വിളിക്കാതെ വന്നു ചേർന്ന

kadhaillayimakal-column-why-you-should-reconnect-with-old-friends
Representative Image : Photo Credit: Suriyachan / Shutterstock.com
SHARE

ഒരു നല്ല വീട് എന്റെയും മകളുടെയും മരുമകന്റെയും സ്വപ്നമാണ്. ഫ്ലാറ്റിൽ പതിനഞ്ചു കൊല്ലമായി  ജീവിതം തുടരുമ്പോൾ ഒരു സാക്ഷാത്കാരം ഞങ്ങൾ പ്ലാൻ ചെയ്തു തുടങ്ങി. നഗരത്തിൽ ഒരു വീട് വാങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീടുകൾ ധാരാളം വിൽക്കാനുണ്ട്. എന്നു വച്ച് ഓടി ചെന്നങ്ങു വാങ്ങാൻ പറ്റുമോ? കടമ്പകൾ ഏറെ. ഒന്നാമത് സിറ്റിയിൽ സൗകര്യപ്രദമായ സ്ഥലത്ത് ഒരു നല്ല വീട് കണ്ടെത്തണം. വീടുകൾ പണിഞ്ഞു വിൽക്കുന്നവരുടെ ഒരു പട തന്നെയുണ്ട് എല്ലായിടത്തും. (അതിൽ ലേശം തട്ടിപ്പുകൾ ഉണ്ടാവും). ചിലർ സ്വന്തം ആവശ്യത്തിനായി ഏറ്റവും നന്നായി പണിയിച്ച് (ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽസ് എല്ലാം നല്ല ഒന്നാംതരം) അങ്ങനെ താമസിച്ചു വരുമ്പോൾ വരുന്നു ഒരു അത്യാവശ്യം.

മകനെ കാശു കൊടുത്ത് എംബിബിഎസിനു ചേർക്കണം. മകൾ ഭാഗം ചോദിക്കുന്നു. ഉള്ളതെല്ലാം വീട്ടിൽ നിക്ഷേപിച്ചു നിൽക്കുന്ന പിതാവിന് ഇത്രയധികം പണം പെട്ടെന്ന് കണ്ടെത്താൻ മറ്റെന്തു വഴി? അല്പം വിഷമത്തോടെ, ആശിച്ചു പണിഞ്ഞ വീട് വിൽക്കുക. അങ്ങനെ ഇഷ്ടപ്പെട്ടൊരു വീട് കണ്ടെത്തിയാലും നമ്മുടെ പഴ്സ് അത് താങ്ങണമല്ലോ. അതിനാണ് ബാങ്ക് ലോൺ. അതിനും ഉണ്ട് ഒരു നൂറു കടമ്പകൾ. എത്രയോ രേഖകൾ ബാങ്കിൽ സമർപ്പിക്കണം. ബാധ്യതകൾ ഇല്ലെന്ന് ബാങ്കിനും നമുക്കും ബോധ്യമാകണം. 

ഇത്രയും പറഞ്ഞത്, ഇതെല്ലാം ശരിയാക്കി പണ്ട് ഞാനൊരു വീടും സ്ഥലവും കൂടി വാങ്ങി. വർഷം രണ്ടു കഴിഞ്ഞപ്പോൾ അതാ വരുന്നു ഒരു വക്കീൽ നോട്ടിസ്! അതും ഞാൻ കീമോതെറാപ്പി കഴിഞ്ഞു സുഖം പ്രാപിക്കുന്ന കാലം. ഞാൻ വാങ്ങിയ വീടും പറമ്പും കടപ്പെടുത്തി പഴയ ഉടമസ്ഥർ ഒരു ഫൈനാൻസ് കമ്പനിയിൽനിന്ന് ലോൺ എടുത്തിരുന്നത്രേ. വിൽക്കുമ്പോൾ കടം വീട്ടാമെന്നു വാക്ക് പറഞ്ഞിട്ട് അവർ ഒറിജിനൽ പ്രമാണം തിരികെ വാങ്ങി. പക്ഷേ വിറ്റു കഴിഞ്ഞപ്പോൾ  വാക്കു മാറി. ഫൈനാൻസുകാർ കേസ് കൊടുത്തു. കേസിൽ എന്നെയും തൊട്ടടുത്ത പറമ്പു വാങ്ങിയ മോളിയേയും പ്രതി ചേർത്തു (അവരും ഈ ഉടമസ്ഥരിൽ നിന്നാണ് വീടും പറമ്പും വാങ്ങിയത്). ജില്ലാ ജഡ്ജിയായ അമ്മാവനോട് ഞാൻ വിവരം പറഞ്ഞു. 

‘നിയമപരമായി നമ്മളെ ഒന്നും ചെയ്യാൻ അവർക്കാവില്ല. കാരണം ബാധ്യത സർട്ടിഫിക്കറ്റിൽ പോലുമില്ലാത്ത വാക്കാലുള്ള കടം. പക്ഷേ നമ്മൾ ഡിഫൻഡ് ചെയ്യണം. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ...’ എന്നാണ് അമ്മാവൻ പറഞ്ഞത്. 

FILES-INDIA-POLITICS-UNREST-RELIGION-FAMILY
Social networks on a smartphone. Photo Credit : Arun Sankar / AFP Photo

ഏതായാലും അന്നു മുതൽ ഇടയ്ക്കിടെ ഞാൻ കോടതി വരാന്തയിൽ കാത്തിരിപ്പു തുടങ്ങി. എപ്പോഴോ കേസ് വിളിക്കും. മാറ്റി വയ്ക്കും. ലംബോദരൻ മാമൻ എന്ന് ഞങ്ങൾ വിളിക്കുന്ന പ്രസിദ്ധനായ വക്കീൽ എനിക്കു വേണ്ടി ഹാജരായി. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് എനിക്കൊരൂഹവുമില്ല. മണിക്കൂറുകൾ അവിടെയിരിക്കും. 

‘ഇനി പൊയ്ക്കോളൂ കുട്ടീ. അടുത്ത തീയതി ഞാൻ അറിയിക്കാം. അപ്പോൾ വന്നാൽ മതി’ എന്ന് വക്കീൽ പറയുമ്പോൾ ഞാൻ മടങ്ങും. അടുത്ത വീട്ടിലെ ഉഷ എന്ന യുവതിയാണ് കോടതിയിൽ പോകാൻ എനിക്കു കൂട്ട് വരാറുള്ളത്. വെറുതെ ഇതൊക്കെ ഓർത്തപ്പോൾ അന്ന് ആ കോടതി വരാന്തക്കാലത്ത് നടന്ന രസകരമായ ഒരു സംഭവം എന്റെ മനസ്സിൽ  തെളിഞ്ഞു.

ഒരു ദിവസം പതിവു പോലെ ഉഷയും ഞാനും കോടതി വരാന്തയുടെ ഒരറ്റത്ത് താഴേക്ക് കാലും തൂക്കിയിട്ടിരിക്കുന്നു. അപ്പോഴതാ ആ കലക്ടറേറ്റ് ക്യാംപസിലൂടെ നടന്നു വരുന്നു ജെറാർഡ് ! ഞങ്ങളുടെ കൂടെ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ആളാണ്. വളരെ ഫ്രണ്ട്‌ലി ആയൊരാൾ. എന്നെ കണ്ട് ജെറാർഡ് സ്വതസിദ്ധമായ ചിരിയോടെ അടുത്തു വന്നു. 

‘എന്താ ഇവിടെ’

‘ഇവിടെ കോടതിയിൽ വന്നതാണ്.’

കലക്ടറേറ്റിനകത്തു തന്നെയാണ് കോടതികളും. കാര്യം ഞാൻ  വിശദീകരിച്ചു. 

നേരേ എതിർവശത്തെ പള്ളിയിലേക്ക്‌ ചൂണ്ടി ജെറാർഡ്  പറഞ്ഞു: ‘അവിടെ കസിന്റെ കല്യാണമാണ്. ചിത്രയും അമ്മയും ഒക്കെ അവിടെ ഉണ്ട്.’

‘അയ്യോ ഒന്ന് കാണാമായിരുന്നു’ ഞാൻ പറഞ്ഞു. 

‘എന്നാൽ വരൂ’ ജെറാർഡ് വിളിച്ചു. 

‘വരട്ടേ? പക്ഷേ ഞങ്ങളെ ക്ഷണിച്ചിട്ടില്ലല്ലോ. കൊഴപ്പമുണ്ടോ?’

‘എന്തു കുഴപ്പം. ഞാനല്ലേ വിളിക്കുന്നത്. വരൂ.’

‘ശ്ശോ ഒരു നല്ല വേഷം പോലുമില്ലാതെ’ ഞാൻ പരിതപിച്ചു. എന്റെയും ഉഷയുടെയും വേഷം തികച്ചും സാധാരണ കോട്ടൺ ചുരിദാർ. (ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ലളിതമായി, എന്നാൽ നന്നായി ഒരുങ്ങി പോകുന്ന ഒരാളാണ് ഞാൻ)

‘ഓ അതിലൊക്കെ എന്തുകാര്യം.വരൂന്നേ..’

അങ്ങനെ ഞങ്ങൾ ജെറാർഡിന്റെ കൂടെ ചെന്നു. റോഡ് മുറിച്ചു കടന്നാൽ പള്ളിയായി.

ക്ഷണിക്കാത്ത കല്യാണത്തിന് പോയി എന്ന ചമ്മൽ ഞങ്ങൾക്ക് തോന്നാത്ത വിധമായിരുന്നു ജെറാർഡിന്റെ പെരുമാറ്റം. നിറഞ്ഞ ചിരിയോടെ അയാൾ ചിത്രയ്ക്കും അമ്മയ്ക്കും ഞങ്ങളെ പരിചയപ്പെടുത്തി. പുറത്തു പോയ ജെറാർഡ് രണ്ടു സുന്ദരിമാരുമായി കയറിവരുന്നത് കണ്ടപ്പോൾ അവർക്കുണ്ടായ അമ്പരപ്പ് ഞാൻ ശ്രദ്ധിച്ചു. പക്ഷേ ഏതോ വിശിഷ്ടാതിഥികൾ എന്ന മട്ടിലാണ് പിന്നീട് ഞങ്ങൾക്ക് ലഭിച്ച സ്വീകരണം.

കല്യാണം കണ്ടു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു. ക്രിസ്ത്യൻ കല്യാണങ്ങൾ എനിക്കിഷ്ടം. ലഞ്ച് വെജിറ്റേറിയൻ അല്ലല്ലോ. മാത്രമല്ല ഉഷയും ഞാനും വിശന്ന്, ദാഹിച്ച് വലഞ്ഞിരിക്കുകയായിരുന്നു. 

പിന്നീട് ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. വീണ്ടും കോടതി വരാന്തയിലേക്ക്. (പിന്നീട് ആ കേസിൽനിന്ന് ഞങ്ങളെ ഒഴിവാക്കി)

BOSNIA-FACEBOOK/
Silhouettes of mobile users. Photo Credit : Dado Ruvic / Reuters

സഹപ്രവർത്തകരാണ്, പരിചയക്കാരാണ് എന്നതിനപ്പുറം അടുത്ത സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല മറ്റേതോ ഡിപ്പാർട്ട്മെന്റിലേക്ക് താത്ക്കാലിക മാറ്റം വാങ്ങി ജെറാർഡ് യൂണിവേഴ്സിറ്റി വിട്ടു പോയി. തമ്മിൽ കാണുന്നത് അപൂർവമായപ്പോൾ ജെറാർഡിനെ ഓർക്കാറു തന്നെയില്ലെന്നായി. പിന്നെ അയാൾ മടങ്ങി വന്നപ്പോഴേക്കും ഞാൻ സർവീസിൽനിന്ന് വിരമിച്ചിരുന്നു. 

ഈയിടെ ജെറാർഡ് മറവിയുടെ എല്ലാ മറകളും നീക്കി പ്രത്യക്ഷപ്പെട്ടു. എന്റെ മുന്നിലല്ല. ഫെയ്സ്ബുക്കിൽ എല്ലാ സുഹൃത്തുക്കളുടെയും മുന്നിൽ. അത്യപൂർവമായ ബാല്യകാലസ്മരണകളുടെ മാന്ത്രികച്ചെപ്പു തുറന്നു കൊണ്ട്. ഇത്രയും കുസൃതിയും കുരുത്തക്കേടും വികൃതിയും മധുരവും നൊമ്പരവും ഒക്കെ നിറഞ്ഞ ഒരു ബാല്യകാലം എത്രപേർക്കുണ്ടാവും !

വിദ്യാഭ്യാസകാലത്തെയും ഔദ്യോഗികജീവിതത്തെയും കഥകളാക്കി മാറ്റാൻ അയാൾക്ക്‌ കഴിഞ്ഞു. ഇതെല്ലം നർമം തുളുമ്പുന്ന, മനസ്സിൽ തൊടുന്ന, മറക്കാനാവാത്ത മനോഹരമായ കുറിപ്പുകളാക്കാൻ കഴിവുള്ള ഈ എഴുത്തുകാരൻ, ഇത്രയും നാൾ എവിടെയായിരുന്നു? 

ഇനിയൊരു തമാശ പറയട്ടെ. ജെറാർഡിന്റെ മുഴുവൻ പേര് 'Jerard Mourelliose 'എന്നാണ്. അതൊന്ന്  തെറ്റുകൂടാതെ ഉച്ചരിക്കാൻ എനിക്കാവുന്നില്ല. അന്നും ഇന്നും. പറ്റുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിലൊന്നു പറഞ്ഞു തരൂ. ഞാനൊന്നു നീട്ടി വിളിക്കട്ടെ.

English Summary : Kadhaillayimakal Column by Devi J. S: Why you should reconnect with old friends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA