മൂന്നു പെണ്ണുങ്ങൾ

woman-sitting-alone-depressed
Representative Image. Photo Credit: Marjan Apostolovic / Shutter Stock
SHARE

‘‘ഇന്ത്യൻ കിച്ചൻ - എന്ന ചിത്രത്തിൽ കാണുന്നതു പോലെ തന്നെയാണ് മിക്ക പെണ്ണുങ്ങളുടെയും ജീവിതം. അത്രയും കടുപ്പമല്ലെന്നേയുള്ളു. വിദ്യാഭ്യാസവും വിവരവുമൊക്കെ ഒരു വശത്ത് അങ്ങനെ കിടക്കും. പുരുഷമേധാവിത്വം സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള പ്രവണതയ്ക്ക്  ഇന്നും  കുടുംബജീവിതത്തിൽ മാറ്റമേയില്ല.’’ ഇത് പറയുന്നത് ഞാനല്ല. ലളിതയാണ്. ഞാനിവിടെ കഥപറയാൻ പോകുന്ന മൂന്നു പെണ്ണുങ്ങളിൽ ഒരാൾ.

ഓര്‍മ വെച്ചനാൾ മുതൽ ഞാന്‍ കൂട്ടുകൂടിയ മുതിർന്ന അയൽക്കാരിയാണ് ലളിത. ലളിതയുടെ വീട്ടിലെ സ്ഥിതി ഇന്ത്യൻ കിച്ചണിലേതു പോലെയല്ല. വളരെ സൗമ്യനും സാധുശീലനും സത്ഗുണ സമ്പന്നനുമാണ് അവരുടെ ഭർത്താവ് ശിവൻ കുട്ടി. ലളിതയാണെങ്കിലോ സ്വഭാവഗുണത്തിനു നൂറിൽനൂറു മാർക്കും ഇടും നമ്മൾ. ധനികരല്ലെങ്കിലും അത്യാവശ്യം സമ്പന്നതയും ആഭിജാത്യവുമുള്ള കുടുംബം. നന്നേ മുതിര്‍ന്നിട്ടാണ് ലളിതയുടെ വിവാഹം നടന്നത്. അന്നത്തെക്കാലത്ത് 26 -27 വയസ്സൊക്കെ പെണ്‍കുട്ടികൾക്കെന്നു പറഞ്ഞാൽ അൽപം കൂടുതലാണ്. പത്താം  ക്ലാസ്സിൽ പഠിത്തം നിറുത്തിയ ലളിത തയ്യൽ പഠിത്തവും വീട്ടിൽ ഗാർഡനിംഗും അടുക്കള ജോലിയും ഒക്കെയായി കഴിഞ്ഞു. അപ്പോഴാണ് നല്ലൊരാലോചന വന്നത്. മെലിഞ്ഞു നീണ്ടൊരാൾ, സർക്കാരുദ്യോഗസ്ഥൻ പ്രായം 32 -33. (അതോ അതിലേറെയോ). സഹോദരിമാരെയൊക്കെ അയച്ചുകഴിഞ്ഞപ്പോൾ പ്രായം കടന്നു പോയി. എല്ലാവര്‍ക്കും ബോധിച്ചു. അങ്ങനെ അനാർഭാടമായി അമ്പലത്തിൽ വച്ച് ആ വിവാഹം നടന്നു. 

എന്നെ ഏറ്റവും ആകർഷിച്ച കുടുംബ ജീവിതമായിരുന്നു അവരുടേത്. പ്രശ്നങ്ങള്‍ വളരെ പ്രയോഗികമായാണ് അവര്‍ പരിഹരിച്ചിരുന്നത്. തര്‍ക്കങ്ങളും വഴക്കുകളും അപൂര്‍വമായിരുന്നു.  (രണ്ടു പേര്‍ക്കും പ്രായവും പാകതയും എത്തിയ ശേഷമുള്ള കൂടിച്ചേരല്‍ ആയത് കൊണ്ടാണോ ഇത്രയും സമഞ്ജസമായത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു.)  ഞാൻ ലളിതയുമായുള്ള പഴയ കൂട്ടുകെട്ട് തുടർന്നിരുന്നു. എപ്പോൾ എന്റെ കുടുംബത്ത് ഞാൻ എത്തിയാലും അവരെ കാണാൻപോകും. (ഇന്നും ആ കൂട്ട് തുടരുന്നു) അവർ തമ്മിലുള്ള ആത്മബന്ധം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. രണ്ടാളും ഒരുമിച്ചാണ് എവിടെ പോകുന്നതും. അതെ സമയം എന്റെ കൂടെ ഷോപ്പിംഗ് പോകുന്നതിനൊ, എന്റെ വീട്ടിൽ വരുന്നതിനോ ഞാൻ അവിടെ ചെല്ലുന്നതിനോ ഒന്നും ഒരു തടസ്സവുമില്ല. ശിവൻകുട്ടി ചേട്ടന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നതിനൊപ്പം ലളിത സ്വന്ത ഇഷ്ടങ്ങൾ നടപ്പിലാക്കുകയും ചെയ്യും.

അങ്ങനെയുള്ള ലളിത എന്താണിപ്പോൾ പുരുഷ മേധാവിത്വത്തെ വിമർശിക്കാൻ കാരണം . ഞങ്ങളുടെ മറ്റു ചില കൂട്ടുകാരികളുടെ ജീവിതമാണ് അതിനു കാരണം. അതിലൊന്ന് നിഷയാണ്.    

തൊട്ടടുത്താണ് നിഷ താമസിക്കുന്നത്. ഞങ്ങളുടെ കൂട്ടുകാരി. ‘മെയില്‍ ഷോവനിസതിന്റെ’ ആള്‍ രൂപമാണ്‌ നിഷയുടെ ഭര്‍ത്താവ് അജിത്. വാഷിംഗ് മെഷിനില്‍ തുണിയലക്കരുത്, കുക്കറില്‍ ചോറ് വയ്ക്കരുത്, മിക്സിയില്‍ അരയ്ക്കരുത്, ഇത്തരം നിബന്ധനകളൊന്നും ആ വീട്ടിലില്ല. പക്ഷേ ‘നിഷാ’ എന്നയാള്‍ ഒന്നുറക്കെ വിളിച്ചാല്‍ ആ വീട് കിടുങ്ങും. നിഷ നടുങ്ങും. അടിമ എന്നതിനൊരു പര്യായമാണ് നിഷ. ആ വീട്ടില്‍ എല്ലാം അയാളുടെ ഇഷ്ടങ്ങള്‍. അയാളുടെ തീരുമാനങ്ങള്‍. പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ ഓരോ ദിവസവും അയാള്‍ കൊടുക്കുന്ന മെനു അനുസരിച്ചു തന്നെ വേണം ഉണ്ടാക്കാന്‍. മാറ്റം വന്നാല്‍ അല്ലെങ്കില്‍ അല്പം രുചി കുറഞ്ഞതായി അയാള്‍ക്ക് തോന്നിയാല്‍ പാത്രത്തോടെ ആ സാധനം പറക്കും. അയാള്‍ മദ്യപിക്കുന്നത് വീട്ടിലിരുന്നാണ്. പുറത്ത് കമ്പനി കൂടി മദ്യപാനമൊന്നുമില്ല. പക്ഷേ കുടിക്കാത്ത ദിവസമില്ല. പറയുന്ന ടച്ചിങ്ങ്സ് എല്ലാം നിഷ മുന്നിലെത്തിക്കണം. അതൊക്കെ പോകട്ടെ നിഷയുടെ അച്ഛനെയും അമ്മയെയും കുടുംബക്കാരെ മുഴുവനും തെറി വിളിക്കും. മറുത്ത് എന്തെങ്കിലും പറഞ്ഞാല്‍ അടി, ഇടി, തൊഴി. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും നല്ല സാമ്പത്തികവും ഉള്ള ഭര്‍ത്താവിനെ കിട്ടിയ നിഷ അനുഭവിക്കുന്നത് നരകമാണ്. പുരുഷൻ തീരുമാനിക്കും. സ്ത്രീ അനുസരിക്കണം. അതാണ് അജിത്തിന്റെ നിയമം. എന്ത് ത്യാഗം സഹിച്ചും കുടുംബജീവിതം മുന്നോട്ടു കൊണ്ട് പോകണം എന്ന ആദര്‍ശം മുറുകെ പിടിക്കുന്ന നിഷ ആര്‍ഷഭാരതനാരിയായി കഴിയുന്നു. ‘‘മക്കള്‍ക്കു വേണ്ടി ജീവിക്കുന്നു.’’ നിഷ പറയുന്നു.

ഇനി ഇതിന്റെയൊക്കെ ഒരു മറുവശമാണ് ലോലിതയുടെയും രഘുവിന്റെയും കഥ. വിവാഹം കഴിഞ്ഞ അന്നു മുതല്‍ ലോലിത ഒരു സൂപ്പര്‍ ബ്രെയിന്‍ വാഷ് അടവെടുത്തു. ‘‘രഘുവേട്ടനാണ് എനിക്കെല്ലാം. എനിക്കൊന്നു മറിയില്ല. ഒരു കഴിവുമില്ല. രഘുവേട്ടനില്ലെങ്കില്‍ ഞാനില്ല.’’ ഇങ്ങനെയുള്ള കൊഞ്ചല്‍ മൊഴികളില്‍ വീണു പോയില്ലേ ആ കൊലകൊമ്പന്‍. മിനിറ്റില്‍ പത്തു തവണ അവര്‍ വിളിക്കും ‘രഘുവേട്ടാ, രഘുവേട്ടാ രഘുവേട്ടാ.’ ഞങ്ങള്‍ കാണുന്നു എന്ന വിചാരമൊന്നുമില്ല. രഘു ഓഫീസില്‍ നിന്ന് വരുമ്പോള്‍ ഓടിപ്പോയി കെട്ടിപ്പിടിക്കും. ‘അയ്യോ മുഖം വാടിയിരിക്കുന്നല്ലോ, രഘുവേട്ടാ. ഇന്ന് ഒത്തിരി ജോലിയുണ്ടായിരുന്നോ?’ ഞങ്ങള്‍ നാണിച്ചു പോയിട്ടുണ്ട്. ‘എല്ലാം രഘുവേട്ടന്‍റെ  ഇഷ്ടം’ എന്നാണവര്‍ പറയുക. പക്ഷേ ആ വീട്ടിലെ ഇലകള്‍ അനങ്ങുന്നതു പോലും ലോലിതയുടെ  ഇഷ്ടമനുസരിച്ചാണ്. അങ്ങനെയാണ് ഞങ്ങള്‍ ‘ഹെന്‍ പെക്​ഡ് ഹസ്ബന്‍​ഡ് ’ എന്നതിന്റെ അർഥം മനസ്സിലാക്കിയത്. എവിടെ സ്ത്രീ സന്തുഷ്ടയാണോ (സംതൃപ്ത എന്നുമാവാം) ആ കുടുംബത്തില്‍ സമാധാനമുണ്ടാകും എന്നാണ് രഘുവിന്റെ അഭിപ്രായം. 

ഒരിക്കല്‍ ലോലിത ഞങ്ങള്‍ മൂന്നു കൂട്ടുകാരികളെയും ഊണിനു ക്ഷണിച്ചു. ഞങ്ങള്‍ ചെന്നപ്പോള്‍ വേറെ അതിഥികള്‍ ആരുമില്ല. ലോലിത കുളിച്ചൊരുങ്ങി നല്ല സാരിയുടുത്ത് ഞങ്ങളെ  സ്വീകരിച്ചിരുത്തി. കൂടെയിരുന്നു വിശേഷങ്ങള്‍ തിരക്കി. ‘ദേവി എന്ന് വന്നു?, ലളിതേ എന്തുണ്ട് വീട്ടില്‍ വിശേഷം? നിഷേ മക്കള്‍ക്കു പരീക്ഷ കഴിഞ്ഞോ?’ അവിടെയിരുന്നാല്‍ ഞങ്ങള്‍ക്ക് കാണാം, രഘു അവിടെ ഇലകഴുകുന്നു, തുടയ്ക്കുന്നു. ഊണു മേശയില്‍ ഇല വയ്ക്കുന്നു, വിളമ്പുന്നു. ‘‘എല്ലാം ആയോ രഘുവേട്ടാ?’’ ലോലിത കൊഞ്ചി. ‘‘വന്നോളു’’ അയാള്‍ വിളിച്ചു. ഒരുമിച്ചിരുന്നു കഴിയ്ക്കുമ്പോള്‍ ലോലിത ചോദിച്ചു ‘‘എങ്ങനെയുണ്ട് സദ്യ?’’ 

അങ്ങേയറ്റം രുചികരമായിരുന്നു എല്ലാം. ‘‘എല്ലാം രഘുവേട്ടന്‍ ഉണ്ടാക്കിയതാ. ഞാനുണ്ടാക്കിയാല്‍ ഇത്ര നന്നാവില്ല.’’ അഭിനന്ദനം തുളുമ്പുന്ന പുഞ്ചിരിയോടെ അവര്‍ അദ്ദേഹത്തെ നോക്കി. ‘‘ലോലിതയുടെ പിറന്നാളല്ലേ അപ്പോള്‍ ഞാനല്ലേ ആഘോഷിക്കേണ്ടത്’’ അയാള്‍ ഭാര്യയെ പുന്നാരിച്ചു. ഞങ്ങള്‍ അമ്പരന്നു എന്ന് പറയേണ്ടല്ലോ.

തിരിച്ചു മടങ്ങുമ്പോള്‍ ‘ഓരോരോ അനുഭവങ്ങള്‍’ എന്നുപറഞ്ഞു ഞാന്‍ ചിരിച്ചു. ലളിത പതിവു പോലെ കൂള്‍. നിഷയുടെ മുഖം വാടിയിരുന്നു. ‘ഇത് പോലെ ജീവിതം കിട്ടാന്‍ ഭാഗ്യം വേണം’ അവള്‍ പറഞ്ഞു. ‘നീ വളം വച്ചു കൊടുത്തിട്ടല്ലേ. ആദ്യമേ പ്രതികരിക്കണമായിരുന്നു.’ ലളിത പറഞ്ഞു. ‘‘എന്നാല്‍ തല്ലി  പിരിഞ്ഞങ്ങു പോകാം. അല്ലാതെ അജിതിനോട് പറ്റുകയില്ല. പിന്നെ തിരിച്ചങ്ങു ചെന്നാല്‍ എന്റെ വീട്ടുകാര്‍ സ്വീകരിക്കില്ല. പണവും പദവിയുമുള്ള അവര്‍ക്ക് അഭിമാനം പ്രശ്നമാണ്. പിന്നെ ദേവിയെപ്പോലെ എനിക്കു പഠിപ്പും ജോലിയുമൊന്നുമില്ലല്ലോ പിടിച്ചു നില്‍ക്കാന്‍.’’ നിഷ നെടുവീര്‍പ്പിട്ടു. ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ എന്തും സഹിക്കണം എന്ന അവസ്ഥയാണ്‌ സ്ത്രീകള്‍ക്ക് ഇന്നും  മ്മുടെ നാട്ടില്‍. അതിനിടയില്‍ ഒരു ലളിതയോ, ഒരു ലോലിതയോ, ഒരു ദേവിയോ ഉണ്ടായാലായി.   

Content Summary: Kadhayillaimakala column by Devi JS on issues faced by women inside homes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS