കാൻസർ ഈസ് ക്യൂറബിൾ !

kadhaillayimakal-column-devi-j-s-cancer-is-curable
Representative Image. Photo Credit : Siam.Pukkato / Shutterstock.com
SHARE

കാൻസർ ഒരു കഥാപാത്രമായി വരുന്ന സിനിമകളിലെല്ലാം എഴുതിക്കാണിക്കാറുണ്ട്, മുകളിൽ ഞാനെഴുതിയ വാചകം. ‘കാൻസർ ഈസ് ക്യൂറബിൾ - കാൻസർ രോഗം  ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.’ പല ആശുപത്രികളിലും കാൻസർ വാർഡിനു മുന്നിൽ ഈ അക്ഷരങ്ങൾ തെളിയുന്ന ബോർഡ് കാണാം. എന്നെപ്പോലെ കുറേപ്പേർ ഇതിനു തെളിവായുള്ളപ്പോൾത്തന്നെ, എല്ലാ കാൻസറും സുഖപ്പെടുത്താവുന്നതല്ല എന്ന സത്യം നിലനിൽക്കുന്നു. 

ഈ രോഗത്തിന്റെ പേരു പറയാൻ പോലും ആളുകൾ ഭയക്കുന്നു. ക്യാൻസറെന്നാൽ മരണമാണ് എന്നു വിശ്വസിക്കുന്നു. രോഗം ബാധിച്ചവർ അത് പുറത്തു പറയാൻ മടിക്കുന്നു. ഈ പേടിയും മടിയുമൊക്കെ രോഗിയെ നയിക്കുന്നത് ആപത്തിലേക്കാണ്. 

വർഷങ്ങൾക്കു മുൻപ് രാധിക എന്ന രോഗി എന്നോടു പറഞ്ഞു. നെഞ്ചിൽ ഒരു തടിപ്പ് കാണുകയും അത് വലുതാകുന്നു എന്ന് സംശയം തോന്നുകയും ചെയ്തപ്പോൾ അതു മറച്ചു വയ്ക്കുകയാണുണ്ടായത്. പേടിയായിരുന്നു. ഒരുപാടു വായിച്ചറിവുള്ളതു കൊണ്ട് ഇത് ബ്രെസ്റ്റ് കാൻസർ ആണോ എന്ന് ഭയവും സംശയവും തോന്നിയിരുന്നു. എങ്കിലും വീട്ടിൽ പോലും ആരോടും പറഞ്ഞില്ല. എന്തുകൊണ്ട് എന്ന എന്റെ ചോദ്യത്തിന് അവർ പറഞ്ഞ മറുപടി എന്നെ അദ്‌ഭുതപ്പെടുത്തി. നിങ്ങൾക്ക് കാൻസറാണ് എന്നു ഡോക്ടർ പറയുന്നത് കേട്ടു നിൽക്കാനുള്ള കരുത്തില്ല പോലും. മധ്യവയസ്കയെങ്കിലും ഭർത്താവുമായി അത്രയ്ക്കങ്ങ് അകന്നുകഴിയേണ്ട പ്രായമൊന്നുമായിരുന്നില്ല അവർക്ക്. അസഹനീയമായ ഒരവസ്ഥയിലേക്ക് രോഗം വളർച്ച പ്രാപിച്ചിട്ടും അവരുടെ ഭർത്താവു പോലും അതറിഞ്ഞില്ല എന്നത് എന്നെ നടുക്കുക തന്നെ ചെയ്തു. (ഇത്രയേ ഉള്ളോ  ഭാര്യാഭർത്തൃ ബന്ധം). കൂടുതൽ എന്തു പറയാൻ ഒടുവിൽ ഡോക്ടർ, ചികിത്സ, ഭർത്താവിന്റെയും മക്കളുടെയും ശുശ്രൂഷ ഒന്നിനും രാധികയെ രക്ഷിക്കാനായില്ല. രോഗം അവരെ മരണത്തിന്റെ  കൈകളിൽ വിട്ടു കൊടുത്തു 

പഴയ ഒരു കഥ തന്നെ ഇതും. വസുന്ധര ഒരു ഡോക്ടറായതു കൊണ്ട് അവരുടെ രോഗം എന്താണെന്നും രോഗത്തിന്റെ സ്റ്റേജ് എന്താണെന്നും വ്യക്തമായി മനസ്സിലാക്കിയിരുന്നു. കീമോ തെറാപ്പി, റേഡിയേഷൻ തുടങ്ങിയ കഠിനചികിത്സകൾക്കൊന്നും അവർ തയാറായില്ല. ട്രീറ്റ്മെന്റിന്റെ കഷ്ടപ്പാടും വേദനയും യാതനയും സഹിക്കാമെന്നല്ലാതെ ഫലമില്ല എന്നവർക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് കാൻസർ ചികിത്സ ഇത്ര പുരോഗമിച്ചിട്ടുമില്ല. രക്ഷപ്പെടുന്നവരുടെ എണ്ണവും കുറവ്. അവരുടെ തീരുമാനം ഉറച്ചതായിരുന്നു. ഒരു ആവശ്യമേ അവർ ഉന്നയിച്ചുള്ളൂ. ഉന്നത ഉദ്യോഗസ്ഥനായ ഭർത്താവ് ലീവെടുത്ത് ഒപ്പമുണ്ടാവണം അവസാനം വരെ. സ്നേഹസമ്പന്നനായ അദ്ദേഹം ആ ആഗ്രഹം സാധിച്ചു കൊടുത്തു. ഞാൻ അവരെ സന്ദർശിക്കുമ്പോൾ തീരെ അവശയെങ്കിലും അവർ അത്യന്തം പ്രസന്നവതിയായിരുന്നു. വേദനയില്ല, ഭയമില്ല, സങ്കടമില്ല എന്നാണവർ പറഞ്ഞത്. ഇരുപത്തിനാലു മണിക്കൂറും ഒപ്പമിരുന്ന് കഥകൾ വായിച്ചു കേൾപ്പിക്കുകയും റേഡിയോയിൽ അവർക്കിഷ്ട്ടമുള്ള പാട്ടുകൾ വച്ചുകൊടുക്കുകയും, ഓറഞ്ച് ജ്യൂസ്, കഞ്ഞിവെള്ളം, ഓട്സ് ഇങ്ങനെ ഓരോന്നുണ്ടാക്കി അവരെ കഴിപ്പിക്കുകയും ചെയ്യുന്ന ആ വലിയ മനുഷ്യനെ ഞാൻ ആദരവോടെ നോക്കി നിന്നു. അവർ മരിച്ചു കഴിഞ്ഞു കണ്ടപ്പോൾ അവരുടെ മകൾ എന്നോടു പറഞ്ഞു: ‘ഷീ  ഹാഡ്  എ പീസ്ഫുൾ എൻഡ്.’

എന്റെ മകളുടെ വിവാഹം തീരുമാനിച്ച സമയത്ത്  ചില ‘അഭ്യുദയകാംക്ഷികൾ’ പെൺകുട്ടിയുടെ അമ്മയ്ക്ക്, അതായത് എനിക്ക് കാൻസർ വന്നിട്ടുണ്ട് എന്ന വലിയ സത്യം എന്റെ മരുമകന്റെ വീട്ടിൽ അറിയിച്ചു. അക്കൂട്ടത്തിൽ ഡോക്ടർമാർ വരെയുണ്ടായിരുന്നു എന്നതാണ് വിചിത്രം. ഞങ്ങൾ ഈ വിവരം അവരെ  നേരത്തേ അറിയിച്ചിരുന്നതു കൊണ്ടും അമ്മയ്ക്ക് പത്തുവർഷം മുൻപ് ഒരു രോഗം വന്നത് മകളുടെ വിവാഹത്തിന് തടസ്സമല്ല എന്ന് ചിന്തിക്കാനുള്ള വിവേകം അവർക്കുണ്ടായിരുന്നതുകൊണ്ടും ആ വിവാഹം നടന്നു. 

കാൻസറിനെ അതിജീവിച്ച ഒരുപാടു കൂട്ടുകാർ എനിക്കുണ്ട്. പരിപൂർണമായി സുഖം പ്രാപിച്ചവരും ചികിത്സ തുടരുന്നവരും അക്കൂട്ടത്തിലുണ്ട്. ഒരുപാട് പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെയുണ്ട്. കാൻസറിൽനിന്ന് രക്ഷപ്പെട്ട്  ഇരുപതും മുപ്പതും കൊല്ലങ്ങളായി ജീവിക്കുന്നവരുണ്ട്. മിക്കവരും  വളരെ ധൈര്യമുള്ളവരും ശുഭപ്രതീക്ഷയുള്ളവരും ജീവിക്കാൻ അതിയായി ആഗ്രഹിക്കുന്നവരുമാണ്.  ഇതെല്ലാം തന്നെ രോഗത്തെ ചെറുത്തു  നിൽക്കാനുള്ള  ശക്തമായ ആയുധങ്ങൾ തന്നെയാണ്. മരുന്നിലും ഡോക്ടറിലും അവനവനിലും സർവോപരി ഈശ്വരനിലും ഉള്ള വിശ്വാസമാണ് ഏറ്റവും പ്രധാനം. 

ഇനി പറയട്ടെ, മറ്റെല്ലാ രോഗങ്ങളുമെന്നപോലെ തന്നെയാണ് ഇന്ന് ക്യാൻസറും. സുഖപ്പെടാനും പെടാതിരിക്കാനുമുള്ള ചാൻസ് എല്ലാ രോഗത്തിനുമില്ലേ? പിന്നെ ഭയപ്പെടുന്നതെന്തിന്? കാൻസർ ഒന്നിനും ഒരവസാന വാക്കല്ല. നേരത്തേ കണ്ടുപിടിക്കുകയും ശരിയായി ചികിത്സിക്കുകയുമാണ് വേണ്ടത്. 

മനുഷ്യന് മരണത്തോടുള്ള ഭയം. പ്രിയപ്പെട്ടവരെ വിട്ടുപോകേണ്ടി വരുമെന്ന സങ്കടം. ജീവിച്ചു കൊതിതീരാത്തതിലുള്ള നിരാശ. ഇതെല്ലാം സ്വാഭാവികം. ഇതിനെയെല്ലാം തരണം ചെയ്യുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ അസാധ്യവുമല്ല. ഇതൊക്കെ പറയാൻ എന്തെളുപ്പം എന്ന് തള്ളിക്കളയരുത്. ഞാൻ ഈ പറഞ്ഞതെല്ലാം അനുഭവത്തിൽ നിന്നാണ്. എന്റെ മാത്രമല്ല, കാൻസർ രോഗവുമായി ഏറ്റുമുട്ടേണ്ടി വന്ന മറ്റു പലരുടെയും. ഞാനുമൊരിക്കൽ ഒരു രോഗിയായിരുന്നെന്നും അതികഠിനമായ യാതനകൾക്കൊടുവിൽ രക്ഷപ്പെട്ടു എന്നും ഉറക്കെ വിളിച്ചു പറയുന്നൊരാളാണ് ഞാൻ. 

സമൂഹത്തിന്റെ സഹതാപം ഭയന്നാണ് പലരും രോഗിയാണെന്നു പുറത്തു പറയാൻ മടിക്കുന്നത്. അത് ഒരു പരിധി വരെ ശരിയാണ്. ജീവിതം തീർന്നു പോയവർ, മരണം പിടികൂടിക്കഴിഞ്ഞവർ, ഇനി രക്ഷയില്ലാത്തവർ എന്ന മട്ടിൽ രോഗികളെ നോക്കിക്കാണുന്നവരുണ്ട്. പക്ഷേ ഒരിക്കൽ രോഗിയായിരുന്നെന്നും ചികിത്സകൊണ്ട് ഭേദമായെന്നും നമ്മൾ പറയുന്നത് മറ്റു രോഗികൾക്ക് ആശ്വാസവും  ധൈര്യവും പ്രതീക്ഷയും നൽകും. നമുക്ക് ആരുടെയും സഹതാപമോ ദയയോ ആവശ്യമില്ല. നമ്മൾ ജീവിക്കും എന്ന് പറയാതെ പറയാനുള്ള കരുത്ത് നമുക്കുണ്ടാവണം. കാൻസർ എന്നല്ല ഒരു രോഗവും കുറ്റമല്ല. രോഗങ്ങൾ നമ്മൾ മനപ്പൂർവം വരുത്തി വയ്ക്കുന്നതുമല്ല. അതുകൊണ്ട് രോഗത്തോട് നമ്മൾ പൊരുതുക തന്നെ വേണം. ജയിക്കാനായിത്തന്നെ. വെറുതെ അങ്ങു തോറ്റു കൊടുക്കരുത്. പൊരുതിയിട്ടും തോറ്റുപോയാൽ അങ്ങു പോകട്ടെ !

English Summary : Kadhaillayimakal Column - Is there a cure for cancer?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA