കാലം പഴയ കാലമല്ല

crying-girl
പ്രതീകാത്മക ചിത്രം. Photo Credit : Vasileios Karafillidis / Shutterstock.com
SHARE

ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ ഫോട്ടോകൾ ഇടുന്നത്‌ ഇന്നത്തെ ട്രെൻഡ് ആണല്ലോ. അതും പല പല ആപ്പുകളിൽ കേറ്റി മേക്കപ്പ് ഇട്ട് ഭംഗി പിടിപ്പിച്ച്. എന്ത് ഭംഗി, സുന്ദരി, മനോഹരം എന്നൊക്കെയുള്ള കമന്റുകൾ കണ്ടു രോമാഞ്ചമണിയണ്ടേ?

അങ്ങനെ ദേവിയുടെ ഒരു പടം കണ്ടതും ഒരു കൂട്ടുകാരി ഫോണിൽ വിളിച്ചു. 

‘നല്ല പടം’ അവൾ പറഞ്ഞു. 

‘ഓ വയസ്സായില്ലേ കുട്ടീ’ ഞാൻ വിനയാന്വിതയായി. 

‘70-75 വയസ്സുള്ള പെണ്ണുങ്ങൾക്ക് ഡിമാൻഡ് ഉള്ള കാലമാണേ ദേവിചേച്ചീ സൂക്ഷിക്കണേ.’ അവൾ കുടുകുടെ ചിരിച്ചു കൊണ്ട് കളി പറഞ്ഞു.

‘എന്ത് ഡിമാൻഡ്’ ഞാനും ചിരിച്ചു. 

‘പിടിച്ചു കൊണ്ട് പോകാനും റേപ്പ് ചെയ്യാനും കൊല്ലാനുമൊക്കെ’അവളുടെ ചിരി വീണ്ടും. 

‘നോക്കൂ ഇത് തമാശ പറയാനുള്ള വിഷയമല്ല. വൃദ്ധകളോടു കാമം തോന്നുന്നത് പാപമാണെന്നു കേട്ടിട്ടില്ലേ?’ ഞാൻ ഗൗരവത്തിലായി. 

‘കുട്ടികൾക്ക് രക്ഷയുണ്ടോ? അതേക്കുറിച്ച് ഒന്നും ആരും പറഞ്ഞിട്ടില്ലേ ?’ അവളും സീരിയസ് ആയി. 

‘ഇതൊക്കെ മാനസിക രോഗങ്ങളാണ് എന്നു പറഞ്ഞു തള്ളിക്കളയും. അത്രതന്നെ.’ അത്രയും കൂടിപ്പറഞ്ഞ് അവൾ ഫോൺ വച്ചു. 

റേപ്പ് എന്നു കേട്ടിട്ടില്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത് എന്നു ഞാൻ പറഞ്ഞപ്പോൾ ചെറുപ്പക്കാരായ ചില കൂട്ടുകാർ തർക്കിച്ചു. 

‘അന്നും ഇതൊക്കെ ഉണ്ടായിരുന്നു. അഭിമാനമോർത്ത് ആരും പുറത്തു പറയുകയില്ല. അഥവാ പറയാൻ ധൈര്യപ്പെടുകയില്ല. അതവിടെ ഒതുങ്ങും. അതാ നിങ്ങൾ അറിയാതെ പോയത്.’

‘ഒരു തർക്കത്തിന് ഞാനില്ല. ഒരുപക്ഷേ അന്നും ക്രൂരകൃത്യങ്ങൾ നടന്നിട്ടുണ്ടാവും. പക്ഷേ ഇത്രത്തോളം സർവസാധാരണമായിരുന്നിരിക്കില്ല, ഇത്തരം കുറ്റകൃത്യങ്ങൾ.’

‘പിന്നേ, എല്ലാ വീടുകളിലെയും എല്ലാ നാട്ടിലെയും കാര്യങ്ങൾ നിങ്ങൾക്കറിയാമോ ?’ എന്റെ കൂട്ടുകാർ വിടാൻ ഭാവമില്ല. 

അറിയില്ല സമ്മതിച്ചു. ഞാൻ പറയുന്നതും എഴുതുന്നതുമൊക്കെ എന്റെ അനുഭവങ്ങളുടെ പരിധിക്കുള്ളിൽ നിന്നു കൊണ്ടാണ്. 

എന്റേത് ഏറ്റവും മനോഹരമായ ഒരു കുട്ടിക്കാലമായിരുന്നു. ഒരു പാട് അംഗങ്ങൾ ഉള്ള തറവാട്ടിൽ സ്ത്രീകളും പെൺകുട്ടികളും ഏറ്റവും സുരക്ഷിതരായിരുന്നു. പുരുഷന്മാർ പാകതയും ഗൗരവവും മാന്യതയും ഉള്ളവർ. അവിടെയും പ്രേമവും പ്രേമവിവാഹങ്ങളും പ്രേമഭംഗങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ ബലാൽക്കാരങ്ങളോ അവിഹിതങ്ങളോ നടന്നതായി എന്റെ അറിവിലില്ല. വലിയൊരു കുടുംബത്തിൽ ഇത്തരം കാര്യങ്ങൾ ഒളിച്ചു വയ്ക്കാനും എളുപ്പമല്ല. 

ഇനി വീട്ടിനു പുറത്തുള്ള കാര്യങ്ങളും കുറച്ചൊക്കെ അറിയാൻ കഴിയും. നാട്ടുകാരും ബന്ധുക്കളും പരിചയക്കാരും ഒക്കെയായി ഞങ്ങൾ സമ്പർക്കം പുലർത്തിയിരുന്നില്ലേ ? പ്രണയം നടിച്ചു ചതിച്ചെന്നോ ആത്മഹത്യ ചെയ്തെന്നോ അവിഹിതങ്ങൾ ഉണ്ടായെന്നോ ഒക്കെയുള്ള വാർത്തകൾ അന്നും കേട്ടിരുന്നു. നാട്ടു വാർത്തയായിത്തന്നെ അതൊക്കെ പ്രചരിച്ചിരുന്നുതാനും. പക്ഷേ പിഞ്ചു കുഞ്ഞുങ്ങളോ യുവതികളോ വൃദ്ധകളോ രോഗികളോ പീഡിപ്പിക്കപ്പെട്ടതായി കേട്ടിട്ടില്ല.  

അന്ന് ടിവിയും പത്രങ്ങളും മറ്റു മാധ്യമങ്ങളും ഇത്രത്തോളം സജീവമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് വാർത്തകൾക്കു പ്രചാരം ലഭിക്കാഞ്ഞതെന്നും എന്റെ കൂട്ടുകാർ വാദിക്കുന്നു. 

അതൊക്കെ ശരി തന്നെ. അപ്പോൾ ഇവയുടെയൊക്കെ സ്വാധീനവും മനുഷ്യന്റെ ചിന്താഗതികളെയും പെരുമാറ്റരീതികളെയും പ്രവൃത്തികളെയും ജീവിതത്തെത്തന്നെയും മാറ്റി മറിച്ചിട്ടില്ലേ ? ടെക്നോളജിയുടെ വളർച്ച എത്രത്തോളം ഗുണകരമാണോ അത്രയും തന്നെ ദോഷങ്ങളുമുണ്ട് എന്നത് വസ്തുതയാണ്.

സ്ത്രീപീഡനം മാത്രമല്ല കൊള്ളയും കൊലയും കള്ളക്കടത്തും കൈക്കൂലിയും മായം ചേർക്കലും ലഹരിമരുന്നുപയോഗവും മദ്യപാനവുമൊക്കെ വർധിച്ചിട്ടില്ലേ? ദുർവാസനകളിലേക്കെത്തിച്ചേരാനുള്ള വഴികൾ ഇന്ന് കൊച്ചുകുട്ടികൾക്ക് പോലും സുഗമമാണ്. അതോ അതുമൊക്കെ പണ്ടു മുതൽക്കേ ഇതേ രീതിയിൽ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തൊക്കെ വാദിച്ചാലും സമൂഹത്തിൽ തിന്മകൾ നിയന്ത്രണാതീതമായി വർധിച്ചിട്ടുണ്ട്. പണ്ടത്തെപ്പോലെയല്ല ഒന്നുമിപ്പോൾ. കാലം മാറിപ്പോയി. കാര്യകാരണങ്ങൾ പലതാവാം. കലികാലത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് പുരാണങ്ങളിൽ പറഞ്ഞിട്ടില്ലേ? – ഇങ്ങനെയൊക്കെ കൂട്ടുകാരോട് വാദിക്കാൻ ഞാൻ ആശിച്ചു. പക്ഷേ കഴിഞ്ഞില്ല. അവർ പുതിയ തലമുറയല്ലേ.

ഇതൊക്കെയാണെങ്കിലും തിന്മയുടെ മേൽ നന്മ വിജയിച്ച് ഒരു നല്ലകാലം വരുമെന്നാശിക്കുന്ന ഒരു തലമുറ ഇപ്പോഴും ഇവിടെയുണ്ട്.

English Summary: Kadhayillaymakal Column by Devi J.S., Crimes against women on the rise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.