ADVERTISEMENT

ചെറുകഥകൾ എഴുതിക്കൊണ്ടാണ് ഞാൻ സാഹിത്യരംഗത്തേക്കു വന്നത്.  കുട്ടിക്കാലത്ത് കോളജ് മാഗസിനിൽ കഥകളും ലേഖനങ്ങളും എഴുതിക്കൊണ്ടായിരുന്നു തുടക്കം . അത് സാഹിത്യമായിരുന്നോ എന്നൊന്നും അറിയില്ല. കൊച്ചു മനസ്സിൽ വിരിയുന്ന കുട്ടിക്കഥകൾ. അച്ഛന്റെ സഹായത്തോടെ എഴുതിയിരുന്ന ചില ലേഖനങ്ങൾ. അത്രേയുള്ളു. പത്തു പതിനാറു വയസ്സായപ്പോൾ എന്നെത്തന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ എഴുതി തുടങ്ങി. അന്നത്തെ പേരെടുത്ത വാരികകളിൽ ഒക്കെ എന്റെ കഥകൾ പ്രസിദ്ധീകരിച്ചു വന്നു. കുങ്കുമം, ജനയുഗം, കൗമുദി ഇതിലൊക്കെ എഴുതി. പക്ഷേ പേരും പ്രശസ്തിയും ഒന്നും കിട്ടിയില്ല. 

 

പത്തൊൻപതു വയസ്സ് കഴിഞ്ഞപ്പോൾ എഴുത്ത് നിന്നുപോയി. കാര്യകാരണങ്ങൾ വിവരിച്ചു വായനക്കാരെ ബോർ അടിപ്പിക്കുന്നില്ല. പിന്നെ എഴുതിയതേയില്ല, നീണ്ട ഇരുപതോളം വർഷക്കാലം. തകർന്നു വീണുപോയ ജീവിതത്തിന്റെ തുണ്ടുകൾ പെറുക്കിക്കൂട്ടി വീണ്ടും സ്വപ്നക്കൂടാരം കെട്ടിപടുത്തു കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും എഴുതാൻ തുടങ്ങി. അന്നെനിക്ക് ഒരു വലിയ ബൂസ്റ്റ് ‘തന്നത്’ മനോരമ ഞായറാഴ്ചയും വനിതയുമായിരുന്നു. എത്രയോ കഥകൾ മനോരമയുടെ ഞായറാഴ്ചപ്പതിപ്പിന്റെ അകം പേജ് നിറഞ്ഞു വന്നു. വനിതയിലും കഥകൾ പ്രസിദ്ധീകരിച്ചു .

 

എഴുതിയിടത്തോളം കഥകൾ ഒരു സമാഹാരമാക്കാൻ ഉപദേശിച്ചത് ശ്രീമതി. ഒ.വി.ഉഷയാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിഭാഗത്തിന്റെ ഡയറക്ടർ ആയിരുന്നു അന്നവർ. ഡിപാർട്ട്മെന്റിലെ മലയാളം എഡിറ്ററായ രാധാകൃഷ്ണ വാര്യരെ പരിചയപ്പെടുത്തി തന്നിട്ട് എന്നെ സഹായിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു അവ . അന്ന് മുതൽ രാധാകൃഷ്ണൻ എന്റെ സുഹൃത്തും സഹോദരനുമായി മാറി. എന്റെ കഥകൾ വായിച്ച് അച്ചടി തെറ്റുകൾ തിരുത്തി എഡിറ്റ് ചെയ്ത് തന്നിട്ട് ഡി സി ബുക്ക്സിൽ കൊടുക്കാൻ പറഞ്ഞത് രാധാകൃഷ്ണനാണ്. അന്ന് ഡിസി സർ ഉള്ള കാലമാണ്. എന്നെപ്പോലെയുള്ളവരെ സഹായിക്കാൻ എന്നും സന്മനസ്സുള്ളയാൾ. അങ്ങനെ എന്റെ ആദ്യത്തെ ചെറുകഥാസമാഹാരം ഇറങ്ങി. പിന്നെ തുടരെത്തുടരെ എഴുതുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.  

 

ഭാഗ്യമെന്നു പറയട്ടെ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് വിഭാഗത്തിൽ ഇവരോടെല്ലാം ഒരുമിച്ചു കുറേക്കാലം ജോലി ചെയ്യാനും ഇടയായി. എഴുതുന്ന ചെറുകഥകൾ ഉഷ മാഡത്തിനെ ഞാൻ കാണിച്ചിരുന്നു. മാതൃഭൂമിയിലേയ്ക്ക് കഥ അയയ്ക്കാൻ എന്നെ ഉപദേശിച്ചതും മാഡമാണ്.  അങ്ങനെ ഞാൻ മാതൃഭൂമിയിലും മാധ്യമത്തിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമൊക്കെ കഥകൾ എഴുതി. നാലഞ്ച് സമാഹാരങ്ങൾ, നോവലുകൾ ഒക്കെ പല പ്രസാധകരും പുറത്തിറക്കി.

 

കോളം എഴുത്തിലേക്ക് ഞാൻ കടന്നു വന്നത് അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ജനനി’യിൽ എഴുതിക്കൊണ്ടാണ്. 

 

മനോരമ ഓൺലൈൻ ആരംഭിച്ചപ്പോൾ അതിൽ ഒരു പംക്തി എഴുതി തുടങ്ങി. വർഷങ്ങൾ എത്ര കഴിഞ്ഞു. അത് ഇന്നും തുടരുന്നു. പേരുപോലെ വളരെ നിസ്സരമായ കാര്യങ്ങൾ, കൊച്ചുകൊച്ചു തമാശകൾ, ഇടയിൽ ചില നൊമ്പരങ്ങളും. എന്റേതായ ഒരുപാട് വായനക്കാർ എനിക്കുണ്ട്. അവരിൽ പലരും എനിക്കെഴുതി. ‘‘ദേവി ചേച്ചി ഇങ്ങനെ തന്നെ എഴുതിയാൽ മതി. വലിയ വലിയ കാര്യങ്ങൾ എഴുതാൻ ഒരുപാട് വലിയ എഴുത്തുകാർ ഉണ്ടല്ലോ. സില്ലിയായ കഥകളും കഥയില്ലായ്മകളും ഞങ്ങൾക്കിഷ്ടമാണ്. തിരക്കേറിയ ഞങ്ങളുടെ ജീവിതത്തിൽ ഇടയ്‌ക്കൊരാശ്വാസം ചെറിയ കാര്യങ്ങൾ തന്നെയാണ്. അങ്ങനെ എഴുതാൻ കുറച്ചുപേരല്ലേ ഉള്ളൂ.’’ അതിരില്ലാത്ത സന്തോഷമാണ് അപ്പോൾ തോന്നിയത്. എഴുത്ത് എന്നും ഒരു തെളിനീർ പ്രവാഹം പോലെ ആയിരുന്നു എനിക്ക്. എഴുതാൻ തോന്നിയാൽ എഴുതും. നന്നായി എന്ന് എനിക്ക് തന്നെ ബോധ്യമായാൽ ഏതെങ്കിലും വരികയ്ക്ക് അയയ്ക്കും. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും പിന്നെ അതോർക്കാറില്ല. 

ഒന്നാം സ്ഥാനം എന്നും ഞാനും മക്കളും  മാത്രമടങ്ങുന്ന കുടുംബത്തിനായിരുന്നു. രണ്ടാം സ്ഥാനം എന്റെ ഗവൺമെന്റ് ഉദ്യോഗത്തിന്. ഒത്തിരി ആശിച്ച് പരിശ്രമിച്ചു പഠിച്ച് കിട്ടിയ ജീവിതമാർഗമല്ലേ? ഒരു വീഴ്ചയും വരുത്തിയില്ല. മൂന്നാം സ്ഥാനമേ എഴുത്തിനു കൽപ്പിച്ചുള്ളൂ. അല്ലെങ്കിൽ വലിയ എഴുത്തുകാരി ആയിപ്പോയേനെ എന്നു ഞാൻ മാത്രമല്ല, സുഹൃത്തുക്കൾ പലരും പറയാറുണ്ട്.

 

ഈയിടെ പഴയ ഒരു സുഹൃത്ത് ചോദിച്ചു .

 

‘‘ദേവി ഇപ്പോൾ  കഥകൾ എഴുതാറില്ലേ ?’’

 

‘‘കഥയില്ലായ്മകൾ എഴുതിയെഴുതി ഞാനിപ്പോൾ ഒരു കഥയില്ലാത്തവൾ ആയി തീർന്നിരിക്കുന്നു.’’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടി. 

 

അതൊരു തമാശ മാത്രമാണ്. വല്ലപ്പോഴുമൊക്കെ ചെറുകഥകൾ എഴുതാറുണ്ട്. നോവലുകളും നീണ്ടകഥകളും എഴുതിയിട്ടുണ്ട്. കോളം എഴുത്ത് എന്റെ ഭാവനയെ വളർത്തിയിട്ടേ ഉള്ളൂ. പിന്നെ വിദേശമലയാളികളാണ് അധികവും എന്റെ വായനക്കാർ . അഭിനന്ദിക്കാൻ എപ്പോഴും അവർ തയാറാണ്. വിമർശനങ്ങൾ ഇല്ലെന്നല്ല. അവയും പ്രോത്സാഹജനകമാണ് .

 

പതിന്നാലു പുസ്തകങ്ങൾ എന്റെ ക്രെഡിറ്റിലുണ്ട്. എന്നാലും ഒരു എഴുത്തുകാരി എന്ന പേര് കിട്ടിയത് ഈ കഥയില്ലായ്മകളിലൂടെയാണ്.

 

അപ്പോൾ കഥയില്ലാത്തവളായി തന്നെ തുടരാം അല്ലേ?    

 

Content Summary: Kadhayillaimakal column on writing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com