ഹൗസ് ഓണർമാരുടെ ശ്രദ്ധയ്ക്ക് !

Things To Keep In Mind Before Giving A House On Rent
പ്രതീകാത്മക ചിത്രം : Photo Credit: Poungsaed-Studio / Shutterstock
SHARE

എന്റെ കുടുംബത്തിൽ, എനിക്കല്ലാതെ ആർക്കും തന്നെ ഒരു വാടകവീട്ടിൽ കഴിയേണ്ടി വന്നിട്ടില്ല. എന്റെ കാര്യം എല്ലാം ഒന്നു വ്യത്യസ്തമാണല്ലോ. ചെറുപ്പ കാലത്ത് വീട്ടിൽ നിന്നകലെ ഒരു കൊച്ചു പട്ടണത്തിൽ, ഒരു വാടകവീട്ടിൽ ഞാൻ താമസിച്ചിരുന്നു. അന്ന് എന്റെ ഹൗസ് ഓണർ സുന്ദരിയും സുശീലയുമായ ഒരു അധ്യാപികയായിരുന്നു. എന്നോട് അവർക്കു വലിയ വാത്സല്യവും സ്നേഹവും തോന്നി. അവിടം വിട്ടു പോരും വരെ ഒരു മൂത്ത സഹോദരിയെപ്പോലെ അവർ എന്നോടു പെരുമാറി. 

പിന്നീട് എത്രയോ സ്ഥലങ്ങളിൽ വാടകവീടുകളിൽ ഞാൻ പാർത്തിട്ടുണ്ട്. ഒരു ഹൗസ് ഓണറും മോശമായി പെരുമാറിയിട്ടില്ല. വീട് വൃത്തികേടാക്കാത്ത, കൃത്യമായി വാടക കൊടുക്കുന്ന ഒരു നല്ല ടെനന്റായിരുന്നു ഞാനും. 

സ്വന്തം വീട്ടിൽ ഇനിയുള്ള കാലം എന്നുറപ്പിച്ചു കഴിയവേ വീണ്ടും വരുന്നു ഒരു വാടകക്കാലം. രണ്ടു ബെഡ് റൂം മാത്രമുള്ള ഒരു ചെറിയ ഫ്ലാറ്റാണ് ഞങ്ങൾക്കിവിടെയുള്ളത്. ആക്‌സിഡന്റ് കഴിഞ്ഞ് ഒരു വർഷം ഹോസ്പിറ്റലിൽ കഴിഞ്ഞ മകനെ എല്ലാ ആശകളും അസ്തമിച്ച് കൊണ്ടുവന്നു കിടത്താൻ ഈ കുഞ്ഞു ഫ്ലാറ്റിൽ ഇടമില്ല. തൊട്ടടുത്തുതന്നെ മറ്റൊരു പാർപ്പിടം കണ്ടെത്തണം. കാരണം മകളുടെയും മരുമകന്റെയും സഹായവും സാന്നിധ്യവും എനിക്ക് അത്യാവശ്യം. രണ്ടു വീടിനപ്പുറം ഒരു വീടിന്റെ താഴത്തെ നില ഒത്തു കിട്ടി. ഞങ്ങളുടെ ഫ്ലാറ്റ് പോലെ ചെറുത്. പക്ഷേ വാടക വലുത്. ആ വീടിനു കിട്ടാവുന്നതിന്റെ ഇരട്ടി. മൂന്നു മാസത്തെ വാടക അഡ്വാൻസ്. ആറു മാസത്തേക്കേ വീട് തരൂ; മാർച്ച് 31 വരെ. അങ്ങനെ ഞാൻ വീണ്ടും വാടക വീടെടുത്തു. ഏറ്റവും സങ്കടവും ദുരിതവും നിറഞ്ഞ ആറു മാസങ്ങൾ !

പിന്നെയും വീട് അല്ലെങ്കിൽ ഫ്ലാറ്റ് അന്വേഷണം തുടങ്ങി. മാർച്ചിൽ മാറണമല്ലോ. പല വീടുകൾ കണ്ടു. ചിലർ രോഗികളെ കിടത്താൻ വീട് തരില്ല, അത് അശുഭമാണ്. ചിലർ നിബന്ധനകൾ വയ്ക്കും: മത്സ്യവും മാംസവും വയ്ക്കാം, പക്ഷേ മണം പുറത്തു വരരുത്. പുറത്തുനിന്ന് അധികം ആളുകൾ വരാൻ പാടില്ല. വന്നാൽത്തന്നെ തങ്ങാൻ പാടില്ല. ഒച്ചയും ബഹളവും ഒന്നും അരുത്.

ഭാഗ്യം പോലെ ഒരു ഫ്ലാറ്റ് ഞങ്ങളുടെ ഫ്ലാറ്റ് കെട്ടിടത്തിൽത്തന്നെ ഒഴിഞ്ഞു കിട്ടി. ഞങ്ങൾ മാർച്ച് ഒന്നിനുതന്നെ വീടൊഴിഞ്ഞു. ‘നല്ലവനായ’ ആ വീട്ടുടമ അഡ്വാൻസ് മടക്കിത്തന്നില്ല. പിന്നെ പൂട്ടിയിട്ട ഒന്നാം നിലയിലെ കറന്റ് ബില്ല് കൂടി അയാളുടെ അപേക്ഷ പ്രകാരം ഞങ്ങൾ ഓരോ മാസവും അടച്ചിരുന്നു. രസീത് കൊടുത്തയച്ചിട്ടും അതും തരാൻ കൂട്ടാക്കിയില്ല. ഈ അവസരത്തിൽ ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണെന്നു പറഞ്ഞപ്പോൾ, ‘നിങ്ങളുടെ മകൻ ഇങ്ങനെ കിടക്കുന്നു എന്നുവച്ച് ഞാൻ നഷ്ടം സഹിക്കണോ’ എന്നാണയാൾ ചോദിച്ചത്. എന്തു നഷ്ടമാണയാൾക്കുണ്ടായത് എന്ന് മനസ്സിലായില്ല. വഴക്കിനും വയ്യാവേലിക്കും പറ്റിയ മനസ്സായിരുന്നില്ല അപ്പോൾ ഞങ്ങളുടേത്. നിശബ്ദം ഞങ്ങൾ നഷ്ടം സഹിച്ചു.  

പിന്നെ കിട്ടിയ ഫ്ലാറ്റിന്റെ ഉടമസ്ഥരാകട്ടെ, എന്റെ മകന്റെ അവസ്ഥയും എന്റെ ദുഃഖവും കണ്ടാവണം ഞങ്ങളോട് വളരെ പരിഗണന കാട്ടി. വാടക കുറച്ചു തന്നു. ‘അമ്മയ്ക്ക് ആവശ്യമുള്ളിടത്തോളം താമസിക്കാം. മാറാൻ ഞങ്ങൾ പറയില്ല’ എന്നാണവർ പറഞ്ഞത്. അടുത്ത വർഷം വാടക കൂട്ടണമെന്ന് അവർ ആവശ്യപ്പെട്ടതേയില്ല. സാമാന്യ മര്യാദ വച്ച് ഞാൻ എനിക്കു കഴിയും പോലെ കുറേശ്ശേ കൂട്ടുകയാണുണ്ടായത് ഹൗസ് ഓണർ ഇടയ്ക്കു വരികയോ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുകയോ ചെയ്യാറില്ല. ഒരു വാടകക്കാരി എന്ന തോന്നൽ ഒരിക്കലും അവർ എനിക്കുണ്ടാക്കിയില്ല. എന്റെ സ്വന്തം ഫ്ലാറ്റ് പോലെ ഞാൻ ഭംഗിയായി സൂക്ഷിക്കുന്നു. എന്റെ മകനും ഞാനും സുഖമായി ഇവിടെ കഴിയുന്നു. 

അങ്ങകലെ മറ്റൊരു പട്ടണത്തിൽ എന്റെയൊരു വീട് ഞാനും വർഷങ്ങളായി വാടകയ്ക്കു കൊടുത്തിട്ടുണ്ട്. വലിയ വാടക വാങ്ങുകയോ ഇടയ്ക്കിടെ വാടക കൂട്ടുകയോ ചെയ്തിട്ടില്ല. പലരും മാറിമാറി താമസിച്ചിട്ടുണ്ട്. മാറുന്ന ഉടനെ അഡ്വാൻസ് മടക്കിക്കൊടുക്കും. അവർക്ക് ബുദ്ധിമുട്ടുകൾ വന്നപ്പോഴൊക്കെ ഇളവുകൾ ചെയ്തു കൊടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണികൾ ഞാൻ തന്നെ ചെയ്തു കൊടുക്കും. അവർ ആവുംവിധം വാടക കൂട്ടിത്തരികയാണ് പതിവ്. ഞാൻ ചോദിക്കാറില്ല. ഇപ്പോഴും അതു തുടരുന്നു. അങ്ങനെ ഞാൻ ചെയ്യുന്നതിന്റെ നന്മയാവാം ഇപ്പോഴെനിക്കു തിരികെ കിട്ടുന്നത്. 

ഫ്ളാറ്റുകൾക്കും വീടുകൾക്കുമൊക്കെ ഭീകര വാടകയാണ് ചില ഉടമസ്ഥർ ചുമത്തുന്നത്. ഓരോ വർഷവും ഭീമമായി കൂട്ടുകയും ചെയ്യും. സ്വന്തം വീടില്ലാത്തവർക്ക് അല്ലെങ്കിൽ വീട്ടിൽ നിന്നകലെ ജോലിസ്ഥലത്തു താമസിക്കേണ്ടി വരുന്നവർക്ക് വാടക വീടെടുത്തേ പറ്റൂ. സ്ഥലംമാറ്റമുള്ള ജോലിക്കാർക്ക് മിക്കപ്പോഴും ഇതു വേണ്ടി വരും. 

ഹൗസ് ഓണേഴ്സിനോടൊരു വാക്ക്: വാടകക്കാരുടെ നിസ്സഹായതയെ മുതലെടുക്കരുത്. വീട് നിങ്ങളുടേതാണ്. സമ്മതിച്ചു. പുണ്യം കിട്ടാനല്ലല്ലോ മറ്റുള്ളവർക്കു താമസിക്കാൻ കൊടുക്കുന്നത്. അതുകൊണ്ട് വാടക വാങ്ങണം. പക്ഷേ കൊള്ളയാവരുത്. അതിൽ ഒരു ന്യായം ഉണ്ടാവണം. പിന്നെ, വാടക തന്നു താമസിക്കുമ്പോൾ അവർക്കു ചില അവകാശങ്ങളുണ്ട്. അതു മറക്കരുത്. ഒരു ഹൗസ് ഓണറുടെയും ടെനന്റിന്റെയും നിലയിൽ നിന്നുകൊണ്ടാണ് ഞാൻ ഇത്രയും പറയുന്നത്. 

English Summary : Things To Keep In Mind Before Giving A House On Rent

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.