എനിക്കും ഒരു ദിനം

HIGHLIGHTS
  • ദുരിതങ്ങളുടെ തീച്ചൂളയിൽ പെട്ടു പിടയുന്നതിനും ഒരവാർഡോ?
Kadayillaimakal-01
ദേവി. ജെ.എസും മകൻ സൂരജും
SHARE

വനിതാ ദിനം വന്നു പോയപ്പോൾ ഞാൻ മറ്റാരെക്കുറിച്ചാണെഴുതുക, എന്നെക്കുറിച്ചല്ലാതെ. (നമ്മളെക്കുറിച്ച് നമുക്കെന്തും എഴുതാം. അതിൽ  ആർക്കാണ്‌ പരാതി )

'ഒരു സ്ത്രീ ആയതിൽ അഭിമാനിക്കുന്നു'  എന്ന് ഞാൻ പ്രഖ്യാപിച്ചതോടെ എണ്ണമറ്റ മറുപടികളാണ് വന്നത്. 

നിങ്ങളെ ഓർത്ത് ഞങ്ങളും അഭിമാനിക്കുന്നു. നിങ്ങൾ ഒരു ഉരുക്കു വനിതയാണ്. 

നിങ്ങൾ ഞങ്ങൾക്കൊരു പ്രചോദനമാണ്. വിധിയോട് നിരന്തരം പോരാടുന്ന നിങ്ങൾ ഒരദ്‌ഭുതമാണ്. 

ഈ വനിതയുടെ സുഹൃത്തായതിൽ അഭിമാനമുണ്ട്. ഇത്രയും തിക്തമായ ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടും പതറാതെ നിൽക്കുന്ന നിങ്ങളെപ്പോലൊരാളെ കണ്ടിട്ടില്ല. 

നിങ്ങൾ ശക്തയും ധീരയും പോസിറ്റീവുമാണ്. 

Kadayillaimakal-02
ദേവി. ജെ.എസ്

തീർന്നില്ല. ഇനിയും ഒരുപാടുണ്ട്. അതവിടെ നിൽക്കട്ടെ. 

അടുത്ത ഊഴം കുറച്ചു കാലം അധ്യാപികയായിരുന്നതിന്റെ ഭാഗ്യമായി തുടരുന്ന പൂർവ വിദ്യാർത്ഥികളുടേതാണ്. 

മിസ്സ്‌ ഞങ്ങളുടെ മിസ്സ്. ഞങ്ങളുടെ ബെസ്റ് ടീച്ചർ. ഞങ്ങൾ അഭിമാനിക്കുന്നു. മിസ്സ് ഞങ്ങളുടെ ഫ്രണ്ടും, ഗൈഡും ഫിലോസഫറുമാണ്. തീർന്നില്ല. കസിൻസിന്റെ അഭിമാനപ്രകർഷം പറഞ്ഞറിയിക്കാനാവില്ല. 

ഒടുവിൽ എല്ലാവരും ആശംസിക്കുന്നു. ഇങ്ങനെ ധൈര്യവതിയായി മുന്നേറൂ. ദുർവിധിയെ തോൽപ്പിക്കൂ. ഈശ്വരൻ എപ്പോഴും ഒപ്പമുണ്ടാവട്ടെ !

ഇതൊക്കെ കേട്ടാൽ ഏതൊരു സ്ത്രീയാണ് അഭിമാന പുളകിതയാകാത്തത് ! 'proud' എന്നതിന് അഹങ്കാരം എന്നു കൂടി അർത്ഥമില്ലേ? എന്തെല്ലാം പറഞ്ഞാലും ഒരു സാധാരണ സ്ത്രീയല്ലേ ഞാൻ !

ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ കണക്കെടുത്താൽ റെക്കോർഡാണ്. ഇത്രയും  കടുത്ത പരീക്ഷണങ്ങൾ നേരിട്ട ഒരുവളെ ഞാൻ തന്നെ വേറെ  കണ്ടിട്ടില്ല. തീർച്ചയായും ഇതിനേക്കാൾ യാതനകൾ അനുഭവിച്ചവരുണ്ടാകും. പക്ഷെ അതല്ലല്ലോ ഇവിടെ വിഷയം. 

2015 ലെ 'ദ ഐക്കോണിക് വുമൺ 'എന്നൊരു പുരസ്‌കാരം ഭൂമിക എന്നൊരു സംഘടന തന്നപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നു. ദുരിതങ്ങളുടെ തീച്ചൂളയിൽ പെട്ടു പിടയുന്നതിനും ഒരവാർഡോ? പിന്നീടറിഞ്ഞു പിടഞ്ഞിട്ടും പിടിച്ചു നിൽക്കുന്നതിനുള്ള അംഗീകാരമാണ്. 

എണ്ണിയെണ്ണി പറയാനാണെങ്കിൽ വിധിയുമായുള്ള കടുത്ത പോരാട്ടങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു -ഇപ്പോഴുമാണ് -എന്റെ ജീവിതം. 

ചെറുപ്പത്തിലേ ദാമ്പത്യ ജീവിതം അവസാനിച്ചു. 

രണ്ടു മക്കളെ തനിയെ വളർത്തി. 

മുപ്പത്തിയെട്ടാം വയസ്സിൽ കാൻസർ പിടിപെട്ടു. കഠിന യാതനകൾക്കൊടുവിൽ രക്ഷപ്പെട്ടു. 

മക്കൾ വളർന്നു പഠിച്ചു. ജോലി നേടി. വിവാഹിതരായി.

ഇനി ജീവിതം സ്വസ്ഥം സുഖകരം എന്ന് കരുതിയിരിക്കെ അതാ വീണ്ടും പരീക്ഷണങ്ങൾ. എന്റെ മകന് പെട്ടെന്ന് തലച്ചോറിൽ രക്ത സ്രാവം എന്ന ഭീകരാവസ്ഥ വന്നു. അവൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുമ്പോൾ അവന്റെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയി. അമ്മയും മകനും തനിച്ചായി. 

അമ്പത്തിയാറാം വയസ്സിൽ കാൻസറിന്റെ  പുനരാഗമനം. അത്യന്തം കഠിനമായ ചികിത്സയ്‌ക്കൊടുവിൽ വീണ്ടും ഞാൻ രക്ഷപ്പെട്ടു. 

ഈ കഴിഞ്ഞ കഷ്ടപ്പാടുകളൊക്കെ എത്രയോ നിസ്സാരം എന്ന് തോന്നിപ്പോകുന്ന ഭയങ്കര ദുരന്തമാണ് പിന്നെ  എന്നെ തേടിയെത്തിയത്. എന്റെ മകന് അതീവ ഗുരുതരമായ ഒരപകടം പറ്റി. ഒരു പോളോ കാറിന്റെ രൂപത്തിൽ ദുർവിധി വന്ന് അവനെ  ഇടിച്ചു തെറിപ്പിച്ചു. തകർക്കാനും ഓടിയനും ആ ശരീരത്തിൽ ഒന്നും ബാക്കി വച്ചില്ല. ആഴ്ചകളൊളം ഐ സി യു വിൽ. മാസങ്ങളോളം ആശുപത്രികളിൽ. ലക്ഷങ്ങൾ അവിടേയ്‌ക്കൊഴുക്കി. പക്ഷെ എന്റെ മകനെ പഴയതുപോലെ തിരിച്ചു തരാൻ  ഒരാശുപത്രിക്കും അവിടത്തെ പ്രഗൽഭരായ ഡോക്ടർമാർക്കും വിലപിടിച്ച ചികിത്സയ്ക്കും, എന്തിന് ശ്വാസം പോലെ ഞാനുരുവിട്ട പ്രാർത്ഥനകൾക്കും കഴിഞ്ഞില്ല. അന്നു മുതൽ  ഇന്ന് വരെ അവൻ ഒരു ജീവച്ഛവമായി കിടക്കുന്നു. അവനെ നോക്കാനായി ഈ അമ്മ ജീവിച്ചിരിക്കുന്നു. ഇതിവിടെ പറഞ്ഞത് ദേവിയുടെ ദുരിതകഥ എന്താണ് എന്നൊരു ചോദ്യം ഇനി കേൾക്കാൻ വയ്യ. 

Kadayillaimakal-03
ദേവി. ജെ.എസ്

കേട്ടു കഴിയുമ്പോൾ ഇത്രയുമൊക്കെ തരണം ചെയ്ത ഒരു സ്ത്രീയോട് ചെറുതല്ലാത്ത ആദരവ് തോന്നാം. ഇപ്പോഴും ചിരിക്കുന്നു, സംസാരിക്കുന്നു, ദുഃഖത്തിന്റെ നിഴൽ പോലും മുഖത്ത് പ്രകടമാകാതെ ഉല്ലാസവതിയായി മകനോടൊപ്പം കഴിയുന്നു. ഇടയ്ക്കു കഥകളും ലേഖനങ്ങളും എഴുതുന്നു. സമ്മതിക്കണം. ഈ വനിതയെ അഭിനന്ദിച്ചേ തീരൂ. ധീര, ശക്ത, മാതൃക !

പക്ഷേ ഞാനിതൊന്നുമല്ല. ദുർബലയും നിസ്സഹായയുമായ ഒരു സ്ത്രീ !

ഓരോ ദുരന്തം സംഭവിക്കുമ്പോഴും ആപത്തിൽ മാത്രം ഉണരുന്ന ഒരു ശക്തി കൊണ്ട് രക്ഷപ്പെടുന്നവൾ !

കാൻസറിനോട് പൊരുതുകയായിരുന്നില്ല. കാൻസർനോടും  മരണത്തോടും 'എന്നെ വിടൂ, എന്റെ മക്കൾക്ക് ഞാൻ  മാത്രമേയുള്ളു' എന്ന് കേണപേക്ഷിച്ചവൾ !.

ഒരു ചിരിയിൽ ഒരു  കണ്ണീർക്കടൽ ഒതുക്കുന്നവൾ !

ജീവിതത്തിന്റെ കർക്കശമായ യാഥാർഥ്യങ്ങൾക്കു മുന്നിൽ എത്രയോ തവണ പകച്ചു നിന്നവൾ !

ദുരിതങ്ങളും വേദനകളും സങ്കടങ്ങളുമില്ലാത്ത ഒരു ലോകത്തേയ്ക്ക് മകനെയും കൊണ്ട് രക്ഷപെടാൻ കഴിയാത്തവൾ. 

ജീവിതത്തെയും മരണത്തെയും ഈശ്വരനെയും പ്രണയിച്ചു കൊണ്ട് ജീവിക്കുന്നവൾ !

ലോകത്തിലെ ഒരു കടലിനും കണ്ണീർക്കടലിനോളം ആഴമില്ല എന്നറിയുമ്പോഴും ശുഭാപ്തിവിശ്വാസം എന്ന കടലാസ്സു തോണിയേറി അതിൽ തുഴഞ്ഞു നടക്കുന്നവൾ !

വനമാലയായി അവന്റെ നീല വിരിമാറിൽ ചേരാൻ ഇനിയൊരു ജന്മം തരൂ എന്ന് പ്രാർത്ഥിക്കുന്നവൾ!

ധീര ചമയലും വീരവാദം പറയലും ശുഭാപ്തിചിന്ത പ്രകടിപ്പിക്കലും എന്റെ വെറും നാട്യങ്ങൾ. കണ്ണീരിനെ മൂടുന്ന ചിരിയാണ് എന്റെ കവചം. 

എന്നാലും അഭിനന്ദനങ്ങൾ എനിക്ക് ശക്തി പകരുന്നു. കോടിക്കോടി നന്ദി.  

English Summary : Memory About Womens Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAYILLAIMAKAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA