കണ്ണാടി നോക്കുമ്പോൾ...

cancer-patient
Representative Image. Photo Credit: Solid photos / Shutter Stock
SHARE

‘കണ്ണാടി  കാണ്മോളവും തന്നുടെ മുഖമേറ്റം 

നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ.’ 

എന്നല്ലേ ആപ്തവാക്യം. (മഹാഭാരതം കിളിപ്പാട്ട് ,എഴുത്തച്ഛൻ.)

കണ്ണാടി കാണുന്നതു വരെ തങ്ങളുടെ മുഖം ഏറ്റവും സുന്ദരം എന്ന് വിരൂപന്മാർ കരുതും എന്നർഥം.  കണ്ണാടി അപൂർവമായിരുന്ന ഒരു കാലത്തെപ്പറ്റിയാവും ഈ വരികൾ. കണ്ണാടി  കാണാതെ സുന്ദരൻ അല്ലെങ്കിൽ സുന്ദരി എന്ന് ധരിച്ചിരിക്കുന്നവരാരും ഇന്നില്ല . കണ്ണാടി നോക്കിയിട്ടും മനസ്സിലാവാത്തവരുണ്ട്. വല്ലാതെ വേഷം കെട്ടി നടക്കുന്ന ചിലരെ കാണുമ്പോൾ, ‘എന്തൊരു കോലം, ഇവർ കണ്ണാടി നോക്കാറില്ലേ’ എന്ന് നമ്മൾ  ചോദിച്ചുപോകും.

കണ്ണാടി നോക്കുമ്പോൾ, ‘എന്തു ഭംഗി എന്നെക്കാണാൻ’ എന്നു പാടാൻ കഴിയുന്നത് ജീവിതത്തിൽ എത്രയോ കുറച്ചു കാലം മാത്രമേയുള്ളു. സൗന്ദര്യവും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കുന്നത് വളരെ ഹ്രസ്വമായ ഒരു കാലഘട്ടം മാത്രം. പിന്നെ അത് കഴിഞ്ഞു പോകും. കൊഴിഞ്ഞു പോകും.  രോഗങ്ങളും വാർദ്ധക്യവും കടന്നു വരും. ഏയ് വയസ്സാവാനൊന്നും കാത്തിരിക്കേണ്ടാ, രോഗം എപ്പോൾ വേണമെങ്കിലും വൈരൂപ്യം എന്ന സമ്മാനവുമായി വിരുന്നു വരാം. അങ്ങനെ ഒരനുഭവം എനിക്കുണ്ടായിട്ടുണ്ട്, ഒന്നല്ല, രണ്ടുതവണ !

ചെറുപ്പത്തിൽ അതി സുന്ദരിയല്ലെങ്കിലും സുന്ദരി തന്നെ എന്നു ഞാൻ അഭിമാനിച്ചിരുന്നു. മെലിഞ്ഞു നീണ്ട്, നല്ല വെളുത്ത്, വലിയ കണ്ണും ധാരാളം ചുരുണ്ട മുടിയുമായി, എന്താ പോരെ?  കണ്ണാടി നോക്കി ഞാൻ ഉറപ്പിച്ചു കൊള്ളാം ദേവീ. കൂട്ടുകാരും ബന്ധുക്കളും അയൽക്കാരും കൂടി അഭിനന്ദിച്ചപ്പോൾ, ‘ഐ ഫീൽ വെരി പ്രൗഡ് ഓഫ് മൈ സെൽഫ്’. എന്നു ഞാൻ പലതവണ സ്വയം പറഞ്ഞു. അഭിമാനം ഒരു കുറ്റമാണോ, ശിക്ഷിക്കപ്പെടാൻ ? അത് അഹങ്കാരമല്ലല്ലോ.

മുപ്പത്തിയേഴ്-മുപ്പത്തിയെട്ട് ഒന്നും ഒരു പ്രായമല്ല. രോഗവും വാർദ്ധക്യവും ബാധിക്കാനുള്ള കാലമായിട്ടില്ല.  എത്രയോ കാലം കിടക്കുന്നു ഇനിയും ജീവിതം. എന്നല്ലേ നമ്മൾ കരുതാറുള്ളത്. പക്ഷേ ദുർവിധിക്ക് അങ്ങനെയുള്ള പരിഗണനകളൊന്നുമില്ല. രോഗവും മരണവും കൊണ്ട് അതെപ്പോൾ വേണമെങ്കിലും കടന്നു വരാം.  കഷ്ടകാലം കാൻസർ രൂപത്തിൽ എന്നെ ബാധിച്ചത് ആ പ്രായത്തിലാണ്. ജീവിക്കണം, മക്കൾക്ക് വേണ്ടി ജീവിച്ചേ തീരൂ. രോഗത്തോട് പോരാടി ജീവൻ തിരിച്ചു പിടിക്കണം. അതിനായി അതി കഠോരമായ കീമോ തെറാപ്പി എന്ന ചികിത്സയ്ക്ക് വിധേയയാവാൻ ഞാൻ തീരുമാനിച്ചു. അതിന്റെ യാതനകൾ വർണിക്കാൻ വാക്കുകളില്ല. അതവിടെ നിൽക്കട്ടെ. പറഞ്ഞു വന്നത് രൂപത്തെക്കുറിച്ചല്ലേ?  

ആദ്യത്തെ കീമോ കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ എന്റെ തലമുടി കെട്ടു കെട്ടായി ഇളകിപ്പോരാൻ തുടങ്ങി.  മൂന്നു നാലു ദിവസത്തിനുള്ളിൽ സമൃദ്ധമായ മുടി മുഴുവൻ കൊഴിഞ്ഞ് മൊട്ടത്തലയായി. പുരികവും കൺപീലികളും ദേഹത്തെ ചെറിയ രോമങ്ങൾ പോലും കൊഴിഞ്ഞു പോയി.  കണ്ണാടിയിൽ ഞാൻ കണ്ടു.  തലയിൽ ഒരു മുടി പോലുമില്ലാതെ, നിറം ഇരുണ്ടുപോയ, വിരൂപയായ, മൃതപ്രായയായ ഞാൻ !  വിധി അതിക്രൂരമായി ചവച്ചു തുപ്പിയ കരിമ്പിൻ ചണ്ടി പോലെ ഒരു കോലം.  ഇത് ഞാൻ തന്നെയോ ? ഞാൻ അമ്പരന്നു. പക്ഷേ കരഞ്ഞില്ല. ജീവിക്കാനുള്ള അത്യുൽക്കടമായ ആഗ്രഹത്തിന് മുന്നിൽ ആ വൈരൂപ്യം സഹനീയമായിരുന്നു. ഏതു കോലത്തിലായാലും രക്ഷപ്പെടണമല്ലോ.

ആദ്യ കീമോയുടെ വിഷമങ്ങൾ കുറഞ്ഞപ്പോൾ ജോലിക്കു പോകാൻ ഞാൻ തീരുമാനിച്ചു. മൊട്ടത്തലയിൽ ഒരു വിഗ്ഗു വച്ച്, അതിനു മീതെ ഒരു സ്കാർഫ് കെട്ടി, നല്ല സാരി ധരിച്ചാണ് ഞാൻ ഓഫീസിലെത്തിയത്.  പക്ഷേ എന്റെ രൂപം ആകെ മാറിപ്പോയി എന്ന് മറ്റുള്ളവരുടെ കണ്ണുകളിൽ നിന്ന് ഞാൻ അറിഞ്ഞു.  വിഷമവും സഹതാപവും കരുണയും നിറഞ്ഞ നോട്ടങ്ങൾ എന്റെ നേർക്ക് നീണ്ടു വന്നു. അനുകമ്പയോടെയുള്ള സുഖാന്വേഷണങ്ങൾ ഞാൻ ഏറ്റു വാങ്ങി. ഹോമിയോപ്പതിയിൽ മാത്രം വിശ്വസിച്ചിരുന്ന അന്നത്തെ മേലുദ്യോഗസ്ഥൻ ഞങ്ങളുടെ സെക്ഷനിലെ എല്ലാവരും കേൾക്കെ പറഞ്ഞു. 

‘‘കത്തിച്ചു കരിച്ചു കളയുന്ന ചികിത്സയാണ് അലോപ്പതി. ഈ കുട്ടിയെ നോക്കൂ. എത്ര മിടുക്കിയായി ഇരുന്നതാണ്. ഇപ്പോൾ കണ്ടില്ലേ ?’’

ആ വാക്കുകൾ എന്നെ വേദനിപ്പിച്ചില്ല. 

‘‘ഇപ്പോൾ അലോപ്പതി തുടരട്ടെ സർ. റിസ്ക് എടുക്കാൻ വയ്യ. അതു കഴിഞ്ഞ് തീർച്ചയായും ഹോമിയോ മരുന്ന് എടുക്കും, ഇനി രോഗം വരാതിരിക്കാൻ.’’ ഞാൻ പറഞ്ഞു. (പിന്നീട് അത് പരീക്ഷിക്കുകയും ചെയ്തു.) 

‘‘കീമോ കഴിയുമ്പോൾ മുടി കിളിർക്കും. രൂപം പഴയതു പോലെയാകും. അല്ലെങ്കിൽ തന്നെ അപ്പിയറൻസൊന്നും കാര്യമല്ലല്ലോ. നമ്മുടെ ജീവിതം നീട്ടിക്കിട്ടുന്നു. അതല്ലേ പ്രധാനം.’’ ഡോക്ടർമാരും എനിക്ക് ആത്മവിശ്വാസം പകർന്നു തന്നു. 

‘‘നിന്റെ ചിരിക്കു മാത്രം ഒരു മാറ്റവുമില്ല .’’ കൂട്ടുകാരികൾ സന്തോഷത്തോടെ എനിക്ക്  പ്രതീക്ഷയേകി.

കീമോയുടെ കോഴ്സ് മുഴുവൻ എടുത്തു തീർത്തു.

ഏതായാലും ഈശ്വരൻ കനിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അസ്വസ്ഥതകൾ മാറി. മാസങ്ങൾ പിന്നിട്ടപ്പോൾ മുടി കിളിർത്തു വന്നു. വൈരൂപ്യങ്ങൾ മറഞ്ഞു. ഞാൻ വീണ്ടും ജീവിതത്തിലേയ്ക്ക് മടങ്ങി. ഉദ്യോഗം, കുടുംബം, മക്കൾ. അങ്ങനെയങ്ങനെ ഞാൻ പഴയ ദേവിയായി. ‘ഏയ് ഇല്ല.’ കണ്ണാടി നോക്കി ഞാൻ പറഞ്ഞു. ‘നിറം ഒരുപാടു മങ്ങിപ്പോയില്ലേ ? മുടിയ്ക്കു പഴയ കട്ടിയുണ്ടോ?’

‘എന്നാലും കുഴപ്പമില്ല. നീ സുന്ദരി തന്നെ.’ കണ്ണാടിയിലെ പ്രതിരൂപം എനിക്ക് സാന്ത്വനമോതി.

വർഷങ്ങൾ പത്തുപതിനെട്ട് കടന്നു പോയി.  ചുമതലകൾ തീർത്ത് ഞാൻ റിട്ടയർ ചെയ്തു. സ്വസ്ഥമായ ജീവിതം സ്വപ്നം കണ്ടു. കാൻസർ, കീമോ, വൈരൂപ്യം ഒക്കെ ഞാൻ മറന്നു തുടങ്ങിയിരുന്നു.

‘‘അങ്ങനെയങ്ങു മറന്നലോ’’ എന്ന ചോദ്യവുമായി ഭീകര കോശങ്ങൾ ഉള്ളിലെവിടയോ ഇരുന്ന് ഒരു പുനരാഗമനത്തിന് തയാറെടുക്കുന്നത് ഞാനറിഞ്ഞില്ല. പരിശോധനകൾക്കൊടുവിൽ ഞാൻ ഡോക്ടർ ഗംഗാധരന്റെ മുന്നിലെത്തി. വികല കോശങ്ങൾ വീണ്ടും ആക്രമിക്കാൻ എത്തിയിരിക്കുന്നു എന്ന അറിവ് എന്നെ മാത്രമല്ല എന്റെ മകനെയും നടുക്കി. തിരുവനന്തപുരത്ത് എന്റെ വൃദ്ധരായ അച്ഛനമ്മമാരാണ് എന്റെ രോഗവിവരം അറിഞ്ഞ് വല്ലതെ വിഷമിച്ചു തളർന്നത്. അവരെപ്പോയി കണ്ടു വന്ന ശേഷം ഞാൻ കീമോതെറാപ്പിക്ക് തയാറായി. അങ്ങനെ കൊച്ചിയിലെ ലേക് ഷോർ ഹോസ്പിറ്റലിൽ വീണ്ടും ഒരു യുദ്ധം .!

ഇത്തവണ കീമോ തെറാപ്പി എടുത്തപ്പോൾ ആദ്യത്തേതിനേക്കാൾ കൂടുതൽ റീയാക്ഷൻ അനുഭവപ്പെട്ടു . പ്രായം ഏറിയില്ലേ? പിന്നെ രണ്ടാം തവണയല്ലേ? അതി കഠിനമായ വേദനകൾ അനുഭവപ്പെട്ടു. പിന്നെ മുടി കൊഴിഞ്ഞു തുടങ്ങി. മുഖം കറുത്ത് കരുവാളിച്ചു. വായും ചുണ്ടും പൊട്ടിക്കീറി. ഭക്ഷണം കഴിക്കാനാവാതെ ഞാൻ എല്ലും തോലുമായി. ഒരു തവണ കണ്ണാടി നോക്കിയപ്പോൾ ഞാൻ ഞെട്ടി തെറിച്ചു പോയി. പിന്നീട് നോക്കാൻ ധൈര്യപ്പെട്ടില്ല. അവശതയിൽ നിന്ന് അവശതയിലേയ്ക്ക്. വൈരൂപ്യത്തിൽ നിന്ന് കൂടുതൽ വൈരൂപ്യത്തിലേയ്ക്ക് !  അതായിരുന്നു കീമോക്കാലത്ത് എന്റെ നീക്കം. എന്നിട്ടും രോഗം കുറയുന്നു എന്ന ആശ്വാസത്തിലും  ഇത്തവണയും രക്ഷപ്പെടും എന്ന ഉറച്ച വിശ്വാസത്തിലും ഞാൻ എല്ലാ കഷ്ടപ്പാടുകളും ക്ഷമയോടെ സഹിച്ചു. കീമോ മുഴുവൻ എടുത്തു തീർത്തു.

‘‘നിനക്കെങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ കഴിയുന്നത് ?’’ പലരും ചോദിച്ചു.

‘‘ഈ ചിരി ഒരു മരുന്നാണ്.’’എന്നാണ് ഞാൻ പറയുക. 

‘‘ഈ ചികിത്സയൊക്കെ ദേവിക്കു താങ്ങാനാവും. ഒരിക്കൽ അനിഭവിച്ചതല്ലേ?  എല്ലാം മാറും. ദേവിക്ക് അറിയാവുന്നതല്ലേ?’’ ഡോക്ടർ ഗംഗാധരന്റെ വാക്കുകൾ എനിക്ക് ഉയർത്തെഴുന്നേൽക്കാനുള്ള ശക്തി പകർന്നു തന്നു.

അഞ്ചാറ് മാസങ്ങൾ– കീമോ കാലം കഴിഞ്ഞു. വൈരൂപ്യങ്ങൾ മാറാൻ പിന്നെയും സമയമെടുത്തു. കണ്ണാടി നോക്കുമ്പോൾ ഇനി പഴയതു പോലെയാവാൻ സാധിക്കുകയില്ല എന്നത് എന്നെ വിഷമിപ്പിച്ചതേയില്ല. വലിയ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുമ്പോൾ ചെറിയ കുറവുകളോടെയല്ലേ അതിനാവൂ . ഈ പ്രായത്തിലും ഇത്രയൊക്കെ രൂപ ഭംഗി ഉണ്ടല്ലോ എന്നാശ്വസിക്കുന്നു.   

Content Summary: Devi JS shares her experiences on fighting cancer        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS