പുതുവര്‍ഷത്തെ വരവേൽക്കാം

new-year-2021
പ്രതീകാത്മക ചിത്രം : Photocredit : Dilok Klaisataporn / Shutterstock
SHARE

ഓരോ പടിവാതിൽക്കലും ഒരു നേർത്ത പദവിന്യാസം കേൾക്കുന്നില്ലേ? പുതുവർഷത്തിന്റെ വരവാണ്. ഉമ്മറവാതിൽ തുറക്കുന്നതോടൊപ്പം മനസ്സിന്റെ വാതായനങ്ങളെല്ലാം തുറന്നിട്ടു നമുക്ക് വരവേൽക്കാം രണ്ടായിരത്തിയിരുപത്തൊന്നിനെ. 

പുതുവത്സരപ്പിറവിയുടെ തലേന്ന് ജീവിതത്തിൽ നിന്ന് ഒരു വർഷം  കൂടി കഴിഞ്ഞുപോയി, ആയുസ്സിൽ നിന്നിതാ ഒരു കാലഘട്ടം കൂടി കൊഴിഞ്ഞിരിക്കുന്നു ഇനി എത്രനാൾ ഇങ്ങനെയൊക്കെ, ചിന്തിക്കുകയും പറയുകയും നെടുവീർപ്പിടുകയും ചെയ്യാറുണ്ട് ഞാൻ. ഏറെക്കാലത്തിനു മുൻപ് എന്റെ അച്ഛനും അമ്മയുമൊക്കെയുള്ളപ്പോൾ എന്റെയീ വാക്കുകൾ കേൾക്കുമ്പോൾ അമ്മ പറയുമായിരുന്നു .

‘‘ഒരു വർഷം നഷ്ടപ്പെട്ടു എന്നല്ല, അത്രയും കൂടി ഞാൻ ജീവിച്ചല്ലോ. എന്നോർത്തു സന്തോഷിക്കുകയും കാലത്തിനും പ്രകൃതിയ്ക്കും ഈശ്വരനും നന്ദി പറയുകയും ഇനിയും ആയുസ്സു നീട്ടി തരണേ എന്ന് പ്രാർഥിക്കുകയുമാണ് വേണ്ടത്.’’

അങ്ങനെ ചിന്തിച്ചതു കൊണ്ടാവാം എന്റെ അച്ഛനുമമ്മയ്ക്കും ദീർഘായുസ്സ് ലഭിച്ചതും സ്വസ്ഥമായ ഒരന്ത്യം ലഭിച്ചതും. എത്രയോ വർഷങ്ങളായി കടന്നുപോകുന്ന വർഷത്തിന് യാത്രാമൊഴി ഓതുകയും പുതു വർഷത്തെ സ്വാഗതം ചെയ്യുകയും ചെയ്യുമ്പോൾ ഞാൻ ആ വാക്കുകൾ ഓർക്കാറുണ്ട്, അങ്ങനെതന്നെ ചിന്തിക്കാറുമുണ്ട്.

ജീവിതത്തിലെ ഓരോ ദിനവും കടന്നു പോകുന്നത് വ്യത്യസ്തമായ അനുഭവങ്ങൾ നൽകിക്കൊണ്ടാണ്. അവയിൽ ചിലത്‌ സന്തോഷിപ്പിക്കുന്നു മറ്റു ചിലത് വല്ലാതെ നോവിക്കുന്നു. രണ്ടും സ്വീകരിക്കുകയല്ലാതെ നമുക്ക് വേറെ ഒരു ഐച്ഛികമില്ല. സുഖവും ദുഃഖവും സന്തോഷവും സന്താപവും അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ ഒരുപോലെ. സുഖമായിരിക്കുമ്പോൾ മാത്രമേ നാം അതറിയുന്നുള്ളു. തീർന്നാലോ ഒന്നുമില്ല. ദുഃഖവും അത് പോലെ തന്നെ. അതിന്റെ തീവ്രത മെല്ലെ മെല്ലെ കുറഞ്ഞ് ഒടുവിൽ ഇല്ലാതാകുന്നു. കാലം തുടച്ചു മാറ്റാത്ത ഒന്നും തന്നെയില്ല.

ഇതൊക്കെയാണ് എന്റെ പുതുവത്സര ചിന്തകൾ.

സത്യത്തിൽ ഡിസംബർ മുപ്പത്തിയൊന്നും ജനുവരി ഒന്നും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. എന്നാലും നമ്മൾ അതൊരു ഉത്സവമായി കൊണ്ടാടുന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളും ആശകളും നിലനിർത്താനാണ്. സ്വപ്‌നങ്ങൾ യാഥാർഥ്യങ്ങളാകട്ടെ. പലപ്പോഴും എല്ലാം അവസാനിച്ചു എന്ന് കരുത്തുന്നിടത്തു നിന്നാണ് പുതിയ പ്രതീക്ഷകൾ നാമ്പിടുന്നത്. നഷ്ടപ്പെട്ടതൊന്നും ഇനി തിരിച്ചു കിട്ടുകയില്ല. അത് അംഗീകരിച്ചേ മതിയാവൂ. എന്ന് വച്ച് ജീവിതം മുന്നോട്ടു കൊണ്ട് പോവാതിരിക്കാൻ നമുക്കാവില്ല.

അഗ്നിയിൽ ദഹിച്ചാലേ സ്വർണം കാന്തി നേടൂ. അതുപോലെ ദുഃഖങ്ങളിലും ദുരിതങ്ങളിലും വെന്തുരുകിയാലേ ശുദ്ധി നേടൂ ജന്മങ്ങളും. ഒരു കൂട്ടുകാരിയുടെ നവവത്സരാശംസകൾ ഇങ്ങനെ.

‘‘നിന്റെ കണ്ണുകൾ വിശ്വസൗന്ദര്യം ദർശിക്കട്ടെ. നിന്റെ കാതുകൾ അ ലൗകിക സംഗീതം ശ്രവിക്കട്ടെ. നിന്റെ മനസ്സിൽ അത്യപൂർവമായ സന്തോഷം നിറയട്ടെ .നിന്റെ പുതു വർഷം സുന്ദര സുരഭിലമാകട്ടെ ’’ ജീവിതത്തെ ആശാവഹമാക്കുന്ന വരികൾ .വേദനയെ വേദാന്തമാക്കി മാറ്റുന്ന സാന്ത്വനം .!

എന്തും നേരിടാൻ നമ്മളെ പ്രാപ്തരാക്കിയ ഒരു വർഷമാണ് കടന്നു പോകുന്നത്. സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും അഗ്നികുണ്ഡമായി മാറിയ വർഷം. ശാന്തിയും സമാധാനവും സൗഭാഗ്യങ്ങളും പരസ്പരം നേർന്നു കൊണ്ടാണ്‌ ഇരുപത് ഇരുപതിനെ നമ്മൾ സ്വീകരിച്ചത് .പക്ഷെ ഒരു തടവുശിക്ഷപോലെ വീട്ടിനകത്തടച്ചിരിക്കണ്ടേ അവസ്ഥയിൽ അത് നമ്മളെ കൊണ്ടെത്തിച്ചു .ആരെയും കാണാൻ കഴിയില്ല .കണ്ടാലും ഒന്ന് തൊടാനാവില്ല .പുഞ്ചിരിയെയും മുഖപ്രസാദത്തെയും മുഴുവൻ മറയ്ക്കുന്ന മാസ്‌ക് എന്ന മുഖം മൂടി ഒഴിച്ച് കൂടാൻ വയ്യാത്തതായി .പ്രിയപ്പെട്ട എത്രയോ പേര് വിടപറഞ്ഞു പോയി. ലോകം മുഴുവൻ സങ്കടക്കടലിൽ മുങ്ങിക്കിടന്നു.

എന്നാലും വീട്ടിനകത്തിരിക്കുമ്പോഴും കുറെയധികം വായിക്കുകയും എഴുതുകയും ചെയ്തു ചിലർ, വീട്ടുവളപ്പിൽ കൃഷി ചെയ്തു വേറെ ചിലർ. വിരസതയിൽ പോലും ആനന്ദം കണ്ടെത്താൻ ടെലിഫോണും മൊബൈലും ഉപയോഗിച്ച് ബന്ധങ്ങൾ ഊഷ്മളമാക്കി മറ്റു ചിലർ. ടീവി യിൽ സിനിമകൾ കണ്ടു തീർത്തു. ഫേസ് ബുക്കിലും വാട്സാപ്പിലും അടിച്ചു തകർത്തു ഒരുപാടുപേർ. അങ്ങനെയങ്ങനെ ആ സമയവും മുതലാക്കി നമ്മൾ .

എല്ലാം പഴയതുപോലെ ആകും. നമ്മൾ ജയിക്കുക തന്നെ ചെയ്യും. യുദ്ധങ്ങളിൽ നഷ്ടങ്ങൾ ഉണ്ടായേ തീരൂ. എന്നാലും പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം ..ഇനിയുമിനിയും പുതുവർഷങ്ങൾ. ഏവർക്കും സുഖവും സന്തോഷവും സമ്പത്സമൃദ്ധിയും ഉണ്ടാകട്ടെ ‌. എല്ലാനന്മകൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

English Summary: Kadhaillayimakal column– Happy new year 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA