അകലെ നിന്നൊഴുകി വരുന്ന ഒരു പാട്ട് ! അതൊരു സിനിമാപ്പാട്ടാവാം ലളിത ഗാനമാവാം നാടകഗാനമാവാം. ദൂരെ നിന്നാവണമെന്നില്ല. തൊട്ടടുത്തിരിക്കുന്ന റേഡിയോയിൽ നിന്ന്, അടുത്തമുറിയിലെ ടിവിയിൽ നിന്ന് കേൾക്കുന്ന പാട്ട്. അല്ലെങ്കിൽ വീടിനകത്തോ പുറത്തോ ആരെങ്കിലും ഒരാൾ പാടുന്നതുമാവാം. അതുമല്ലെങ്കിൽ ഒരു പാട്ടിന്റെ വരികൾ ഓർമയിൽ വരുന്നതാവാം.ആ പാട്ടിന്റെ വരികൾ തന്നെ അന്നു മുഴുവൻ മനസ്സിൽ മുഴങ്ങുക. നമ്മൾ തന്നെ ആ വരികൾ വീണ്ടും വീണ്ടും മൂളിപ്പാടിക്കൊണ്ടേയിരിക്കുക. ഇത്തരമൊരനുഭവം എനിക്ക് മാത്രമല്ല മറ്റു പലർക്കും ഉണ്ടാവാറുള്ളതായി കേട്ടിട്ടുണ്ട്.
പാട്ടിനോട് അതീവ താത്പര്യമുള്ളവരാണ് ഇവരിൽ മിക്കവരും. പാട്ടുകാരിയല്ലെങ്കിലും മനസ്സിൽ എപ്പോഴും ഏതെങ്കിലുമൊരു പാട്ടിന്റെ വരികൾ മൗനമായി പാടുന്ന ഒരു ശീലം എനിക്കുണ്ട്. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ തന്നെ ഒരു പാട്ട് മനസ്സിലെത്തും . ‘എന്റെയോർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ’ ‘സർവ്വചരാചര ഹൃദയമുണർത്തും സാഗര സംഗീതം’, ‘ചിന്ന ചിന്ന ആശൈ’ ‘ജെൽത്തെ ഹെ ജിസ് കേലിയെ’ ഇങ്ങനെ ഏതെങ്കിലും ഒരു പാട്ട് (വേറെയുമുണ്ട് ഒരായിരം പാട്ടുകൾ.ചോയ്സ് എന്റേതല്ല. അത് സ്വയം വരുന്നതാണ്.) പാടുന്നുണ്ടാവും. ഇതൊരു മനസികാവസ്ഥയാണോ എന്നു പോലും ഞാൻ സംശയിച്ചിട്ടുണ്ട്. അപ്പോഴാണ് പാട്ടിനോട് കമ്പമുള്ള,പാട്ടുകാരല്ലാത്ത പലരും ഇങ്ങനെ ഉള്ളിൽ പാടാറുണ്ട് എന്നറിഞ്ഞത്.
ജന്മനാ തന്നെ എനിക്ക് പാട്ടിൽ നല്ല വാസനയുണ്ടായിരുന്നു. ഓർമ വച്ച നാൾ മുതൽ അനിയത്തിയോടൊപ്പം പാട്ടു പഠിക്കുകയും പാടുകയും ചെയ്തിരുന്നു. അച്ഛനും അനുജത്തിയും നല്ലപാട്ടുകാരാണ്. പക്ഷേ എന്നുമുള്ള തൊണ്ട വേദനയും ശബ്ദമടപ്പും പനിയും കാരണം എന്റെ പാടാനുള്ള മോഹം പലപ്പോഴും ഇടറി വീണു. നാലു വയസ്സുള്ളപ്പോൾ എന്റെ ടോൺസിൽസ് മുറിച്ചു മാറ്റി . എന്നിട്ടും ഉമിനീരിറക്കാൻ വയ്യാത്ത, മിണ്ടാൻ കഴിയാത്ത തൊണ്ടവേദനയും പഠിത്തം മുടക്കുന്ന പനിയും മാറിയില്ല. അസുഖം ഒന്നു വിട്ടു മാറുമ്പോൾ ഞാനും അനിയത്തിയും ഗാനമേള തുടങ്ങും. പാട്ട് ശ്വാസം പോലെ എനിക്ക് ജീവിക്കാൻ അത്യാവശ്യം എന്ന് തോന്നിയിരുന്നു (ഇന്നും അങ്ങനെ തന്നെ.) അന്ന് പാട്ടു കേൾക്കാൻ റേഡിയോ മാത്രമാണ് ആശ്രയം. തിരുവനന്തപുരം നിലയത്തിൽ നിന്ന് ചലച്ചിത്രഗാനങ്ങൾ, വിവിധ ഭാരതിയിൽ നിന്ന് ഹിന്ദി പാട്ടുകൾ, സിലോൺ റേഡിയോയിൽ നിന്ന് തമിഴ് പാട്ടുകൾ. പാട്ടിന്റെ പാലാഴി തീർത്ത നാളുകൾ! പിന്നെ കാസെറ്റ് ആയി , സിഡി ആയി , ടിവി വന്നു,മൊബൈൽ ആയി. പാട്ടു കേൾക്കാൻ എന്തെല്ലാം എന്തെല്ലാം !
ഓർമയിൽ പതിഞ്ഞു കിടക്കുന്ന ഒരുപാടു പഴയ പാട്ടുകളുണ്ട് . വർഷങ്ങൾക്കു മുൻപ് ഒരു സായാഹ്നത്തിൽ ഓഫിസ് ബസ്സിൽ വന്നിറങ്ങി ടൗണിലൂടെ മെല്ലെ നടക്കുമ്പോൾ അതിമനോഹരമായ ഒരു ഓടക്കുഴൽ വായന കേട്ടു. ‘ഇന്ദ്രവല്ലരിപ്പൂ ചൂടിവരും സുന്ദര ഹേമന്ത രാത്രി’ എന്ന ഗാനമാണ് വായിക്കുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനമാണത് . വയലാറിന്റെ വരികൾകൊണ്ടും ദേവരാജന്റെ സംഗീതം കൊണ്ടും യേശുദാസിന്റെ ശബ്ദം കൊണ്ടും ഹൃദയാവർജ്ജകമായ ഒരു പഴയ സിനിമാ പാട്ട്! (ചിത്രം -ഗന്ധർവ ക്ഷേത്രം 1972. ) ആ ഗാനം എത്രയോ തവണ കേട്ട് ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ഓടക്കുഴലിലൂടെ ആദ്യമായാണ് കേൾക്കുന്നത്. ഇത്രനന്നായി ഒരാൾക്ക് ഓടക്കുഴൽ വായിക്കാനാവുമോ? അതും ഒരു സിനിമാ പാട്ട് അതിന്റെ എല്ലാ മനോഹാരിതയോടും കൂടി. ആ ഓടക്കുഴൽ വിളി എന്നെ ആ റോഡരികിൽ പിടിച്ചു നിറുത്തി. പാട്ട് തീരുന്നതു വരെ ഞാനവിടെ നിന്നു. തിരുനക്കര മൈതാനത്തിൽ നടക്കുന്ന ഏതോ പരിപാടിയുടെ ഭാഗമായിരുന്നു ആ മുരളീഗാനം. പരിപാടിയെന്തെന്നോ ആരാണ് ഓടക്കുഴൽ വായിച്ചതെന്നോ ഞാൻ അന്വേഷിച്ചു ചെന്നില്ല. മെല്ലെ നടന്ന് അല്ല ഞാൻ ഒരു ഗാനധാരയുടെ ഓർമയിൽ ഒഴുകുകയായിരുന്നു. ബസ്സിൽ കയറി ബസ്സിറങ്ങി വീട്ടിലേയ്ക്കു നടന്നെത്തിയത് ഞാനറിയാതെയായിരുന്നു. ആ ഗാനത്തിന്റെ ലഹരി എന്നെ വിട്ടു പോയിരുന്നില്ല. തുടർന്ന് എത്രയോ ദിവസങ്ങൾ ആ പുല്ലാങ്കുഴൽ നാദം എന്റെ മനസ്സിലും കാതിലും മുഴങ്ങിക്കൊണ്ടിരുന്നു .
ഇടയ്ക്കൊരു പാട്ടു കേട്ടാൽ അത് മനസ്സിൽ നിന്ന് പോകാതെ ചുണ്ടത്തു തത്തി കളിക്കുന്ന അനുഭവം എപ്പോഴുമുണ്ട്. ‘ദിവാന ഹുവാ ബാദൽ’ എന്ന പഴയ ആശാഭോസ്‌ലെ -മുഹമ്മദ് റാഫി ഹിറ്റ് ( കാശ്മീർ കീ കലി -1964 ) അടുക്കളയിൽ നിന്ന് എന്നെ മാത്രം രസിപ്പിക്കാനായി പാടുമ്പോൾ അതാരും ശ്രദ്ധിക്കുന്നില്ല എന്ന് കരുതി. പിറ്റേന്ന് മകളുടെ ഫോണിൽ നിന്ന് ആ പാട്ടുയർന്നപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു .
‘‘അമ്മ ഇന്നലെ ആ പാട്ടു പാടിയപ്പോൾ അത് എന്റെ തലയ്ക്കു പിടിച്ചു. പോകുന്നേയില്ല. എന്നാൽ പിന്നെ റിങ് ടോണാക്കിയേക്കാം എന്ന് വച്ചു’’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു . അതവൾ അറിഞ്ഞു കൊണ്ട് ചെയ്തതല്ലേ? ഇനി അറിയാതെ ഒരാൾ ചെയ്തത് കേൾക്കൂ .പതിവുപോലെ രാവിലെ തന്നെ ഒരു പഴയ പാട്ട് മനസ്സിൽ (തലയ്ക്കകത്ത് എന്നു പറയുന്നതാവും ശരി ) കടന്നു കൂടി . സാധാരണപോലെയല്ല. ചിരപരിചിതമായ ഇഷ്ടഗാനങ്ങളാണ് സാധാരണ വരാറുള്ളത്. ഇത് വളരെ പഴയ ഒരു പാട്ട്. ഈയിടെയൊന്നും അതു കേട്ടിട്ടുമില്ല. ഏതായാലും വിളിക്കാതെ വന്നതല്ലേ? ഞാൻ വിട്ടില്ല.
‘തുമ്പപ്പൂ പെയ്യണ പൂ നിലാവേ ഏന് നെഞ്ച് നിറയണ പൂക്കിനാവേ’ എന്ന് തുടങ്ങുന്ന പാട്ട് . കമുകറയുടെയും കെ.പി.ഏ.സി സുലോചചനയുടെയും പ്രത്യേക മധുരമുള്ള ശബ്ദം (ചിത്രം രണ്ടിടങ്ങഴി -1958 ) ഞാൻ പതുക്കെ മനസ്സിൽ പാടിത്തുടങ്ങി. അദ്‌ഭുതമെന്നു പറയട്ടെ അടുത്ത വരികൾ തുടർച്ചയായി വന്നു കൊണ്ടിരുന്നു .
‘‘എത്തറ നാളു കൊതിച്ചിരുന്നു നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്’’
കുട്ടിക്കാലത്തെന്നോ കേട്ട് മറന്ന ആ വരികൾ ഇപ്പോൾ ഓർക്കാനെന്തേ ? ആ പാട്ടു മുഴുവനും ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നു എന്നത് എന്നെ അമ്പരപ്പിച്ചു . ആ വരികൾ തന്നെ മൂളിക്കൊണ്ടാണ് ഞാൻ ഫോൺ എടുത്തത് . അതിശയം കൊണ്ട് ബോധം കെട്ടു പോകാതിരിക്കാൻ ഞാൻ പാടുപെട്ടു. എന്റെ കൊച്ചനുജത്തി വാട് സാപ്പിൽ ആ പാട്ട് എനിക്കയച്ചു തന്നിരിക്കുന്നു. മനസ്സുകൾക്ക് ടെലിപ്പതി ഉണ്ടെന്ന് കേട്ടിട്ടുണ്ട് . പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരാൾ ഒരു പാട്ടു മൂളുമ്പോൾ എത്രയോ അകലെയിരിക്കുന്ന മറ്റൊരാൾ അതറിയുമോ ? ഷെയർ ചെയ്യുമോ ? എന്തൊരദ്‌ഭുതമാണ് ഈ മനുഷ്യന്റെ മനസ്സ് എന്ന പ്രതിഭാസം !
English Summary : Musical Surprises In Life