവയൊക്കെ പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞിനെക്കാണാൻ വരുന്നവർ സോപ്പും പൗഡറും ഒക്കെ കൊണ്ടുവരുന്ന രീതി അന്നുണ്ടായിരുന്നു. അതും ഇന്നത്തെക്കാലത്ത് പതിവില്ല. ങാ, പക്ഷേ അതൊക്കെ കുഞ്ഞിനേ ഉപയോഗിക്കൂ. മുതിർന്നവർക്ക് ലക്സ് തന്നെ.  അന്ന്  ലക്സിന് ഒരു നിറമേയുള്ളു. വെള്ള നിറവും സൗമ്യമായ ഒരു പരിമളവുമുള്ള ഒരു സൗന്ദര്യ സോപ്പ്.  (ഇപ്പോൾ എത്രതരം ലക്സുകൾ, എന്തെല്ലാം നിറങ്ങൾ, മണങ്ങൾ, എത്രയോ മോഡലുകളുടെ പരസ്യങ്ങൾ)

അങ്ങനെയിരിക്കെയാണ് ചന്ദ്രിക എന്ന ആയുർവേദ സോപ്പിന്റെ വരവ്. നേരത്തേ ഉണ്ടായിരുന്നിരിക്കും. പോപ്പുലർ ആയില്ല എന്നേയുള്ളു.  തൊലിപ്പുറത്തെന്തെങ്കിലും അസഹ്യത, ചൊറിച്ചിലോ കുരുക്കളോ  പാടുകളോ വരുമ്പോൾ ഒരു മരുന്നു സോപ്പായിട്ടാണ് ചന്ദ്രിക അന്ന് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അതും സൗന്ദര്യവർധക സോപ്പു തന്നെ. അന്നത്തെ ആ ലക്സ് ആണോ ഇന്നത്തെ ഈ സൗന്ദര്യത്തിന്റെ രഹസ്യം ? ചോദ്യം എന്നോടാണോ ? എങ്കിൽ ഉത്തരം കേട്ടോളൂ. വളർന്നു വലുതായി കുടുംബിനിയും ഉദ്യോഗസ്ഥയും ഒക്കെ ആയിക്കഴിഞ്ഞപ്പോൾ കയ്യിൽ കിട്ടുന്ന ഏതു സോപ്പും തേയ്ക്കുക എന്നതായി എന്റെ രീതി. ഇപ്പോഴും അതു തന്നെ. സാമ്പിൾ ആയും കോംപ്ലിമെന്റായും കിട്ടുന്ന പേരറിയാത്ത കുട്ടിസോപ്പുകൾ ഒക്കെ ഞാൻ ഉപയോഗിക്കും. ഏതെങ്കിലും ഒരു പ്രത്യേക സോപ്പിന് സൗന്ദര്യം കൂട്ടാനോ കുറയ്ക്കാനോ ആവില്ലെന്നാണ് എന്റെ അനുഭവം. 

‘കാർകൂന്തൽ പെണ്ണഴക്’ എന്നറിയുമ്പോഴും കയ്യിൽ കിട്ടുന്ന എന്ത് എണ്ണയും തലയിൽ തേയ്ക്കുക എന്നതായിരുന്നു വീടു വിട്ടു പോയപ്പോൾ മുതൽ എന്റെ രീതി. വെളിച്ചെണ്ണ തേപ്പിച്ച് അമ്മയും മുത്തശ്ശിയുമൊക്കെ വളർത്തിയെടുത്തു തന്ന ചുരുണ്ടു കറുത്തിരുണ്ട മുടി എന്റെയീ തോന്ന്യാസം കൊണ്ടാണോ നഷ്ടമായത് ? ചോദ്യം എന്നോടാണോ ? അല്ല. കീമോതെറാപ്പി മുടി മുഴുവൻ പറിച്ചെറിഞ്ഞ് എന്നെ മൊട്ടയാക്കിക്കഴിഞ്ഞും മുടി നന്നായി കിളിർത്തു വന്നതിന്റെ കാരണം പണ്ട് തേച്ച വെളിച്ചെണ്ണയാണോ വാരിത്തേയ്ക്കാറുള്ള പലപല എണ്ണകളാണോ ഇപ്പോഴത്തെ ബ്രാൻഡഡ് വെളിച്ചെണ്ണകളാണോ എന്നുറപ്പില്ല. പിന്നെ ഒരെണ്ണയ്ക്കും മുടി വളർത്താനോ ഇല്ലാതാക്കാനോ സാധിക്കില്ല എന്ന് എന്റെയീ എന്തെണ്ണയും വാരിത്തേയ്ക്കുന്ന ശീലം എന്നെ പഠിപ്പിച്ചു. അതുകൊണ്ട് ഇപ്പോഴും ആ രീതി തുടരുന്നു. പിന്നെ രോഗങ്ങളും വാർദ്ധക്യവും നമ്മുടെ അഴകിന്റെ തൂവലുകൾ കൊഴിക്കും എന്നതാണ് സത്യം. എണ്ണയ്‌ക്കോ സോപ്പിനോ ഒന്നും അത് തടയാനാവില്ല. പിന്നെയൊക്കെ ഒരു ഭാഗ്യം.

English Summary : Kadhayillaymakal Column by Devi J.S., Beauty Tips and Secrets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.