ഒരു കൈ സഹായം

hand-
Representative Image. Photo Credit : Jamesboy Nuchaikong / Shutterstock.com
SHARE

പരസ്പര സഹായമില്ലാതെ നമുക്കു ജീവിക്കാനാവില്ല. എപ്പോഴെങ്കിലും എന്തിനെങ്കിലുമൊക്കെ മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും സഹായിച്ചിട്ടുള്ളത് എന്റെ മക്കളാണ്. ഒറ്റ നുകം വച്ച കാളയായി കയറ്റവും ഇറക്കവുമുള്ള ദുർഘടമായ വഴികളിലൂടെ ജീവിത വണ്ടി വലിക്കുന്ന അമ്മയ്ക്ക് താങ്ങായി എപ്പോഴും അവർ ഒപ്പമുണ്ടായിരുന്നു. പിന്നീട് വന്ന മരുമകനും കൊച്ചു മക്കളും എന്റെ എല്ലാ ദുരന്തങ്ങളിലും തുണയായി തണലായി കൂടെനിന്നു അനുജത്തിമാരും അനുജനും അമ്മാവനും അച്ഛനമ്മമാരുമൊക്കെ എന്നും സഹായിക്കാനുള്ള മനസ്സ് കാട്ടി.

അതിൽ എടുത്തു പറയാനൊന്നുമില്ല. അവരെല്ലാം എന്റെ സ്വന്തം ആളുകൾ. നന്ദിയോടെ സ്മരിക്കേണ്ടത്‍ അന്യരുടെ സഹായമാണ്. സത്യത്തിൽ അവരാരും അന്യരല്ല. ആപത്തിൽ ഓടിയെത്തുന്നവൻ ബന്ധു, ആവശ്യത്തിനുപകരിക്കുന്നവൻ സുഹൃത്ത് എന്നല്ലേ ചൊല്ല് !

എന്റെ ചെറിയ വരുമാനത്തിലൊതുങ്ങി ജീവിക്കാനാണ് എന്നും ഞാൻ ശ്രമിച്ചിട്ടുള്ളത്. ആരോടും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഒറ്റയ്ക്ക് മക്കളെ വളർത്തുമ്പോൾ പോലും സമ്പത്തികബാധ്യതകൾ ഉണ്ടാവാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. മക്കളുടെ പഠനത്തിനോ അവരുടെ മറ്റാവശ്യങ്ങൾക്കോ സ്വന്തം അച്ഛനമ്മമാരുടെ മുന്നിൽ പോലും ഞാൻ  കൈ നീട്ടിയിട്ടില്ല. ആർക്കും ശല്യമാവാനോ ഭാരമാവാനോ ആരെയും ആശ്രയിക്കാനോ എന്റെ ആത്മാഭിമാനം ഒരിക്കലും അനുവദിച്ചിരുന്നില്ല. എന്നാൽ സ്നേഹപൂർവം അവർ തന്നതൊക്കെ സന്തോഷത്തോടെ ഞാൻ സ്വീകരിച്ചിട്ടുണ്ട്.

ആദ്യം കാൻസർ വന്നപ്പോൾ ഒരു സർക്കാർ ജോലി ഉണ്ടായിരുന്നതg കൊണ്ട് ഭീമമായ വിലയുള്ള മരുന്നുകൾ വാങ്ങിയ മുഴുവൻ തുകയും റീ ഇമ്പേഴ്സ് ചെയ്തു കിട്ടിയിരുന്നു. അതgകൊണ്ട് എന്റെ കൂടെയുണ്ടാവുക എന്ന ആൾസഹായം മാത്രമേ വേണ്ടി വന്നുള്ളൂ. 

രണ്ടാമത് കാൻസർ ബാധിച്ചപ്പോൾ എന്റെ ചെറിയ പെൻഷൻ, കഥകളും കോളങ്ങളും എഴുതിക്കിട്ടുന്ന തുച്ഛമായ പ്രതിഫലങ്ങൾ, പുസ്തകങ്ങളുടെ വല്ലപ്പോഴും മാത്രം കിട്ടുന്ന റോയൽറ്റി, എന്റെ വീടിന്റെ താഴത്തെ നിലയുടെ വാടക ഇതൊക്കെ വലിയ സഹായമായി. വിലപിടിച്ച മരുന്നുകൾക്കു ചെലവായ തുക അപ്പോഴും മകൻ അന്നു ജോലി ചെയ്തിരുന്ന മനോരമയിൽനിന്ന് റീ ഇമ്പേഴ്സ് ചെയ്തു  കിട്ടിയിരുന്നു. ഈ അവസ്ഥയിലും ആരെയും ശല്യപ്പെടുത്താനോ ആശ്രയിക്കാനോ ഞാൻ തുനിഞ്ഞില്ല.

സന്തോഷത്തോടെ തരുന്നത് സമ്മാനം. അറിഞ്ഞു തരുന്നത് ദാനം. ചോദിച്ചു വാങ്ങുന്നത് ഭിക്ഷ. ഇതാണ് എന്റെ വിശ്വാസം. ആദ്യത്തേത് രണ്ടും സ്വീകരിക്കാറുണ്ട്. ഭിക്ഷ സ്വീകരിക്കാനല്ലേ മടിക്കേണ്ടൂ. അഹങ്കാരമോ ധിക്കാരമോ ഒന്നുമല്ല എന്റെ ഈ രീതിക്കു പിന്നിൽ. ആത്മാഭിമാനം തന്നെ. പിന്നെ മറ്റാരെയും ഉപദ്രവിക്കരുതെന്ന നിശ്ചയവും.

‘ഇനി നാളെ ആരെയെങ്കിലും ആശ്രയിക്കേണ്ടി വന്നാൽ അതും ഈശ്വര നിശ്ചയം എന്ന് കരുതി സമാധാനിക്കും.’ ഇത് മുൻപ് ഞാൻ തന്നെ കുറിച്ചതാണ്. അതെഴുതുമ്പോൾ പിൽക്കാലത്ത് അങ്ങനെ വേണ്ടി വരും എന്ന് ഞാൻ ഓർത്തതേയില്ല. എന്റെ വാക്കുകൾ അറം പറ്റിയോ? അതോ ആത്മാഭിമാനത്തെ അഹങ്കാരം എന്ന് തെറ്റിദ്ധരിച്ച് ‘അത്രയ്ക്ക് അഹങ്കാരമോ, എന്നാൽ നീ സഹായം സ്വീകരിക്കുന്നത് ഒന്ന് കാണണമല്ലോ’ എന്ന് ദൈവം എന്നെ പരിഹസിച്ചതാണോ ?

ഏതായാലും മകൻ കിടപ്പിലായതോടെ അത് നടപ്പിലായി. എന്റെ മകന് ആക്‌സിഡന്റായി എന്നറിഞ്ഞപ്പോൾ ആശുപത്രിയിലേക്കു പാഞ്ഞെത്തിയവർ അനേകം. അവന്റെ കൂട്ടുകാർ, സഹപ്രവർത്തകർ, സ്കൂൾ കാലം മുതലുള്ള അവന്റെ സഹപാഠികളുടെ പല പല ഗ്രൂപ്പുകൾ, എന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, വായനക്കാർ. ആരൊക്കെയാണ് നമുക്ക് വേണ്ടപ്പെട്ടവർ എന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. അതിനു രക്തബന്ധമൊന്നും ആവശ്യമില്ല എന്നെനിക്കു ബോധ്യപ്പെടുകയായിരുന്നു. ഓരോരുത്തരെയായി പേരെടുത്തു പറയാൻ ഇവിടെ ഇടമുണ്ടാവില്ല. ലക്ഷങ്ങൾ ആശുപത്രികളിൽ അടച്ചത് എങ്ങനെയെന്ന് എനിക്കിപ്പോഴുമറിയില്ല. അന്നുതൊട്ടിന്നോളം അവന്റെ കാര്യങ്ങൾ അന്വേഷിക്കുകയും സഹായങ്ങൾ മുടങ്ങാതെ എത്തിക്കുകയും ചെയ്യുന്നവരോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയും കടപ്പാടുമുണ്ട്.

സഹായങ്ങൾ സ്വീകരിക്കാൻ മടിക്കുമ്പോൾ ‘അമ്മയ്ക്കല്ല സൂരജിനാണ് ഞങ്ങൾ തരുന്നത്’ എന്ന് പറയാൻ സന്മനസ്സുള്ളവരാണവർ. ഇതിനിടെ എന്നെ പറ്റിച്ചവരുമുണ്ട്. ഞാൻ എഴുതുന്നതൊക്കെ വായിച്ച്  ഇഷ്ടം തോന്നി കൂട്ടുകാരായി മാറിയ അനേകം പേരുണ്ട്. അതിൽ ഏറ്റവും അടുപ്പം കാട്ടിയ മൂന്നു നാലു പേരുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ഒരുപാടകലെ നിന്ന് എന്നെ കാണാൻ മാത്രം യാത്ര ചെയ്ത്, കൈ നിറയെ സമ്മാനങ്ങളുമായി ഇവിടെ വന്നവർ. പക്ഷേ മകന്റെ അപകട വിവരം അറിഞ്ഞതും അവരെന്നെ പരിപൂർണമായി ഒഴിവാക്കുകയാണുണ്ടായത്. മെയിലിന് മറുപടിയില്ല. ഫോൺ വിളി നിറുത്തി. എന്തിന്, എന്റെ ലേഖനങ്ങൾക്ക് അഭിനന്ദനങ്ങളും വിമർശനങ്ങളും ഇടുന്നതു പോലും ഇല്ലാതായി. 

മകന്റെ സഹപാഠികളുടെ ഒരു ഗ്രൂപ്പിന്റെ പ്രതിനിധി എന്നോട് പറഞ്ഞു: ‘‘പണത്തിന്റെ കുറവുകൊണ്ട് സൂരജിന്റെ ഒരു കാര്യവും മുടങ്ങരുത്. എല്ലാ മാസവും ഇരുപത്തയ്യായിരം രൂപ അമ്മയുടെ അക്കൗണ്ടിൽ വന്നിരിക്കും.’’ ഞാൻ അമ്പരന്നു. അവർ കുറെ പണം തന്നു സഹായിച്ചതാണ്. വീണ്ടും ഇത്രയും വലിയ സഹായമോ? പക്ഷേ വാക്ക് മാത്രമേ ഉണ്ടായുള്ളൂ സഹായം ഉണ്ടായില്ല. പിന്നെ എന്തിനിങ്ങനെ പറഞ്ഞു? എനിക്കറിയില്ല. 

അപ്പോഴതാ അടുത്ത ഗ്രൂപ്പിന്റെ സന്ദർശനം. ഇതു പോലൊരു വാഗ്ദാനം അവരും നടത്തിയപ്പോൾ ഞാൻ പഴയ ഗ്രൂപ്പിന്റെ കഥ പറഞ്ഞു.

‘‘ഞാൻ നിങ്ങളോടാരോടും ഒന്നും ചോദിച്ചിട്ടില്ല വെറുതെ വന്ന് ഇങ്ങനെയൊക്കെ പറയരുത്’’ ഞാൻ പറഞ്ഞു. 

അപ്പോൾ അവർ പറഞ്ഞു. ‘‘അയ്യോ അമ്മേ  ഞങ്ങളങ്ങനെ ചെയ്യുകയില്ല. അത്രയും വലിയ തുക ഓഫർ ചെയ്യുകയുമില്ല. ഞങ്ങൾക്ക് തരാൻ പറ്റുന്നത് തരും.’’ കുറ്റം പറയരുതല്ലോ. ആ സംഘത്തിൽനിന്നു രണ്ടുപേർ രണ്ടു തവണ സൂരജിനെ കാണാൻ വന്നു. അവർക്ക് ‘അഫോർഡ്’ ചെയ്യാൻ പറ്റുന്ന ചെറിയൊരു തുക തരികയും ചെയ്തു. വളരെ വിഷമത്തോടെയാണ് ഞാനത് സ്വീകരിച്ചത്. പക്ഷേ സൂരജിന്റെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങാമെന്നും കിട്ടുന്ന സഹായങ്ങൾ എല്ലാം അതിൽ ശേഖരിക്കാമെന്നും സൂരജിന് കോടതിയിൽനിന്ന് കിട്ടുന്ന കോമ്പൻസേഷൻ ഉൾപ്പെടെ എല്ലാം അതിൽ ഇടണമെന്നും അവർ അത് മാനേജ് ചെയ്തോളാമെന്നുമുള്ള നിർദ്ദേശം വച്ചപ്പോൾ ഞാനത് നിരസിച്ചു. പിന്നെ അവർ വന്നതേയില്ല. സഹായിക്കാത്തവരോട് പരാതിയോ പരിഭവമോ ഇല്ല. പക്ഷേ നിസ്സഹായരായവരെ ഇങ്ങനെയൊക്കെ പറഞ്ഞു പറ്റിക്കുന്നത് അവരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല.  പക്ഷേ അനുഭവങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് അറിഞ്ഞിരിക്കണമല്ലോ. 

സഹായങ്ങൾ കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഭാരമാകരുത്. മനസ്സറിഞ്ഞു ചെയ്യുന്നതാവണം സഹായം. വലതു കൈ ചെയ്യുന്ന ദാനം ഇടതു കൈ  അറിയരുതെന്നല്ലേ പ്രമാണം !

English Summary: Web Column Kadhaillayimakal, How to help others

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.