പച്ചപ്പും ഹരിതാഭയും

greenery-and-nostalgia
Representative image. Photo Credits : Saurav022/ Shutterstock.com
SHARE

ഏതോ സിനിമാ ഡയലോഗിൽ നിന്നു കടമെടുത്ത ഈ വാക്കുകൾ ഇപ്പോൾ സമൂഹത്തിൽ വൈറൽ ആണ്. വയനാട്ടിലേയ്ക്കും മൂന്നാറിലേയ്ക്കും അഗസ്ത്യകൂടത്തിലേയ്ക്കുമൊക്കെ യാത്ര പോകുന്ന കൂട്ടുകാർ പറയാറുണ്ട് പച്ചപ്പും ഹരിതാഭയും തേടിപ്പോയതാണെന്ന്. ഇവിടെയുമുണ്ടല്ലോ ഹരിതഭംഗി എന്ന് ഞാൻ പറയും. ഈ കൊച്ചി നഗരത്തിൽ തന്നെ കാടും പടലും വളർന്നു കിടക്കുന്ന എത്രയോ സ്ഥലങ്ങൾ. സിറ്റിക്കകത്ത് ചെറിയ വനങ്ങൾ. ആ കാഴ്ച എന്നെ വളരെ സന്തോഷിപ്പിക്കാറുണ്ട്. ഞാൻ താമസിക്കുന്ന ഈ ഫ്ലാറ്റിൽ നിന്ന് നോക്കുമ്പോൾ തന്നെ മുന്നിൽ ചെലവന്നൂർ കായൽ. ഒരുപാടു  മരങ്ങൾ, ചുറ്റും മരങ്ങളും ചെടികളുമില്ലാത്ത ഒറ്റ വീട് പോലും ഈ പരിസരത്തില്ല. ഞങ്ങളുടെ  കൊച്ചി എത്ര സുന്ദരമെന്ന് ഞാൻ ഇടയ്ക്കു പറയാറുണ്ട്. കൊച്ചി മാത്രമല്ല കേരളത്തിലെ പല സ്ഥലങ്ങളും അതുപോലെ തന്നെ. വിദേശങ്ങളിൽ ജീവിക്കുന്ന നമ്മുടെ ആളുകൾ പറയാറില്ലേ അവരുടെ മനസ്സിൽ ഇപ്പോഴും സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമകളാണെന്ന്. 

മകന്റെ ചികിത്സാർത്ഥം കുറച്ചു നാൾ ഞങ്ങൾ വെല്ലൂരിൽ താമസിക്കുകയുണ്ടായി. തൊട്ടു ചേർന്ന് കെട്ടിടങ്ങൾ മാത്രം. സിമെന്റ് കോട്ടകൾക്കിടയിൽ മരങ്ങളേയില്ല. കേരളത്തിന്റെ പച്ച ഭംഗി കാണാൻ കൊതിച്ച ദിവസങ്ങളായിരുന്നുവത്.

ഉത്തരേന്ത്യയിലെ ഒരു വൻ നഗരത്തിൽ സ്ഥിര താമസമാക്കിയ ഒരു കൂട്ടുകാരി പറയാറുണ്ട്. 'ഏറെ വർഷങ്ങളായി  ഇവിടെ ജീവിച്ചു ഇവിടവുമായി ഒരുപാടു ഇണങ്ങി ചേർന്ന് പോയി എന്നാലും നാട്ടിൽ വന്നു താമസിക്കണമെന്ന് മോഹം മനസ്സിലുണ്ട്. മക്കൾ ഇവിടെ ജനിച്ചു വളർന്നു. മലയാളം അറിയാം എങ്കിലും അവർ കൂടുതൽ ഫ്ലുവന്റ് ഹിന്ദിയിലാണ്. ഇവിടെ പഠിച്ചു. ഇവിടെ സ്ഥിരതാമമാക്കിയ കുടുംബങ്ങളിൽ നിന്ന് തന്നെ വിവാഹവും കഴിച്ചു. ഇനി ഇപ്പോൾ കേരളത്തിൽ പോയി താമസിക്കാൻ അവർക്കു താത്പര്യമുണ്ടാവില്ല. നാടിനെക്കുറിച്ചു ഞങ്ങൾക്കുള്ള നൊസ്റ്റാൾജിയ അവർക്കില്ലല്ലോ.'

ഈയിടെ അവൾ നാട്ടിൽ ഒരു വീട് വാങ്ങി. ‘പള്ളിമണികളും പനിനീർ കിളികളും പള്ളി ഉണർത്തുന്ന’ സുന്ദരമായ ഒരു നാട്ടിൻ പുറത്ത്. അവൾ അഭിമാനത്തോടെ പറഞ്ഞു. 

സിറ്റിയിൽ തന്നെ ജനിച്ചു വളർന്നതാണ് ഞാൻ. എന്നാലും ഞങ്ങളുടെയൊക്കെ വീടുകൾ നഗരത്തിന്റെ ഹൃദയഭാഗത്താണെങ്കിലും ചുറ്റും കുറച്ചു സ്ഥലവും മരങ്ങളും ചെടികളുമൊക്കെയുള്ളതാണ്. നഗരത്തിൽ നിന്ന് ഒരുപാടങ്ങകലെ പോയി സ്ഥിരതാമസമാക്കാൻ എനിക്കല്പം മടിയുണ്ട്. എന്നാലും ജനിച്ചു വളർന്ന വീടുപോലെ വൃക്ഷങ്ങൾ തിങ്ങി വളരുന്ന പറമ്പിനു നടുവിൽ ഒരു വീട് എന്റെയും സ്വപ്നമാണ്. 

ഫ്ലാറ്റ് ജീവിതം സുഖകരം തന്നെ  എന്നാലും ആകാശം വിട്ട് മണ്ണിൽ ജീവിക്കാൻ വല്ലാത്തൊരു മോഹമാണ്. എനിക്കുമുണ്ട്  പച്ചപ്പും ഹരിതാഭയുമുള്ള ഒരു വീട്. പലകാരണങ്ങളാൽ അത് വിട്ടു ഫ്ലാറ്റിൽ കുടിയേറേണ്ടി വന്നു. അതിവിദൂരമല്ലാത്ത   ഭാവിയിൽ അവിടെയ്ക്ക് മടങ്ങാനാവും എന്നാണ് പ്രതീക്ഷ. 

അമേരിക്കയിൽ പൗരത്വമെടുത്ത് അവിടെ സ്ഥിര താമസമാക്കിയ ഒരു കൂട്ടുകാരി അവളുടെ വീടിന്റെ പരിസരം തനി കേരളീയ മട്ടിലാക്കിയിരിക്കുന്നതിന്റെ ചിത്രങ്ങൾ എന്നെ അതിശയിപ്പിച്ചു. വീടിന്റെ ആകൃതിയും വലിപ്പവുമൊക്കെ ആ നാട്ടിലെ രീതിക്കു തന്നെ. പക്ഷെ തെങ്ങും, വാഴയും മാവും പ്ലാവും പച്ചക്കറികളുമൊക്കെ കൃഷി ചെയ്യുന്ന ആ പുരയിടം കണ്ടാൽ കോട്ടയത്തോ കൊല്ലത്തോ തിരുവനന്തപുരത്തോ ഉള്ള  വിശാലമായ ഒരു കൃഷിയിടം എന്നേ  തോന്നൂ. ഗൾഫ് രാജ്യത്തായിട്ടും സ്വന്തം വീട്ടുമുറ്റം  ഒരു പച്ചക്കറിത്തോട്ടമാക്കി മാറ്റുന്ന ഒരു കസിനും എനിക്കുണ്ട്. 

വിദേശരാജ്യത്ത് ജീവിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും പറയാറുണ്ട് ഇവിടെയുമുണ്ട് പ്രകൃതി മനോഹാരിത. തനിയെ വളരുന്ന കാടുകളും വച്ചുപിടിപ്പിക്കുന്ന തോട്ടങ്ങളുമുണ്ട്. മരുഭൂമിയിൽ പോലും മലർ വിരിയിക്കുന്നില്ലേ മനുഷ്യൻ. പൂവനങ്ങൾക്കരികിലൊരു വീട് എന്നത് കവി ഭാവന മാത്രമല്ല, നമ്മളിൽ ചിലരുടെയെങ്കിലും സ്വപ്നമാണ്. 

എവിടെയായാലും ഏതു ആകാശക്കൊട്ടാരത്തിലായാലും മണ്ണിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹം മനുഷ്യ മനസ്സിലുണ്ട്. വീടിന്റെ മട്ടുപ്പാവിൽ പോലും മണ്ണ് നിറച്ചു കൃഷി ചെയ്യുന്നത് ഈ മോഹം കൊണ്ട് തന്നെയല്ലേ എന്ന് തോന്നിപ്പോകാറുണ്ട്. ലാഭത്തിനും നല്ല ഭക്ഷണതിനും വേണ്ടി മാത്രമല്ല നമ്മൾ കൃഷിയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നത്. മണ്ണും പച്ച നിറവും മനുഷ്യന് നൽകുന്ന ആനന്ദം അനുഭവിക്കാൻ കൂടിയാണ്.  ഒരു  പൂവിരിയുമ്പോൾ നട്ടു വളർത്തിയ ചെടിയിൽ ഒരു കായ കാണുമ്പൊൾ ഒക്കെ ഈ സന്തോഷം നമ്മൾ അറിയുന്നു. മനുഷ്യൻ മണ്ണാകുന്നു എന്നല്ലേ ആപ്തവാക്യം.

English Summary: Web Column Kadhaillayimakal, greenery and nostalgia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA