എനിക്കീ ദുഃഖങ്ങൾ കാണാൻ വയ്യ

kahaillayimakal-column-what-does-it-mean-to-have-empathy-for-others
Representative Image. Photo Credit: KieferPix / Shutterstock.com
SHARE

മകന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഒരമ്മ. അച്ഛനും അമ്മയും രണ്ടാൺമക്കളും കൂടി ഒാട്ടോറിക്ഷയിൽ പോയതാണ്. ഓട്ടോ ഓടിച്ചിരുന്നതോ അച്ഛൻ. പെട്ടെന്നാണ് പാഞ്ഞു വന്ന ഒരു മോട്ടർ ബൈക്ക് ഓട്ടോയിൽ ഇടിച്ചതും ഓട്ടോ മറിഞ്ഞ് പിറകിലിരുന്നവർ പുറത്തേക്കു തെറിച്ചതും. ആളുകൾ ഓടിക്കൂടി. അച്ഛനും അമ്മയ്ക്കും ഒരു മകനും കാര്യമായി ഒന്നും പറ്റിയിരുന്നില്ല പക്ഷെ മറ്റേ മകൻ... 

‘‘എന്റെ ചേച്ചീ ഒന്നേ ഞാൻ കണ്ടുള്ളു. എനിക്ക് ഒന്ന് കൂടി കാണാൻ വയ്യാത്ത നിലയിൽ രക്തത്തിൽ കുളിച്ച് എന്റെ മകൻ..’’

ആ വാക്കുകൾ എന്റെ കരളിൽ തറച്ചു കയറുന്നതായി തോന്നി.

‘‘നാലു ദിവസം ഞാൻ ആ ആശുപത്രിയിൽ ഐസിയുവിന്റെ വാതിൽക്കലിരുന്നു കരഞ്ഞ് പ്രാർഥിച്ചു, എന്റെ മകനെ എനിക്കു തരണേ എന്ന്. ദൈവം കേട്ടില്ല ചേച്ചീ എനിക്കവനെ തന്നില്ല’’

അവൾ വാവിട്ടു കരഞ്ഞു. ഒപ്പം ആ കുഞ്ഞിന്റെ അച്ഛനും അനിയനും. ഹൃദയഭേദകമായ ആ രംഗം എന്റെ മനസ്സിനെ തകർത്ത് തരിപ്പണമാക്കുന്നതു ഞാനറിഞ്ഞു.കണ്ണീരിൽ  ഞാൻ നനഞ്ഞു നിന്നു.

ഒരു ദിവസം ഞാനും നിന്നതാണല്ലോ ചോരയിൽ മുങ്ങിയ എന്റെ മകനെ നോക്കി, വീണ്ടും ഒന്ന് കൂടി നോക്കാൻ വയ്യാതെ !

ദുഃഖത്തിന്റെ തീവ്രതയിലാണ് ‘‘അയ്യോ കാണാൻ വയ്യേ.. കണ്ടുനിൽക്കാൻ വയ്യേ’’എന്നൊക്കെ നമ്മൾ നിലവിളിച്ചു പോകുന്നത് ! ആ നിസ്സഹായാവസ്‌ഥ ഉണ്ടാവുന്നതു മിക്കവാറും ഏറ്റവും അടുത്ത ബന്ധുക്കൾക്കാവും. തികച്ചും അന്യരായ ചിലർക്കും ചില കാഴ്ചകൾ താങ്ങാനാവില്ല. വഴിയിൽ ഒരു അപകടത്തിൽ പെട്ട് ഇതു പോലെ ചോരയിൽ കിടക്കുന്നതാരായാലും നമുക്ക് കണ്ടു നിൽക്കാൻ വിഷമം തന്നെ.

നിർഭാഗ്യം ദുരന്തങ്ങളുമായെത്തുമ്പോൾ നിസ്സഹായരായി പോകുന്ന ചിലരുടെ ഹൃദയം പൊട്ടിയുള്ള നിലവിളി കണ്ടു സഹിക്കാൻ പ്രയാസമാണ്. രോഗാവസ്ഥയിൽ വേദനകൊണ്ടു പിടയുന്ന പ്രിയപ്പെട്ടൊരാളെ നോക്കി നിൽക്കുന്നതെങ്ങനെ? ഒരാളെ അടിച്ചു വശം കെടുത്തുന്നതും കുത്തിയോ വെട്ടിയോ കൊല്ലുന്നതും (സിനിമയിലായാൽ പോലും) കാണാനാവുമോ?.

നല്ല അവസ്ഥകളിലും ചില കാര്യങ്ങൾ നമുക്ക് കാണാൻ വയ്യാതാകുന്നത് തമാശയാണ്. അവളുടെ സൗന്ദര്യം കണ്ടു സഹിക്കാൻ വയ്യ എന്നൊരാൾ പറയുന്നത് മോഹം കൊണ്ടാണ്.

ദേവിയുടെ പട്ടു സാരി... ഓ കാണാൻ വയ്യ... എന്നുപറയുന്നത് അത്രയ്ക്കും നല്ലതായാതു കൊണ്ടാവാം. അതിന്റെ കടുത്ത നിറം കൊണ്ടുമാവാം 

മഞ്ജുവിന്റെ കേക്കുകൾ... ഓ വയ്യേ...  കാണാൻ എന്ന് കുട്ടികൾ പറഞ്ഞാൽ അത് കൊതി കൊണ്ടാണ്.

ഇനി വെറുതെ ഒരു ജാട പറച്ചിലുണ്ട്. അയ്യോ എനിക്ക് കാണാൻ വയ്യ എന്ന് !

ആദ്യം പറഞ്ഞ അമ്മയെ, മകൻ നഷ്ടപ്പെട്ട സങ്കടം സഹിക്കാനാവാതെ തലതല്ലിക്കരയുന്ന ആ അമ്മയെ, പോയി കണ്ടു തിരിച്ചു വന്ന എന്നോട് അവളുടെ പല കൂട്ടുകാരികളും പറഞ്ഞു. 

‘‘ഓ അവളുടെ കരച്ചിൽ കാണാൻ വയ്യ. അതാണ് അവളെ കാണാൻ പോകാത്തത്’’

അങ്ങനെയാണോ വേണ്ടത്? അവളെ ഇടയ്ക്കൊന്നു പോയി കാണുകയും നമ്മുടെ സാന്നിധ്യം കൊണ്ട് അവൾക്കൊരാശ്വാസം പകർന്നു കൊടുക്കുകയുമല്ലേ വേണ്ടത് എന്ന് ഞാൻ ചോദിച്ചില്ല. കാരണം ആ സമയം വേറെ വല്ല കാര്യത്തിനും പോകാമല്ലോ എന്ന് ചിന്തിക്കുന്നവരോട് എന്ത് പറയാൻ!

എന്റെ അമ്മ ഒരു പാട് ദാനധർമങ്ങൾ ചെയ്തിരുന്നു. പക്ഷേ അമ്മയുടെ അവസാനകാലത്ത് അമ്മ തീരെ അവശയും രോഗിയുമായി. അന്ന്  പലരും പറഞ്ഞതെന്താണെന്നോ?

‘‘അവരെ ചെന്ന് കാണാൻ വയ്യ. അത്രയ്ക്കും ദയനീയം...’’

അമ്മയെ ചേച്ചി എന്നും അക്കൻ എന്നും മാമി എന്നും അമ്മ എന്നും വിളിച്ചിരുന്നവരാണിവരൊക്കെ.

അമ്മ തീരെ കിടപ്പിലൊന്നുമായിരുന്നില്ല. എൺപത് കഴിഞ്ഞപ്പോൾ വയ്യാതായി. പിന്നെ അമ്മയുടെ അടുത്തുനിന്ന് സമ്മാനങ്ങളും സഹായങ്ങളും കിട്ടാനില്ല. അതല്ലേ ഈ വിലാപത്തിനു കാരണം എന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്.

എട്ടു വർഷമായി എന്റെ മകൻ കിടപ്പിലാണ്. അപകടം പറ്റി അവൻ അതീവ ഗുരുതരാവസ്ഥയിൽ കിടന്ന സമയത്ത് അനേകം പേർ അവനെയും എന്നെയും സന്ദർശിക്കുകയും ഒരുപാടു സഹായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അവന്റെ ഏറ്റവും അടുത്ത ചില കൂട്ടുകാർ, എന്റെ വളരെ അടുത്ത ചില ബന്ധുക്കൾ ഒക്കെ ഇടയ്ക്കിടെ എന്നോടു പറയാറുണ്ട്.

‘‘അവന്റെ ആ കിടപ്പു കാണാൻ വയ്യ. അതാ വരാത്തത്’’ എന്ന്.

കാര്യം ശരിയാണ് ‘ഓവർ സ്മാർട്ട്’ എന്ന് അവരൊക്കെ വിശേഷിപ്പിച്ചിരുന്ന അവന്റെ ഇപ്പോഴത്തെ കിടപ്പു  കണ്ടാൽ വലിയ സങ്കടം തോന്നും.

അപ്പോൾ സ്വന്തം അമ്മ ഇപ്പോഴും അവന്റെ ദയനീയാവസ്ഥ കണ്ടുകൊണ്ടിരിക്കുകയല്ലേ (ഓ പെറ്റമ്മയ്ക്കു വേറെ വഴിയില്ലല്ലോ. അല്ലേ?) ഇത് ഒരു എസ്ക്യൂസ്‌ മാത്രമാണെന്ന്  പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.

‘‘ഇനി അവിടെ വരെ യാത്ര ചെയ്യണ്ടേ. പിന്നെ ചെന്നാൽ വല്ലതും കൊടുക്കണ്ടേ...’’ എന്നൊക്കെ അവരിൽ ചിലർ പറഞ്ഞതായി അറിഞ്ഞു.

വരണമെന്നോ സഹായിക്കണമെന്നോ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ വിളിച്ചിട്ടല്ല വേണ്ടപ്പെട്ടവർ ഓടിയെത്തിയത്. ചോദിക്കാതെയാണ് ചെറിയ തുകകൾ മുതൽ ലക്ഷങ്ങൾ വരെ ഓരോരുത്തർ തന്നു സഹായിച്ചത്. ഞാൻ ധനികയല്ല. എന്നാലും സാമ്പത്തിക സുരക്ഷിതത്വമുണ്ട്. പക്ഷെ ഇങ്ങനെയൊരു അത്യാപത്ത് വന്നാൽ ഏതു ധനികനും ദരിദ്രനായിപ്പോകും.

ഒരു മരണവീട്ടിൽ വച്ച് എന്നെക്കണ്ട കോടീശ്വരിയായ ഒരു ബന്ധു അടുത്തു  വന്നു പറഞ്ഞു – ‘‘ചേച്ചീ മകന്റെ കാര്യമൊക്കെ അറിഞ്ഞു.. പ്രയേഴ്‌സ് മാത്രമേ തരാനുള്ളൂ. വേറെ ഒന്നുമില്ല...’’

പ്രാർഥന നല്ലതാണ്. ഫലം കിട്ടുകയില്ല എന്നല്ല. ഒരു ചെലവുമില്ലാതെ പ്രാർഥനകൾ ആർക്കും കൊടുക്കാം.

.പിന്നെ ‘വേറെ ഒന്നുമില്ല’ എന്ന് പറയാൻ വേറെ ഒന്നും ഞാൻ ചോദിച്ചില്ലല്ലോ.

‘ഇങ്ങനയൊക്കെ പറയാൻ നാവു തരിച്ചു പക്ഷെ മരണ വീടല്ലേ ഞാൻ മിണ്ടിയില്ല. 

പ്രഗത്ഭനും പ്രസിദ്ധനുമായ ഒരു കസിൻ. ഒരുപാടു വർഷങ്ങളായി ഗൾഫിലാണ്. പരോപകാരമേ പുണ്യം എന്നാണ് ആദർശം. ഒരുപാടു പൊതു പ്രവർത്തനം. രോഗികളെയും. മരിച്ചവരെയും നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യും. എല്ലാ രംഗത്തും സജീവം. സഹായം, സഹകരണം. ഇടയ്ക്കിടെ പത്രത്തിൽ പടം വരും. എത്ര തവണ നാട്ടിൽ വന്നിട്ടും എന്റെ മകനെ ഒന്ന് കാണാൻ വന്നിട്ടില്ല.. എന്നിട്ടും പുള്ളിക്കാരന്റെ രണ്ടുമ ക്കളുടെ കല്യാണത്തിനും ഞാൻ പോയി (മകനെ ഹോംനഴ്സിനെ ഏൽപ്പിച്ച് പറപറന്നു പോയിട്ട് വന്നു).

അപ്പോഴൊക്കെ ആ സഹോദരൻ തൊഴുകൈയ്യോടെ ക്ഷമ ചോദിക്കും ‘‘എനിക്കീ ദുഃഖങ്ങൾ കാണാൻ വയ്യ’’ എന്നു  കൂടിപ്പറയും. ഞാൻ ചിരിക്കുകയേ ഉള്ളൂ. വരാനുള്ള ബുദ്ധിമുട്ടും യാത്രചെലവും പിന്നെ ഒരു മൂത്തസഹോദരീ സ്ഥാനത്തല്ലേ ഞാൻ. വന്നുകാണുമ്പോൾ എന്തെങ്കിലും തരണ്ടേ?

ഇതൊക്കെ ചെയ്തിട്ടെന്തു കാര്യം? പത്രത്തിൽ പടം വരില്ലല്ലോ. പേരും പ്രസിദ്ധിയും കിട്ടുകയുമില്ല.

ആരെയും ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ അല്ല ഇത്രയും പറഞ്ഞത്. ഇതൊക്കെ ജീവിതത്തിലെ ഓരോ പാഠങ്ങളാണ്. ഒരാപത്ത് വരുമ്പോഴാണ് നാമിതൊക്കെ പഠിക്കുക !

English Summary : Kadhaillayimakal - What does it mean to have empathy for others?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA