മഴയോട് പറയുന്നത്

Colocasia
SHARE

ഒരാഴ്ചയായി തോരാതെ മഴപെയ്യുന്നു. ഇതെന്തു മഴ! ഇടപ്പാതി കഴിഞ്ഞല്ലോ. തുലാവർഷമാകാൻ തുലാം എത്തുന്നതല്ലേയുള്ളൂ. അപ്പോൾ കന്നിമാസ മഴയാണോ? കന്നി മാസത്തിൽ വെയിൽ വരേണ്ടതാണ് (അത് പണ്ടല്ലേ?). അമ്മൂമ്മ പറയാറുണ്ടായിരുന്നു. ‘കന്നി മാസത്തിൽ പത്തുവെയിലുണ്ടാവും. നെല്ലുണക്കാനാണ്. കന്നി വെറി എന്നാണ് അതിനു പറയാറ്’. അമ്മൂമ്മ പോയില്ലേ. അമ്മയും പോയി. ഇനി പഴംപുരാണങ്ങൾ പറഞ്ഞു തരാനാരാണ്? അല്ലാ

ഇപ്പോൾ ദേവി ഒരു അമ്മൂമ്മയല്ലേ? പഴയകാര്യങ്ങളും പഴഞ്ചൊല്ലുകളുമൊക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാമല്ലോ എന്നാരെങ്കിലും ചോദിച്ചാൽ ഉടനെ മിലി ചാടി വീഴും. ‘ഈ അമ്മൂമ്മയോ ? പഴങ്കഥകളോ? ഇത് ഒരു മോഡേൺ അമ്മൂമ്മയല്ലേ. ‘തഗ്’ അമ്മൂമ്മ എന്നാണ് എന്റെ കൂട്ടുകാർ പറയുന്നത്’. അടിപൊളി ,ഫ്രീക്ക് ഇതൊക്കെ പോയിട്ട് അവരുടെ ഇടയിൽ വന്ന പുതിയ പ്രയോഗമാണ് തഗ്. ഹാരിപോട്ടറും അക്വാമാനും വണ്ടർ വുമണും ഒക്കെ കുട്ടികളോടൊപ്പമിരുന്നു കാണുന്ന അമ്മൂമ്മ. അവരോടൊപ്പം പാടുകയും ആടുകയും കളിക്കുകയും ചെയ്യുന്ന അമ്മൂമ്മ. ചിരിയും സംസാരവും തമാശകളുമായി കൂടുന്ന ഹ്യൂമർ സെൻസ് ഉള്ള എന്റെ അമ്മൂമ്മയോ പടുവൃദ്ധ? 'ശൈശവം മുതൽ കേട്ട് വന്ന കാര്യങ്ങളും കഥകളും എന്റെ കുട്ടിക്കാലാനുഭവങ്ങളും ഞാനവളുമായി പങ്കിടാറുണ്ട്. എന്നാലും എന്നെ ഒരു പടുകിളവിയായിക്കാണാൻ അവൾ തയാറല്ല. 

മഴയെക്കുറിച്ചല്ലേ പറഞ്ഞു വന്നത്? ഇന്നലെ ഒരാൾ അദ്‌ഭുതപ്പെടുന്നത് കേട്ടു. 

street-photo-monsoon-rain

‘എന്തൊരു മഴയാണിത്. തുള്ളിക്കൊരു കുടം പെയ്യാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി. ഇനി വരാൻ പോകുന്നത് പ്രളയമാണോ?’

‘എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത് ? മുൻപ് രണ്ടു തവണ അങ്ങനെ ഉണ്ടായെന്നു വച്ച് മഴ പെയ്യുമ്പോഴൊക്കെ പ്രളയം വരണമെന്നുണ്ടോ ? പോസിറ്റീവ് ആയി ചിന്തിക്കൂ. വരില്ല എന്നു തന്നെ. പിന്നെ വരുന്നെങ്കിൽ വരട്ടെ. ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ.’ എന്നാണ് ഞാൻ ആ കൂട്ടുകാരനോട് പറഞ്ഞതെങ്കിലും മഴയോട് ഞാൻ ചോദിച്ചു. 

‘നീ ഇങ്ങനെ തുടങ്ങിയാലെങ്ങനെയാ ? ഞങ്ങൾക്ക് തുണികൾ ഉണക്കിയെടുക്കണ്ടേ ? (ഇവിടെ നെല്ലില്ല, ഭാഗ്യം ).വീടിനു പുറത്തിറങ്ങണ്ടേ?’ ‘ങേ നിങ്ങളൊക്കെ കൊറോണ പേടിച്ച് മുറ്റത്തുപോലും ഇറങ്ങാറില്ലല്ലോ. പിന്നെന്താ?’ എന്ന് മഴ. 

Leafs rain

കുട്ടികൾക്ക് കളിക്കണ്ടേ എന്ന് ചോദിക്കാൻ ഞാൻ മടിച്ചു. ‘പിന്നേ, കുട്ടികൾ കളിക്കാതായിട്ട് മാസങ്ങളായില്ലേ’ എന്ന പരിഹാസം കേൾക്കാനോ? മഴയിൽ കളിച്ചിരുന്ന, കുളിച്ചിരുന്ന, ഒളിച്ചിരുന്ന ബാല്യ കൗമാരയോർമകൾ എന്നെ ഇപ്പോഴും കുളിരണിയിക്കുന്നു എന്ന് ഞാൻ പറഞ്ഞതു കേട്ട് മഴ പൊട്ടിച്ചിരിച്ചു. 

‘"പനി പിടിക്കാനോ ?’

‘പണ്ടും പനി പിടിച്ചിരുന്നില്ലേ ? എന്നുവച്ച് മഴവിളയാട്ടഭ്രമങ്ങൾ എന്നെ വിട്ടു മാറിയിരുന്നോ?’

ഞാൻ ജനിച്ചപ്പോൾ കൂടെ ജനിച്ച്, വിട്ടു പിരിയാതെ ഇന്നു വരെയും കൂടെയുള്ള മറ്റൊരു രോമാഞ്ചക്കുളിരാണ് എനിക്ക് പനി.

പണ്ട് പണ്ടൊരു വേനൽക്കാലത്ത് പനി പിടിച്ചു മയങ്ങിക്കിടക്കുമ്പോൾ സൂരജ് അടുത്തു വന്നു. പെട്ടെന്ന് കണ്ണു തുറന്ന് ഞാൻ ചോദിച്ചു. 

rain-drops-manorama-image

‘പുറത്തു മഴയുണ്ട് അല്ലേ ?"

‘ഇല്ലമ്മേ. ഇത് കടുത്ത സമ്മർ അല്ലേ ?’

ഞാൻ മെല്ലെ കണ്ണടച്ചു. പിന്നെ പറഞ്ഞു. 

‘എന്തൊരു സുഖമാണെന്നോ തീക്കനലിന്റെ പുറത്ത് ഇങ്ങനെ പുതച്ചു മൂടിക്കിടക്കാൻ!’

അവൻ ഞെട്ടിയില്ല. കാരണം പനി വരുമ്പോൾ ഞാനിങ്ങനെ പിച്ചും പേയും പറയുന്നത് എന്റെ മക്കൾ അവരുടെ കുട്ടിക്കാലം മുതൽക്കേ കാണുന്നതല്ലേ ?അപ്പോൾ തന്നെ ഒരു തൂവാല നനച്ച് അമ്മയുടെ നെറ്റിയിൽ വയ്ക്കണമെന്നും അവർക്കറിയാം. പിന്നീട് പനി മാറി നോർമൽ ആയിക്കഴിയുമ്പോൾ ചുട്ടു പൊള്ളിയ ആ ദിനങ്ങളിൽ ഞാൻ പറഞ്ഞ മണ്ടത്തരങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്തു വച്ചതുപോലെ പറഞ്ഞു കേൾപ്പിച്ചു ചിരിപ്പടക്കങ്ങൾ പൊട്ടിക്കുന്നതും അവരുടെ പതിവാണ്. 

ഇപ്പൊഴീ കന്നിമാസമഴയ്ക്ക് മുൻപ് പശ്ചിമാകാശ കാൻവാസിൽ കടും ചുവപ്പു നിറത്തിൽ പ്രകൃതി ചിത്രമെഴുതി. കേരളത്തിൽ അങ്ങോളമിങ്ങോളം ഈ പ്രതിഭാസം തെളിഞ്ഞപ്പോൾ പലരും ഫോട്ടോകൾ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും മൊബൈലിൽ അയച്ചു. ഇവിടെയും ആകാശം ചുവപ്പും ഓറഞ്ചും നിറങ്ങൾ വാരിപ്പൂശിക്കണ്ടു. പെട്ടെന്ന് ആ വർണശോഭ മാഞ്ഞ് ആകാശം കറുത്തിരുണ്ടു. മഴ ആർത്തിരമ്പിയെത്തി. 

ഞാൻ മഴയോട് പറഞ്ഞു. 

ഓ, ന്യൂനമർദ്ദം, ചുഴലിക്കാറ്റ്, ഇടിമിന്നൽ ഇങ്ങനെ ആരെയൊക്കെ കൂട്ടിക്കൊണ്ടാണ് വരവ് ? വേണ്ടാട്ടോ. പ്രളയം വേണ്ട, ആളപായം വേണ്ട, നാശനഷ്ടങ്ങൾ വേണ്ട. നിന്നെക്കണ്ടു ഭയന്ന് വിറയ്ക്കാനിടയാക്കല്ലേ. പണ്ടത്തെപ്പോലെ പനിനീർ മഴയായും പെരുമഴയായും ഇടയ്ക്കു തോരാത്തമഴയായും വന്ന് ഞങ്ങളുടെ ഉടലിനെയും ഉയിരിനെയും തണുപ്പിച്ച്‌, ജീവജാലങ്ങളെ മുഴുവൻ കുളിപ്പിച്ച്, നാടിനെയാകെ പച്ചപുതപ്പിച്ച് മടങ്ങൂ. അടുത്ത ഇടവപ്പാതിക്കും തുലാവർഷത്തിനും വേനൽ മഴയ്ക്കുമായി ഞങ്ങൾ കാത്തിരിക്കട്ടെ. 

English Summary : Web Column Kadhaillayimakal - Monsoon Rain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA