സ്ത്രീക്ക് ആദ്യം ജോലി, പിന്നെയാകാം കല്യാണം

kadhayillaymakal-why-is-it-important-for-a-woman-to-be-independent-image
Representative Image. Photo Credit : Mila Supinskaya Glashchenko / Shutterstock.com
SHARE

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചോ പൊതുവായി മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചോ പുരുഷന്മാർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചോ അല്ല സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യക്കുറവിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഇത് പറഞ്ഞാലുടനെ ചോദ്യമായി. ‘‘നിങ്ങൾ ഫെമിനിസ്റ്റ് ആണോ? സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന വക്കീലാണോ? സ്ത്രീവാദികളുടെ കൂടെ പ്രവർത്തിക്കുന്നുണ്ടോ?’’

ഏയ്, ഞാൻ ഇതൊന്നുമല്ല. വെറുമൊരു സ്ത്രീ, സഹോദരി, കൂട്ടുകാരി, അമ്മ, അമ്മൂമ്മ... ഇതെല്ലാം എന്നെ ജീവിതം പഠിപ്പിക്കുന്ന ചില പാഠങ്ങൾ അത്രമാത്രം.

സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തതാണ് സ്ത്രീയുടെ അടിമത്തത്തിനു കാരണം എന്നത് സത്യമാണ്. ഇതു ഞാൻ അനുഭവിച്ചറിഞ്ഞതാണ്. വീട്ടുകാര്യങ്ങൾ നോക്കാനോ മക്കളെ വളർത്താനോ അല്ല ഞാൻ എനിക്ക് കിട്ടിയ ഒരു സർക്കാർ ജോലി ഉപേക്ഷിച്ചത്. മറ്റൊരാളുടെ പിടിവാശി. കുടുംബ ജീവിതത്തിന്റെ സുരക്ഷയ്ക്ക് അത് അത്യാവശ്യമാണെങ്കിൽ ആയിക്കോട്ടെ എന്ന് പരോക്ഷമായി സമ്മതിക്കുമ്പോഴും ചെയ്യുന്നത് മഹാ മണ്ടത്തരമാണെന്ന് അഭ്യുദയകാംക്ഷികൾ മുന്നറിയിപ്പു തന്നിരുന്നു.

എന്റെ അച്ഛനെയും അമ്മയെയും അമ്പേ നിരാശപ്പെടുത്തിയ ഒരു കാര്യമായിരുന്നു അത്. പുറമേ ക്ഷമിച്ചെങ്കിലും മരണം വരെ അവർ ആ വിഷമം ഉള്ളിൽ സൂക്ഷിച്ചു. പിന്നെ ഞാൻ എന്തൊക്കെ നേടിയെങ്കിലും എന്റെ ജീവിതം താറുമാറായത് ആ വിഡ്ഢിത്തത്തിന്റെ ഫലമായിരുന്നു. വളരെ സമ്പന്നമായ ചുറ്റുപാടിൽ ജനിച്ചു വളർന്ന ഞാൻ ‘ഇല്ലായ്‌മ’ അറിയാൻ തുടങ്ങി. ഒടുവിൽ വീട്ടുചെലവുകൾ നടത്താൻ ഞാൻ പാരലൽ കോളജുകളിൽ നക്കാപ്പിച്ചാ ശമ്പളത്തിനു പഠിപ്പിക്കേണ്ടി വന്നു.   

കൂലിപ്പണി ചെയ്തു കിട്ടുന്ന കൂലി മുഴുവൻ കുടിച്ചും വലിച്ചും തീർത്തിട്ട് ഭാര്യ പണിയെടുത്തു ഭക്ഷണം കൊടുക്കണം, അല്ലെങ്കിൽ അടിയും ഇടിയും തൊഴിയും എന്ന് ചിലരെപ്പറ്റി പറഞ്ഞു കേൾക്കാറില്ലേ? അത് തന്നെയായിരുന്നു എന്റെ ഗതി. പിന്നെ ഒരു സത്യം പറയണം. അടിയും തൊഴിയും ഒന്നുമില്ല. നൂറു ശതമാനം അനുസരണയുള്ള പെണ്ണിനെ മർദ്ദിക്കേണ്ട കാര്യമില്ലല്ലോ. കുടിക്കും വലിക്കുമൊന്നുമല്ല സ്വന്തം സുഖങ്ങൾക്കു വേണ്ടിയാണ് സമ്പാദിക്കുന്നത് മുഴുവൻ ചെലവഴിക്കുന്നത് എന്നേയുള്ളു. വിദ്യാസമ്പന്നർക്കും ഉയർന്ന പദവിയിലുള്ളവർക്കും സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇതൊക്കെ സാധിക്കും.

പാരലൽ കോളജുകൾ കുട്ടികൾ ഇല്ലാതെ പൂട്ടിപ്പോയപ്പോൾ ഞാനൊരു തൊഴിൽരഹിതയും ദരിദ്രയുമായി. വീട്ടിലെ താരത്തിനോട് പൈസയ്ക്ക് കൈനീട്ടേണ്ടി വന്നപ്പോഴുള്ള ദുരവസ്ഥ ഇന്നും ഒരു ഭീകരസ്വപ്നമായി ഉള്ളിലുണ്ട്. കൂടുതൽ വിവരിക്കുന്നില്ല. ഒടുവിൽ ആ ദുരിതങ്ങളിൽനിന്ന് ഞാൻ രക്ഷപ്പെട്ടപ്പോഴാണ് ജോലിയില്ല, എങ്ങനെ ജീവിക്കും എന്ന സത്യം തുറിച്ചു നോക്കിയത്.

നിരപരാധികൾ നിസ്സഹായരാകുമ്പോൾ അവരെ സഹായിക്കാൻ ദൈവം മറ്റൊരു രൂപത്തിൽ വരും എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ വന്ന ദൈവികാനുഗ്രഹമായിരുന്നു എനിക്കു വീണ്ടും കിട്ടിയ സർക്കാർ ജോലി. ഞാൻ പണ്ട് ഉപേക്ഷിച്ച അതേ ജോലി തന്നെ. മറ്റൊരിടത്താണെന്നു മാത്രം.

സുഖം, സ്വാതന്ത്ര്യം, സമാധാനം ഇതൊക്കെ അനുഭവിക്കുന്നത് അപ്പോഴാണ്. എന്റെ ശമ്പളം എനിക്കും മക്കൾക്കും വേണ്ടി ചെലവഴിക്കുന്നതിന് ആരോടും കണക്കു പറയണ്ടല്ലോ. ഇതുപറഞ്ഞപ്പോൾ ലിസ്സി പറഞ്ഞു. ‘‘ചേച്ചീ സാമ്പത്തികം ഉണ്ടായതു കൊണ്ടുമാത്രം സ്വാതന്ത്ര്യം ഉണ്ടാവില്ല’’

അതെന്താ? എനിക്ക് മനസ്സിലായില്ല.

‘‘ചേച്ചീ എന്റെ ശമ്പളം മുഴുവൻ അങ്ങേരെ എണ്ണിയേൽപ്പിക്കണം. ചെലവാക്കുന്നത് പുള്ളിക്കാരനാണ്. ബസ് കാശു പോലും എണ്ണിത്തരും. ഇടയ്ക്കൊരു നാരങ്ങാ വെള്ളമോ കാന്റീനിൽ നിന്നൊരു ചായയോ വേണമെങ്കിൽ കാലത്തേ തന്നെ ചോദിച്ചു വാങ്ങണം..’’

ഭാര്യയുടെ കൈയ്യിൽ ഒരു പൈസ പോലും കൊടുക്കാത്ത ആണുങ്ങളുണ്ട്. അത് മിക്കവാറും അവൾക്ക് ജോലിയില്ലാത്തപ്പോഴാണ്. പണം സമ്പാദിക്കുന്നത് അയാളല്ലേ? അപ്പോൾ ചെലവാക്കുന്നതും അയാളുടെ രീതിക്ക് ! മീൻ വാങ്ങണോ പച്ചക്കറി വാങ്ങണോ ഡോബിക്കു കൊടുക്കണോ ഒക്കെ അപ്പോഴപ്പോൾ ചോദിച്ചു വാങ്ങണം. അവിചാരിതമായി ഒരു വിപിപി വന്നാൽ അയാൾ സ്ഥലത്തില്ലെങ്കിൽ വാങ്ങാനാവില്ല. ജോലിയില്ലാതിരുന്ന കാലത്തു ഞാനും ഇതെല്ലാം അനുഭവിച്ചിട്ടുണ്ട്. ആ വീട്ടമ്മമാരുടെ അവസ്ഥ എനിക്ക് മനസ്സിലാവും.

‘‘എന്നെപ്പോലെയുള്ളവർക്കു ഭർത്താവു ജീവിതമാർഗമാണ്. എന്തൊക്കെ കാണിച്ചാലും സഹിച്ചേ തീരൂ. വിട്ടിട്ട് എങ്ങോട്ടു പോകാനാ. ഒരടിമയെപ്പോലെ ഇവിടെ കിടക്കുക. വേറെ വഴിയില്ല’’ – ശാന്തിനി എന്ന വീട്ടമ്മ പറഞ്ഞു.

എല്ലാ പെൺകുട്ടികളോടും ഞാൻ പറയുകയാണ്: പഠിക്കണം. ജോലി നേടണം. വരുമാനമുള്ള ഒരു സ്ത്രീയാവണം. എന്നിട്ടു മതി വിവാഹം. പിന്നെ വിവാഹം കഴിഞ്ഞാലും ആരൊക്കെ നിർബന്ധിച്ചാലും ജോലി ഉപേക്ഷിക്കരുത്. ജീവിതത്തിൽ പിന്നീട് എന്തൊക്കെ സംഭവിക്കും എന്ന് അറിയാനാവില്ല. പിടിച്ചു നിൽക്കണ്ടേ ? 

കല്യാണം കഴിച്ചില്ലെങ്കിലും ചിലപ്പോൾ അവസ്ഥ ഇത് തന്നെ. ഉദ്യോഗസ്ഥയും അവിവാഹിതയുമായ കനകം എന്നോട് പറഞ്ഞു – ‘‘അക്കാ... ഒന്നാം തീയതി തന്നെ ശമ്പളം ഡാഡിയെ ഏൽപ്പിക്കണം. ഒരു പൈസ പോലും എടുക്കാൻ പാടില്ല’’. ബസിലും പിന്നെ ട്രെയിനിലും വീണ്ടും ബസിലും കുറച്ചു ദൂരം പോകണം അവൾക്ക്  ഓഫിസിലേക്ക്. 

‘‘ബസ് കാശു തരും കൃത്യം. ട്രെയിനിൽ പിന്നെ സീസൺ ടിക്കറ്റ് അല്ലേ? അതെടുത്തു തരും. അക്കാ, ഡാഡി എന്നെ പഠിപ്പിച്ചതിന്റെ കണക്കു പറയും. ആ കടം വീട്ടിയിട്ടേ എന്നെ വിവാഹം ചെയ്തയ്ക്കൂ...’’

കനകം ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവൾക്കു വിഷമമുണ്ട്. നല്ല ജോലി നല്ല ശമ്പളം. എന്ത് കാര്യം ?

പുരുഷന്മാർ എല്ലാവരും ഇങ്ങനെയല്ല. എനിക്കറിയാം. എന്നാലും എത്ര നല്ലവരാണെങ്കിലും എല്ലാക്കാര്യത്തിനും അവരെ ശല്യപ്പെടുത്തുകയും ആശ്രയിക്കുകയും ഭാരം ചുമപ്പിക്കുകയും ചെയ്യുന്നതെന്തിന്? വീട്ടിലെ സ്ത്രീകൾ കൂടി ജോലിയെടുക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത് നല്ലതല്ലേ?

സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വർഗം എന്ന് പുതിയ തലമുറ പറയുന്നത് ശരി തന്നെയാണ്.

English Summary : Kadhayillaymakal : Why should a woman be financially independent?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.