ADVERTISEMENT

ഇതൊരു പഴഞ്ചൊല്ലാണ്. കുരങ്ങന് പൂമാല എന്തെന്നറിയില്ലല്ലോ. അതിന്റെ വിലയോ മണമോ അഴകോ അവനെ ആകർഷിക്കില്ല. അവനത്  പിച്ചിക്കീറി ദൂരെ ഏറിയും .

ജീവിതം പോലും കുരങ്ങന്റെ കയ്യിലെ പൂമാലയാകുന്ന സ്ഥിതി ചിലർക്ക് വരാറുണ്ട്. അത് പോലെ തന്നെ സ്നേഹത്തോടെ ബഹുമാനത്തോടെ നമ്മൾ നൽകുന്ന ചില സമ്മാനങ്ങൾ അവഗണിക്കപ്പെടുന്ന കാഴ്ച കാണുമ്പൊൾ ഞാൻ സ്വയം ചോദിച്ചു പോയിട്ടുണ്ട്.'എന്തിനെ കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തത് ?'

വളരെ ധനികയായ ഒരു ബന്ധുവിന്റെ മകളുടെ വിവാഹത്തിന് പോകുമ്പോൾ എൻ്റെ മകൾ എന്നോട് പറഞ്ഞതാണ്. ''അവരുടെ നിലയ്ക്കും വിലയ്ക്കുമൊത്ത സമ്മാനം കൊടുക്കാൻ നമുക്കു പറ്റുകയില്ല. വെറുതെ പോയാൽ പോരെ? " എനിക്ക് നേരിയ ചമ്മൽ തോന്നി. വിവാഹത്തലേന്ന് വെറും കയ്യോടെ കല്യാണ വീട്ടിൽ ചെല്ലുന്നത് എന്റെ നാട്ടിലെ രീതിയല്ല. എത്ര സാധുക്കളായാലും ഒരു ചെറിയ സമ്മാനമെങ്കിലും ഇല്ലാതെ ആരും പോവുകയില്ല. ഒടുവിൽ ഞാനൊരു ചുരിദാർ സെറ്റ് വാങ്ങി. എനിക്ക് അഫ്‌ഫോർഡ് ചെയ്യാവുന്നതിലും കൂടിയ വിലയ്ക്കുള്ളത്. മോശമാകരുതല്ലോ. വധൂഗൃഹത്തിലെത്തിയ ഞങ്ങളെ വളരെ കാര്യമായാണ് അവർ സ്വീകരിച്ചത്. ഞാൻ എന്റെ സമ്മാനപ്പൊതി  വധുവിന് നൽകി. അവളത് സന്തോഷത്തോടെ 'താങ്ക്സ്' പറഞ്ഞു വാങ്ങി  ഡൈനിങ്ങ് ടേബിളിൽ  വച്ചു . അവളുടെ അമ്മയും വളരെ സന്തോഷത്തോടെ തലയാട്ടി ചിരിച്ചു. കുറച്ചു സമയം കഴിഞ്ഞതും ആൾത്തിരക്കും ബഹളവുമായി. അപ്പോഴും ആ ഗിഫ്റ്റ് മേശപ്പുറത്തു തന്നെ കിടക്കുകയായിരുന്നു. ഊണ് വിളമ്പാൻ തുടങ്ങിയപ്പോൾ ഞാൻ തന്നെ അതെടുത്ത് അരികിലെ ഷെൽഫിൽ വച്ചു ..

ഒരിക്കൽ എന്റെ അമ്മയും ഞാനും കൂടി ഒരു ഉന്നത വ്യക്തിയെ സന്ദർശിച്ചു. വളരെ വിലപിടിപ്പുള്ള ഒരു പേന അമ്മ അദ്ദേഹത്തിന് സമ്മാനിച്ചു. അപ്പോൾ തന്നെ അത്  അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ വയസ്സുള്ള പേരക്കുട്ടി കൈക്കലാക്കി. കൂടു തുറന്ന്   പേനയെടുത്ത് അവൻ കളിയ്ക്കാൻ തുടങ്ങി. അമ്മയുടെ മുഖം മങ്ങി. എനിക്ക് വിഷമം തോന്നി. "നല്ല പേനയാണ് .അതങ്ങു വാങ്ങി വയ്ക്കൂ.'' അമ്മ തുറന്നു തന്നെ പറഞ്ഞു. 'ഓ അവനതു വലിയ കാര്യമൊന്നുമല്ല. അവൻ  ടിവിയും ലാപ്ടോപ്പും ഒക്കെ കൈകാര്യം ചെയ്യാറുണ്ട്.'' എന്ന് വളരെ നിസ്സാരമട്ടിൽ പറഞ്ഞതല്ലാതെ പേന കുട്ടിയുടെ കൈയിൽ നിന്ന് വാങ്ങിയില്ല. കുട്ടി കുത്തി വരയ്ക്കുന്നതു നോക്കി രസിച്ച്‌ കുട്ടിയെ  പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മടങ്ങുമ്പോൾ അമ്മ പറഞ്ഞു. "വിദ്യാഭ്യാസവും ഔദ്യോഗിക പദവിയും   ഉണ്ടായിട്ടെന്താ ?വിവരമില്ല.."

'ചിലർക്ക്  നമ്മളെ തന്നെ ഒരു വിലയില്ല , പിന്നെയാണോ നമ്മൾ കൊടുക്കുന്ന ഗിഫ്റ്റുകൾ. ?' കാര്യം ശരിയാണ് പക്ഷെ  ആദരിച്ചില്ലെങ്കിലും അവഗണിക്കാനും അവമാനിക്കാനും പാടില്ലല്ലോ.

എനിക്ക് മുൻപൊരു പരിചാരിക ഉണ്ടായിരുന്നു.ഒരു ജോലിക്കാരി എന്ന് ഞാനവളെ  ഒരിക്കലും കരുതിയിരുന്നില്ല. അല്ലെങ്കിലും പണ്ടത്തെക്കാലമൊന്നുമല്ലല്ലോ. വീട്ടിലെ ഒരംഗമായി തന്നെ ഞാൻ മാത്രമല്ല , എന്റെ വീട്ടിലുള്ളവരും ബന്ധുക്കളും  പോലും കരുതിയിരുന്നത്. അതു  കൊണ്ട് അവരെല്ലാവരും തന്നെ അവൾക്കു ഇടയ്ക്കിടെ സമ്മാനങ്ങൾ കൊടുക്കാറുണ്ട് .  എന്ത് കൊടുത്താലും ഇഷ്ടമാവില്ല . ഒരു സാരിയോ ,ഒരു ബാഗോ ,ചെരുപ്പോ എന്തു  മാകട്ടെ. ഇഷ്ടമാവുകയില്ല എന്ന് മാത്രമല്ല നമ്മുടെ മുന്നിൽ വച്ച് തന്നെ നമ്മൾ കൊടുത്ത സാധനത്തെ പുച്ഛിച്ചു സംസാരിക്കും. ഇത് എത്രയോ തവണ  ആയിട്ടും ഞാൻ പഠിച്ചില്ല. ഞാൻ പിന്നെയും ഓരോന്ന് വാങ്ങിക്കൊടുത്ത് അവമാനിതയായി.   എന്റെ ഒരു കൂട്ടുകാരി ഒരിക്കൽ അവൾക്കൊരു സാരി കൊടുത്തു. പിടിച്ചില്ല എന്ന് മാത്രമല്ല ,എവിടെയോ റീഡക്ഷനിൽ കിടന്നതു വാങ്ങിക്കൊണ്ടു വന്നു എന്ന് പരിഹസിക്കുകയും ചെയ്തു. പിന്നീടാണ് എനിക്ക് ബോധ്യമായത് .നമ്മൾ കൊടുക്കുന്നത് മാത്രമല്ല ,സ്വയം പോയി വാങ്ങുന്നതും അവൾക്ക്  ഇഷ്ടമാകാറില്ല .എത്രയോ തവണയാണെന്നോ തനിയെ പോയി വാങ്ങുന്ന സാധനങ്ങൾ പിറ്റേന്ന്  ബില്ലുമായി പോയി മാറ്റിയെടുത്തിട്ടുള്ളത്. അപ്പോൾ എനിക്ക് കാര്യം പിടികിട്ടി.ചിലയാളുകൾ അങ്ങനെയാണ്. അവർ ഒന്നിലും തൃപ്തരാകുകയില്ല.   ഏതു നല്ല സാധനം  കിട്ടിയാലും അവരുടെ മനസ്സ് ഒരു കുരങ്ങായി മാറി അത് പിച്ചിച്ചീന്തും.          

  ഇനി വേറെ ചിലകൂട്ടരുണ്ട്. നമ്മളെ അവർ 'അണ്ടർ എസ്റ്റിമേറ്റ്'. ചെയ്യും. ഓ അവർക്കു ഇത്രയൊക്കെ മതി ,എന്ന മട്ടിൽ വളരെ വിലകുറഞ്ഞ സമ്മാനങ്ങളാണ് (മിക്കപ്പോഴും സാരിയാവും )നമുക്ക് തരിക.  എന്നാൽ വില കൂടിയതെന്ന് നമ്മൾ ധരിക്കാനും മാത്രം തിളക്കവും മിനുക്കവും ഉള്ള സാരിയാവും . വി ല കൂടിയതു വേണമെന്ന് നമ്മളാരും പറയുന്നില്ല. പക്ഷെ തരുമ്പോൾ കണ്ണിനും മനസ്സിനും അല്പം പിടിക്കുന്നത് വേണം തരാൻ. ഇല്ലെങ്കിൽ വേണ്ട .നമ്മൾ പ്രതീക്ഷിക്കുന്നുമില്ല. പക്ഷെ തരുമ്പോൾ    പരിഹസിക്കാനും നിഷേധക്കാനും നമ്മുടെ സംസ്കാരം അനുവദിക്കില്ല.(പിച്ചിക്കീറാൻ നമ്മൾ കുരങ്ങല്ലല്ലോ.) .പതിവായി ഇത് ആവർത്തിച്ച ഒരു സുഹൃത്തിനോട് എനിക്ക് ഒടുവിൽ പറയേണ്ടി വന്നു. "ഞാൻ സാധാരണ കോട്ടൺ സാരികളാണ് ധരിക്കാറ്. അല്ലെങ്കിൽ ഖാദി സിൽക്ക്. " ഇതുപോലെ തിളങ്ങുന്ന ഫാൻസി വസ്ത്രങ്ങൾ ഞാൻ ധരിക്കാറില്ല."

അവരുടെ സമ്മാനത്തെ അവഹേളിച്ച വിവരം കേട്ട സ്ത്രീ എന്ന് കരുതിയോ ആവോ ?

സുമിത്രയ്ക്ക് അവളുടെ  മരുമകളെപ്പോഴും വളരെ വിലകൂടിയ സമ്മാനങ്ങളാണ്  നൽകാറുള്ളത്. പതിനായിരം രൂപയുടെ സാരി,അയ്യായിരം രൂപയുടെ ലെതെർ ബാഗ് ,മൂവായിരം രൂപയുടെ ഷീറ്റ് അങ്ങനെ നീണ്ടു പോകും ലിസ്റ്റ്. ഒരിക്കൽ ഞാൻ കൂടി ഉള്ള സമയത്ത് കടുത്ത  ഓറഞ്ച് നിറത്തിൽ നിറയെ കാസവുള്ള ഒരു സാരി മരുമകൾ സുമിത്രയ്ക്ക് ഓണക്കോടിയായി  കൊടുത്തു. സുമിത്രയുടെയും എന്റെയും കണ്ണ് മിഴിഞ്ഞു. ഗിഫ്റ് കൊടുക്കുമ്പോൾ ആളെയും പ്രായവും നോക്കണ്ടേ ?

"എന്തിനാ മോളെ ഇത്രയും കൂടിയ സാരി അമ്മയ്ക്ക് "

സുമിത്ര പേടിച്ചു പേടിച്ചു മൊഴിഞ്ഞു.

"ഞാൻ ഇത്തവണ വാങ്ങിയതെല്ലാം ആ റേഞ്ചി ലുള്ളതാണ്." മരുമകൾ നിസ്സംഗമായാണ് പറഞ്ഞത്.

ഇവരൊക്കെ ഇതൊക്കെ കണ്ടതോ കേട്ടതോ ,പാവങ്ങൾ ' എന്നവൾ മനസ്സിൽ പിറുപിറുത്തിട്ടുണ്ടാവും.

ചിലർ  ഇങ്ങനെയാണ്.അവരുടെ പൊങ്ങച്ചം കാണിക്കാനാണ് സമ്മാനങ്ങൾ കൊടുക്കുന്നത് . ആയിക്കോട്ടെ. പക്ഷെ തിരിച്ച് അതെ റേഞ്ചിൽ പ്രതീക്ഷിക്കരുത്. സുമിത്ര വാങ്ങിക്കൊടുക്കുന്ന സാധാരണ ചുരിദാറുകൾ മരുമകൾ ധരിക്കാറില്ല. കൊടുക്കുമ്പോൾ വാങ്ങും . പക്ഷെ പിന്നെ നമ്മൾ അത് കാണുകയില്ല. "പിന്നെ എന്തിനാണ് കൊടുക്കുന്നത്."ഞാൻ ഒരിക്കൽ ചോദിച്ചു.

"ഒരാൾക്ക് കൊടുക്കുമ്പോൾ മറ്റേയാൾക്കു കൊടുക്കാതിരിക്കുന്നതെങ്ങിനെ? "സുമിത്ര പറഞ്ഞു.

അവർക്കു രണ്ടു മരുമക്കൾ ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥയായ ഇളയ മരുമകൾക്കു ഇതൊന്നും പ്രശ്‌നമേയല്ല.അമ്മയുടെ മനസ്സിലെ സ്നേഹം അവൾ മനസ്സിലാക്കുന്നുണ്ട്.

ഇതൊക്കെ കാണുമ്പോൾ ഞാൻ സ്വയം ചോദിക്കാറുണ്ട് . 'സമ്മാനങ്ങൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ പൂമാലയാകണോ കുരങ്ങനാകണോ?' 

ഒരു കൊച്ചനുജത്തിയുടെ വാക്കുകൾ ഞാനിവിടെ ചേർക്കട്ടെ .

'ഒരാൾ ,അതാരു  തന്നെയായാലും ,ഒരു സമ്മാനം തന്നാൽ, അതെന്തു  തന്നെയായാലും, സന്തോഷത്തോടെ സ്വീകരിക്കുക. നന്നല്ലെങ്കിൽ, ഇഷ്ടപ്പെട്ടില്ലെങ്കിൽ ,നിങ്ങൾ അത്  വലിച്ചെറിയരുത് . അത് സന്തോഷത്തോടെ സ്വീകരിക്കുന്ന  മറ്റാർക്കെങ്കിലും   കൊടുത്തോളൂ. പക്ഷെ തന്നയാൾ അതറിയരുത്. മറ്റാരോടും അതേക്കുറിച്ചു പറയുകയും അരുത്.' എന്താ ശരിയല്ലേ?

 

English Summary : Kadhayillaymakal Column about Gift Giving

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com