സിബ്​ലിങ് റൈവൽറി

children-shouting-each-other
Representative Image. Photo Credit : DigitalFabiani / Shutterstock.com
SHARE

സിബ് ലിങ് എന്നാൽ സഹോദരങ്ങൾ. ഒരേ അച്ഛനമ്മമാരുടെ രണ്ടോ അതിലധികമോ മക്കളിൽ ഒന്ന്. റൈവൽറി എന്നാൽ വൈരാഗ്യം, വഴക്ക്, മാത്സര്യം. ഇതിനു തുല്യം മനോഹരമായ ഒരു പദം മലയാളത്തിലുണ്ടോ? ഇല്ല. അത് കൊണ്ട് ഞാൻ അത് തന്നെ ഇവിടെ ഉപയോഗിക്കട്ടെ. വളർന്നു വലുതായ സഹോദരങ്ങൾ തമ്മിലുള്ള മത്സരമല്ലിവിടെ വിവക്ഷിക്കുന്നത്. ഒറ്റക്കുട്ടിയായി കുറേനാൾ വാഴുന്ന കുട്ടിക്ക് ഇളയ ഒരു സിബ് ലിങ്  ഉണ്ടാവുമ്പോഴുണ്ടാവുന്ന നേരിയ അസ്വാസ്ഥ്യങ്ങളാണ് ഇവിടെ പ്രതിപാദ്യം. ഈ പ്രശ്നങ്ങൾ എല്ലായിടത്തും എല്ലായ്പ്പോഴും ഉണ്ടാവണമെന്നില്ല . 

അമ്മയുടെ മാത്രമല്ല വീട്ടിൽ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് കുഞ്ഞതിഥിയിലേക്ക് തിരിയുന്നു. അമ്മയുടെ അടുത്ത് ചെല്ലാൻ പറ്റുന്നില്ല. അമ്മ പൂർണമായും കുഞ്ഞിൽ മുഴുകിയിരിക്കുന്നു. ‘അമ്മേ’ എന്ന് വിളിച്ച് എന്തെങ്കിലും ആവശ്യപ്പെട്ടാൽ ‘അമ്മൂമ്മയോടു ചോദിക്കൂ’, ‘അച്ഛനോട് പറയൂ.’ എന്ന് പറഞ്ഞ് വിടുമ്പോൾ ഒഴിവാക്കപ്പെടുന്നു എന്ന തോന്നൽ കുട്ടിക്കുണ്ടാവും. ഇത് ഒന്നോ  രണ്ടോ മൂന്നോ  വയസ്സുള്ള കുട്ടികളിൽ കൂടുതലാവും. കാരണം അതുവരെ എല്ലാ പരിഗണനയും അവന്(അവൾക്ക് )മാത്രം കിട്ടിക്കൊണ്ടിരുന്നതല്ലേ?

എന്റെ അനിയത്തിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എങ്കിലും അച്ഛനുമമ്മയ്ക്കും അവളോടാണിഷ്ടം എന്ന തോന്നൽ (അത് ഒരു പരിധി വരെ ശരിയായിരുന്നു എന്ന് ഞങ്ങൾ മുതിർന്നപ്പോഴും ആ പക്ഷഭേദം അവർ തുടർന്നപ്പോൾ എനിക്ക് ബോധ്യമായി.) എന്റെ കൊച്ചു മനസ്സിനെ നോവിച്ചിരുന്നു എന്ന് ഞാൻ ഇന്നുമോർക്കുന്നു. അതിന്റെ പേരിൽ  അവളെ ഉപദ്രവിക്കാനൊന്നും തുനിഞ്ഞില്ല. വികൃതിയും ധിക്കാരവും തർക്കുത്തരവുമൊക്കെ അവൾ കാട്ടുമ്പോൾ അമ്മയുടെ കയ്യിൽ നിന്ന് അവൾക്ക് നല്ല അടി കൊള്ളുമ്പോൾ ഞാൻ സന്തോഷിച്ചിരുന്നു. അവളും എന്നെപ്പറ്റി അമ്മയോട് പരാതി പറഞ്ഞ് എനിക്ക് ശകാരം വാങ്ങി തന്നിരുന്നു. പക്ഷേ വളർന്നപ്പോൾ ഞങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാരികളായി. ഇന്നും അങ്ങനെ തന്നെ.

എന്റെ മകന് ആറു വയസ്സു കഴിഞ്ഞപ്പോൾ ഒരനിയനോ അനിയത്തിയോ വേണമെന്ന് അവനു തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് അനിയത്തി പിറന്നത്. അതുകൊണ്ടാവാം ആ വരവിനെ അവൻ അങ്ങേയറ്റം സ്വാഗതം ചെയ്തത്. ഒരു വഴക്കോ അടിപിടിയോ അവർ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അവർക്കിടയിലെ പ്രായവ്യത്യാസം, ആണും പെണ്ണും എന്ന വ്യത്യാസം ഇതൊക്കെ അതിനു കാരണമാവാം.

നാലഞ്ചു വയസ്സിനിളയതാണെങ്കിലും അനിയത്തി മീനയോട് ചേട്ടൻ മുരളിക്ക് കടുത്ത വിരോധമുണ്ടായിരുന്നു എന്ന് അവരുടെ അമ്മ പറഞ്ഞിട്ടുണ്ട് .ആരുമില്ലാത്ത നേരത്ത് കത്തി എടുത്ത് അടുപ്പിൽ  വച്ച് ചൂടാക്കി അനുജത്തിയുടെ വെളുത്തുരുണ്ട കൈത്തണ്ടയിൽ വച്ചു പൊള്ളിക്കുന്നതു വരെയെത്തി അവന്റെ സിബ് ലിങ് റൈവൽറി ! അത് അനിയത്തിയോടുള്ള വിരോധത്തോടൊപ്പം അമ്മയ്ക്ക് അവളോടുള്ള വാത്സല്യം കണ്ടുള്ള  പ്രതിഷേധം കൂടിയായിരുന്നു.

അധ്യാപികയായിരുന്ന കാലത്ത് രണ്ടാം ക്ലാസ്സിലെ ഏറ്റവും മിടുക്കനായ സുശാന്ത് പെട്ടെന്ന് മൂകനായത് ഞാൻ ശ്രദ്ധിച്ചു. എന്ത് പറ്റി എന്ന് എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞില്ല. വാടിയ മുഖം, ചീകാത്ത മുടി, ഉടഞ്ഞു മുഷിഞ്ഞ യൂണിഫോം. പാഠങ്ങൾ പഠിക്കുന്നില്ല, ഹോം വർക്ക് ചെയ്യുന്നില്ല. ഉച്ചഭക്ഷണം മുഴുവൻ കഴിക്കുന്നില്ല. ഇത് പല ദിവസമായപ്പോൾ ഞാൻ അവന്റെ ഡയറിയിൽ ഒരു കുറിപ്പെഴുതി വിട്ടു. അവന്റെ അമ്മ മറുപടി എഴുതി. സുശാന്തിന്‌ ഇളയതായി ഒരു കുട്ടിയുണ്ടായി .അതു കാരണം അവനെ കുറെ ദിവസങ്ങളായി വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. അവനു നല്ല പരിഭവമുണ്ട്. അനിയനോട് ഇഷ്ടക്കേടും. മിസ്സിന്റെ കുറിപ്പിന് നന്ദി.ഇനി ശ്രദ്ധിച്ചോളാം. 

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. പലകുട്ടികളെയും ഇത് പോലുള്ള സന്ദർഭങ്ങൾ മാനസികമായി ബാധിക്കുന്നുണ്ട്. അമ്മയുടെ വാത്സല്യവും സ്നേഹവും ശ്രദ്ധയും കിട്ടുന്ന സഹോദരനോട് (സഹോദരിയയോട്) ആണ് പക തോന്നുക. അതിനെ ലാളിക്കുന്ന അമ്മയോടല്ല.

പാർവതിയെക്കാൾ ഒന്നര വയസ്സിനിളയതാണ് കല്യാണി. അനിയത്തി ജനിച്ചതോടെ പാർവതിയുടെ ശാഠ്യവും കുരുത്തക്കേടും കൂടി. അമ്മയുടെ കണ്ണ് തെറ്റിയാൽ അവൾ കുഞ്ഞിനെ ഉപദ്രവിക്കും. തൊട്ടിലിൽ നിന്ന് വലിച്ചു താഴെയിടുക, കണ്ണിൽ കുത്തുക, വായ്ക്കകത്ത് എന്തെങ്കിലും വച്ച് കൊടുക്കുക,ഇതൊക്കെ പതിവായി. ആ കുഞ്ഞിന്റെ ഭാഗ്യം കൊണ്ട് ഓരോ തവണയും രക്ഷപ്പെട്ടു. ഇന്നവർ വലിയ കുട്ടികളായി. പക്ഷേ പരസ്പര വിരോധം ഇന്നും തുടരുന്നു.

റൂബന് ഒരു അനുജത്തി ഉണ്ടായത് അവന് ഒൻപതു വയസ്സായപ്പോഴാണ്. എന്തു ക്യൂട്ടാടാ നിന്റെ അനിയത്തിക്കുട്ടി എന്ന് പറയുന്ന കൂട്ടുകാരോട് അവൻ പറയും ‘അതെയതെ ക്യൂട്ട്. എന്റെ ചുമൽ കടിച്ചു  മുറിച്ചു. കണ്ടോ? നല്ല ഒരു പിച്ചോ അടിയോ കൊടുക്കാമെന്നു വച്ചാൽ അവൾ കുഞ്ഞല്ലേ എന്നാ അമ്മ പറയുക’ അവൻ രോഷം കടിച്ചമർത്തി. ‘ഇത്തിരി വലുതാവട്ടെ ,നല്ലതു കൊടുക്കും ഞാൻ .’

ഒരു വീട്ടിൽ അഞ്ചും ആറും പത്തും പന്ത്രണ്ടും മക്കളുണ്ടായിരുന്ന പഴയ കാലത്ത് ഇതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. അടിപിടിയും തമ്മിൽ തല്ലും ഉന്തും തള്ളും  ഒക്കെ സാഹോദര്യത്തിന്റെ ഭാഗം തന്നെ. അങ്ങനെയങ്ങനെ അവരങ്ങ്  വളരും. പിൽക്കാലത്തു സഹോദരങ്ങളുമായി വലിയ സ്നേഹത്തിൽ  കഴിയുന്നവരും തീരെ അകൽച്ചയിലായവരും ഉണ്ടാവാം .

ഇക്കാലത്തും അപൂർവമായെങ്കിലും മൂന്നും നാലും കുട്ടികൾ ചില വീടുകളിലുണ്ട് .എനിക്കറിയാവുന്ന നാലു കുട്ടികളുള്ള  ഒരു വീട്ടിൽ മൂത്തകുട്ടിയുടെ മുഖം എപ്പോഴും വാടിയിരിക്കും .ഇളയതുകളെ  നോക്കുക അതുങ്ങളുടെ ശല്യം സഹിക്കുക ഇതെല്ലാം അവളെ  അസ്വസ്ഥയാക്കുന്നുണ്ട്. ഇടയ്ക്കു ഇളയ കുട്ടികൾക്ക് നല്ല അടി വച്ച് കൊടുക്കുന്നതും കാണാറുണ്ട്. ‘ഇളയവർ ഇല്ല’ എന്ന് സങ്കടപ്പെടുന്ന ഒരു കൂട്ടുകാരിയോട് ഒരിക്കൽ അവൾ പറയുന്നത് ഞാൻ കേട്ടു ‘മഹാശല്യമാ കേട്ടോ ? ഇല്ലാത്തത് നിന്റെ ഭാഗ്യം ’

ഇതൊക്കെയാണെങ്കിലും സഹോദരങ്ങളോട് തോന്നുന്ന സ്നേഹം പോലെ മധുരിക്കുന്ന ഓർമ തന്നെയാണ് കുട്ടിക്കാലത്ത് അവരോടു തോന്നിയ സ്പർദ്ധയും. പിൽക്കാലത്തു പരസ്പരം പറഞ്ഞു ചിരിക്കാം. ഓർത്തു രസിക്കാം. അടുത്ത തലമുറയ്ക്കു കഥകളായി പറഞ്ഞു കൊടുക്കാം. 

English Summary: Web Column Kadhaillayimakal, Sibling rivalry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.