കണ്ണേ എന്റെ കണ്ണേ ...

HIGHLIGHTS
  • കണ്ണ് കൊള്ളാമെങ്കിൽ കാണാൻ കൊള്ളാം
eye-photo-credit-Prostock-studio
Photo Credit : Prostock-studio / Shutterstock.com
SHARE

‘കണ്ണ് കൊള്ളാമെങ്കിൽ കാണാൻ കൊള്ളാം.’ എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടിൽ. വലിയ കണ്ണുകൾ എനിക്കും അനിയത്തിമാർക്കും അമ്മ വീട്ടിൽ നിന്ന് പാരമ്പര്യമായി കിട്ടിയതാണ് . മാൻ മിഴി എന്നൊക്കെ സ്വയം അഭിമാനിച്ചിരുന്നു എങ്കിലും കൂട്ടുകാരായ ആൺകുട്ടികൾ 'ഉണ്ടക്കണ്ണി'  എന്ന് വിളിച്ചു കളിയാക്കുകയായിരുന്നു പതിവ്. കലാബോധമില്ലാത്ത ബോറന്മാർ .അല്ലാതെന്തു പറയാൻ. 'സുറുമയെഴുതിയ മിഴികളേ',  എന്നും 'നിന്റെ മിഴികൾ നീല മിഴികൾ', എന്നും ' കൃഷ്‌ണമൃഗമിഴി നൽകാം ഞാനൊരു' എന്നുമൊക്കെ സുന്ദരമിഴികളെക്കുറിച്ചുള്ള പാട്ടുകൾ കേട്ട് കോരിത്തരിച്ചിരുന്ന കൗമാര കാലം എത്ര അകലെയാണിന്ന് ! 

കണ്ണിന്റെ ഭംഗി പോലെ തന്നെ   കാഴ്ചയും അന്ന് നല്ല തെളിഞ്ഞതായിരുന്നു. ഈശ്വരൻ മനുഷ്യന് നൽകിയ ഏറ്റവും വലിയ വരദാനമല്ലേ കണ്ണിന്റെ കാഴ്ചശക്തി  ! 

കാലം കടന്നു പോയപ്പോൾ ഞങ്ങളുടെ കണ്ണുകളുടെ വലിപ്പം കുറഞ്ഞു. കണ്ണിനു ചുറ്റും ചുളിവുകൾ വീണു. കണ്ണുകൾ കുഴിയിലാണ്ടു.സൗന്ദര്യത്തോട്  അമിതമായ ഭ്രമമുള്ള ഞങ്ങൾ പലപ്പോഴും കാലത്തിനോടും പ്രായത്തിനോടും ദൈവത്തിനോടും പരിഭവിച്ചു. ക്രമേണ കാഴ്ചയും കുറഞ്ഞു വന്നു. വെള്ളെഴുത്തേ. കണ്ണാടി വച്ചു ഞാൻ വായിക്കാൻ തുടങ്ങി.   കണ്ണടയില്ലാതെ വയ്യന്നായി  . പക്ഷേ ഞാൻ വായിക്കുമ്പോൾ മാത്രമേ കണ്ണാടി  വയ്ക്കാറുള്ളു.

'ഡോക്ടർ കണ്ണട വയ്ക്കുമ്പോൾ എനിക്കൊരു സ്‌ട്രെയിൻ പോലെ .'

ഞാൻ എന്റെ കണ്ണു ഡോക്ടറോട് പറഞ്ഞു.

'അത് മനസ്സിന്റെയാണ്. കണ്ണാടി വച്ച് നടന്നാൽ പ്രായമായി എന്നു മറ്റുള്ളവർ ധരിക്കും എന്നോർത്തിട്ട് .' 

ഡോക്ടർ എന്നെ കളിയാക്കി.

പക്ഷേ അങ്ങനെയല്ല . കണ്ണാടി മൂക്കിന് മുകളിലിരിക്കുമ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നും. ആളുകളെ കാണുന്നതും ടി വി യിൽ നോക്കുന്നതും കണ്ണാടിയില്ലാതെയാണ് എനിക്ക് കൂടുതൽ തെളിച്ചം തോന്നുക. ഇത് ഞാനെന്റെ ഡോക്ടറെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ് ?             

അങ്ങനെ വർഷങ്ങളോളം ഞാൻ വീട്ടിൽ വായിക്കാനും എഴുതാനും ഓഫീസിൽ ഫയലുകൾ നോക്കാനും മാത്രം കണ്ണാടി എടുത്തു മൂക്കിൽ വച്ചു പോന്നു .പെൻഷൻ ആയപ്പോൾ വീട്ടിൽ എഴുത്തും വായനയുമൊക്കെ കൂടി. കണ്ണാടിയുടെ പവർ പലതവണ മാറ്റി . 

വലിയ പ്രശ്നങ്ങളില്ലാതെ അങ്ങനെ ദേവി കടന്നു പോകാൻ പാടില്ലല്ലോ. ഇത്തവണ കാലത്തിന്റെ (അതോ വിധിയുടെയോ ) കല്ലേറ് കണ്ണിനു നേർക്കായി. കത്തി നിൽക്കുന്ന ഏതു വെളിച്ചത്തിലേയ്ക്കു നോക്കിയാലും അത് പൊട്ടിച്ചിതറി  ഒരു പൂത്തിരി പോലെ കാണപ്പെടും. രാത്രി കാലങ്ങളിൽ വീതിയേറിയ വലിയ റോഡുകളിലൂടെ കാറിൽ പോകുമ്പോൾ നിരനിരയായി നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റുകൾ ഓരോന്നും  ചിന്നി ചിതറി അനേകം കൊച്ചു കൊച്ചു  വെളിച്ചങ്ങളായി കത്തി നിൽക്കുന്നു.  ഇതെന്തൊരു മായക്കാഴ്ചയാണ്. ഞാൻ അമ്പരന്നു. വീട്ടിലുള്ളവരെല്ലാം ഇത് കേട്ട് ചിരിക്കാനും  തുടങ്ങി. 

കണ്ണു ഡോക്ടർ തന്നെ ശരണം. 

‘ഇത് തിമിരമാണ്. കാറ്ററാക്ട്. ഓപ്പറേഷൻ വേണ്ടി വരും. തത്ക്കാലം വലതു കണ്ണിൽ ആവാം . അതിലാണ് കൂടുതൽ. ഇടതു കണ്ണിൽ ആരംഭമേ ഉള്ളൂ.’

ശ്ശെടാ ,തിമിരമോ ? അത് വയസ്സായവർക്കു വരുന്നതല്ലേ? ഞാൻ അത്രയ്ക്ക് പ്രായമായോ ?ഞാൻ ഓർത്തു പോയി. എന്റെ അച്ഛനോ അമ്മയ്ക്കോ തിമിരം വരികയോ ഓപ്പറേഷൻ ചെയ്യുകയോ ഉണ്ടായിട്ടില്ല. എനിക്ക്  സങ്കടം വന്നു. 

‘മാഡത്തിന് എത്ര വയസ്സായി ?’ എന്റെ മനസ്സു വായിച്ചിട്ടാവാം ഡോക്ടർ പുഞ്ചിരിയോടെ ചോദിച്ചു. 

‘അധികമൊന്നുമായിട്ടില്ല. റിട്ടയർ ചെയ്തിട്ട് അഞ്ചാറ് കൊല്ലമേ ആയുള്ളൂ.’ അത് പറയുമ്പോൾ ഞാൻ  പൊ ട്ടിച്ചിരിച്ചു പോയി. ഡോക്ടർക്കും ചിരിവന്നു.

എന്നെക്കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന് കൂടി പറയട്ടെ. 

ഏതായാലും കാറ്ററാക്ട് സർജറി നടത്താൻ തന്നെ തീരുമാനിച്ചു.

 ഓപ്പറേഷൻ തീയേറ്റർകളും സർജറികളും  എനിക്ക്മു പുത്തരിയല്ല എന്ന്  മുൻപ്  പലപ്പോഴും  ഞാൻ പറഞ്ഞിട്ടുണ്ട് . മാത്രമല്ല വളരെ പരിചയവും അടുപ്പവുമുണ്ട്   ഡോക്ടറോട്. അതു  കൊണ്ട് തീരെ ഉത്കണ്ഠയില്ലാതെയാണ് ഞാൻ എന്റെ മകളോടൊപ്പം ആശുപത്രിയിൽ എത്തിയത്.  ഇത്രയും സുഖമുള്ള ഒരു ശസ്ത്രക്രിയ അതിനു മുൻപ് അനുഭവിച്ചിട്ടില്ല. മയക്കൽ ഇല്ല ,കുത്തിവയ്പുകളില്ല. കണ്ണിലൂടെ തണുത്ത ജലം ഒഴുക്കി വിടുന്നു. ഒരു വേദനയോ അസഹ്യതയോ ഇല്ല. കണ്ണിലുള്ള ലെൻസ് എടുത്തു കളഞ്ഞിട്ടു കൃത്രിമ ലെൻസ് വയ്ക്കും എന്നൊക്കെ എനിക്കറിയാം. ഇടയ്ക്കിടെ ഡോക്ടർ കൂടെയുള്ളവരോട് 'ഐറിസ് എവിടെ', ' പ്യുപ്പിൾ എവിടെ' എന്നൊക്കെ ചോദിക്കുന്നത് കേട്ട്. 'ഈശ്വരാ  എന്റെ ഈ വക സാധനങ്ങൾ വല്ലതും കളഞ്ഞു പോയോ' എന്നു  ഞാൻ പേടിച്ചു.

ഒന്ന് മുണ്ടായില്ല.എല്ലാം സുഖമായി കഴിഞ്ഞു . കുറച്ചു സമയം അവിടെ വിശ്രമിച്ചിട്ട് വീട്ടിൽ പൊയ് ക്കൊള്ളാൻ പറഞ്ഞു. ഒരു കറുത്ത കണ്ണട പോലും തന്നില്ല. ഒരു പ്‌ളെയിൻ ഗ്ലാസ് തന്നു. 'ഇത് വച്ചോളു.പൊടിയൊന്നും വീഴാതിരിക്കാനാണ്'  . പിന്നെ ഒന്നോ രണ്ടോ മരുന്നുകൾ. രണ്ടു മൂന്നു ദിവസത്തേയ്ക്ക് വെയിലത്തൊന്നും ഇറങ്ങേണ്ട എന്നൊരു നിർദ്ദേശവും തന്നു . രാത്രിയായപ്പോൾ എനിക്ക് ഭയങ്കര തലവേദന ,കണ്ണ് വേദന. കണ്ണടയ്ക്കുമ്പോൾ കണ്ണിനു മുന്നിലൂടെ ഇരുണ്ട രൂപങ്ങൾ പാഞ്ഞു പോകുന്നു . ഒടുവിൽ എന്റെ മകൾ ഡോക്ടറെ വിളിച്ചു.നല്ലവനായ അദ്ദേഹം സ്വന്തം കാറോടിച്ച്  എന്റെ വീട്ടിൽ വന്നു എന്നെ നോക്കി. വേദനയ്ക്ക് പുതിയ മരുന്നുകൾ കുറിച്ചു  തന്നു. രാത്രിയായിട്ടും മകൾ പോയി അത് വാങ്ങി വന്നു. ആ ഗുളിക കഴിച്ചപ്പോൾ   വേദന കുറഞ്ഞു . ഞാൻ ഉറങ്ങി. ഒരാഴ്ചയ്ക്ക് ശേഷം ഡോക്ടറെ കണ്ടു. കുഴപ്പമൊന്നുമില്ല. പുതിയ കണ്ണടയ്ക്ക് കുറിച്ച് തന്നു. കണ്ണട വാങ്ങി ,ജോറായി .പക്ഷേ സംഗതി പഴയതു  പോലെ തന്നെ.കണ്ണാടി അതിന്റെ കൂട്ടിലിരിക്കും. അക്ഷരങ്ങൾ നോക്കാൻ മാത്രമേ ധരിക്കാറുള്ളു. അല്ലാത്തപ്പോഴൊക്കെ എനിക്ക്  കണ്ണു   കാണാമല്ലോ എന്നൊരു ഭാവവും.

ദേവിയുടെ  ഇടതു കണ്ണിനെ അങ്ങനെ വെറുതെ വിടാമോ ? അതിലും തിമിരം തലപൊക്കി. ഒരു വർഷം  കഴിഞ്ഞു.  അതിലും ഓപ്പറേഷൻ ചെയ്തു. ഇത്തവണ വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായില്ല . വീണ്ടും  പുതിയ കണ്ണാടി .കാശു ചെലവ്. ചെയ്യാതെ പറ്റുമോ ?കണ്ണ് കാണണ്ടേ ?

ഇനിയാണ് തമാശ.എന്റെ രണ്ടു കണ്ണിലെയും ലെൻസ് തമ്മിൽ  പൊരുത്തപ്പെടുന്നില്ല(synchronize ആവുന്നില്ല ).റോഡരികിലെ വലിയ ബോർഡുകൾ വായിക്കുമ്പോൾ അക്ഷരങ്ങൾ ഇരട്ടിച്ചു കാണുന്നു. ഓരോന്നും ഈരണ്ടു വരിയായി തോന്നുന്നു. ടിവിയിലെ ടൈറ്റിൽകളും  തഥൈവ. ഞാൻ കുഴഞ്ഞു. ഡോക്ടർടെ  അടുത്ത് ചെന്നപ്പോൾ കൂലങ്കക്ഷമായി പരിശോധിച്ചശേഷം (ഒരു മെഷീനിൽ താടി   മുട്ടിച്ച് ഇരുത്തിയിട്ടും ,ഒഫ്ത്താൽ മോ സ്കോപ്പിലൂടെയും -കണ്ണാശു പത്രിയിൽ പോയിട്ടുള്ളവർക്കറിയാം .) പറഞ്ഞു 

ഒരു കുഴപ്പവുമില്ല . ഒരു വർഷം  ഞാൻ സഹിച്ചു. ഒടുവിൽ ഞാൻ ഗതികെട്ട്   മറ്റൊരു ഡോക്ടറെ പോയിക്കണ്ടു. അവിടെയും ഈ പരിശോധനകൾ ഒക്കെ നടത്തി. അവിടത്തെ ഡോക്ടറും പറഞ്ഞു.

'സർജറി ഒക്കെ കൃത്യമാണ്. പിന്നെ രണ്ടു കണ്ണിലും രണ്ടുതരം ലെൻസ് ഞങ്ങളൊക്കെ വയ്ക്കാറുണ്ട്. ശരിയായിക്കൊള്ളും.

പിന്നീട് തുടങ്ങിയത് കാഴ്ച മങ്ങലും ,കണ്ണിനകത്തെ വരൾച്ചയുമാണ് . 

 ഡ്രൈ നെസ് -അത് മിക്കവർക്കും ഉണ്ടാകുന്നതാണ്. എന്റെ സ്വന്തം കണ്ണു ഡോക്ടർ  പറഞ്ഞു .   ഒരു നൂറു പേരുകളിൽ ഒരു നൂറു തരം  തുള്ളി മരുന്നുകൾ കണ്ണിൽ ഒഴിച്ച് ഞാൻ നോക്കി. വർഷങ്ങൾ കഴിയുന്നു .സംഗതികൾ അതുപോലെ തുടരുന്നു.

കാഴ്ചക്കുറവൊക്കെ അനുഭവപ്പെടുന്നുണ്ട് എന്ന പരാതിയുമായി  ചെല്ലുമ്പോഴൊക്കെ   ഡോക്ടർ സമാധാനിപ്പിക്കും . 

'കണ്ണിനു ഒരു കുഴപ്പവുമില്ല . ലെൻസ്  ഒക്കെ കേടുപറ്റാതെ ഉണ്ട് .(intact ).പിന്നെ ഡ്രൈ നെസ് ..അത് ഡ്രോപ്‌സ് ഇട്ടാൽ മതി'

'പിന്നെ പ്രായം ഇത്രയൊക്കെ ആയില്ലേ?ഇനി ഇപ്പോൾ കാഴ്ച ഇത്രയൊക്കെയേ ഉണ്ടാവൂ .' 

എന്ന് എന്റെ മുഖത്ത് നോക്കി പറയാൻ മടിച്ച് ഡോക്ടർ എനിക്ക് വീണ്ടും ഐ ഡ്രോപ്‌സ് തരുന്നു. 

English Summary : Kadhayilaymakal Column by Devi J S about Eye

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA