സിനിമക്കാലങ്ങൾ

movie-theater
പ്രതീകാത്മക ചിത്രം : Photocredit : BlueSkyImage / Shutterstock
SHARE

എന്റെ കുട്ടിക്കാലത്ത്, അല്ല ഞാൻ കൗമാരവും യൗവ്വനവും പിന്നിടുമ്പോഴും ഞാൻ ജനിച്ചു വളർന്ന നഗരം ,അല്പം വികസിച്ച ഒരു നാട്ടിൻപുറം. തലസ്ഥാന നഗരി എന്ന് പറഞ്ഞിട്ടെന്താ തിരുവനന്തപുരവും അവിടത്തെ ആളുകളും വെറും യാഥാസ്ഥിതിക മനോഭാവത്തിന്റെ അങ്ങേയറ്റം എന്നു പറഞ്ഞ് വൻനഗരങ്ങളിൽ നിന്ന് ഇടയ്ക്ക് വരുന്ന ബന്ധുക്കൾ ഞങ്ങളെ കളിയാക്കാറുണ്ടായിരുന്നു.

അന്ന് ഞങ്ങളുടെ ഏറ്റവും വലിയ വിനോദം സിനിമയാണ്. തിയേറ്ററിൽ പോയി വല്ലപ്പോഴുമാണ് സിനിമ കാണുക. എന്റെ വീട്ടിൽ എല്ലാത്തിനുമെന്നപോലെ ഇതിനും ഒരു ടൈം ടേബിൾ ഉണ്ട്. ഓണപ്പരീക്ഷ കഴിഞ്ഞാൽ, ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷം ,മധ്യവേനൽ അവധി തുടങ്ങിയാൽ, അപ്പോൾ റിലീസ് ആയ ഒരു പടം അച്ഛനും അമ്മയും ഞങ്ങളെ കൊണ്ട് പോയി കാണിക്കും. എനിക്കും ഇളയ സഹോദരങ്ങൾക്കും സിനിമ എന്ന് പറഞ്ഞാൽ ഭ്രാന്താണ്. സിനിമയ്ക്ക് പോകുന്നു എന്നൊരു അനൗൺസ്‌മെന്റ് അമ്മയോ അച്ഛനോ നടത്തിയാൽ പിന്നെ മനസ്സ് തുള്ളിച്ചാടുകയായി. നേരത്തെ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുത്തു കയറുകയാണ് പതിവ്. അതിന്റെ ത്രിൽ ഒന്ന് വേറെ തന്നെ. നീണ്ട ക്യൂ ആണെങ്കിൽ ടിക്കറ്റ് കിട്ടുന്നതു വരെ ടെൻഷനാണ്. ഞങ്ങൾ  മുതിർന്നപ്പോൾ പിന്നെ അച്ഛൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് സ്വസ്ഥമായാണ് കൊണ്ടുപോകുന്നത്. ഏറ്റവും നല്ല ഉടുപ്പിട്ട്  നന്നായി ഒരുങ്ങി മുടി പിന്നി മുല്ലപ്പൂ ചൂടി ഒക്കെയാണ് പോകാറുള്ളത്. ഞങ്ങൾ മാത്രമല്ല ഫസ്റ്റ് ഷോക്കോ സെക്കന്റ് ഷോക്കോ വരുന്ന മിക്ക സ്ത്രീജനങ്ങളും അങ്ങനെ തന്നെയാണ് വരിക. അതിലും വലിയൊരു ആഘോഷം വേറെയുണ്ടോ? തീയേറ്ററിനുള്ളിലെ തണുപ്പിൽ ഇരുട്ടിൽ പൂ മണമൊഴുകി  വരുന്നത് ഇന്നുമോർക്കുന്നു. മുല്ലമൊട്ടോ പിച്ചി മൊട്ടോ അടുക്കിക്കെട്ടി മുടിയിൽ ചൂടി വരുന്നവരുടെ തലയിലിരുന്ന് ആ മൊട്ടുകൾ വിടരും സൗരഭ്യം പൊഴിക്കും .

സിനിമതുടങ്ങിയാൽ പിന്നെ ശ്വാസംപിടിച്ചിരുന്നാണ് കാണുന്നത്. ഇടയ്ക്കൊരു ഇടവേള ഉണ്ടെന്നല്ലാതെ വേറെ അലോസരങ്ങൾ ഒന്നുമില്ല. തുടർച്ചയായി സിനിമ കണ്ടു തീർക്കാം .ഇപ്പോഴത്തെ തട്ട് പൊളിക്കാൻ സിനിമയല്ലല്ലോ. നല്ല നീണ്ടകഥയുള്ള ചിത്രങ്ങളല്ലേ? സന്തോഷം സങ്കടം കോമഡി ട്രാജഡി അങ്ങനെ പലപല സിനിമകൾ. നസീറിന്റെയും സത്യന്റേയും സിനിമകൾ എത്ര കണ്ടാലും മതിയാവുമായിരുന്നില്ല അന്നത്തെ തലമുറയ്ക്ക്. പദ്മിനി, രാഗിണി, ഷീല , ജയഭാരതി തുടങ്ങിയ സുന്ദരിമാരുടെ ആരാധികമാരായിരുന്നു അന്നത്തെ ടീനേജ് പെൺകുട്ടികൾ. വല്ലപ്പോഴുമാണ് അന്നൊക്കെ  മലയാളം സിനിമകൾ ഇറങ്ങുന്നത്. തമിഴ്‌പടങ്ങളും ഇടയ്ക്കു ഹിന്ദി സിനിമകളും കണ്ടിട്ടുണ്ട്. അച്ഛൻ ഇംഗ്ലിഷ് പടങ്ങളൂം കാണും. കുട്ടികൾക്ക് പറ്റിയതാണെങ്കിൽ ഞങ്ങളെയും കൊണ്ടുപോയി കാണിക്കും. സൗണ്ട് ഓഫ് മ്യൂസിക്, ബൈബിൾ ഒക്കെ അങ്ങനെ കണ്ടതാണ്. 

കാലം ഏറെക്കഴിഞ്ഞു. അപ്പോഴും എന്റെ സിനിമാ  ഭ്രമം മാറിയില്ല. എന്റെ മക്കൾക്കും സിനിമ ഇഷ്ടം. ആഴ്ചാവസാനം ടിക്കറ്റ് ബുക്ക് ചെയ്ത് ഞങ്ങൾ മൂന്നുപേരും സിനിമയ്ക്ക് പോകും. ഞങ്ങളുടെ പ്രധാന എൻജോയ്മെന്റ് അതുതന്നെ, സിനിമ. ടീവി യിൽ ദൂരദർശൻ മാത്രമുള്ള കാലത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഉള്ള സിനിമകൾ ഞങ്ങൾ വിടാതെ കാണുമായിരുന്നു. പിന്നെ ഒരുപാടു ചാനലുകൾ വന്ന് എന്നും സിനിമയായപ്പോൾ ആ കമ്പം തീർന്നു. മാത്രമല്ല നിറയെ പരസ്യങ്ങൾ .കണ്ട സിനിമ തന്നെ വീണ്ടും വീണ്ടും കാണാനും മടുപ്പായി .

റിട്ടെയർമെന്റ് ജീവിതത്തിലും സിനിമ എനിക്ക് സന്തോഷവും ആശ്വാസവും പകർന്നു നൽകി. റിലീസ് ചെയ്യുന്ന മുറയ്ക്ക് ഞങ്ങൾ കുടുംബത്തോടെ മാളുകളിലെ തിയേറ്ററിൽ പോയി സിനിമകൾ കണ്ടു. എന്റെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്താൻ കച്ചകെട്ടിയിരിക്കുന്ന ദുർവിധി ഈ സിനിമ കാണലും നിർത്തലാക്കി.

ഇപ്പോഴിതാ വീട്ടിലിരുന്ന് ഏതു സിനിമയും കാണാം. എത്രയോ ആപ്പുകൾ. പരസ്യം പോലുമില്ല . എന്നാലും വലിയ രസമൊന്നും എനിക്ക് തോന്നാറില്ല. അത് ഞാൻ പഴയ തലമുറയിൽ പെട്ടതായതു കൊണ്ടാവാം എന്ന് കരുതി. അപ്പോഴിതാ പുതുതലമുറയിലെ ഒരു യുവാവ് പറയുന്നു .

‘‘തിയേറ്ററിൽ സിനിമകാണുന്നരസം വീട്ടിലിരുന്ന് ഏതു ആപ്പിൽ കണ്ടാലുമില്ല .വലിയ സ്ക്രീനും സൗണ്ടും ഒക്കെ ഇപ്പോൾ ഹോം തീയേറ്ററികളിലും ഉണ്ട് .പക്ഷേ അതൊന്നുമല്ല കാര്യം .ഒന്നാമത് നൂറു കാര്യങ്ങൾ അതിനിടയിൽ വരും . ഡിസ്റ്റർബൻസ് .ഇടയ്ക്കു നിറുത്തും .പിന്നെ കാണാല്ലോ .അതും രസമില്ല .കണ്ടിന്യൂയിറ്റി പോകും .’’

ഇത് കേട്ടപ്പോൾ പണ്ട് വീട്ടുകാരുമൊത്തും കൂട്ടുകാരുടെ കൂടെയും തിയേറ്ററിൽ പോയി ക്യൂ നിന്ന് മാറ്റിനി കണ്ടിരുന്ന രസകരമായ അനുഭവങ്ങൾ  ഞാനവനെ പറഞ്ഞു കേൾപ്പിച്ചു . തിരുവനന്തപുരത്തെ, എറണാകുളത്തെ ,കോട്ടയത്തെ പഴയ സിനിമാതീയേറ്ററുകളുടെ പേരുകൾ അന്നത്തെ സിനിമകൾ, ഞങ്ങളുടെ അതിരറ്റ ഉത്സാഹം  ഇതെല്ലം ഞാനവനെ പറഞ്ഞു കേൾപ്പിച്ചു. ഒരു സിനിമാക്കഥ കേൾക്കുന്ന കൗതുകത്തോടെ അവൻ കേട്ടിരുന്നു. ഓർമകൾക്ക് എന്ത് രസം !

English Summary: Kadhaillayimakal Column - Movie watching experience 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA