വസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ ഇവ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ പ്രയോഗിക്കുന്ന ഒരു വാക്കാണ് മുകളിൽ കൊടുത്തത്.
ഒരിക്കൽ റീന ഞങ്ങളുടെ ഒരു പെൺകൂട്ടായ്മയിൽ വച്ച് എന്നോട് പറഞ്ഞു.
‘‘എന്റെ മരുമകൾ എല്ലാം ബ്രാൻഡഡ് മാത്രമേ ഉപയോഗിക്കൂ.’’
വെറും നാടനായ ലക്ഷ്മിക്ക് അത് മനസ്സിലായില്ല .
‘‘അതെന്താ?’’ അവൾ ചോദിച്ചു.
‘‘ഒരു പ്രത്യേക കമ്പനിയുടെ ഉത്പന്നം. ആ പേരിൽ അത് പ്രസിദ്ധമാണ്. നീ കേട്ടിട്ടില്ലേ?.. വാൻ ഹുസ്സൈന്റെ ഷർട്ട് , ലീ യുടെ ജീൻസ് ,അഡിഡാസ് ന്റെ ഷൂസ്, വി സ്റ്റാറിന്റെ’’ റീന പറഞ്ഞു കൊടുത്തു.
‘‘ഓ ബ്രിട്ടാനിയായുടെ ബിസ്കറ്റ് ,മാഗിയുടെ നൂഡിൽസ് ,മിൽമയുടെ പാല് ...അത് പോലെ അല്ലെ ?’’ ലക്ഷ്മിയുടെ ആ വിവരണം ചിരിപ്പിച്ചു എങ്കിലും സംഗതി ശരിയല്ലേ ? അതെല്ലാം ഓരോ ബ്രാൻഡുകൾ തന്നെ.
‘‘ബ്രാൻഡഡ് സാധനങ്ങൾ, പ്രത്യേകിച്ചും വസ്ത്രങ്ങളും ചെരുപ്പു കളുമൊക്കെ മിക്കവാറും അല്പം വിലകൂടിയവയായിരിക്കും. ഗുണമേന്മയും ഈടും നിറവും ഒക്കെ നിർമാതാക്കൾ അവകാശപ്പെടുന്നുണ്ടാവും.’’ മറ്റാരോ വിശദീകരിച്ചു .
‘‘വേറെയുമുണ്ട്, ഫ്രിഡ്ജ്, ടി വി, വാഷിംഗ് മെഷീൻ, പ്രഷർ കുക്കർ അങ്ങനെ ബ്രാൻഡഡ് സാധനങ്ങൾ’’ സുമ പറഞ്ഞു .
‘‘ബ്രാൻഡഡ് അല്ലാത്തവ വാങ്ങിയാലും ഈ ഗുണങ്ങൾ ഒക്കെ ഉണ്ടാവില്ലേ?’’
ലക്ഷ്മിക്ക് സംശയം
‘‘ഉണ്ടാവാം, ഇല്ലാതിരിക്കാം. അതു പോലെ ബ്രാൻഡുകൾക്കും ഈ പറയുന്ന ഗുണങ്ങൾ ഉണ്ടാവാം, ഉണ്ടാവാതിരിക്കാം. എന്നാലും പുതിയ തലമുറയ്ക്ക് ബ്രാൻഡഡ് എന്ന വാക്കിനോട് തന്നെ ഭ്രമമാണ്. പിന്നെ ഇത് ചെറിയൊരു പൊങ്ങച്ചത്തിന്റെ ഭാഗം കൂടിയാണ്. ‘ഞാൻ എല്ലാം വിലപിടിച്ചതെ വാങ്ങൂ’ എന്ന് പറയുന്നത് അത് അവർക്ക് താങ്ങാൻ കഴിയുന്നത് കൊണ്ടു കൂടിയാണ്.’’
‘‘ദേവി ചേച്ചീ’’ എന്ന് ആ സദസ്സിൽ നിന്ന് ആരോ വിളിച്ചു. ഒന്നും പറയാനില്ലേ എന്ന് ചോദിച്ചതാണ് .
വളരെ ലളിതമായ വസ്ത്രധാരണരീതിയാണ് എന്റേത്. മിക്കവാറും സാരി തന്നെ. അതും വിത്ത് ബ്ലൗസ് ഉള്ള കോട്ടൺ സാരി. അത് ഒരു ‘ദേവി സ്റ്റൈൽ’ എന്ന് വീമ്പിളക്കാറുമുണ്ട്. എന്നു വച്ച് ബ്രാൻഡഡ് ഒന്നും വാങ്ങുകയില്ല ധരിക്കുകയില്ല എന്നൊന്നും നിർബന്ധമില്ല.
വിലകുറഞ്ഞ സാധാരണ സാരികളിലും ബ്രാൻഡഡ് ഉണ്ടല്ലോ. കരിഷ് മാ, താരിക, ഡി.സി.എം എന്നീ ബ്രാൻഡുകളിലുള്ളവ നല്ലതും എന്നെപ്പോലെയുള്ളവർക്കു താങ്ങാവുന്നതുമാണ്. ഞാൻ പറഞ്ഞു.
പിന്നെ അടിവസ്ത്രങ്ങൾ മിക്കവാറും ഒരേ ബ്രാൻഡ് തന്നെ വാങ്ങേണ്ടി വരും. അത് മറ്റൊന്നും കൊണ്ടല്ല. അതേ നമുക്ക് പാകമാകൂ. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. ഞാൻ തുടർന്നു.
‘‘അയ്യോ അതിനുമൊക്കെ ബ്രാൻഡ് ഉണ്ടോ. ഒന്ന് പറഞ്ഞു താ ചേച്ചീ’’ ലക്ഷ്മി ഒച്ചയിട്ടു.
‘‘ഓ ലക്ഷ്മിക്കെന്താ.’’ വനജ ലജ്ജിച്ചു.
‘‘അത് കൊള്ളാം. നമ്മളെല്ലാവരും അടിവസ്ത്രങ്ങൾ ധരിക്കുന്നുണ്ട്. അതൊരു രഹസ്യമോ നാണക്കേടോ അല്ല. പറഞ്ഞാലെന്താ? ഞാൻ പറഞ്ഞു തരാം ലക്ഷ്മീ.’’
റീന അവളുടെ അടുത്ത് ചെന്നിരുന്നു.
ആരോ അതിനിടയിൽ ചെരുപ്പുകളെക്കുറിച്ചു ചോദിച്ചു .
‘‘അതിൽ മാത്രം ഞാൻ ബ്രാൻഡഡ് തന്നെയാണ് ഉപയോഗിക്കാറ്.’’ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘‘അയ്യോ മാർക്കറ്റിൽ എന്തെല്ലാം മോഡൽ ചെരുപ്പുകളാണുള്ളത് ! ദേവി ചേച്ചീ ഏതാ വാങ്ങാറ് ?’’ ചോദ്യം വന്നു.
‘‘ഏയ് ഞാനതൊന്നും വാങ്ങാറില്ല. ബാറ്റാ. ബാറ്റായാണ് എന്റെ ബ്രാൻഡ്’’ എന്റെ മറുപടി.
പിന്നെ ഞാനവർക്ക് ആ കഥ പറഞ്ഞു കൊടുത്തു.
ഓർമ വെച്ചനാൾ മുതൽ ഞാൻ ബാറ്റയുടെ പാദരക്ഷകളാണ് ധരിച്ചിരുന്നത്. തിരുവനന്തപുരത്ത് എന്റെ വീട്ടിനടുത്ത് സ്റ്റാച്യൂവിൽ ഞങ്ങളുടെ കുട്ടിക്കാലത്ത് ബാറ്റായുടെ വലിയൊരു ഷോ റൂം ഉണ്ടായിരുന്നു. അവിടെ കൊണ്ടുപോയാണ് അച്ഛൻ ചെരുപ്പുകൾ വാങ്ങി തന്നിരുന്നത്. അന്നു തൊട്ടേ ബാറ്റാ ഷൂസുകളും ചെരുപ്പുകളും ധരിച്ചു ധരിച്ച് എന്റെ പാദങ്ങൾക്ക് മറ്റൊന്നും ഇണങ്ങാതായി. വലുതാകുന്തോറും ആ ഇഷ്ടം കൂടിയതേയുള്ളു. അന്നും ഇന്നും ബാറ്റാ ചെരുപ്പുകൾക്കു അൽപ്പം വിലയുണ്ട്. വലിയ ഫാഷൻ ഒന്നുമില്ല. പക്ഷേ ഈട് നിൽക്കും. ദീർഘനാൾ ഉപയോഗിക്കാം.
പുതിയൊരു ചെരുപ്പ് വാങ്ങിയപ്പോൾ പണ്ടൊരിക്കൽ ഒരു കൂട്ടുകാരി കളിയാക്കി.
‘‘ഇനിയൊരു പുതിയ ചെരുപ്പ് വാങ്ങാൻ ഈയിടെയൊന്നും മോഹിക്കേണ്ട.’’
‘‘അതെന്തേ?’’
‘‘ഇതൊന്നു ചീത്തയായിട്ടു വേണ്ടേ? ദേവി ഈ ബാറ്റായല്ലേ വാങ്ങൂ .’’
‘‘മറ്റുള്ളതൊന്നും നല്ലതല്ല എന്നല്ല. എനിക്കിതാണ് ഇഷ്ടം. ഇതും ഒരു ദേവി സ്റ്റൈൽ.’’ അന്ന് ഞാൻ പറഞ്ഞു.
‘‘എന്താണ് അമ്മ ഇപ്പോഴും ബാറ്റാ ചെരുപ്പുകൾ ഇടുന്നതെന്നു അറിയാമോ?’’ അത് കേട്ടു വന്ന എന്റെ മകൻ ഇടയിൽ കയറിപ്പറഞ്ഞു
‘‘അമ്മ ജനിച്ചപ്പോൾ അമ്മയുടെ കുരുന്നു പാദങ്ങളിൽ രണ്ടു കുഞ്ഞു ബാറ്റാ ഷൂസുകൾ ഉണ്ടായിരുന്നു. കർണന് പണ്ട് കവചവും കുണ്ഡലവുമുണ്ടായിരുന്നത് പോലെ ... ജന്മനാ കിട്ടിയത്.’’
ഞാനും എന്റെയാ കൂട്ടുകാരിയും ചിരിച്ചു പോയി. കൂടെ മകനും.
അവന്റെ അന്നത്തെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി ഇന്നും എന്റെ ചെവികളിലുണ്ട്. അവന്റെ ആ തമാശ ഇപ്പോഴും ഇടയ്ക്ക് പറഞ്ഞു ഞങ്ങൾ രസിക്കാറുണ്ട് .. ഒരു പക്ഷേ അവൻ ജീവിതത്തിൽ പറഞ്ഞ ഏറ്റവും നല്ല തമാശ.!
Content Summary: Kadhayillaimakal, Column on Branded Products